Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശശി തരൂർ മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ കെട്ടുറപ്പ് ശക്തമാകുന്നു; പരാജയപ്പെട്ടാൽ പാർലമെന്ററി പാർട്ടി നേതാവായി തരൂരിനെ പരിഗണിക്കണം; അദ്ദേഹം നയിക്കുമ്പോൾ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള സാധ്യത കൂടി തുറന്നുവരുന്നു: ആന്റോ ജോസഫിന്റെ കുറിപ്പ്

ശശി തരൂർ മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ കെട്ടുറപ്പ് ശക്തമാകുന്നു; പരാജയപ്പെട്ടാൽ പാർലമെന്ററി പാർട്ടി നേതാവായി തരൂരിനെ പരിഗണിക്കണം; അദ്ദേഹം നയിക്കുമ്പോൾ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള സാധ്യത കൂടി തുറന്നുവരുന്നു: ആന്റോ ജോസഫിന്റെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ശശി തരൂരും മല്ലികാർജുൻ ഖാർഗെയും നാമനിർദ്ദേശ പത്രിക നൽകിയിരിക്കുകയാണ്. മധുസൂദൻ മിസ്ത്രി അധ്യക്ഷനായ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി മുമ്പാകെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് എഐസിസി ആസ്ഥാനത്ത് എത്തി തരൂർ പത്രിക സമർപ്പിച്ചത്. അതേസമയം, ഖാർഗെയുടെ പത്രികാസമർപ്പണ വേളയിൽ ജി-23 നേതാക്കൾ അടക്കം പാർട്ടിയുടെ ദേശീയ നേതാക്കൾ സന്നിഹിതരായിരുന്നു. ജി-23 യുടെ പിന്തുണ ഔദ്യോഗിക സ്ഥാനാർത്ഥിയായ ഖാർഗെയ്ക്കാണെന്നും വ്യക്തമായി കഴിഞ്ഞു. തരൂർ മത്സരിക്കുന്നതിനെ അനുകൂലിച്ചും, എതിർത്തും, പലരും രംഗത്ത് വന്നു. തരൂർ പിന്മാറണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടത്. അതേസമയം, തരൂരിന്റെ സ്ഥാനാർത്ഥിത്വം പോലും കോൺഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതിയായിക്കാണുകയാണ് വേണ്ടതെന്ന അഭിപ്രായം മറ്റുചിലർ പ്രകടിപ്പിക്കുന്നു.

തരൂർ മത്സരിക്കുമ്പോൾ കോൺഗ്രസ് എന്ന സംഘടനയുടെ കെട്ടുറപ്പ് ഒരിക്കൽക്കൂടി ശക്തമാകുന്നു എന്നാണ് കോൺഗ്രസ് അനുഭാവിയും, സിനിമാ നിർമ്മാതാവുമായ ആന്റോ ജോസഫ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്. തരൂർ മത്സരത്തിൽ പരാജയപ്പെട്ടാലും ആ ആഗോളമുഖത്തെ ഉപയോഗപ്പെടുത്താനുള്ള അവസരം മുന്നിലുണ്ട്. പാർലമെന്റിലെ നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും ആന്റോ ജോസഫ് അഭിപ്രായപ്പെട്ടു.

ആന്റോ ജോസഫിന്റെ കുറിപ്പിന്റെ പൂർണരൂപം:

രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് എന്ന നേതാവിനെ കോൺഗ്രസ് ഉചിതമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഫേസ്‌ബുക്കിൽ ആ കുറിപ്പ് വായിച്ച ഒരുപാട് പേർ നേരിട്ടും കമന്റിലൂടെയും പങ്കുവെച്ച ചോദ്യം 'അപ്പോൾ ശശിതരൂർ?' എന്നതായിരുന്നു. ലോകത്തിന് മുന്നിൽ ഇന്ത്യയ്ക്ക് ഉയർത്തിക്കാട്ടാനാകുന്ന ഉജ്ജ്വലവ്യക്തിത്വം എന്ന് ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാം അദ്ദേഹത്തെ. രാഷ്ട്രീയ നേതാവ് എന്ന ചതുരക്കള്ളിക്കുമപ്പുറമാണ് ശശി തരൂരിന്റെ പ്രതിച്ഛായ. ഐക്യരാഷ്ട്രസഭയോളമെത്തിയ നേതൃപാടവം. ബഹുമുഖ പ്രതിഭ എന്ന് പൂർണ അർഥത്തിൽ വിളിക്കാം. എഴുത്തുകാരനും ചിന്തകനും പ്രാസംഗികനുമെല്ലാമായ നയതന്ത്രജ്ഞനായ രാഷ്ട്രീയപ്രവർത്തകൻ. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുന്നു എന്നത് അതുകൊണ്ടൊരു നല്ലവാർത്തയുമാണ്.

ലോകത്തെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയസംഘടനയുടെ തലപ്പത്ത് അദ്ദേഹത്തെപ്പോലൊരാൾ തീർത്തും ഉചിതമാണ്. ഫലം എന്തുമായിക്കൊള്ളട്ടെ. തരൂരിന്റെ സ്ഥാനാർത്ഥിത്വം പോലും കോൺഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതിയായിക്കാണുകയാണ് വേണ്ടത്. അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നു എന്നുള്ളത് കോൺഗ്രസിന്റെ ദൗർബല്യത്തിന്റെ സൂചകമല്ല, മറിച്ച് അത് ഓരോ കണികയിലും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യബോധത്തിന്റെ അടയാളമാണ്. പാർട്ടിപദവികളിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം എന്നും പങ്കുവച്ചിട്ടുള്ളയാളാണ് ശശിതരൂർ. 'പ്രവർത്തകരാൽ തിരഞ്ഞെടുക്കപ്പെട്ട നേതാവിന് സംഘടനാപരമായ വെല്ലുവിളികൾ നേരിടാനും പാർട്ടിയെ പുതുക്കിപ്പണിയാനും കൂടുതൽ കരുത്തുണ്ടാകും' എന്ന നിരീക്ഷണം അദ്ദേഹം രണ്ടുവർഷം മുമ്പൊരു ലേഖനത്തിൽ മുന്നോട്ടുവെച്ചിരുന്നു.

തരൂർ മത്സരിക്കുമ്പോൾ കോൺഗ്രസ് എന്ന സംഘടനയുടെ കെട്ടുറപ്പ് ഒരിക്കൽക്കൂടി ശക്തമാകുന്നു എന്ന അഭിപ്രായക്കാരനാണ് ഞാൻ. അദ്ദേഹത്തെപ്പോലെ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏത് നേതാവ് മത്സരിച്ചാലും അതിനെ സ്വാഗതം ചെയ്യണം. യോഗ്യരായ ഒരുപാടുപേരുണ്ട്. രാഹുൽഗാന്ധിയുടെ പേര് പലരും ഉയർത്തിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് പ്രസക്തിയുമുണ്ട്. ഒരുപക്ഷേ രാഹുൽ സമ്മതമറിയിച്ചാൽ മത്സരം തന്നെ ഒഴിവായേക്കാം. സമവായത്തിന്റെ പാത തുറക്കപ്പെടുകയും രാഹുൽ കോൺഗ്രസ് അധ്യക്ഷസ്ഥാനമേൽക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാലും ഇനി അഥവാ തരൂർ മത്സരത്തിൽ പരാജയപ്പെട്ടാലും ആ ആഗോളമുഖത്തെ ഉപയോഗപ്പെടുത്താനുള്ള അവസരം മുന്നിലുണ്ട്.

പാർലമെന്റിലെ നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാൻ കോൺഗ്രസ് തയ്യാറാകണം. 'ഫ്ളോർ ലീഡർ' എന്ന പദവിയിൽ അദ്ദേഹം വരുന്നതോടെ പ്രതിപക്ഷസ്വരം കൂടുതൽ ദൃഢമാകും. ലോകം കാതോർക്കാറുണ്ട്, തരൂരിന്റെ വാക്കുകൾക്ക്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതിഫലനമായി അതിനെ മാറ്റാനുള്ള വേദിയൊരുക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. തരൂർ നയിക്കുമ്പോൾ വിശാലമായ പ്രതിപക്ഷഐക്യത്തിനുള്ള സാധ്യത കൂടി തുറന്നുവരുന്നു. അധ്യക്ഷസ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വം ശശിതരൂർ എന്ന നേതാവിന്റെ വിമതസ്വരമായി കാണാതെ അതിനെ കോൺഗ്രസ് ഗുണപരമായി വിനിയോഗിക്കുമെന്ന് പ്രത്യാശിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP