Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

മുസ്ലിംലീഗ് മതാധിഷ്ഠിത പാർട്ടി തന്നെ; തമിഴ്‌നാട്ടിൽ സിപിഎമ്മിന് ലീഗുമായി സഖ്യമില്ല; ഡിഎംകെയുമായാണ് സഖ്യം; തദ്ദേശ തിരഞ്ഞെടുപ്പിൽ മതാധിഷ്ഠിതമായ രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് കോൺഗ്രസ്; ബിജെപിയുമായും കോൺഗ്രസ് വോട്ട് കച്ചവടം നടത്തി; ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എ വിജയരാഘവൻ

മുസ്ലിംലീഗ് മതാധിഷ്ഠിത പാർട്ടി തന്നെ; തമിഴ്‌നാട്ടിൽ സിപിഎമ്മിന് ലീഗുമായി സഖ്യമില്ല; ഡിഎംകെയുമായാണ് സഖ്യം; തദ്ദേശ തിരഞ്ഞെടുപ്പിൽ മതാധിഷ്ഠിതമായ രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് കോൺഗ്രസ്; ബിജെപിയുമായും കോൺഗ്രസ് വോട്ട് കച്ചവടം നടത്തി; ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എ വിജയരാഘവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുസ്ലിംലീഗ് മാതാധിഷ്ഠിത പാർട്ടിയാണെന്ന് ആവർത്തിച്ചു സിപിം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ലീഗുമായി തമിഴ്‌നാട്ടിൽ സിപിഎമ്മിന് സഖ്യമില്ല, ഡി.എം.കെ.യുമായാണ് സഖ്യമുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനത്തിന് മറുപടിയായി വിജയരാഘവൻ പറഞ്ഞു. ലീഗ് മതാധിഷ്ഠിത പാർട്ടി തന്നെയാണ്. ഇപ്പോൾ കൂടുതൽ മതാധിഷ്ഠിത ചേരിയിലേക്ക് ലീഗ് ചേക്കേറി. തദ്ദേശ തിരഞ്ഞെടുപ്പിൽ മതാധിഷ്ഠിതമായ രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് കോൺഗ്രസാണ്. ബിജെപിയുമായും കോൺഗ്രസ് വോട്ട് കച്ചവടം നടത്തിയെന്നും വിജയരാഘവൻ ആരോപിച്ചു.

കോൺഗ്രസ് ആദ്യം സ്വയം ചികിത്സിക്കണം. എല്ലാ വർഗീയതയ്ക്കും മതാധിഷ്ഠിത രാഷ്ട്രീയ ചേരിക്കുമൊപ്പം നിന്ന് അവസരവാദ രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്താൻ എളുപ്പവഴി അന്വേഷിക്കുന്ന അവസ്ഥയിൽനിന്ന് പിന്മാറേണ്ടത് കോൺഗ്രസാണെന്നും ആദ്ദേഹം വിമർശിച്ചു. മതനിരപേക്ഷ മൂല്യങ്ങളിൽനിന്ന് കോൺഗ്രസ് അകന്നുപോകുമ്പോൾ അവരെ വിമർശിക്കുക തന്നെ ചെയ്യും. നാടിന് വേണ്ടിയുള്ള നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്നും വിജയരാഘവൻ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലിംലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചത് മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കാനാണെന്ന് കഴിഞ്ഞ ദിവസം വിജയരാഘവൻ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ വിജയരാഘവൻ വായ തുറന്നാൽ വർഗീയതയാണെന്നും തമിഴ്‌നാട്ടിൽ ഒരേ മുന്നണിയിൽ മത്സരിക്കുന്ന സിപിഎം കേരളത്തിൽ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലിംലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചതിനെക്കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല. മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയായിരുന്നു ഇരുവരുടെയും സന്ദർശനലക്ഷ്യമെന്നായിരുന്നു വിജയരാഘവൻ പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയരാഘവനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

'എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകേണ്ട സർക്കാർ വർഗീയ പ്രചാരണത്തിന് കുടപിടിക്കുന്നു. മുഖ്യമന്ത്രിയാണ് ഇതിന് തുടക്കം കുറിച്ചത്. കോൺഗ്രസും യുഡിഎഫും മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. ഞങ്ങളെ പഠിപ്പിക്കാൻ വിജയരാഘവൻ വളർന്നിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളുമായി ചർച്ച നടത്തിയാൽ അതിൽ വർഗീയത കണ്ടെത്താൻ ഇടുങ്ങിയ മനസ്സിന്റെ ഉടമകൾക്ക് മാത്രമേ കഴിയൂ. അത് കേരളം അംഗീകരിക്കില്ല.'- ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. വെൽഫയർ പാർട്ടിയുമായി ബന്ധം ഉറപ്പിക്കാനിറങ്ങിയ മുസ്ലിംലീഗിന്റെ നയം കോൺഗ്രസിന് അനുകൂലിക്കേണ്ടിവന്നുവെന്നും ഇടതുമുന്നണി നിരന്തരം പറഞ്ഞിരുന്നു. ഈ പ്രചാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലക്ഷ്യംകണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന ബിജെപി.യെ ചെറുക്കാനുള്ള വഴി ഇതല്ലെന്നും ഇടതുമുന്നണി ഓർമിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP