Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജില്ലാ കമ്മിറ്റി ചേരുമ്പോൾ പി.കെ.ശ്യാമളയ്‌ക്കെതിരെ ഒരുനാവും പൊന്തില്ല; അമർഷമുണ്ടെങ്കിലും എല്ലാം ഉള്ളിലടക്കും; ഏരിയയിലും ബ്രാഞ്ചിലും ശ്യാമള വിരുദ്ധരുണ്ടെങ്കിലും എതിർപ്പിന്റെ സ്വരമുയർന്നാൽ വഴി പാർട്ടിക്ക് പുറത്തേക്ക്; ആന്തൂരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവം: സിപിഎം സംസ്ഥാന കമ്മിറ്റി ശ്യാമളയെ സംരക്ഷിക്കാൻ തീരുമാനിച്ചതോടെ അനുനയവുമായി നേതൃത്വം പ്രാദേശിക ഘടകങ്ങളിലേക്ക്

ജില്ലാ കമ്മിറ്റി ചേരുമ്പോൾ പി.കെ.ശ്യാമളയ്‌ക്കെതിരെ ഒരുനാവും പൊന്തില്ല; അമർഷമുണ്ടെങ്കിലും എല്ലാം ഉള്ളിലടക്കും; ഏരിയയിലും ബ്രാഞ്ചിലും ശ്യാമള വിരുദ്ധരുണ്ടെങ്കിലും എതിർപ്പിന്റെ സ്വരമുയർന്നാൽ വഴി പാർട്ടിക്ക് പുറത്തേക്ക്; ആന്തൂരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവം: സിപിഎം സംസ്ഥാന കമ്മിറ്റി ശ്യാമളയെ സംരക്ഷിക്കാൻ തീരുമാനിച്ചതോടെ അനുനയവുമായി നേതൃത്വം പ്രാദേശിക ഘടകങ്ങളിലേക്ക്

രഞ്ജിത്ത് ബാബു

കണ്ണൂർ: ആന്തൂർ നഗരസഭാ അധികാരികളുടെ അവഗണനയിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെയർപേഴ്സൻ പി.കെ. ശ്യാമളയെ സംരക്ഷിക്കാൻ അനുനയവുമായി സിപിഎം. നേതൃത്വം പ്രാദേശിക ഘടകങ്ങളിലെത്തുന്നു. പി.കെ. ശ്യാമളക്കെതിരെ നിലകൊണ്ട തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയും കോടല്ലൂർ, ആന്തൂർ, ബക്കളം ലോക്കൽ കമ്മിറ്റികളും വിമർശനമുന്നയിക്കാതിരിക്കാനുള്ള നടപടികളുമായി നേതാക്കൾ രംഗത്തിറങ്ങി. ശ്യാമളക്കെതിരെയുള്ള പ്രതിഷേധം കമ്മിറ്റി ഭാരവാഹികൾക്ക് ഇനി ഉന്നയിക്കാനാവില്ല. സിപിഎം. സംസ്ഥാന നേതൃത്വം ശ്യാമളയെ സംരക്ഷിക്കാൻ തീരുമാനിച്ചതോടെ കഴിഞ്ഞ ദിവസംവരെ പരസ്യ വിമർശനം നടത്തിയവരും മാധ്യമങ്ങളെ വിവരമറിയിച്ചവരും പത്തിമടക്കും. ലോക്കൽ കമ്മിറ്റികൾക്ക് താഴെയുള്ള ബ്രാഞ്ച് കമ്മിറ്റികളും പാർട്ടി പറയുന്നത് അനുസരിക്കേണ്ടി വരും.

ലോക്കൽ -ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കുന്ന അംഗങ്ങളിൽ മഹാഭൂരിപക്ഷവും പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ ജീവനക്കാരാണ്. അതുകൊണ്ടു തന്നെ പാർട്ടി പറയുന്നത് അക്ഷരം പ്രതി അനുസരിക്കാനേ അവർക്ക് നിവൃത്തിയുള്ളൂ. മറ്റുള്ളവരാണെങ്കിൽ റിട്ടയേർഡ് ചെയ്തവരും അദ്ധ്യാപകരുമാണ്. അവരും നേതൃത്വം പറയുന്നത് ശിരസ്സാ വഹിക്കും. എന്നാൽ ഏരിയാ കമ്മിറ്റിയിൽ ചിലർ ഇപ്പോഴും ശ്യാമള വിരുദ്ധന്മാരായി നിലകൊള്ളുന്നുണ്ട്. ബ്രാഞ്ച് തലത്തിലും വിമർശനം തുടരുന്നവരുമുണ്ട്. പാർട്ടി തീരുമാനത്തിൽ നിന്നും വിരുദ്ധമായി ഇവർ ഉറച്ചു നിന്നാൽ പുറത്തേക്കുള്ള വഴിയായിരിക്കും ഒരുങ്ങുക. ലോക്കൽ തലത്തിലും ബ്രാഞ്ച് തലത്തിലും ഏരിയാ നേതാക്കളെത്തി വിശദീകരണം നൽകും. വരുന്ന 30 ാം തീയ്യതിക്കകം ജില്ലാ കമ്മിറ്റിക്ക് ഈ വിഷയത്തിൽ റിപ്പോർട്ട് നൽകണം. 30 ാം തീയ്യതി ജില്ലാ കമ്മിറ്റി ചേരുമ്പോൾ പി.കെ. ശ്യാമളക്കെതിരെയുള്ള ശബ്ദം ഉയരാൻ ഇടയില്ല. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് കാരണം നഗരസഭാ സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരുമാണെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവന ഇറക്കുകയും ചെയ്യും. ഇതോടെ ശ്യാമള ചെയർപേഴ്സനായി കാലാവധി പൂർത്തിയാക്കാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യും.

ആന്തൂർ നഗരസഭാ അദ്ധ്യക്ഷ പി.കെ. ശ്യാമള രാജിവെക്കേണ്ടതില്ലെന്ന സിപിഎം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൽ ആന്തൂരിലെ പ്രവർത്തകരിലും അനുഭാവികളിലും കടുത്ത അമർഷമുണ്ട്. പി.കെ. ശ്യാമള ആന്തൂർ നഗരസഭാ ചെയർപേഴ്സനായി തുടരുന്നത് പാർട്ടിക്ക് കടുത്ത ദോഷം ചെയ്യുമെന്ന അവസ്ഥ ഉണ്ടാകുമെന്ന് അവർ കരുതുന്നു. നഗരസഭാദ്ധ്യക്ഷയെ ഇരുത്തി കഴിഞ്ഞ ദിവസം ധർമ്മശാലയിൽ നടന്ന പാർട്ടി വിശദീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറി എം. വി.ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനും ആന്തൂർ വിഷയത്തിൽ കുറ്റ സമ്മതം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ സിപിഎം. സംസ്ഥാന കമ്മിറ്റി, നഗരസഭാ സെക്രട്ടറി മാത്രമാണ് കുറ്റക്കാരൻ എന്ന നിലപാടെടുത്തിരിക്കയാണ്. പ്രവാസി വ്യവാസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ വീഴ്ച നഗരസഭാ സെക്രട്ടറിക്ക് മാത്രമാണെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി തന്നെ അഭിപ്രായപ്പെട്ടിരിക്കയാണ്.

സിപിഎം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവരാണ് പി.കെ. ശ്യമളയെ ചെയർപേഴ്സൻ സ്ഥാനത്തു നിന്ന് നീക്കേണ്ടതില്ലെന്ന് സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം പ്രകടിപ്പിച്ചത്. കേന്ദ്ര കമ്മിറ്റി അംഗമായ എം. വി. ഗോവിന്ദൻ മാസ്റ്ററുടെ പേര് ആന്തൂർ വിഷയത്തിൽ വലിച്ചിഴക്കരുതെന്ന നിർദ്ദേശവും ജില്ലാ കമ്മിറ്റി നൽകിയതായി വിവരമുണ്ട്. ചെയർപേഴ്സനായ പി.കെ. ശ്യാമളയുടെ ഭർത്താവാണ് ഗോവിന്ദൻ മാസ്റ്റർ.

പി.കെ. ശ്യമളയെ നഗരസഭാ അദ്ധ്യക്ഷസ്ഥാനത്തു നിന്നുംം മാറ്റിയില്ലെങ്കിൽ ആന്തൂരിലെ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാവാൻ സാധ്യതയുണ്ടെന്ന് കരുതുന്നവരുമുണ്ട്. തളിപ്പറമ്പിലെ ഒരു പ്രമുഖ ബിജെപി. നേതാവിനെ സിപിഎം. പ്രവർത്തകരായ ചിലർ സന്ദർശിച്ചതായ വിവരവും പുറത്ത് വന്നിട്ടുണ്ട്. നേരത്തെ കീഴാറ്റൂർ വയൽ പ്രശ്നത്തിൽ ചില സിപിഎം. കാർ ഇതേ ബിജെപി. നേതാവിനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലോടെയാണ് കീഴാറ്റൂർ വിഷയത്തിൽ ബിജെപി.യുടെ സംസ്ഥാന ദേശീയ നേതാക്കൾ സമരത്തിന് എത്തിച്ചേർന്നത്. സമാന സംഭവം ആന്തൂരിലെ പ്രശ്നത്തിലും ബിജെപി. ഇടപെടാനുള്ള കളമൊരുങ്ങുമെന്നാണ് കരുതുന്നത്. നഗരസഭാ പ്രശ്നത്തിൽ സിപിഎം. ന്റെ ഏരിയാ കമ്മിറ്റിയും ലോക്കൽ കമ്മിറ്റികളുമാണ് ഇതുവരെ ചേർന്നിട്ടുള്ളത്. അവിടങ്ങളിൽ നഗരസഭാ അദ്ധ്യക്ഷക്കെതിരെ കടുത്ത പ്രതിഷേധം അലയടിച്ചിരുന്നു. ബ്രാഞ്ച് തലത്തിൽ ഉടൻ തന്നെ കമ്മിറ്റികൾ വിളിച്ചു ചേർക്കാൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. പ്രാദേശിക അണികളെ നഗരസഭക്കെതിരെയുള്ള വിമർശനങ്ങൾ നടത്തുന്നതിനും തണുപ്പിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP