Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അഴിമതിവിരുദ്ധ-മതനിരപേക്ഷ ഭരണം കാഴ്ചവയ്ക്കാൻ സിപിഎമ്മിനു മാത്രമേ കഴിയൂ'; ശോഭ സിറ്റിയുടെ പണക്കൊഴുപ്പിനെ വരെ മുട്ടുകുത്തിച്ച അഡ്വ. വിദ്യ സംഗീത് ഇനി കമ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രിക

'അഴിമതിവിരുദ്ധ-മതനിരപേക്ഷ ഭരണം കാഴ്ചവയ്ക്കാൻ സിപിഎമ്മിനു മാത്രമേ കഴിയൂ'; ശോഭ സിറ്റിയുടെ പണക്കൊഴുപ്പിനെ വരെ മുട്ടുകുത്തിച്ച അഡ്വ. വിദ്യ സംഗീത് ഇനി കമ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രിക

തൃശൂർ: അഴിമതി വിരുദ്ധ പോരാട്ടങ്ങൾ നടത്തി പല പ്രമുഖരുടെയും അധികൃതരുടെയും കണ്ണിൽ കരടായി മാറിയ സാമൂഹിക പ്രവർത്തക അഡ്വ. വിദ്യ സംഗീത് സിപിഎമ്മിലേക്ക്. യുഡിഎഫിനോടു വിട പറഞ്ഞാണ് അഴിമതി വിരുദ്ധ പോരാട്ടത്തിൽ അണിചേരാൻ വിദ്യ സംഗീത് സിപിഎമ്മിനൊപ്പം കൈകോർക്കുന്നത്.

തൃശൂർ ജില്ലാപഞ്ചായത്തിൽ യുഡിഎഫ് അംഗമായിരുന്നു നേരത്തെ വിദ്യ. കേരളത്തിൽ അഴിമതി വിരുദ്ധ- മതനിരപേക്ഷ ഭരണം നടത്താൻ ഇടതുപക്ഷ സർക്കാരിനു മാത്രമേ സാധിക്കൂവെന്നു മനസിലായതിനെ തുടർന്നാണു സിപിഎമ്മിൽ ചേരുന്നതെന്നു വിദ്യ വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സിപിഎമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാനുള്ള തീരുമാനം വിദ്യ അറിയിച്ചത്. മുൻപ് തൃശ്ശൂരിൽ 19 ഏക്കർ നെൽവയൽ നികത്തി ബഹുനിലകെട്ടിട സമുച്ചയം പണിതുയർത്തിയ ശോഭാ സിറ്റിയുടെ നിയമവിരുദ്ധ നയങ്ങളെ വിദ്യ ചോദ്യം ചെയ്തിരുന്നു. ഇത് ഏറെ വാർത്താപ്രാധാന്യവും നേടി. തണ്ണീർത്തടം നികത്തി ടൗൺഷിപ്പ് നിർമ്മിക്കാനുള്ള ശോഭ സിറ്റി നീക്കത്തിനെതിരെ വിദ്യ നടത്തിയ പോരാട്ടത്തിനൊടുവിൽ അധികൃതർക്ക് ഇടപെടേണ്ടിയും വന്നിരുന്നു.

എന്നാൽ, തന്റെ മുന്നണിയിൽ നിന്നു വേണ്ടത്ര പിന്തുണ വിദ്യക്ക് ഇക്കാര്യത്തിൽ ലഭിച്ചിരുന്നില്ല. യുഡിഎഫിൽ നിന്നു പിന്തുണ ലഭിക്കാതിരുന്നപ്പോഴും പല കാര്യങ്ങളിലും ഇടതുപക്ഷത്തിന്റെ പൂർണ പിന്തുണ ലഭിച്ചിരുന്നതായി മുമ്പു മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിൽ വിദ്യ സംഗീത് വ്യക്തമാക്കിയിരുന്നു.

തൃശ്ശൂർ നഗരസഭയിൽ കിട്ടിയ സീറ്റിൽ മത്സരിക്കാൻ സിഎംപിക്ക് ആളെ കിട്ടാത്തതിനെ തുടർന്നായിരുന്നു പൊതുപ്രവർത്തകയായ അഡ്വ. വിദ്യാ സംഗീതിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയത്. സഭയിൽ യുഡിഎഫ് അംഗമായിരുന്നിട്ടും യുഡിഫിലെ അഴിമതിപോലും അവർ ചോദ്യം ചെയ്തതു വാർത്തകളിൽ നിറഞ്ഞിരുന്നു. സിഎംപി സ്ഥാനാർത്ഥി ആയിട്ടും സിഎംപി നേതാക്കൾ പോലും വിദ്യയുടെ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകിയിരുന്നില്ല.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അഴിമതിവിരുദ്ധ പ്രവർത്തനങ്ങൾ അതിശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സിപിഎമ്മിനു മാത്രമേ കഴിയൂ എന്നു വിദ്യ പറയുന്നു. എന്റെ ആശയങ്ങളുമായി യോജിക്കുന്ന, അഴിമതിക്കെതിരെ ശക്തമായ നിലപാടും ജനസമ്മതിയും ഉള്ള, ഒരു പാർട്ടിയുടെ പിന്തുണ ആവശ്യമായതിനാൽ ഞാൻ സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും വിദ്യ പറഞ്ഞു.

അഴിമതിക്കെതിരായ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുക്കാൻ പിടിച്ചിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ നിലവിലെ കേരളത്തിലെ അഴിമതി നിറഞ്ഞ ദുർഭരണം അവസാനിപ്പിച്ച് ,അഴിമതിവിരുദ്ധ മതനിരപേക്ഷ സദ് ഭരണം കാഴ്ചവെക്കാൻ കഴിയുകയുള്ളൂ എന്ന് കേരളത്തിലെ ജനങ്ങളോടൊപ്പം ഞാനും വിശ്വസിക്കുന്നു. കഴിഞ്ഞ 5 വർഷമായി നടത്തിവരുന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങൾ സിപിഎമ്മിന്റെ പൂർണ്ണ പിന്തുണയോടെ തുടരും. അഴിമതിക്കെതിരെ ചിന്തിക്കുന്ന പൊതുസമൂഹം സാധാരണക്കാരന്റെ ഗവണ്മെന്റ് നിലവിൽ വരുന്നതിനു വേണ്ടി ഇടതുപക്ഷജനാധിപത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുന്നതിന് ഇടതുമുന്നണി യോട് ചേർന്ന് നിൽക്കണമെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിദ്യ സംഗീത് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP