Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിപക്ഷ സമരങ്ങൾ കൊണ്ട് കോവിഡ് വ്യാപിച്ചു എന്ന പ്രചാരണം പ്രതിഷേധങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം; യുഡിഎഫ് സമരങ്ങളെല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്; സമാധാനപരമായി സമരം ചെയ്തവരെയാണ് ഇന്നലെ കോഴിക്കോട് പൊലീസ് ക്രൂരമായി മർദ്ദിച്ചത്; കോവിഡ് പ്രതിരോധത്തിൽ അനുദിനം സർക്കാർ വഷളായി കൊണ്ടിരിക്കുകയാണെന്നും അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ മറുനാടനോട്

പ്രതിപക്ഷ സമരങ്ങൾ കൊണ്ട് കോവിഡ് വ്യാപിച്ചു എന്ന പ്രചാരണം പ്രതിഷേധങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം; യുഡിഎഫ് സമരങ്ങളെല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്; സമാധാനപരമായി സമരം ചെയ്തവരെയാണ് ഇന്നലെ കോഴിക്കോട് പൊലീസ് ക്രൂരമായി മർദ്ദിച്ചത്; കോവിഡ് പ്രതിരോധത്തിൽ അനുദിനം സർക്കാർ വഷളായി കൊണ്ടിരിക്കുകയാണെന്നും അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ മറുനാടനോട്

ജാസിം മൊയ്തീൻ

 കോഴിക്കോട്: പ്രതിപക്ഷ സമരങ്ങൾ കാരണം കോവിഡ് വ്യാപനം കൂടുന്നു എന്ന സർക്കാറിന്റെയും സിപിഎം പ്രവർത്തകരുടെയും പ്രചരണം പ്രതിഷേധങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി അംഗവും മണ്ണാർക്കാട് എംഎൽഎയുമായ അഡ്വ. എൻ ഷംസുദ്ദീൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ സർക്കാർ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോളനുസരിച്ചാണ് യുഡിഎഫ് പ്രവർത്തകർ സമരം നടത്തുന്നത്. സമാധാനപരമായി സമരം ചെയ്ത പ്രവർത്തകരെയാണ് ഇന്നലെ കോഴിക്കോട് വെച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചത്.ഇത് ചോദ്യം ചെയ്യപ്പെടുമെന്നും അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു.

യുഡിഎഫിന്റെ സമരങ്ങൾ കൊണ്ട് കോവിഡ് വ്യാപനം വർദ്ധിക്കുന്നു എന്ന സർക്കാറിന്റെയും സർക്കാർ അനുകൂലികളുടെയും പ്രചരണത്തിന് പിന്നിലുള്ള ഉദ്ദേശം സമരങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും ഒളിച്ചോടുക എന്നതാണ്. യുഡിഎഫ് സമരങ്ങളെല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ്. ഏതാനും ചിലയിടത്ത് പൊലീസ് ഇടപെട്ട് സുരക്ഷാ മുൻകരുതലുകളിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. അതെല്ലാം നിമിഷങ്ങൾക്കകം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള തന്ത്രമാണ് ഇത്തരം പ്രചരണങ്ങൾ. പ്രതിപക്ഷം നടത്തിയ സമരങ്ങളുടെ ഭാഗമായി കോവിഡ് ബാധിച്ചു എന്നത് എവിടെയാണ് സർക്കാറിന് തെളിയിക്കാനാകുക. കോവിഡ് പ്രോട്ടോകോളിനെ കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ പ്രതിപക്ഷ സമരങ്ങൾ കാരണം ഇവിടെ കോവിഡ് വ്യാപനമുണ്ടായി എന്ന പ്രചരങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല.

സമരം രൂക്ഷമായിട്ട് നാലോ അഞ്ചോ ദിവസമേ ആയിട്ടൊള്ളൂ. പോസീറ്റവ് കേസുകൾ വർദ്ധിക്കാൻ തുടങ്ങിയിട്ട് കുറെയേറെ ദിവസങ്ങളായി. അതിനാൽ ഇതൊന്നും പരസ്പരം പൊരുത്തപ്പെടുന്ന കാര്യങ്ങളല്ല. പ്രതിഷേധത്തിൽ നിന്ന് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി ഇപി ജയരാജൻ സമരങ്ങളെ എത്ര മോഷമാക്കിയാണ് സംസാരിച്ചത്. സമരങ്ങളിലൂടെ വളർന്നുവന്ന പാർട്ടിയുടെ വക്താവാണ് അദ്ദേഹം. സമരം ചെയ്ത് ചാവാൻ നിൽക്കണ്ട എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ കോവിഡ് കാലത്ത് എത്രയെത്ര സമരങ്ങളാണ് സിപിഎം നടത്തിയിട്ടുള്ളത്.

കേരളത്തിലേക്കാളേറെ കോവിഡ് ഭീതി വിതച്ച സംസ്ഥാനമാണ് ബംഗാൾ. അവിടെ സിപിഎം നേതൃത്വത്തിൽ സമരങ്ങൾ നടക്കുന്നതിന്റെ നിരവധി ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലും പത്രങ്ങളിലും നാം കണ്ടു.അതു കൊണ്ട് തന്നെ പ്രതിപക്ഷ സമരമാണ് കോവിഡ് കേസുകളുടെ എണ്ണം കൂട്ടുന്നത് എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. അത് പ്രതിഷേധങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള സർക്കാറിന്റെ ശ്രമമാണ്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ സർക്കാർ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. പൂന്തുറയിൽ ഇന്നലെ സംഭവിച്ചത് അതിന്റെ വ്യക്തമായ തെളിവാണ്. അവിടെ പാർട്ടിക്കരാരും നടത്തിയ സമരമല്ല ഇന്നലെയുണ്ടായത്. പിന്നെന്തുകൊണ്ടാണ് ജനങ്ങൾ പുറത്തിറങ്ങിയത് എന്ന് സർക്കാർ ആലോചിച്ചിട്ടുണ്ടോ. അവിടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ്. ലോക്ഡൗൺ ആകുമ്പോൾ ജനങ്ങൾ വീട്ടിലിരിക്കണമെന്നത് ശരിയാണ്. എന്നാൽ ആദ്യം അവർക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുക്കണം. പൊലീസ് സാധനങ്ങൾ എത്തിച്ചുകൊടുക്കുമെന്നാണ് ആദ്യം സർക്കാർ പറഞ്ഞത്.

എന്നാൽ പൊലീസിന് അതിനുള്ള സൗകര്യങ്ങളുണ്ടോ എന്ന് ആദ്യം ഉറപ്പുവരുത്തണമായിരുന്നു. പിന്നീട് ഡിജിപിക്ക് തന്നെ അത് തിരുത്തിപ്പറയേണ്ടി വന്നു. പൊലീസ് സാധനങ്ങൾ എത്തിച്ചു നൽകില്ലെന്ന്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവുകളെല്ലാം ഇത്തരത്തിലുള്ളതാണ്. ആദ്യം ഒരു കാര്യം പറയും. അടുത്ത മണിക്കൂറിൽ അത് തിരുത്തിപ്പറയുകയും ചെയ്യും. ഇത്തരത്തിൽ യാതൊരു പരസ്പര ധാരണയുമില്ലാത്ത കാര്യങ്ങളാണ് കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ സർക്കാറിൽ നിന്നുണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഓരോ ദിവസം കഴിയും തോറും സർക്കാർ വലിയ പരാജയമായിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് ആരോഗ്യത്തെ കുറിച്ച് ധാരണയുള്ളതുകൊണ്ടാണ് ഇപ്പോഴും വലിയ പ്രയാസമില്ലാതെ മുന്നോട്ട് പോകുന്നത്.
പ്രവാസികളോട് വലിയ ദ്രോഹമാണ് സർക്കാർ ചെയ്തിട്ടുള്ളത്. പ്രവാസികളുടെ വരവ് ഇത്രയും വൈകിയതിന് കാരണം ഈ സർക്കാറാണ്. വന്നപ്പോഴാകട്ടെ അവരെ മാന്യമായി പരിചരിക്കാനും ഈ സർക്കാർ തയ്യാറായില്ല. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെയിൻ സംവിധാനം ആകെ തകർത്ത് ഇപ്പോൾ ഹോം ക്വാറന്റെയിനിലേക്ക് പറഞ്ഞയക്കുകയാണ്.

ഇന്നലെ കോഴിക്കോട് ക്രൂരമായാണ് സമരക്കാരെ പൊലീസ് തല്ലിച്ചതച്ചത്. ഒരു പ്രകോപനവുമില്ലാതെ തികച്ചും സമാധാനപരമായി സമരം നടത്തിയവരെയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചത്. സമരം ചെയ്താൽ പൊലീസിന് അറസ്റ്റ് ചെയ്യാം. അല്ലാതെ സമാധാനപരമായി സമരം ചെയ്യുന്നവരെ ഇത്തരത്തിൽ തല്ലിച്ചതക്കാൻ പിണറായിയുടെ പൊലീസിന് പ്രത്യേക അധികാരമൊന്നുമില്ല. അതിനെ ഞങ്ങൾ നിയമപരമായി ചോദ്യം ചെയ്യും. ഇന്നലെയുണ്ടായിട്ടുള്ള പൊലീസ് നടപടി അത്യന്തം ഹീനമാണ്. അത് അംഗീകരിക്കാൻ കഴിയില്ല. അതിനെ രാഷ്ട്രീയമായും നിയമപരമായും ചോദ്യം ചെയ്യാനാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനെമെന്നും അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP