Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാണ്ടിയുടെ അവഗണനയിൽ മനംമടുത്ത് അടൂർ പ്രകാശ് വീണ്ടും ഐ ഗ്രൂപ്പിലെത്തി; തിരിച്ചുവരവ് ചെന്നിത്തലയുടെ കാലുപിടിച്ച്; നോക്കിയും കണ്ടും നിന്നില്ലെങ്കിൽ പണിയാകുമെന്ന് ചെന്നിത്തലയുടെ മുന്നറിയിപ്പ്; മുറുമുറുപ്പുമായി പഴകുളം മധുവും വെട്ടൂർ ജ്യോതിപ്രസാദും

ചാണ്ടിയുടെ അവഗണനയിൽ മനംമടുത്ത് അടൂർ പ്രകാശ് വീണ്ടും ഐ ഗ്രൂപ്പിലെത്തി; തിരിച്ചുവരവ് ചെന്നിത്തലയുടെ കാലുപിടിച്ച്; നോക്കിയും കണ്ടും നിന്നില്ലെങ്കിൽ പണിയാകുമെന്ന് ചെന്നിത്തലയുടെ മുന്നറിയിപ്പ്; മുറുമുറുപ്പുമായി പഴകുളം മധുവും വെട്ടൂർ ജ്യോതിപ്രസാദും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പ് എന്ന സ്വന്തം കുടുംബത്തിൽ നിന്നിറങ്ങി എ ഗ്രൂപ്പിലേക്ക് പോവുകയും ഒടുവിൽ ഭരണം മാറിയപ്പോൾ അതുമില്ല, ഇതുമില്ലാത്ത അവസ്ഥയിലായ മുന്മന്ത്രി അടൂർ പ്രകാശ് തിരികെ ഐ ഗ്രൂപ്പിലെത്തി.

കിലുക്കത്തിലെ കിട്ടുണ്ണിയെപ്പോലെ തിരിച്ചു വന്ന അടൂർ പ്രകാശിനെയും വലംകൈ എ. ഷംസുദീനെയും ചില ഉപാധികളോടെയാണ് ഗ്രൂപ്പിന്റെ പടി ചവിട്ടാൻ അനുവദിച്ചിരിക്കുന്നത്. അടൂർ പ്രകാശിനെ പുകച്ചു പുറത്തു ചാടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരുന്ന മുൻ കെപിസിസി സെക്രട്ടറി പഴകുളം മധുവും ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദും ഇതോടെ മുറുമുറുപ്പുമായി രംഗത്തു വന്നു കഴിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയവേളയിലാണ് അടൂർ പ്രകാശ് പൂർണമായും ഐ ഗ്രൂപ്പ് വിട്ട് എ യിലേക്ക് അടുത്തത്. കോന്നിയിൽ വീണ്ടും സീറ്റ് കിട്ടാൻ വേണ്ടി ഉമ്മൻ ചാണ്ടി ഡൽഹിയിൽ കാട്ടിക്കൂട്ടിയ കലാപരിപാടികളാണ് അടൂർ പ്രകാശിനെ എ ഗ്രൂപ്പിലേക്ക് അടുപ്പിച്ചത്. തെരഞ്ഞെടുപ്പിൽ തോറ്റമ്പിയതോടെ ഗ്രൂപ്പും പക്ഷവുമൊക്കെ കളഞ്ഞ് ഉമ്മൻ ചാണ്ടി അങ്ങേരുടെ കാര്യം നോക്കിപ്പോയതോടെയാണ് മുന്മന്ത്രി വെട്ടിലായത്.

ജില്ലയിലെ കോൺഗ്രസ് ഐ ഗ്രൂപ്പ് നേതൃത്വത്തിൽ നിന്നും അടൂർ പ്രകാശിനെയും ഡിസിസി മുൻഉപാധ്യക്ഷൻ എ ഷംസുദ്ദീനെയും പുറത്താക്കി പഴകുളം മധുവും വെട്ടൂർ ജ്യോതിപ്രസാദും നേതൃത്വം ഏറ്റെടുത്തിരുന്നു. പിളർപ്പ് ഏറെക്കുറെ ആസന്നമായ ഗ്രൂപ്പിൽ പിടിച്ചു നിൽക്കാൻ അടൂർ പ്രകാശ് പത്മജ വേണുഗോപാലിന്റെ പേരിൽ പുതിയ പോർമുഖം തുറന്നുവെങ്കിലും ഏശിയില്ല. ജില്ലയിൽ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാവ് അടൂർ പ്രകാശ് ആയിരുന്നു. എന്നാൽ, അടുത്ത കാലത്തായി ഐ ഗ്രൂപ്പ് എ ഗ്രൂപ്പിന്റെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു.

ഡി.സി.സി പുനഃസംഘടന, പ്രസിഡന്റിന്റെ മാറ്റം എന്നിവ വന്നപ്പോൾ തന്നെ ഗ്രൂപ്പിനുള്ളിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. 28 ഡി.സി.സി ഭാരവാഹികളാണ് ഐ ഗ്രൂപ്പിനുണ്ടായിരുന്നത്. ഇതിൽ ഒരു ജനറൽ സെക്രട്ടറിയായ ആർ. ഇന്ദുചൂഡൻ അടുത്തിടെ മരിച്ചു. ഇതോടെ 27 പേരായി അംഗസംഖ്യ ചുരുങ്ങി. ഇത്രയും പേർ ഒറ്റക്കെട്ടായി നിന്ന് ഗ്രൂപ്പിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് തീരുമാനിച്ചെങ്കിലും ഷംസുദീനും അടൂർ പ്രകാശുമടങ്ങുന്ന സംഘം എ ഗ്രൂപ്പിന്റെ ബി ടീമായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് എതിർപക്ഷം ആരോപിച്ചത്.

ഇതു കാരണം തങ്ങൾക്ക് അവകാശപ്പെട്ട മണ്ഡലം കമ്മറ്റി ഭാരവാഹിത്വം അടക്കമുള്ളവ എ ഗ്രൂപ്പിന് അടിയറ വയ്ക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. ഇത്തരം നടപടികൾ തുടർന്നു പോകുന്നതിന്റെ ഭാഗമായിട്ടാണ് ഷംസുദീനെയും അടൂർ പ്രകാശിനെയും സുരേഷ് കോശിയെയും അടക്കമുള്ള നേതാക്കളെ ഒഴിവാക്കി പകരം പഴകുളം മധുവിന്റെയും വെട്ടൂർ ജ്യോതിപ്രസാദിന്റെയും നേതൃത്വത്തിൽ ഗ്രൂപ്പ് ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിനായി കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ്, ലീഡർ സ്റ്റഡി ഫോറം എന്നിങ്ങനെ രണ്ടു സംഘടനകൾ രൂപീകരിച്ചു. കഴിഞ്ഞ ഡിസിസിയുടെ കാലത്ത് ജില്ലാ ആസ്ഥാനത്ത് കെ കരുണാകരന്റെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ, ഈ തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു. ഇതേ തുടർന്നാണ് പഴകുളം മധു ചെയർമാനും വെട്ടൂർ ജ്യോതിപ്രസാദ് ജനറൽ സെക്രട്ടറിയും ജോൺസൺ വിളവിനാൽ ട്രഷററുമായി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. ജേക്കബ് പി. ചെറിയാൻ ചെയർമാനും സുനിൽ പുല്ലാട്ട് ജനറൽ സെക്രട്ടറിയുമായിട്ടാണ് ലീഡർ സ്റ്റഡി സെന്റർ നിലവിൽ വന്നത്. ഈ രണ്ട് സംഘടനകളുടെയും ലക്ഷ്യം ഐ ഗ്രൂപ്പിന്റെ ഏകോപനമായിരുന്നു. അതേസമയം, പത്മജയുടെ പേരിൽ ഒരു പുതിയ ഐ ഗ്രൂപ്പിന് രൂപം കൊടുക്കാനാണ് ഷംസുദീനും അടൂർ പ്രകാശും തയ്യാറെടുത്തത്. ഇത് വിജയിക്കാതെ വരികയും എ ഗ്രൂപ്പുകാർ അടുക്കാതെ വരികയുംചെയ്തതോടെ പ്രകാശും കൂട്ടരും വിസ്മൃതിയിലായി.

കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശൻ പങ്കെടുത്ത യോഗങ്ങളിൽ നിന്ന് അടൂർ പ്രകാശിനെ അകറ്റി നിർത്തുക കൂടി ചെയ്തതോടെ തകർച്ച പൂർണമായി. അടൂർ പ്രകാശിന്റെ സാന്നിധ്യത്തിൽ തന്നെ അദ്ദേഹത്തിന്റെ മകന്റെ ആഡംബര വിവാഹത്തെക്കുറിച്ച് പരോക്ഷ വിമർശനം സതീശൻ നടത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അടൂർ പ്രകാശിന് എതിരേ ഉയർന്ന അഴിമതിയാരോപണങ്ങൾ, ബിജു രമേശിന്റെ മകളുമായി അടൂർ പ്രകാശിന്റെ മകൻ നടത്തിയ വിവാഹം എന്നിവയൊക്കെയാണ് ഗ്രൂപ്പിന് പുറത്തേക്കുള്ള വഴിതെളിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പിലുണ്ടായ അഴിമതിയുടെ പേരിൽ അടൂർ പ്രകാശിനെതിരേ രൂക്ഷമായ ആരോപണമാണ് ഉയർന്നത്. അന്ന്, പ്രകാശിന്റെ രക്ഷയ്ക്ക് വന്നത് ഉമ്മൻ ചാണ്ടിയായിരുന്നു.

ഇതോടെ എ ഗ്രൂപ്പിലേക്ക് അടൂർ പ്രകാശും സഹായി ഷംസുദീനും ചാഞ്ഞു. ജില്ലയിലെ ഐ ഗ്രൂപ്പിന്റെ അനിഷേധ്യ നേതാവായിരുന്ന പ്രകാശിന്റെ ചാഞ്ചാട്ടം ഉണ്ടാക്കിയ വിടവിൽ കെപിസിസി സെക്രട്ടറി പഴകുളം മധു മുതലെടുത്തു. പതുക്കെപ്പതുക്കെ മധു ഐ ഗ്രൂപ്പിന്റെ ജില്ലയിലെ നേതാവായി. ഉമ്മൻ ചാണ്ടി ചെയ്തു കൊടുത്ത ഉപകാരങ്ങൾക്ക് പകരം എ ഗ്രൂപ്പിന് വേണ്ട സഹായങ്ങൾ പ്രകാശും ചെയ്തു നൽകി. ഇതു കാരണം ഐ ഗ്രൂപ്പിന് അവർ അർഹിക്കുന്ന പല സ്ഥാനങ്ങളിലും എത്താൻ കഴിഞ്ഞില്ല. മണ്ഡലം പുനഃസംഘടനകളിൽ തഴയപ്പെട്ട ഐ ഗ്രൂപ്പുകാർ ഇതോടെ അമർഷത്തിലായി.

ഇത്തരമൊരു അനിശ്ചിതാവസ്ഥയ്ക്ക് കാരണം പ്രകാശും ഷംസുദീനുമാണെന്ന് മനസിലാക്കിയ ഐ ഗ്രൂപ്പുകാർ ഇവരെ എ ഗ്രൂപ്പിന്റെ ബി ടീമായി വിലയിരുത്തുകയും ഗ്രൂപ്പ് യോഗങ്ങളിൽ നിന്ന് അകറ്റുകയുമായിരുന്നു. എങ്ങും നിൽക്കാൻ കഴിയില്ലെന്ന് വന്നതോടെ മധ്യസ്ഥൻ മുഖേന ചെന്നിത്തലയെ കണ്ട് സകല തെറ്റും ഏറ്റു പറഞ്ഞു. നോക്കിയും കണ്ടും നിന്നോളാൻ പറഞ്ഞാണു ഗ്രൂപ്പിലേക്ക് മടങ്ങാൻ രമേശ് അനുവദിച്ചിരിക്കുന്നത്. ഇതോടെ പാകമായ ഉടുപ്പും തയ്പിച്ച് വച്ചിരുന്ന വെട്ടുർ ജ്യോതിപ്രസാദും പഴകുളം മധുവും അങ്കലാപ്പിലായി. ഇരുവരെയും ചെന്നിത്തല സമാധാനിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP