Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

കോട്ടയം ലോക്‌സഭാ സീറ്റിൽ അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം: സാധ്യത തള്ളി ചാണ്ടി ഉമ്മൻ; നടക്കുന്നത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ച; യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്നും പുതുപ്പള്ളി എംഎൽഎ

കോട്ടയം ലോക്‌സഭാ സീറ്റിൽ അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം: സാധ്യത തള്ളി ചാണ്ടി ഉമ്മൻ; നടക്കുന്നത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ച; യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്നും പുതുപ്പള്ളി എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ സ്ഥാനാർത്ഥിയാകുമെന്ന സാധ്യതകൾ തള്ളി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ചയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പ്രതികരിച്ചു. ഇതുസംബന്ധിച്ച മറുപടി യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. നിയമസഭാംഗമായ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയപ്പോഴായിരന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വ ചർച്ചയിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ വ്യക്തി എന്ന നിലയിൽ മിടുമിടുക്കി എന്നായിരുന്നു കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ അച്ചു സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. സ്ഥാനാർത്ഥിത്വത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേ സമയം, അച്ചു ഉമ്മൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തോട്, ഇപ്പോൾ പ്രവചിക്കാനില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അച്ചു ഉമ്മന്റെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സാഹചര്യത്തിലായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ സുധാകരൻ ചോദിച്ചു.

നേരത്തെ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്ന് അച്ചു അറിയിച്ചെങ്കിലും വിജയസാധ്യത പരിഗണിച്ചു അച്ചുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും ചർച്ചയായതും. പുതുപ്പള്ളി ഉതതെരഞ്ഞെടുപ്പു വേളിൽ സജീവമായിരുന്നു അച്ചു ഉമ്മൻ. കലാശകൊട്ടിൽ അടക്കം അച്ചു എത്തിയിരുന്നു.

സ്ഥാനാർത്ഥി ചർച്ചകളിൽ തന്റെ പേര് ഉയർന്നപ്പോൾ തന്നെ വീട്ടിലെ രാഷ്ട്രീയക്കാരൻ ചാണ്ടിയാണെന്നും താൻ കുടുംബിനിയായി കഴിയാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞു അച്ചു രംഗത്തു വന്നിരുന്നു. തുടർന്ന്, തെരഞ്ഞെടുപ്പു പ്രചരണ രംഗത്തും സഹോദരനൊപ്പം അവർ സജീവമായി. ഉമ്മൻ ചാണ്ടിയുടെ തറവാടു വീട്ടിൽ കഴിഞ്ഞ് അപ്പയുടെ ഓർമ്മകളാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് അവർ പറഞ്ഞത്. തുടർന്ന ഓരോ ഘട്ടത്തിലും അവർ കുറിക്കു കൊള്ളന്ന മറുപടിയുമായി രംഗത്തുവരികയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് നേരെ മാസപ്പടി ആരോപണം ഉയർന്നതോടെ അച്ചുവിനെതിരെ നുണപ്രചരണവുമായി സൈബർ സഖാക്കളും രംഗത്തുവന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൾക്ക് ആർഭാഢത്തോടെ കഴിയാൻ പണം എവിടെ നിന്ന് എന്നു ചോദിച്ചു കൊണ്ടുള്ള പ്രചരണങ്ങളാണ് നടന്നത്. ഇതിനായി അച്ചു തന്നെ കണ്ടന്റ് പ്രമോഷന്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രങ്ങൾ ഉയർത്തി കൊണ്ടാണ് പ്രചരണം നടന്നതും. ഈ നുണപ്രചരണം പൊളിച്ചു കൊണ്ട് അച്ചു മാധ്യമങ്ങൾക്ക് മുന്നിലെത്തി. കുറിക്കു കൊള്ളുന്ന മറുപടിയും നൽകി.

തന്റെ ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി അടക്കം വിശദീകരിച്ചു കൊണ്ടായിരുന്നു അച്ചു ചോദ്യങ്ങളെ അനായാസം നേരിട്ടത്. തന്റെ പിതാവിനെ വേട്ടയാടിയതു പോലെ തന്നെയും വേട്ടയാടുന്നുവെന്നാണ് അച്ചു പറഞ്ഞത്. ഇത് കൂടാതെ സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ തീരുമാനിച്ചു. പൊലീസിന് മൊഴിയും നൽകിയതോടെ സർക്കാർ വെട്ടിലാകുന്ന അവസ്ഥയാണ ഉണ്ടായത്.

സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെയാണ് പരാതി നൽകി. ജീവിച്ചിരിക്കുമ്പോൾ അച്ഛനെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നു എന്ന് അച്ചു ഉമ്മൻ മുമ്പ് പ്രതികരിച്ചിരുന്നു. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവർ പറഞ്ഞു. ഇതെല്ലാം സിപിഎമ്മിനെ വെട്ടിലാക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളായിരുന്നു.

ഇതിന് പിന്നാലെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നതിനു് മുമ്പ് കൊട്ടിക്കലാശത്തിലും അച്ചു പങ്കാളിയായിരുന്നു. കലാശക്കൊട്ടിൽ അച്ചുവും പങ്കെടുത്തതോടെ കോൺഗ്രസ് പ്രവർത്തകരും ആ സാന്നിധ്യത്തെ ആവേശത്തോടെ സ്വീകരിച്ചു. തനിക്ക് കിട്ടിയ ഈ സ്വീകാര്യതയെ കുറിച്ചു പറഞ്ഞപ്പോഴും അച്ചു തികഞ്ഞ മാന്യത പുലർത്തി. കലാശക്കൊട്ടിന്റെ പ്രചരണ പരിപാടിക്ക് എത്തിയപ്പോൾ ലഭിച്ച ആവേശം അച്ചു ഉമ്മന് കിട്ടിയതല്ല, അത് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് ലഭിച്ചതാണെന്നും അച്ചു വ്യക്താമാക്കി തികഞ്ഞ രാഷ്ട്രീയ മറുപടിയായിരുന്നു അച്ചുവിന്റേത്.

കഴിഞ്ഞ ഒരുമാസത്തിലേറെയായി തികഞ്ഞ രാഷ്ട്രീയ പ്രതികരണങ്ങളുമായി രംഗത്തുണ്ടായിരുന്ന അച്ചു ഉമ്മനെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാക്കണമെന്ന ആഗ്രഹം ചില നേതാക്കൾക്കുണ്ട് താനും. ലോക്‌സഭയിൽ അച്ചുവിനെ സ്ഥാനാർത്ഥിയാക്കിയാൽ അനായാസം കോട്ടയം പിടിക്കാമെന്ന വികാരവും ചിലർക്കുണ്ട്. എന്നാൽ, അതിന് സാധിക്കണമെങ്കിൽ അച്ചു ഉമ്മൻ തന്നെ സമ്മതം അറിയിക്കണം. സഹോദരൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതു കൊണ്ട് താനില്ലെന്ന നിലപാടിലാണ് അവർ. എന്തായാലും അച്ചുവിന്റെ കാര്യത്തിലെ സസ്‌പെൻസുകൾ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ തുടരാനാണ് സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP