Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവസരങ്ങൾ എല്ലാം തുലയ്ക്കുന്ന നേതാവെന്ന പേരുദോഷം മാറ്റി; ഒന്നിനുപിറകേ ഒന്നായി പുതിയ രേഖകളുമായി സർക്കാരിനെ പ്രതിസന്ധിയിലാക്കി; മുല്ലപ്പള്ളി കളത്തിൽ ഇറങ്ങും മുമ്പ് കോൺഗ്രസിന്റെ ഒന്നാം നമ്പർ നേതാവായി ചെന്നിത്തലയുടെ പിടിമുറുക്കൽ; ബ്രൂവറി ചലഞ്ച് ഏറ്റെടുത്ത് സർക്കാരിനെ തിരുത്തിച്ച പ്രതിപക്ഷ നേതാവായി മുന്നണിയിലും പാർട്ടിയിലും കരുത്തനായി: ഉമ്മൻ ചാണ്ടി നാടുവിട്ടതോടെ രമേശ് ചെന്നിത്തലയുടെ നല്ല കാലം തെളിഞ്ഞോ?

അവസരങ്ങൾ എല്ലാം തുലയ്ക്കുന്ന നേതാവെന്ന പേരുദോഷം മാറ്റി; ഒന്നിനുപിറകേ ഒന്നായി പുതിയ രേഖകളുമായി സർക്കാരിനെ പ്രതിസന്ധിയിലാക്കി; മുല്ലപ്പള്ളി കളത്തിൽ ഇറങ്ങും മുമ്പ് കോൺഗ്രസിന്റെ ഒന്നാം നമ്പർ നേതാവായി ചെന്നിത്തലയുടെ പിടിമുറുക്കൽ; ബ്രൂവറി ചലഞ്ച് ഏറ്റെടുത്ത് സർക്കാരിനെ തിരുത്തിച്ച പ്രതിപക്ഷ നേതാവായി മുന്നണിയിലും പാർട്ടിയിലും കരുത്തനായി: ഉമ്മൻ ചാണ്ടി നാടുവിട്ടതോടെ രമേശ് ചെന്നിത്തലയുടെ നല്ല കാലം തെളിഞ്ഞോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കട്ട മുതൽ തിരിച്ചു കൊടുത്താൽ കളവ് കളവല്ലാതാകുമോയെന്നു ഇന്ന് ചോദിച്ചത് മറ്റാരുമല്ല, സാക്ഷാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്കും ഡിസ്റ്റലറിക്കുമുള്ള അനുമതി റദ്ദാക്കിയതോടെ ചെന്നിത്തലയുടെ ബ്രൂവറി ചലഞ്ച് പൊടിപൊടിച്ചിരിക്കുകയാണ്.സർക്കാർ പരസ്യമായി പരാജയം സമ്മതിച്ചില്ലെങ്കിലും, ചലഞ്ചിൽ മുട്ടുകുത്തിയിരിക്കുന്നു.

2016 മെയിൽ ഏറെ ദിവസത്തെ ആശയക്കുഴപ്പങ്ങൾക്ക് ശേഷമാണ് പതിന്നാലാം നിയമസഭയിലെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തത്. ഭരണം നഷ്ടപ്പെട്ട ഉമ്മൻ ചാണ്ടി താൻ സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ലെന്ന് നിലപാട് സ്വീകരിച്ചതോടെയാണ് ചെന്നിത്തലയ്ക്ക് നറുക്ക് വീണത്.മലയാളികളുടെ സ്വന്തം കുഞ്ഞൂഞ്ഞായ ഉമ്മൻ ചാണ്ടി എഐസിസി സെക്രട്ടറി പദത്തിലേറി ആന്ധ്രയിൽ വാഴുകയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ചെന്നിത്തലയുടെ രാശി തെളിഞ്ഞത്. തിരഞ്ഞെടുപ്പിൽ പൊട്ടിയെങ്കിലും, മുടിചൂടാമന്നാകാനുള്ള അവസരമാണ് ഹൈക്കമാൻഡിന്റെ തീരുമാനത്തോടെ ഭാഗ്യദേവതയായി എത്തിയത്. ബന്ധുനിയമന വിവാദത്തിന്റെ ക്ഷീണമൊക്കെ മാറ്റി ഭരണം കസറാമെന്ന് കരുതിയിരിക്കുമ്പോഴാണ് പിണറായി സർക്കാരിന്റെ മേൽ അപ്രതീക്ഷിതമായി ബ്രൂവറി വിവാദം വന്ന് പതിച്ചത്. ഏയ് സംഗതി നിസ്സാരം അഴിമതിയൊന്നുമില്ല, എല്ലാം സുതാര്യം എന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും, മുഖ്യമന്ത്രിയും ഒഴുക്കൻ മട്ടിൽ തള്ളിക്കളഞ്ഞെങ്കിലും പിടിവിടാതെ ഉടുമ്പിനെ പോലെ ഉറച്ചുനിന്നു പ്രതിപക്ഷ നേതാവ്. ചുറുചുറുക്കോടെ വാർത്താസമ്മേളനം. ചാട്ടുളി പോലെ 10 ചോദ്യങ്ങൾ. ചെന്നിത്തല് സ്‌കോർ ചെയ്തല്ലോയെന്ന് സോഷ്യൽ മീഡിയയിൽ പിറുപിറുപ്പ്.

പതിയെ പതിയെ മടിയോടെ ആ ചലഞ്ച് ഏറ്റെടുത്തെങ്കിലും എക്‌സൈസ് മന്ത്രിക്ക് അത്ര ഉറപ്പ് പോരായിരുന്നു. 48 മണിക്കൂർ കഴിഞ്ഞിട്ടും തന്റെ ചോദ്യങ്ങൾക്ക് മറുപടി കിട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വാശി പിടിച്ചു. ചോദ്യങ്ങൾ ഇങ്ങനെ:

1.1999ൽ നിർത്തിയ ബ്രൂവറി , ഡിസ്റ്റിലറിലൈസൻസിന് ആര് അനുവാദം നൽകി?
2. ഏത് അബ്കാരി നയമനുസരിച്ചാണ് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത്?
3. ഏത് മന്ത്രിസഭാ യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്?
4. നയം മാറ്റിയപ്പോൾ എൽ.ഡി.എഫ് ഏകോപന സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നോ?
5. ബ്രൂവറി അനുവദിച്ച സ്ഥലങ്ങളിൽ ജലലഭ്യത, പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ?
6. അനുമതി വിവരം നാലുപേർ മാത്രം എങ്ങനെ അറിഞ്ഞു?
7.അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശം അപേക്ഷയിലുണ്ടോ?
8. ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് തൃശൂർ ജില്ലയിൽ എവിടെയാണ് അനുമതി നൽകിയത്?
9.ശ്രീചക്രാ ഡിസ്റ്റിലറീസ് നൽകിയ അപേക്ഷയിൽ എക്‌സൈസ് കമ്മീഷണർക്ക് ശുപാർശ കിട്ടിയിരുന്നോ?
10. വി എസ് സർക്കാറിന്റെ കാലത്ത് അപേക്ഷകൾ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കാമോ?

ഒന്നൊഴികെ എല്ലാറ്റിനും മറുപടി പറഞ്ഞെന്ന് ടി.പി.രാമകൃഷ്ണൻ ആണയിട്ടെങ്കിലും അത് വേണ്ടത്ര ജനത്തിന് ബോധ്യമായില്ല. കിൻഫ്രയിൽ 10 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയതും സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ മകന്റെ ഇടപടലും അദ്ദേഹത്തിന്റെ അയോഗ്യതാ വിവാദവും ഒക്കെ വാർത്തകളെ ചൂടുപിടിപ്പിച്ചു. കോലിയക്കോടിന്റെ മകന്റെ യോഗ്യതാവിവാദം വീണ്ടും ബന്ധുനിയമനക്കേസിലെ തിരിമറികളും ശ്രദ്ധയിൽ കൊണ്ടുവന്നു.

എ.കെ.ആന്റണിയെ പ്രതിക്കൂട്ടിലാക്കി ആരോപണത്തെ പ്രതിരോധിക്കാനായിരുന്നു സർക്കാർ ശ്രമം. എന്നാൽ, നായനാരുടെ കാലത്ത് നൽകിയ അനുമതിയുടെ പേരിൽ ആന്റണിയെ അഴിമതിയുടെ നിഴലിൽ നിർത്തുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. ഇതോടെ കാര്യങ്ങൾ കൈവിട്ടു. ബ്രൂവറി ചലഞ്ച് ചാനലുകളിലെ അന്തിച്ചർച്ചാവിഷയമായി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വരുന്നത് വരെ അതുതന്നെയായി ചൂടേറിയ വാഗ്വാദം. നികുതി വരുമാനവും തൊഴിൽ നഷ്ടവും ഒഴിവാക്കാനാണ് നാട്ടിൽ തന്നെ ബ്രൂവറിക്ക് അനുമതി നൽകിയതെന്ന വാദത്തിലാണ് എക്‌സൈസ് മന്ത്രി കടിച്ചുതൂങ്ങിയത്. വരൾച്ച നേരിടുന്ന പാലക്കാട്ടെ എലപ്പുള്ളി പഞ്ചായത്തിൽ ബ്രൂവറി അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാർ രംഗത്ത് വന്നതും ഭരകണ പരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ തന്നെ എതിർപ്പുമായി വന്നതും സർക്കാരിന് തിരിച്ചടിയായി. ബാർ ലൈസൻസിനും മറ്റും ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന സർക്കാർ ബ്രൂവറി, ഡിസറ്റിലറികളുടെ കാര്യത്തിൽ ഒളിച്ചുകളി നടത്തിയതും സംശയത്തിനിടയാക്കി.

വിവാദം തുടരുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചത്. അനുമതി നൽകിയതിൽ സർക്കാർ തെറ്റായ ഒന്നും ചെയ്തിട്ടില്ല. അഴിമതിക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സർക്കാരാണിത്. കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. ഈ ഘട്ടത്തിലാണ് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്. അതുക്കൊണ്ടു തന്നെ ബ്രൂവറി, ബ്ലെൻഡിങ് യൂണിറ്റുകൾ അനുവദിച്ച തീരുമാനം സർക്കാർ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും അവരുടെ ആരോപണത്തിന് കീഴടങ്ങുകയല്ലെന്നും പിണറായി ആവർത്തിച്ചെങ്കിലും ബ്രൂവറി ചലഞ്ചിൽ ജനം മാർക്കിടുക പ്രതിപക്ഷ നേതാവിന് തന്നെയായിരിക്കും.

കട്ട മുതൽ തിരിച്ചുകൊടുത്താൽ കളവില്ലാതാകുമോയെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ച നടപടിയുമായി മുന്നോട്ടു പോയാൽ കടുതൽ കാര്യങ്ങൾ പുറത്തു വരുമെന്നതിനാലാണ് അനുമതി പിൻവലിച്ചത്. ഈ വിഷയത്തിൽ യുഡിഎഫ് പ്രക്ഷോഭവും നിയമ നടപടികളും തുടരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എക്‌സൈസ് അഡീ. ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും തടസവാദം എഴുതിവിട്ട ഫയലിൽ എക്‌സൈസ് മന്ത്രി അനുമതി നൽകാൻ ഉത്തരവിട്ടു. അതു മുഖ്യമന്ത്രി ശരിവച്ചു. ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടേയും അപേക്ഷ എക്‌സൈസ് മന്ത്രിയുടെ ഓഫിസിൽ എട്ടു മാസം കിടന്നു. അത് ഇടപാട് ഉറപ്പിക്കാനായിരുന്നു. പറഞ്ഞ ആരോപണങ്ങളിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുന്നു. എക്‌സൈസ് മന്ത്രി പറയുന്നത് ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും തത്വത്തിൽ അംഗീകാരം നൽകിയെന്നാണ്. 1965ലെ എക്‌സൈസ് നിയമത്തിലും 1967ലെ ബ്രൂവറി നിയമത്തിലും തത്വത്തിൽ അംഗീകാരം എന്നതിനെക്കുറിച്ചു പറഞ്ഞിട്ടില്ല. കമ്പനികൾക്കു മദ്യ ഉൽപ്പാദനത്തിനുള്ള ലൈസൻസ് നൽകുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.

പ്രതിപക്ഷ നേതാവെന്ന നിലയിൽ ഉത്തരവാദത്തോടെയാണു സർക്കാരിനു മുന്നിൽ ബ്രൂവറി വിഷയം അവതരിപ്പിച്ചത്. വ്യക്തമായ അഴിമതിയും ചട്ടലംഘനവുമാണു നടന്നത്. കമ്പനികളിൽനിന്നു രഹസ്യമായി വെള്ളകടലാസിൽ അപേക്ഷ വാങ്ങി. കമ്പനി തുടങ്ങുന്ന ഏരിയയോ സർവേ നമ്പരോ അപേക്ഷയിൽ ഇല്ല. കേരളത്തിൽ മൈക്രോ ബ്രൂവറി തുടങ്ങാൻ എക്‌സസൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിനെ സർക്കാർ ബെംഗളൂരുവിൽ വിട്ടു. ബിയർ പബ്ബ് തുടങ്ങാൻ ആലോചിച്ചു. ഋഷിരാജ് സിങ് നൽകിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാണോയെന്നും ചെന്നിത്തല ചോദിച്ചു

കേരള രാഷ്ട്രീയത്തിലെ സൗമ്യമായ മുഖത്തിന്റെ ഉടമയാണ് രമേശ് ചെന്നിത്തലയെന്ന വാദം ഉയർത്തുന്നവർ തന്നെ അദ്ദേഹം പ്രതിപക്ഷ നേതാവെന്ന നിലയിൽ പോരെന്ന അഭിപ്രായം പലപ്പോഴും ഉയർത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ചെന്നിത്തലയ്ക്ക് വ്യത്യസ്തമായ സമീപനമാണ് ഉള്ളത്. സർക്കാർ അധികാരത്തിൽ വന്ന സമയത്ത് തങ്ങൾ ഹണിമൂൺ പീരിയഡ് കഴിയും വരെയെങ്കിലും ശക്തമായി ആക്രമിച്ചില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. അതുകൊണ്ട് ആദ്യ ഘട്ടത്തിൽ പ്രതിപക്ഷത്തിന് ഉശിരില്ലെന്ന രീതിയിൽ ചില പ്രചരണങ്ങൾ വന്നു. സർക്കാറിന്റെ പോരായ്മകൾ കൂടി വന്നതനുസരിച്ച് പ്രതിപക്ഷം മികച്ചു നിന്നുവെന്ന അവകാശവാദം ബ്രൂവറി ചലഞ്ചിന്റെ പശ്ചാത്തലത്തിൽ സമ്മതിക്കേണ്ടി വരും.

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങൾമാത്രം. വർക്കിങ് പ്രസിഡന്റുമാരെ അടക്കം നിയോഗിച്ച് സംസ്ഥാനത്തെ പാർട്ടിയെ ഉഷാറാക്കാൻ ഹൈക്കമാൻഡ് കച്ചകെട്ടി ഇറങ്ങിയ കാലം. ലോക്‌സഭാതിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം. സംസ്ഥാനത്ത് പാർട്ടിയെയും മുന്നണിയെയും ഉഷാറാക്കാൻ കിട്ടിയ അവസരം നന്നായി വിനിയോഗിച്ചതിൽ ചെന്നിത്തല സന്തോഷിക്കുന്നുണ്ടാവണം. ആരോപണങ്ങളുടെ മുൾമുനയിൽ തുടർന്നും സർക്കാരിനെ നിർത്തുക എന്ന തന്ത്രമായിരിക്കും തുടർന്നും അദ്ദേഹം ഉപയോഗിക്കുക.
സർക്കാരിനെ തിരുത്തിച്ച് തിളക്കം കൂട്ടിയതോടെ പാർട്ടിയിലും മുന്നണിയിലും ഇനി ചെന്നിത്തലയുടെ വാക്കുകൾക്ക് പൊന്നിന്റെ വിലയായിരിക്കും. അവസരങ്ങൾ പാഴാക്കിയ നേതാവ് എന്ന ദുഷ്‌പേര് ഇനി മറക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP