Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തേഡ് റേറ്റ് പെണ്ണുങ്ങൾ എന്നധിക്ഷേപിച്ചും മാധ്യമ പ്രവർത്തകരോട് പ്രകോപിതനായും എ എൻ രാധാകൃഷ്ണൻ; പത്രക്കാരാണെന്ന് കരുതി എന്നെ പഠിപ്പിക്കാൻ വരരുത്; മാധ്യമ പ്രവർത്തകർ അത്ര വലിയ സംഭവമല്ല; ചുംബന സമരക്കാരെയും അത് ബിസിനസ്സാക്കിയവരെയും മല കയറാൻ അനുവദിക്കില്ലെന്നും ബിജെപി നേതാവ്

ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തേഡ് റേറ്റ് പെണ്ണുങ്ങൾ എന്നധിക്ഷേപിച്ചും മാധ്യമ പ്രവർത്തകരോട് പ്രകോപിതനായും എ എൻ രാധാകൃഷ്ണൻ; പത്രക്കാരാണെന്ന് കരുതി എന്നെ പഠിപ്പിക്കാൻ വരരുത്; മാധ്യമ പ്രവർത്തകർ അത്ര വലിയ സംഭവമല്ല; ചുംബന സമരക്കാരെയും അത് ബിസിനസ്സാക്കിയവരെയും മല കയറാൻ അനുവദിക്കില്ലെന്നും ബിജെപി നേതാവ്

കെ വി നിരഞ്ജൻ

കോഴിക്കോട്: ശബരിമല ദർശനത്തിനെത്തിയ യുവതികളെ തേഡ് റേറ്റ് പെണ്ണുങ്ങൾ എന്നധിക്ഷേപിച്ച് ബിജെപി സംസ്ഥാന ജനറ.സെക്രട്ടറി എ. എൻ രാധാകൃഷ്ണൻ. തേഡ് റേറ്റ് പെണ്ണുങ്ങളെ ശബരിമല കയറാൻ തങ്ങൾ അനുവദിക്കില്ല. ചുംബന സമരക്കാരും അത് ബിസിനസ്സാക്കിയവരുമെല്ലാമാണ് മല കയറാൻ വരുന്നത്. അതൊരിക്കലും അനുവദിച്ചു തരില്ലെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശബരിമല വിഷയത്തിൽ പാർട്ടി പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം നിങ്ങളുടെ സുഹൃത്തല്ലേ.. അദ്ദേഹത്തോട് പോയി ചോദിച്ചാൽ മതിയെന്നായിരുന്നു മറുപടി. പത്രക്കാരാണെന്ന് കരുതി നിങ്ങൾ വലിയ സംഭവമാണെന്ന് കരുതേണ്ടെന്നും തന്നെ പഠിപ്പിക്കാൻ വരേണ്ടെന്നും പ്രകോപിതനായി എ എൻ രാധാകൃഷ്ണൻ മറുപടി നൽകി. ശബരിമലയിൽ ബിജെപി പ്രവർത്തകർ മാധ്യമ പ്രവർത്തകരെ അക്രമിച്ച കാര്യം ചോദിച്ചപ്പോൾ ഒരു ബിജെപി പ്രവർത്തകനും മാധ്യമ പ്രവർത്തകരെ അക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് പറഞ്ഞപ്പോൾ ഉണ്ടെങ്കിൽ പുറത്തുവിടാനും കൈരളി ഒഴിച്ച് മറ്റെല്ലാം ചാനലുകളും കാണുന്ന താൻ ബിജെപി ക്കാർ അക്രമിച്ചതിന്റെ ദൃശ്യങ്ങളൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ആചാരലംഘനം നടത്തിയല്ലോ എന്ന ചോദ്യത്തിന് അതിന് മറുപടി അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. ഇടയ്ക്കിടെ വത്സൻ തില്ലങ്കേരി എന്ന് ഉച്ചരിക്കുന്നുണ്ടല്ലോ... അത് നല്ലതാണ് പുണ്യം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ മാധ്യമപ്രവർത്തകരെ അക്രമിച്ചത് സിപിഎമ്മുകാരാണ്. അവിടെ മനഃപൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ കൊണ്ടുവന്നതാണ് അവരെ. അതുകൊണ്ടാണ് ആരെയും പിടികൂടാത്തതെന്നായിരുന്നു മറുപടി. എല്ലായിടത്തും പ്രകോപനപരമായിട്ടാണല്ലോ സംസാരിക്കുന്നതെന്ന ചോദ്യത്തിന് പൊലീസ് നല്ല ഭാഷ ഉപയോഗിച്ചാലും ഞാനും നല്ല ഭാഷയിൽ മറുപടി പറയും. പിണറായിക്ക് വേണ്ടി സംസാരിക്കുന്ന പൊലീസുകാരെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാനൊന്നും തനിക്ക് പറ്റില്ല. വത്സൻ തില്ലങ്കരി ശബരിമലയിൽ സർക്കാറിനെ സഹായിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. അങ്ങിനയൊന്ന് മുഖ്യമന്ത്രി പറഞ്ഞതായി അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞപ്പോൾ താൻ പത്രത്തിൽ വായിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സർക്കാർ ശബരിമലയെ തകർക്കാൻ ആസൂത്രിത നടപടിയുമായി മുന്നോട്ട് പോവുകയാണ്. അവിടെ ഭക്തർക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കുന്നില്ല. ടോയ്ലറ്റ് സംവിധാനം പോലും ഒരുക്കാതെ ഭക്തരെ പീഡിപ്പിക്കുകയാണ്. ഹിറ്റ്ലറുടെ കാലത്ത് ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അതേ പോലെയാണ് പിണറായിയും പെരുമാറുന്നത്. വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ച് ഭക്തരെ പേടിപ്പിക്കുകയാണ്. വത്സൻ തില്ലങ്കരി പടി കയറിയത് ഇരുമുടിക്കെട്ടുമായാണ്. മറ്റു നടപടികൾക്ക് അദ്ദേഹം പരിഹാര ക്രിയ ചെയ്തിട്ടുണ്ട്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തകർത്ത സംഭവത്തിൽ ഒരാളെ പോലും പിടികൂടിയിട്ടില്ല. അതിൽ നിന്ന് തന്നെ സംഭവത്തിൽ നടന്ന ഗൂഢാലോചന വ്യക്തമാണ്. ശബരിമല സ്ഥിതി തുടർന്നാണ് ബിജെപി ദേശീയ തലത്തിൽ പ്രക്ഷോഭം ആരംഭിക്കും. ഇതിന്റെ ഭാഗമായി നാളെ കാസർകോട് നിന്ന് എൻഡിഎ യുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ രഥയാത്ര ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP