Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ മുസ്ലിം എന്ന പരിവേഷത്തോടെ കളത്തിലിറക്കും; ലക്ഷ്യം കോൺഗ്രസ് കുത്തകയാക്കിയ മണ്ഡലത്തിൽ വിള്ളലുണ്ടാക്കാൻ; കുടുംബസമേതം മണ്ഡലത്തിൽ താമസിച്ചുവരുന്നതും അനുകൂലഘടകം; സ്വന്തമായി അണികളില്ലെങ്കിലും നയിക്കുക മേഖലയിലെ ന്യൂനപക്ഷവിഭാഗത്തെ; ബിജെപിയിൽ ചേർന്ന എ.പി.അബ്ദുള്ളക്കുട്ടി ഇനി കളം നിറഞ്ഞ് കളിക്കുക മംഗലൂരുവിൽ

ദേശീയ മുസ്ലിം എന്ന പരിവേഷത്തോടെ കളത്തിലിറക്കും; ലക്ഷ്യം കോൺഗ്രസ് കുത്തകയാക്കിയ മണ്ഡലത്തിൽ വിള്ളലുണ്ടാക്കാൻ; കുടുംബസമേതം മണ്ഡലത്തിൽ താമസിച്ചുവരുന്നതും അനുകൂലഘടകം; സ്വന്തമായി അണികളില്ലെങ്കിലും നയിക്കുക മേഖലയിലെ ന്യൂനപക്ഷവിഭാഗത്തെ; ബിജെപിയിൽ ചേർന്ന എ.പി.അബ്ദുള്ളക്കുട്ടി ഇനി കളം നിറഞ്ഞ് കളിക്കുക മംഗലൂരുവിൽ

രഞ്ജിത്ത് ബാബു

കാസർഗോഡ്: ബിജെപി.യിൽ ചേർന്ന എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രവർത്തന മേഖല ഇനി മംഗലൂരുവിൽ. ബിജെപി. ദേശീയ വർക്കിങ് പ്രസിഡണ്ട് ജെ.പി. നദ്ദയിൽ നിന്നും അംഗത്വം സ്വീകരിച്ചതോടെ അബ്ദുള്ളക്കുട്ടി ബിജെപി.ക്കാരനായി. മംഗലൂരുവിലെ ബിജെപി.യുടെ പ്രമുഖ നേതാവും ബിജെപി. ദേശീയ പ്രസിഡണ്ട് അമിത് ഷാ യുടെ വിശ്വസ്തനുമായ നളിൻ കുമാർ കട്ടീൽ വഴിയാണ് അബ്ദുള്ളക്കുട്ടി ഡൽഹിയിലെത്തിയത്. ബിജെപി.യിൽ ചേർന്നതോടെ നളിൻകുമാർ കട്ടിലിന്റെ നിർദ്ദേശ പ്രകാരം മംഗലൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരിക്കും അബ്ദുള്ളക്കുട്ടിയെ നിയോഗിക്കുക. മംഗലൂരുവിന് സമീപത്തെ ഉള്ളാൾ മേഖലയിലെ ചില മുസ്ലിം യുവാക്കൾ ബിജെപി.യിൽ ചേർന്ന് പ്രവർത്തിച്ചു പോന്നുണ്ട്. സ്വന്തമായി അണികളില്ലെങ്കിലും അവരുടെ നേതാവായിട്ടായിരിക്കാം അബ്ദുള്ളക്കുട്ടി രംഗത്ത് വരിക.

സിപിഎം. വിട്ട് കോൺഗ്രസ്സിലെത്തിയ അബ്ദുള്ളക്കുട്ടി പത്ത് വർഷക്കാലം കോൺഗ്രസ്സിൽ പ്രവർത്തിച്ചിട്ടും എംഎൽഎ പദവിയല്ലാതെ മറ്റൊന്നും നൽകിയിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട സമിതികളിലൊന്നും അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ്സ് പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്തും തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ ചുമതലകളൊന്നും അബ്ദുള്ളക്കുട്ടിക്ക് നൽകിയിരുന്നില്ല. ഇതിൽ അദ്ദേഹം പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി അധികാരത്തിൽ വരുമെന്ന സൂചന വന്നതോടെ അബ്ദുള്ളക്കുട്ടി മോദിയുടെ വികസന നയത്തെ സ്തുതിച്ചു കൊണ്ട് അഭിപ്രായ പ്രകടനം നടത്തി. അതോടെ കോൺഗ്രസ്സ് നേതാക്കൾ അബ്ദുള്ളക്കുട്ടിയെ വിമർശിക്കുകയും ചെയ്തു. വിമർശനം മൂത്ത് വി എം. സുധീരൻ ഉൾപ്പെടെയുള്ള നേതാക്കളെ വ്യക്തിഹത്യ ചെയ്യാനും അബ്ദുള്ളക്കുട്ടി ഒരുങ്ങി. അതോടെ കോൺഗ്രസ്സിൽ നിന്നും പുറത്തേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു. തുടർന്നാണ് ബിജെപി.യിൽ ചേരാൻ തീരുമാനിച്ചത്.

കുടുംബ സമേതം മംഗലൂരുവിൽ താമസിച്ചു വരുന്ന അബ്ദുള്ളക്കുട്ടിയെ മംഗലൂരുവിൽ തന്നെ ഇറക്കാനാണ് ബിജെപി. നേതൃത്വം ഉദ്ദേശിക്കുന്നത്. മംഗലൂരു നിയമസഭാ മണ്ഡലം ഇപ്പോൾ കോൺഗ്രസ്സിന്റെ കുത്തകയാണ്. ദേശീയ മുസ്ലിം എന്ന പരിവേഷം നൽകി അവിടെ ഇറക്കിയാൽ കോൺഗ്രസ്സിൽ വിള്ളലുണ്ടാക്കാമെന്നാണ് ബിജെപി. നേതാവ് നളിൻകുമാർ കട്ടീൽ ഉദ്ദേശിക്കുന്നത്. മംഗലൂരു നിയമസഭാ മണ്ഡലത്തിൽ നേരത്തെ കോൺഗ്രസ്സ് നേതാവ് ജനാർദ്ധൻ പൂജാരി മത്സരിച്ചു ജയിച്ചു പോന്നതായിരുന്നു. തുടർന്ന് മലയാളിയായ യു.ടി. ഖാദർ മൂന്ന് തവണ തുടർച്ചയായി ജയിക്കുകയും ചെയ്തു. എന്നാൽ കർണ്ണാടകത്തിൽ മന്ത്രി കൂടിയായ യു.ടി. ഖാദറിന്റെ ജനസമ്മതി ഓരോ തെരഞ്ഞെടുപ്പിലും വർദ്ധിച്ചു വരികയാണ്. തീരദേശ കർണ്ണാടകത്തിലെ ഭൂരിഭാഗം സീറ്റുകളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ കൈവിട്ടെങ്കിലും യു.ടി. ഖാദർ ചരിത്രം ആവർത്തിക്കുകയായിരുന്നു.

2008 ൽ 48.44 ശതമാനം വോട്ട് നേടിയ യു.ടി. ഖാദർ 2013 ൽ 55.59 ശതമാനം വോട്ട് നേടിയാണ് രണ്ടാം തവണ വിജയിച്ചത്. 2018 ലെ തെരഞ്ഞെടുപ്പിൽ ജനതാദൾ എസും സിപിഎം. ഉം മത്സരിച്ചിട്ട് കൂടി യു.ടി. ഖാദറിന്റെ ഭൂരിപക്ഷം 80,813 ആയിരുന്നു. ബിജെപി.യിലെ സന്തോഷ് കുമാർ റായ് യെയാണ് ഖാദർ പരാജയപ്പെടുത്തിയത്. ഇത്തരമൊരു സഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടി മംഗലൂരുവിലേക്ക് രാഷ്ട്രീയ തട്ടകം മാറ്റുന്നത്. കേരളത്തിലേക്ക് പശുക്കളെ കൊണ്ടു വരുന്നത് പോലും അക്രമത്തിൽ കലാശിക്കുന്ന മംഗലൂരു ഉള്ളാൾ മേഖല ബജ്രംഗ് ദളിന്റേയും തീവ്ര ഹിന്ദു സംഘടകളുടേയും കേന്ദ്രം കൂടിയാണ്. അബ്ദുള്ളക്കുട്ടിയെ മംഗലൂരു എങ്ങിനെ സ്വീകരിക്കുമെന്നത് കണ്ടറിയേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP