Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിലെ പ്രധാന നേതാക്കളെല്ലാം മത്സരത്തിന്; നേമത്ത് കുമ്മനത്തെ ഇറക്കിയേക്കും; മത്സരിക്കാനില്ലെന്ന ശ്രീധരൻ പിള്ളയുടെ ആവശ്യം അംഗീകരിച്ചില്ല; കോർക്കമ്മറ്റിയിലെ എല്ലാവരേയും അങ്കത്തിനിറിക്കാൻ ഉറച്ച് അമിത് ഷാ

ബിജെപിലെ പ്രധാന നേതാക്കളെല്ലാം മത്സരത്തിന്; നേമത്ത് കുമ്മനത്തെ ഇറക്കിയേക്കും; മത്സരിക്കാനില്ലെന്ന ശ്രീധരൻ പിള്ളയുടെ ആവശ്യം അംഗീകരിച്ചില്ല; കോർക്കമ്മറ്റിയിലെ എല്ലാവരേയും അങ്കത്തിനിറിക്കാൻ ഉറച്ച് അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിജെപി സംസ്ഥാന കോർകമ്മറ്റിയിലെ എല്ലാ നേതാക്കളും മത്സരിച്ചേ മതിയാകൂവെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശം. സ്ഥാനാർത്ഥിപട്ടികയിൽ ആർഎസ്എസ് നേതൃത്വം ഉൾപ്പെടുത്തുന്ന ആർക്കും ഇളവ് ലഭിക്കില്ലെന്നാണ് അമിത് ഷായുടെ നിലപാട്. ബിജെപിയുടെ സംഘടനാ ചുമതലുള്ള എല്ലാ നേതാക്കളേയും മത്സരത്തിനിറക്കി പ്രചരണ നിയന്ത്രണം ആർഎസ്എസിനെ ഏൽപ്പിക്കാനാണ് നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനോടും മത്സരിക്കണമെന്ന നിർദ്ദേശം അമിത് ഷാ നൽകി കഴിഞ്ഞു. കോർ കമ്മറ്റിയിലെ അംഗങ്ങളുടെ സീറ്റിൽ ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം ആർഎസ്എസ് നേതൃത്വം എടുക്കും. നേമത്ത് കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഒ രാജഗോപാലിന് വട്ടിയൂർക്കാവോ തിരുവനന്തപുരം സെൻട്രലിലോ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. 

ഒരാഴ്ചയ്ക്കുള്ളിൽ ആർഎസ്എസ് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ആർഎസ്എസ് പ്രാദേശീക നേതൃത്വങ്ങളുമായി ആലോചിച്ചാലും തീരുമാനം. ആർഎസ്എസ് പ്രവർത്തകർക്ക് അതൃപ്തിയുള്ള ആരേയും മത്സരിക്കാൻ അനുവദിക്കില്ല. നേമത്ത് കുമ്മനത്തെ മത്സരിപ്പിക്കണമെന്ന വികാരമാണ് ആർഎസ്എസ് നേതൃത്വത്തിനുള്ളത്. 1987ൽ നേമത്തെ ബഹുഭൂരിഭാഗം സ്ഥലങ്ങളും ഉൾക്കൊള്ളുന്ന തിരുവനന്തപുരം ഈസ്റ്റിൽ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായിട്ടായിരുന്നു അന്ന് മത്സരിച്ചത്. ഈ മണ്ഡലത്തിലെ പ്രവർത്തകരുമായി കുമ്മനത്തിന് ആത്മബന്ധവും ഉണ്ട്. എന്നാൽ ഒ രാജഗോപാൽ കഴിഞ്ഞ തവണ മികച്ച പ്രകടനമാണ് നേമത്ത് നടത്തിയത്. രാജഗോപാലിനെ വീണ്ടും മത്സരിപ്പിച്ചാൽ ജയം ഉറപ്പാണെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ നേമത്തിന്റെ കാര്യത്തിൽ കരുതലോടെയാകും ആർഎസ്എസും ബിജെപിയും തീരുമാനം എടുക്കുക.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും കഴക്കൂട്ടത്ത് വി മുരളീധരനും തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ തവണയും സുരേന്ദ്രൻ മഞ്ചേശ്വരത്താണ് മത്സരിച്ചത്. ഇതിന്റെ തുടർച്ചയാണ് സുരേന്ദ്രന്റെ പ്രവർത്തനം. എന്നാൽ ആരോടും ചോദിക്കാതെയാണ് കഴക്കൂട്ടത്ത് മുരളീധരൻ പ്രവർത്തനം തുടങ്ങിയത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാകുമ്പോൾ മുരളീധരൻ സ്വയം കണ്ടെത്തിയതാണ് കഴക്കൂട്ടം. ഇത് ആർഎസ്എസ് നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. പരിവാർ പ്രസ്ഥാനങ്ങളുമായി ആലോചിക്കാതെയുള്ള ഏകപക്ഷീയ നീക്കങ്ങൾ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കഴക്കൂട്ടത്ത് നിന്ന് മുരളീധരനെ മാറ്റാനാണ് ആലോചന. എന്നാൽ പ്രചരണത്തിൽ ഏറെ മുന്നോട്ട് പോയ സാഹചര്യത്തിൽ കടുത്ത നടപടി വേണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. ഇത് അംഗീകരിക്കപ്പെട്ടില്ലെങ്കിൽ കോഴിക്കോടാകും മുരളീധരൻ മത്സരിക്കുക.

തിരുവനന്തപുരം ജില്ലയിലെ പ്രധാന മണ്ഡലങ്ങളിൽ എല്ലാം പുറത്തു നിന്നുള്ളവർ മത്സരിക്കുന്നവെന്ന പരാതി പ്രാദേശീക തലത്തിൽ ശക്തമാണ്. തിരുവനന്തപുരവും നേമവും കാട്ടക്കടയും കഴക്കൂട്ടവും വട്ടിയൂർക്കാവും വിജയസാധ്യതയുള്ള സ്ഥലങ്ങളിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോവളത്തും മുന്നേറ്റം ഉണ്ടാക്കി. ഈ അഞ്ച് സീറ്റിൽ ഭൂരിഭാഗത്തിലും തിരുവനന്തപുരത്ത് നിന്നുള്ള നേതാക്കളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടാൽ വിവി രാജേഷും എസ് സുരേഷും ജെആർ പത്മകുമാറും അടക്കമുള്ളവർ ഈ സീറ്റുകളിൽ മത്സരിക്കാനെത്തും. ഈ സാഹചര്യത്തിൽ കാട്ടക്കട സ്വപ്‌നം കാണുന്ന കൃഷ്ണദാസിന് കണ്ണൂരിലെ തലശ്ശേരിയിൽ മത്സരിക്കേണ്ടിയും വരും. സംസ്ഥാന കോർകമ്മറ്റിയിലെ എല്ലാ നേതാക്കളും ജയസാധ്യതയുള്ള സീറ്റുകൾ തന്നെ ലഭിക്കും. കുമ്മനത്തിനായി ആറന്മുളയും പരിഗണിക്കുന്നുണ്ട്. കുമ്മനം എവിടെ മത്സരിക്കുമെന്നതിന് അനുസരിച്ചാകും മറ്റുകാര്യങ്ങളിൽ തീരുമാനം വരിക.

ശോഭാസുരേന്ദ്രന് പലക്കാട്ടെ ഒരു മണ്ഡലം നൽകും. എഎൻ രാധാകൃഷ്ണന് താൽപ്പര്യം തൃപ്പുണ്ണിത്തുറയിലാണ്. മുൻ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻപിള്ളയ്ക്ക് മത്സരിക്കാൻ താൽപ്പര്യമില്ല. എന്നാൽ അതുപറ്റില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ മത്സരത്തിനെത്താനാണ് സാധ്യത. എൻഎസ്എസുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് ശ്രീധരൻ നായർ. ഇതു മനസ്സിലാക്കിയാണ് ശ്രീധരൻനായരുടെ ജന്മസ്ഥലമായ ചെങ്ങനൂരിൽ സ്ഥാനാർത്ഥിയാക്കുന്നത്. കുമ്മനം ആറന്മുളയിൽ മത്സരിച്ചില്ലെങ്കിൽ എംടി രമേശ് അവിടെ സ്ഥാനാർത്ഥിയാകും. വട്ടിയൂർക്കാവിൽ സുരേഷ് ഗോപി മത്സരിക്കട്ടേ എന്നാണ് ഉയരുന്ന അഭിപ്രായം. രാജഗോപാൽ തിരുവനന്തപുരത്തെ അഞ്ചു മണ്ഡലങ്ങളിൽ എവിടെ വേണമെങ്കിലും ജയിക്കാമെന്ന അവസ്ഥയുണ്ട്. അതുകൊണ്ടാണ് സുരക്ഷിത മണ്ഡലമായ നേമം കുമ്മനത്തിനായി പരിഗണിക്കുന്നത്.

പ്രധാന നേതാക്കളെല്ലാം മത്സരിക്കാനെത്തുമ്പോൾ സംഘടനയുടെ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുക്കും. ജയസാധ്യതയുള്ള എല്ലാ മണ്ഡലങ്ങളിലും മുതിർന്ന പ്രചാരകന്മാർ കാര്യങ്ങൾ നിയന്ത്രിക്കാനെത്തും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തന്ത്രങ്ങളും ആർഎസ്എസ് തന്നെയാകും ഒരുക്കുക. ഗ്രൂപ്പ് പ്രവർത്തനത്തിന് വിട നൽകി പരമാവധി സഹകരിച്ച് പ്രവർത്തിക്കാനും നേതാക്കൾക്ക് അമിത് ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്. പിപി മുകുന്ദനെ പാർട്ടിയിൽ സഹകരിപ്പിക്കുന്നതിലും ഉടൻ തീരുമാനം ഉണ്ടാകും. മുകുന്ദനേയും രാമൻപിള്ളയേയും സഹകരിപ്പിക്കാനും പാർട്ടി വേദികളിൽ എത്തിക്കാനുമാണ് തീരുമാനം. ഇതിനെ മുരളീധരൻ പക്ഷം എതിർക്കുന്നുണ്ട്. എന്നാൽ എല്ലാവശങ്ങളും നോക്കി ആർഎസ്എസ് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. മുകുന്ദനൊപ്പം നിൽക്കുന്ന എംഎസ് കുമാറിനെ പോലുള്ളവർക്ക് തിരുവനന്തപുരത്ത് മത്സരിക്കാൻ സീറ്റ് നൽകുന്നതും പരിഗണനയിലുണ്ട്.

തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായ ബിജെഡിഎസുമായി സീറ്റ് വിഭജന ചർച്ചകൾ ബിജെപി ഉടൻ തുടങ്ങും. തിരുവനന്തപുരം ജില്ലയിലെ കോവളം, വാമനപുരം സീറ്റുകൾ ബിജെഡിഎസിന് നൽകും. പാറശ്ശാലയിൽ വി എസ്ഡിപിയുടെ ചന്ദ്രശേഖരനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. മൂന്നാം മുന്നണിയിലേക്ക് കേരളാ കോൺഗ്രസിനെ പോലുള്ള പ്രധാന പാർട്ടിയെ എത്തിക്കാനാണ് നീക്കം. അതുകൂടി പരിഗണിച്ചാകും നേതാക്കളുടെ സീറ്റിൽ ബിജെപി അന്തിമ തീരുമാനം എടുക്കൂ. എന്നാൽ തിരുവനന്തപുരം ഒഴികെ മറ്റേത് ജില്ലയിലും സഖ്യകക്ഷികൾ ആവശ്യപ്പെടുന്ന സീറ്റ് അവർക്ക് നൽകാൻ ബിജെപി തയ്യാറുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP