Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്‌സഭാ തിരഞ്ഞെടുപ്പല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഇനി ചിന്തിക്കരുതെന്നു ചൂണ്ടിക്കാട്ടി കെപിസിസി നിർവാഹകസമിതിയിൽ അനാവശ്യ വിവാദങ്ങൾ വിലക്കിയത് ആന്റണി; ബിബിസി ഡോക്യുമെന്ററിയിൽ മകൻ നൽകിയത് സമാനതകളില്ലാത്ത പ്രതിസന്ധി; ഇനി ആന്റണി ആരേയും ഉപദേശിക്കില്ല; അനിൽ ആന്റണി ബിജെപി ക്യാമ്പിലെത്തുമോ? വെളിപ്പെടുത്തൽ ഇനിയും ഉണ്ടായേക്കാം

ലോക്‌സഭാ തിരഞ്ഞെടുപ്പല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഇനി ചിന്തിക്കരുതെന്നു ചൂണ്ടിക്കാട്ടി കെപിസിസി നിർവാഹകസമിതിയിൽ അനാവശ്യ വിവാദങ്ങൾ വിലക്കിയത് ആന്റണി; ബിബിസി ഡോക്യുമെന്ററിയിൽ മകൻ നൽകിയത് സമാനതകളില്ലാത്ത പ്രതിസന്ധി; ഇനി ആന്റണി ആരേയും ഉപദേശിക്കില്ല; അനിൽ ആന്റണി ബിജെപി ക്യാമ്പിലെത്തുമോ? വെളിപ്പെടുത്തൽ ഇനിയും ഉണ്ടായേക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എ കെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണി കോൺഗ്രസ് പദവികൾ വിട്ടത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചാണ്. ട്വിറ്ററിലൂടെയാണ് അനിൽ രാജിക്കാര്യം അറിയിച്ചത്. പാർട്ടി പദവികളെല്ലാം ഒഴിയുന്നതായും ട്വീറ്റിൽ പറഞ്ഞു. ബിബിസിയുടെ മോദി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപി വാദം ഏറ്റെടുത്ത് അനിൽ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഈ സാഹചര്യത്തിലായിരുന്നു രാജി. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ അനിൽ ആന്റണി പിന്തുണച്ചിരുന്നു. മല്ലികാർജ്ജുന ഖാർഗെയെ സ്ഥാനാർത്ഥിയാക്കിയതും നാമനിർദ്ദേശത്തിൽ ഒപ്പിട്ടതും ആന്റണിയായിരുന്നു. അതുകൊണ്ട് തന്നെ ആന്റണിയുടെ മകന്റെ ആ നീക്കവും അമ്പരപ്പായിരുന്നു. ഏതായാലും ബിബിസി ഡോക്യുമെന്റി വിവാദത്തോടെ അനിൽ ആന്റണി കൂടുതൽ പ്രതിസന്ധിയുണ്ടാക്കി. രാജിവച്ച അനിൽ ആന്റണിയുടെ അടുത്ത നീക്കം എവരും സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. അതിനിടെ ഇനി ആന്റണിയും കോൺഗ്രസിൽ സജീവമാകില്ലെന്ന സൂചനയുണ്ട്. മകൻ പാർട്ടിയെ തള്ളി പറഞ്ഞത് മുതിർന്ന കോൺഗ്രസ് നേതാവിനേയും ഞെട്ടിച്ചിട്ടുണ്ട്.

അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരിൽനിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത്. ഒരു ട്വീറ്റിന്റെ പേരിൽ പലരും വിളിച്ച് എതിർപ്പ് പറഞ്ഞു. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്. ഇത്രയും അസഹിഷ്ണുതയുടെ ആവശ്യമില്ല. വെറുപ്പിനിടയിൽ തുടരാനാകില്ലെന്നും അനിൽ ട്വീറ്റിൽ പറഞ്ഞു. അനിൽ ആന്റണിയുടെ അഭിപ്രായപ്രകടനം അമ്പരപ്പാണ് സംസ്ഥാന കോൺഗ്രസിൽ സൃഷ്ടിച്ചിരിക്കുന്നത്. രാജി കേരള നേതാക്കൾക്ക് ആശ്വാസമായി. എ.കെ. ആന്റണിയുടെ മകനെതിരെ അവർക്കു കൂടുതൽ സ്വരം കടുപ്പിക്കേണ്ടി വന്നില്ല. അപ്പോഴും ഉമ്മൻ ചാണ്ടിയുടെ മകനുമായി തന്റെ മകനെ മുതിർന്ന നേതാവ് ജയറാം രമേശ് താരതമ്യം ചെയ്തതിൽ ആന്റണി നിരാശനാണ്. അഴിമതിയും പേരുദോഷവും ഉണ്ടാക്കാതെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ തനിക്കെതിരെ ജയറാം രമേശ് നടത്തിയ അഭിപ്രായ പ്രകടനം അതിരുവിട്ടതാണെന്ന് ആന്റണി പറയുന്നു. അതുകൊണ്ട് തന്നെ കരുതലുകൾ കൂട്ടിയാകും ആന്റണിയുടെ പ്രതികരണം.

ഒരുകാലത്തും ആന്റണിയുടെ മകനെ കേരളത്തിലെ നേതാക്കൾ അംഗീകരിച്ചിരുന്നില്ല. വ്യക്തിപരമായുള്ള ഇഷ്ടം രാഷ്ട്രീയരംഗത്ത് അനിലിനോട് കേരള നേതാക്കൾ പുലർത്തിയിരുന്നില്ല. കേന്ദ്രനേതൃത്വവും അദ്ദേഹത്തെ വിശ്വാസത്തിലെടുത്തില്ല. അതുകൊണ്ടുതന്നെ അനിലിന്റെ അഭിപ്രായ പ്രകടനത്തോടു കോൺഗ്രസ് സൈബർ ഇടങ്ങളിൽ നിന്നു തീരെ മാർദവമില്ലാത്ത പ്രതികരണങ്ങളുണ്ടായി. നിലപാടു വ്യത്യാസത്തിന്റെ പേരിലല്ല, ചീത്തവിളിയുടെ പേരിലാണു പദവി ഒഴിഞ്ഞതെന്നാണ് അനിൽ പ്രതികരിച്ചതും. മുമ്പ് കോൺഗ്രസിലെ സൈബർ പോരാളികൾ തന്നെ അനിൽ ആന്റണിയെ പരസ്യമായി വിമർശിച്ചിട്ടുണ്ട്. തിരക്കിട്ട രാജിയുടെ കാര്യത്തിൽ എ.കെ.ആന്റണിയുടെ വഴി തന്നെ മകനും സ്വീകരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഇനി ചിന്തിക്കരുതെന്നു ചൂണ്ടിക്കാട്ടി കെപിസിസി നിർവാഹകസമിതിയിൽ അനാവശ്യ വിവാദങ്ങൾ വിലക്കിയത് ആന്റണി തന്നെയാണ്. ഇപ്പോൾ മകൻ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി, കോൺഗ്രസിൽ നിന്നു തന്നെ അകലുകയാണ് ആന്റണി. തന്റെ നിലപാട് മകനും പിന്തുടരണമെന്ന് ആന്റണി ശാഠ്യം പിടിച്ചിട്ടില്ല. കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖർഗെയെ അവതരിപ്പിക്കുന്നതിനു ഡൽഹിയിൽ കാർമികത്വം വഹിച്ച ആന്റണി പിന്നീട് കണ്ടത് ശശി തരൂരിനെ പിന്തുണച്ച് മകൻ രംഗത്തെത്തിയതാണ്. പുതിയ തലമുറയുടെ താൽപര്യങ്ങളിൽ ഇടപെടാൻ താനാരാണെന്ന നിസ്സഹായതയാണ് അടുപ്പമുള്ളവരോട് അന്ന് അദ്ദേഹം പങ്കുവച്ചത്. അതുതന്നെയാണ് ഇപ്പോഴും നിലപാട്.

കോൺഗ്രസുകാർ അനിലിനെ വിലമതിച്ചിരുന്നത് എ.കെ.ആന്റണിയുടെ മകൻ എന്ന നിലയിൽ തന്നെയാണ്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായി മുല്ലപ്പള്ളി രാമചന്ദ്രൻ അനിലിനെ നിയോഗിച്ചതിനു പിന്നിലും ആ പരിഗണനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് സമൂഹ മാധ്യമപ്രചാരണത്തിന് സാധ്യമായതെല്ലാം ചെയ്‌തെന്ന് അനിൽ അവകാശപ്പെട്ടെങ്കിലും കോൺഗ്രസിന്റെ തന്നെ മറ്റൊരു സൈബർ ടീം കടന്നാക്രമിച്ചു. പ്രഫഷനൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ കൂടിയായ ശശി തരൂരിനോടുള്ള സൗഹൃദത്തിലൂടെയാണ് അനിൽ കോൺഗ്രസിൽ സജീവമായി തുടർന്നത്. ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ അനിലിന്റെ അഭിപ്രായത്തെ പൂർണമായും തരൂർ തള്ളി.

പ്രശ്‌നങ്ങൾ ആളിക്കത്തിക്കാൻ ആളുണ്ട്, പരിഹരിക്കാൻ ആളില്ല എന്ന സ്ഥിതി കോൺഗ്രസിൽ തുടരുകയാണ്. അനിലിന്റെ ഭാവി നീക്കത്തെപ്പറ്റി അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങി. തനിക്കെതിരായ പ്രചാരണങ്ങൾക്കു പിന്നിൽ ചില കോൺഗ്രസുകാർ തന്നെയാണെന്നും ഉചിതമായ സാഹചര്യത്തിൽ അതു വെളിപ്പെടുത്തുമെന്നും അനിൽ പ്രഖ്യാപിച്ചത് വിവാദങ്ങൾ തുടരുമെന്ന സൂചന നൽകുന്നു. ബിജെപി അനിൽ ആന്റണിയെ സ്വാഗതം ചെയ്യുകയാണ്. ഇതിനോട് അനിൽ പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP