Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

കസ്റ്റംസ് സ്വർണം പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ ഇല്ലയോ? പ്രതിയായ വനിത സർക്കാർ ചെലവിൽ വിദേശയാത്ര നടത്തിയില്ലേ? അവർ ക്ലിഫ്ഹൗസിലെ നിത്യസന്ദർശക ആയിരുന്നില്ലേ? പൊതുവേദിയിൽ മറുപടി പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അമിത് ഷാ; ശബരിമലയും ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി

കസ്റ്റംസ് സ്വർണം പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ ഇല്ലയോ? പ്രതിയായ വനിത സർക്കാർ ചെലവിൽ വിദേശയാത്ര നടത്തിയില്ലേ? അവർ ക്ലിഫ്ഹൗസിലെ നിത്യസന്ദർശക ആയിരുന്നില്ലേ? പൊതുവേദിയിൽ മറുപടി പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അമിത് ഷാ; ശബരിമലയും ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരം ശംഖുമുഖത്തെ വേദിയിൽ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന വേദിയിലാണ് അമിത് ഷായുടെ വെല്ലുവിളി. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്ന ആരോപണത്തിനെതിരെയാണ് വെല്ലുവിളി. മുക്യമന്ത്രിയുമാടി

ഈ നിർണായകചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പൊതുവേദിയിൽ മറുപടി പറയണം. സ്വർണക്കടത്ത് കേസ് പ്രതി മുഖ്യമന്ത്രിയുടെ വകുപ്പിൽ ജോലി ചെയ്തിരുന്നോ? സ്വർണം പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ ഇല്ലയോ എന്ന് തുറന്നുപറയണം. പ്രതിയായ സ്ത്രീ സർക്കാർ ചെലവിൽ വിദേശയാത്ര നടത്തിയില്ലേ, അവർ ക്ലിഫ്ഹൗസിൽ നിത്യസന്ദർശക ആയിരുന്നില്ലേ തുടങ്ങിയ ചോദ്യങ്ങളുമായാണ് അമിത്ഷാ പ്രസംഗം നടത്തിയത്.

സ്വർണക്കടത്തിലും ഡോളർ തട്ടിപ്പിലും നേതൃത്വം കൊടുത്ത പ്രധാനികൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നും കേരളത്തിൽ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോൺഗ്രസും ബംഗാളിൽ ഒരുമിച്ചാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപി അധികാരത്തിൽ എത്തിയാൽ ശബരിമലയുടെ നടത്തിപ്പ് ഭക്തരുടെ താത്പര്യപ്രകാരമായിരിക്കുമെന്ന് പറഞ്ഞ അമിത് ഷാ രാജ്യത്ത് അനവധി വികസന പദ്ധതികൾ പൂർത്തീകരിച്ച ഇ.ശ്രീധരനെ പോലെയൊരാൾ ബിജെപിയിലേക്ക് കടന്നു വന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

ദേശീയ പാതാ വികസനം, വൈദ്യുതി ഗ്രിഡ്, കൊച്ചി മെട്രോ, അമൃത് പദ്ധതി, കൊച്ചി പെട്രോ കെമിക്കൽസ് തുടങ്ങി കേരളത്തിലെ വിവിധ പദ്ധതികൾക്ക് കേന്ദ്രം നൽകിയ സഹായങ്ങൾ എണ്ണിപ്പറഞ്ഞ അമിത് ഷാ വിവിധ പദ്ധതികളിലൂടെ 1.56 ലക്ഷം കോടി കേരളത്തിന്റെ വികസനത്തിനായി കേന്ദ്രം അനുവദിച്ചെന്നും അവകാശപ്പെട്ടു. പത്ത് വർഷം കേന്ദ്രം ഭരിച്ച യുപിഎ സർക്കാർ കേരളത്തിനായി എന്തു ചെയ്തുവെന്ന് ഉമ്മൻ ചാണ്ടി പറയണമെന്നും ഷാ ആവശ്യപ്പെട്ടു.

ഒരു കാലത്ത് വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിന്ന കേരളം എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് നശിപ്പിച്ചുവെന്ന് അമിത്ഷാ ആരോപിച്ചു. എൽഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ ആരോഗ്യകരമായ ബന്ധമാണ് പുലർത്തുന്നത്. യുഡിഎഫ് വന്നാൽ സോളാർ തട്ടിപ്പും, എൽഡിഎഫ് വന്നാൽ ഡോളർ കടത്തും നടക്കുന്ന അവസ്ഥയാണ്.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ആരുടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായിരുന്നില്ലേ, ആ പ്രതിക്ക് മാസം മൂന്ന് ലക്ഷം രൂപ ശമ്പളം കൊടുത്തില്ലേ, സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീക്ക് നിങ്ങളുടെ പ്രിൻസിപ്പൾ സെക്രട്ടറി സർക്കാരിൽ ഉന്നതപദവി നൽകിയില്ലേ ?, നിങ്ങളും പ്രിൻസിപ്പൾ സെക്രട്ടറിയും സർക്കാർ ചെലവിൽ ഈ പ്രതിയായ സ്ത്രീയെ വിദേശത്തുകൊണ്ടു പോയില്ലേ, ഈ സ്ത്രീ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിത്യസന്ദർശകയല്ലേ, വിമാനത്താവളത്തിലെ കള്ളക്കടത്ത് പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസിന് മേൽ സമ്മർദ്ദം ചെലുത്തിയില്ലേ, ഈ വിഷയത്തിൽ ഇഡിയും കസ്റ്റംസും നടത്തിയ അന്വേഷണത്തിൽ ഇതൊക്കെ പുറത്തു വന്നില്ലേ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെക്കുറിച്ച് നിങ്ങൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? - അമിത് ഷാ ചോദിച്ചു.

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയലക്ഷ്യം വച്ച് പ്രവർത്തിക്കുന്നുവെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. സംസ്ഥാനത്തെ രണ്ട് മുന്നണികളുടെയും ആശങ്ക ഈ നാടിനെക്കുറിച്ചല്ല അവരുടെ വോട്ടുബാങ്കിനെ കുറിച്ചാണ്. ഇവിടെ സിപിഎമ്മും കോൺഗ്രസും വർഗ്ഗീയ പാർട്ടികളായ എസ്ഡിപിയുമായും മറ്റും സഖ്യത്തിലാണ്. കോൺഗ്രസ് മുസ്ലിം ലീഗുമായി സഖ്യത്തിലാണ്. ഇവിടെ കോൺഗ്രസ് സിപിഎമ്മിനെതിരാണ്. എന്നാൽ ബംഗാളിൽ ചെന്നാൽ കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. ബംഗാളിൽ ഷെരീഫിന്റെ പാർട്ടിയുമായി കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. മഹാരാഷ്ട്രയിൽ ചെന്നാൽ ഇവർ ശിവസേനക്കാരുമായി സഖ്യത്തിലാണ്. എന്താണ് നിങ്ങളുടെ നയം. എന്താണ് നിങ്ങളുടെ രാഷ്ട്രീയദിശ.- ഷാ ചോദിച്ചു.

അയ്യപ്പ ഭക്തർക്കെതിരെ പൊലീസ് നടപടിയുണ്ടായപ്പോൾ ഇവിടെ കോൺഗ്രസ് മൗനത്തിലായിരുന്നു. ബിജെപിയുടെ ഉറച്ച അഭിപ്രായം ശബരിമല ക്ഷേത്രം അയ്യപ്പഭക്തരുടെ നിയന്ത്രണത്തിലായിരിക്കണം പ്രവർത്തിക്കേണ്ടതെന്നാണ്. അല്ലാതെ സർക്കാരിന്റെ നിയന്ത്രണത്തിൽ അല്ല. ഇ.ശ്രീധരൻ ഡൽഹി മെട്രോ രൂപകൽപ്പന ചെയ്ത് സമയബന്ധിതമായി നിർമ്മിച്ച് ലോകത്തിന് മുന്നിൽ സമർപ്പിച്ചതിനാലാണ് അദ്ദേഹത്തെ മെട്രോ മാൻ എന്ന് വിളിക്കുന്നത്. എന്നാൽ ലോകത്തിന് മുന്നിൽ വയ്ക്കാൻ സാധിക്കുന്ന അത്ഭുതമാണ് ശ്രീധരന്റെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട കൊങ്കൺ റെയിൽവേ. ഈ റെയിൽവേ ലൈൻ വഴിയാണ് ദക്ഷിണകേരളത്തിലേക്ക് കേരളത്തിന്റെ ഇതരഭാഗങ്ങളിൽനിന്നും എളുപ്പമെത്താൻ സാധിക്കുന്നത്.

എനിക്ക് 56 വയസായി രാഷ്ട്രീയം മതിയാക്കേണ്ട സമയമായെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ ഈ പ്രായത്തിലും ശ്രീധരന്റെ ഉത്സാഹവും നാടിന് വേണ്ടി പ്രവർത്തിക്കാനുള്ള ആവേശവും കാണുമ്പോൾ അത്ഭുതം തോന്നുന്നു. ഈ നാട്ടിൽ പശ്ചാത്തല സൗകര്യവികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ നടപ്പാക്കിയ ഈ ശ്രീധരൻ ബിജെപിക്കൊപ്പം പ്രവർത്തിക്കാൻ തീരുമാനിക്കുന്നത് വലിയ അംഗീകാരമാണ്.

ആത്മനിർഭർ ഭാരത് എന്ന നയം പ്രഖ്യാപിച്ച് അഞ്ച് ട്രില്യൺ സമ്പദ് ഘടനയായി ഇന്ത്യയെ മാറ്റുകയാണ് ബിജെപിയുടേയും മോദിയുടേയും ലക്ഷ്യം. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി നരേന്ദ്ര മോദി ഇന്ത്യയെ മാറ്റി. ഇന്നിപ്പോൾ ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷൻ പദ്ധതി ഇന്ത്യയിൽ വിജയകരമായി പുരോഗമിക്കുകയാണ്. എന്നാൽ കൊവിഡിന്റെ കാര്യത്തിൽ കേരളത്തിലേക്ക് വന്നാൽ സ്ഥിതി ഗുരുതരമാണ്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ നാൽപ്പത് ശതമാനവും ഇന്ന് കേരളത്തിലാണ്. പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ കേരള സർക്കാരിനായില്ലെന്നും അമിത്ഷാ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP