Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസിൽ ഒന്നും ചെയ്യാനില്ലാതെ പുറത്തുകടന്ന് ബിജെപിയുടെ പടി കയറുമ്പോൾ തട്ടകവും മാറ്റാൻ ഒരുങ്ങി അബ്ദുള്ളക്കുട്ടി; കാസർകോഡ് ലോക്‌സഭാ സീറ്റുകിട്ടാതെ നിരാശനായെങ്കിലും നോട്ടമിടുന്നത് ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാൾ നിയമസഭാ മണ്ഡലം; മണ്ഡലത്തിൽ ബിജെപി തേടുന്നത് ന്യൂനപക്ഷമുഖമുള്ള വ്യക്തിയെ; പഴയ അത്ഭുതക്കുട്ടി രാഷ്ട്രീയതട്ടകം മാറ്റുന്നത് മംഗളുരുവിലേക്ക്

കോൺഗ്രസിൽ ഒന്നും ചെയ്യാനില്ലാതെ പുറത്തുകടന്ന് ബിജെപിയുടെ പടി കയറുമ്പോൾ തട്ടകവും മാറ്റാൻ ഒരുങ്ങി അബ്ദുള്ളക്കുട്ടി; കാസർകോഡ് ലോക്‌സഭാ സീറ്റുകിട്ടാതെ നിരാശനായെങ്കിലും നോട്ടമിടുന്നത് ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാൾ നിയമസഭാ മണ്ഡലം; മണ്ഡലത്തിൽ ബിജെപി തേടുന്നത് ന്യൂനപക്ഷമുഖമുള്ള വ്യക്തിയെ; പഴയ അത്ഭുതക്കുട്ടി രാഷ്ട്രീയതട്ടകം മാറ്റുന്നത് മംഗളുരുവിലേക്ക്

രഞ്ജിത്ത് ബാബു

കണ്ണൂർ: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്ന എ.പി.അബ്ദുള്ളക്കുട്ടി തന്റെ രാഷ്ട്രീയ തട്ടകം മംഗലാപുരത്തേക്ക് മാറ്റുന്നു. വിരലിലെണ്ണാവുന്ന അണികൾ പോലുമില്ലാതെയാണ് സിപിഎം. വിട്ട് 2008 ൽ അബ്ദുള്ളക്കുട്ടി കോൺഗ്രസ്സിൽ ചേക്കേറിയത്. 1999 ൽ പാർട്ടിയുടെ ന്യൂനപക്ഷമുഖം എന്ന് വിളിച്ചറിയിച്ചാണ് കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ അബ്ദുള്ളക്കുട്ടിയെ സിപിഎം. സ്ഥാനാർത്ഥിയാക്കിയത്. സിറ്റിങ് എം. പി.യായ മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തിയതോടെ കണ്ണൂരിൽ സിപിഎം. ന്റെ മാത്രമല്ല എല്ലാവരുടേയും അത്ഭുതക്കുട്ടിയായി മാറി. പാർട്ടിയുമായി ഇടച്ചിലുണ്ടായിട്ടും രണ്ടാം തവണയും സിപിഎം. അബ്ദുള്ളക്കുട്ടിയെ സ്ഥാനാർത്ഥിയാക്കി വിജയിപ്പിക്കുകയായിരുന്നു. അതിനിടെ ഗുജറാത്ത് വികസനവും നരേന്ദ്ര മോദിയെ സ്തുതിക്കുകയും ചെയ്തതോടെ പാർട്ടിയുമായി ഇടഞ്ഞു. 2009 ൽ വീണ്ടും ലോകസഭാ തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് തന്നെ അബ്ദുള്ളക്കുട്ടി പാർട്ടിയിൽ നിന്നും പുറത്തായി.

അതുകൊണ്ടു തന്നെ വെള്ളിത്താലം നൽകി മുൻപിൻ നോക്കാതെ അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ്സ് സ്വീകരിച്ചു. എന്നാൽ അബ്ദുള്ളക്കുട്ടിക്കൊപ്പം പ്രവർത്തകരായി ഒരാൾ പോലും കോൺഗ്രസ്സിലെത്തിയില്ല. എന്നിട്ടും കണ്ണൂർ നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടിയെ മത്സരിച്ച് ജയിപ്പിക്കുകയും ചെയ്തു. കെ.സുധാകരൻ ലോകസഭയിലേക്ക് കണ്ണൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കണ്ണൂർ സീറ്റ് ഒഴിവ് വന്നത്. 2011 ൽ വീണ്ടും ഈ സീറ്റ് അബ്ദുള്ളക്കുട്ടിക്ക് തന്നെ നൽകുമ്പോൾ താഴെതലത്തിൽ നിന്ന് എതിർപ്പും ഉയർന്നിരുന്നു. അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ്സ് അണികൾ ഒരു നേതാവായി അന്നും ഇന്നും കണ്ടിരുന്നില്ല.

ഇപ്പോൾ കോൺഗ്രസ്സ് വിട്ട് മറ്റ് ലാവണം തേടുമ്പോഴും അബ്ദുള്ളക്കുട്ടി തനിച്ചു തന്നെയാണ്. അദ്ദേഹത്തിനൊപ്പം പോകാൻ ആരുമില്ല. ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറുമ്പോൾ യോഗങ്ങളും സ്വീകരണങ്ങളും ഒക്കെ പതിവാണ്. എന്നാൽ അബ്ദുള്ളക്കുട്ടിക്ക് അന്നും ഇന്നും ഇതൊന്നും ബാധകമല്ല. ഒപ്പം കൂട്ടാൻ ആരുമില്ലെങ്കിലും വിവാദങ്ങളുണ്ടാക്കി നേതാവാകാൻ അബ്ദുള്ളക്കുട്ടി സമർത്ഥനാണ്. 2008 ൽ സിപിഎം. വിടുമ്പോഴും ഇപ്പോൾ കോൺഗ്രസ്സ് വിടുമ്പോഴും നരേന്ദ്ര മോദി തന്നെയാണ് അബ്ദുള്ളക്കുട്ടിയുടെ പ്രധാന വിഷയം. എന്നാൽ കഴിഞ്ഞ പത്ത് വർഷക്കാലം ബിജെപി.യേയും സിപിഎം. നേയും നഖശിഖാന്തം എതിർത്തുകൊണ്ടുള്ള പ്രസംഗം അബ്ദുള്ളക്കുട്ടി നടത്തിയിരുന്നു. നരേന്ദ്ര മോദിയുടെ ഭരണകാലത്തെ ഗുജറാത്തിലെ നരഹത്യയും നോട്ട് നിരോധനവും എല്ലാം അബ്ദുള്ളക്കുട്ടിയുടെ പ്രസംഗങ്ങളിൽ പരാമർശ വിഷയമായിരുന്നു.

കോൺഗ്രസ്സോ കോൺഗ്രസ്സിന്റെ പോഷക സംഘടനകളോ അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം ആവശ്യപ്പെട്ട് പാർട്ടി ഓഫീസുകളിൽ എത്തുന്ന പതിവ് വളരെ കുറവായിരുന്നു. ഈ സാഹചര്യത്തിൽ ഇനി കോൺഗ്രസ്സിൽ തനിക്ക് ഒന്നും ചെയ്യാനില്ല എന്ന അവസ്ഥയിലായിരിക്കാം അബ്ദുള്ളക്കുട്ടി പാർട്ടി വിടുന്നത്. നേതൃസ്ഥാനത്ത് അബ്ദുള്ളക്കുട്ടിയെ പാർട്ടി ഒരിക്കലും പരിഗണിച്ചിരുന്നില്ല. അതിനുള്ള നീരസം ഒളിഞ്ഞും തെളിഞ്ഞും പ്രകടമാക്കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ നിന്ന് പരാജയപ്പെടേണ്ടി വന്നതും കടുത്ത നീരസമുണ്ടാക്കിയിരുന്നു. ഏറ്റവുമൊടുവിൽ ഇത്തവണ കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ താൻ പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും അതും ഉണ്ടായില്ല. അതോടുകൂടിയാണ് അബ്ദുള്ളക്കുട്ടി പുറത്തേക്കുള്ള വഴി തേടിയത്. ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാൾ നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ്സുകാരനായ യു.ടി. ഖാദറാണ് പതിവായി വിജയിക്കാറുള്ളത്. ഈ സീറ്റിൽ ബിജെപി ക്ക് ന്യൂനപക്ഷമുഖമുള്ള ഒരാളെ വേണമെന്ന താത്പര്യമുണ്ട്. ഉള്ളാൾ മണ്ഡലം മംഗലൂരുവിന് ചേർന്ന് കിടക്കുന്ന പ്രദേശമാണ്. അതുകൊണ്ടു തന്നെ മംഗലൂരുവിൽ താമസിക്കുന്ന അബ്ദുള്ളക്കുട്ടി തന്റെ രാഷ്ട്രീയ തട്ടകം അവിടെയാക്കാനുള്ള സാഹചര്യം ഏറിവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP