Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`ഇനി ഞാൻ ദേശീയ മുസൽമാൻ`; ലക്ഷ്യം മുസ്ലിം സമുദായവും ബിജെപിയും തമ്മിലുള്ള അകലം കുറയ്ക്കുക; പ്രവർത്തന മണ്ഡലം കേരളം തന്നെയായിരിക്കുമെന്നും മുൻ എംപി; ബിജെപിയിൽ ചേരൂ എന്ന് മോദിജി നേരിട്ട് ആവശ്യപ്പെട്ടുവെന്നും അബ്ദുള്ളക്കുട്ടി; സിപിഎമ്മിലും കോൺഗ്രസിലും പ്രവർത്തിച്ച തോവിനെ പാർട്ടിയിലെടുത്തപ്പോൾ സംസ്ഥാന ഘടകവുമായി ആലോചിച്ചില്ലെന്ന് പരാതിയും

`ഇനി ഞാൻ ദേശീയ മുസൽമാൻ`; ലക്ഷ്യം മുസ്ലിം സമുദായവും ബിജെപിയും തമ്മിലുള്ള അകലം കുറയ്ക്കുക; പ്രവർത്തന മണ്ഡലം കേരളം തന്നെയായിരിക്കുമെന്നും മുൻ എംപി; ബിജെപിയിൽ ചേരൂ എന്ന് മോദിജി നേരിട്ട് ആവശ്യപ്പെട്ടുവെന്നും അബ്ദുള്ളക്കുട്ടി; സിപിഎമ്മിലും കോൺഗ്രസിലും പ്രവർത്തിച്ച തോവിനെ പാർട്ടിയിലെടുത്തപ്പോൾ സംസ്ഥാന ഘടകവുമായി ആലോചിച്ചില്ലെന്ന് പരാതിയും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സിപിഎം വിട്ട് കോൺഗ്രസിലെത്തിയ മുൻ എംപിയും എംഎൽഎയുമായ എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ. വി.മുരളീധരൻ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷൻ അമിത് ഷായേയും അബ്ദുള്ളക്കുട്ടി കണ്ടിരുന്നു.

മോദിയെ പുകഴ്‌ത്തി ഫേസ്‌ബുക്ക് പോസ്റ്റിട്ടതിനെ തുടർന്ന് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. മോദി സ്തുതിക്ക് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരണം ാേദിച്ചപ്പോൾ പരിഹസിക്കുന്ന തരത്തിലാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. ഇതോടെയാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ബിജെപിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്ലിമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലിംങ്ങൾക്കും ബിജെപിക്കും ഇടയിലുള്ള വിടവ് നികത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് മോദിയുടെ വികസന മാതൃകയെ പുകഴ്‌ത്തി അബ്ദുള്ളക്കുട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. രണ്ട് തവണ ലോക്സഭാ അംഗമായിരുന്ന അബ്ദുള്ളക്കുട്ടിയെ ഇതേ കാരണത്തിന്റെ പേരിലാണ് നേരത്തെ സിപിഎം പുറത്താക്കിയത്. തുടർന്ന് അദ്ദേഹം കോൺഗ്രസിൽ ചേരുകയും കണ്ണൂരിൽ നിന്ന് നിയമസഭാ സാമാജികനാകുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തലശ്ശേരിയിൽ മത്സരിച്ചിരുന്നെങ്കിലും എഎൻ ഷംസീറിനോട് തോറ്റിരുന്നു

പാർലമെന്റ് മന്ദിരത്തിൽ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. 'ബിജെപിയിൽ ചേരൂ', എന്ന് അബ്ദുള്ളക്കുട്ടിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗയിൽ പങ്കാളിയായ വിവരം താൻ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി അതിൽ സന്തോഷം പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.

നിങ്ങൾക്ക് അറിയാവുന്നതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ആശിർവാദത്തോടെയാണ് ഡൽഹിയിൽവെച്ച് മെമ്പർഷിപ്പ് എടുക്കാൻ തീരുമാനിച്ചത്. ഞാനൊരു ദേശീയ മുസ്ലീമാമെന്ന് പറയാൻ കാരണം മുസൽമാൻ എന്ന നിലയിൽ പറയാൻ സാധിക്കും ദേശസ്നേഹം ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്ത് പ്രത്യേകിച്ചും സൗത്ത് ഇന്ത്യയിൽ ബിജെപി സർക്കാരും മുസ്ലീങ്ങളും തമ്മിൽ കുറേ സ്ഥലങ്ങളിലെങ്കിലും മാനസിക ഐക്യം ഉണ്ടാക്കിയെടുക്കാൻ എനിക്ക് സാധിക്കും.

ബിജെപിയും മുസ്ലീങ്ങളും തമ്മിലുള്ള വിടവ് നികത്താനുള്ള ആത്മാർത്ഥമായ ശ്രമമാണ് നടത്തുന്നത്. എന്നെ സിപിഐ.എമ്മും കോൺഗ്രസും പുറത്താക്കി. കാരണം നരേന്ദ്ര മോദിയുടെ വികസനത്തെഅനുകൂലിച്ചതിനാണ്. നരേന്ദ്ര മോദിയുടെ വികസന നയത്തിലൂടെ ഇന്ത്യ ലോകത്തിലെ സൂപ്പർ പവർ ആകാൻ പോകുകയാണ്.

ഇന്ത്യയിലെ മുസ്ലീങ്ങളെ വോട്ട് ബാങ്കുകളായി കണ്ട പാർട്ടികളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയിൽ നടന്ന പല പദ്ധതികളിലും ജനങ്ങളിൽ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളിൽ എത്തിക്കാൻ മോദിക്ക് സാധിക്കും. മോദിയുടെ കൈകളിൽ ന്യൂനപക്ഷ സമുദായം സുരക്ഷിതമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞു.

അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നത് കേരളത്തിലെ സംസ്ഥാന നേതൃത്വത്തോട് യാതൊരു വിധ ആലോചനയും നടത്താതെ. ദേശീയ നേതൃത്വവുമായി മാത്രം കൂടിയാലോചനകൾ നടത്തിയാണ് മുൻ കണ്ണൂർ എംപി ബിജെപിയിൽ ചേർന്നത്. തങ്ങളോട് ആലോചിക്കാതെ അബ്ദുള്ളക്കുട്ടിയെ ബിജെപിയിൽ ചേർത്തതിന് സംസ്ഥാന നേതൃത്വത്തിന് വിയോജിപ്പുണ്ട്. എന്നാൽ ശ്രീധരൻപിള്ളയെ അവഗണിച്ച് നളീൻകുമാർ കട്ടീൽ എംപി, രാജീവ് ചന്ദ്രശേഖർ എംപി എന്നിവർ മുഖേനയാണ് അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തിയത്. മുതിർന്ന ഒരു വിഭാഗം നേതാക്കൾക്ക് അബ്ദുള്ളക്കുട്ടിയുടെ ഈ നീക്കം ഇഷ്ടമായിട്ടില്ല. പ്രത്യേകിച്ച് മുൻ ജില്ലാ അദ്ധ്യക്ഷന്മാർക്ക്.

ദശകങ്ങളായി മാതൃകാപരമായ സേവനം നടത്തിയ നിരവധി മുതിർന്ന നേതാക്കൾക്ക് പാർട്ടിയിൽ വേണ്ടത്ര സ്ഥാനം ലഭിക്കാതിരിക്കുന്ന നേതാക്കളുണ്ടെന്ന് ഒരു മുതിർന്ന ബിജെപി നേതാവ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സിപിഐ.എമ്മിലും പിന്നീട് കോൺഗ്രസിലും പ്രവർത്തിച്ച ട്രാക്ക് റെക്കോർഡുള്ള അബ്ദുള്ളക്കുട്ടിയെ പോലൊരു നേതാവിനെ ബിജെപി തുറന്ന് സ്വാഗതം ചെയ്യുകയാണ്. ഇത് പ്രവർത്തകർക്ക് മോശം സന്ദേശമാണ് നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP