Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202129Wednesday

'അതെല്ലാം ചീറ്റിപ്പോയില്ലേ'; മന്ത്രി ശശീന്ദ്രനെതിരായ ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി; കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ തെറ്റു ചെയ്തവരെ സംരക്ഷിക്കില്ല; വൃത്തികേട് കാണിച്ച് പങ്കുപറ്റുന്ന പാർട്ടിയല്ല സിപിഎം; ഏത് സ്ഥാനത്തായാലും നടപടിയുണ്ടാവുമെന്നും പിണറായി വിജയൻ

'അതെല്ലാം ചീറ്റിപ്പോയില്ലേ'; മന്ത്രി ശശീന്ദ്രനെതിരായ ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി; കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ തെറ്റു ചെയ്തവരെ സംരക്ഷിക്കില്ല; വൃത്തികേട് കാണിച്ച് പങ്കുപറ്റുന്ന പാർട്ടിയല്ല സിപിഎം; ഏത് സ്ഥാനത്തായാലും നടപടിയുണ്ടാവുമെന്നും പിണറായി വിജയൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കുണ്ടറയിലെ പീഡന പരാതി ഒതുക്കിത്തീർക്കാൻ എ.കെ.ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ മന്ത്രിയെ ന്യായികരിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം ചീറ്റിപ്പോയില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടി.

'അതെല്ലാം ചീറ്റിപ്പോയില്ലേ. അസംബ്ലിയിലെ കാര്യങ്ങൾ നിങ്ങൾ എല്ലാവരും കേട്ടതല്ലേ. എല്ലാം ചീറ്റിപ്പോയില്ലേ.', മുഖ്യമന്ത്രി ചോദിച്ചു. പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മന്ത്രി ഇടപെട്ടുവെന്നായിരുന്നു ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്.

മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം ക്ലിഫ്ഹൗസിലെത്തിയിരുന്നു. മറ്റൊരുതരത്തിലും യുവതി നൽകിയ പരാതിയിൽ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ശശീന്ദ്രൻ ഇടപെട്ടത് പെൺകുട്ടിയെ അപമാനിച്ചുവെന്ന പരാതിയിലല്ല പാർട്ടി പ്രശ്നങ്ങളിലാണെന്ന വാദമാണ് എൻസിപി ഉയർത്തിയിരുന്നത്.

അതേ സമയം കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച ചോദ്യത്തിന് വൃത്തിക്കേട് കാണിച്ച് അതിന്റെ പങ്കുപറ്റുന്ന പാർട്ടിയല്ല സിപിഎമ്മെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കരുവന്നൂർ സഹകരണ ബാങ്ക് വലിയതോതിൽ തെറ്റായ കാര്യമാണ് ചെയ്തിട്ടുള്ളത്. തെറ്റായ കാര്യങ്ങളെ കുറിച്ച് ഗൗരവമായി സർക്കാർ കണക്കിലെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു പാർട്ടി എന്ന നിലക്ക് എല്ലാ ഘട്ടത്തിലും നമ്മുടെ സമൂഹത്തിലുണ്ടാകുന്ന വീഴ്ചകൾക്കും തെറ്റുകൾക്കും ഉണ്ടാകാൻ പാടില്ലാത്ത മറ്റുവ്യതിയാനങ്ങൾക്കും എതിരെ പോരാടുന്ന പാർട്ടിയാണ്. സിപിഎം ലക്ഷകണക്കിന് ആളുകൾ അണിനിരക്കുന്ന പാർട്ടിയാണ്. കൂട്ടത്തിൽ ആരെങ്കിലും ചിലർ തെറ്റുകാണിച്ചാൽ അത് മൂടിവെക്കുന്ന സംസ്‌കാരം സിപിഎം ഒരു കാലത്തും കാണിച്ചിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. പാർട്ടിയിൽ ഏത് സ്ഥാനം വഹിച്ചാലും പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തിയാൽ കർശനമായ നടപടി സ്വീകരിക്കുന്നതാണ് പതിവ്.

അതിനാലാണ് ഭരണസമിതി തന്നെ പിരിച്ചുവിട്ട് അന്വേഷണത്തിലേക്ക് പോകുന്നത്. ആ അന്വേഷണം നല്ല കൃത്യതയോടെ പ്രത്യേക സംഘത്തെ വെച്ച് നടത്തുകയാണ്. കുറ്റവാളികളും തെറ്റുചെയ്തവരും ആരായാലും ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കുന്ന നിലയല്ല സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണ മേഖല ജനവിശ്വാസം ആർജിച്ചതാണ്. ഇതുപോലുള്ള സംഭവങ്ങൾ അവിടെ വിരളമാണ്. മനുഷ്യൻ പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ തീരെ ഉണ്ടായിട്ടില്ല എന്നു പറാനാകില്ല. ആ ഘട്ടങ്ങളിലൊക്കെ നടപടിയെടുത്ത് വിശ്വാസ്യത വീണ്ടെടുത്തിട്ടുണ്ട്. സഹകരണ മേഖലയുടെ കരുത്ത് ചോരാതിരിക്കാൻ ശ്രദ്ധിക്കും.

കോവിഡ് വാക്‌സീൻ സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കാൻ കഴിയുന്ന നടപടികളിലേക്കു കാര്യങ്ങൾ പോകുകയാണെന്നും ഇതിന്റെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായും മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കേരളത്തിലെ കോവിഡ് വാക്‌സീൻ വിതരണത്തെ സംബന്ധിച്ച് കേന്ദ്ര ആരോഗ്യവകുപ്പിന്റേതായി ചില വാർത്തകൾ വരുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗം ആരംഭിച്ചു എന്നു വിലയിരുത്താനായിട്ടില്ല. വേറെ വൈറസ് വകഭേഗം ഉണ്ടോയെന്നും പരിശോധിക്കണം. സാഹചര്യത്തെ അതീവ ഗൗരവമായി കണ്ട് കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ജനം തയാറാകണം. സെക്ട്രൽ മജിസ്‌ട്രേട്ടുമാർ പരിശോധന തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP