Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെൽഫെയർ പാർട്ടിയിൽ ദളിതരോട് ചിറ്റമ്മനയം; മതേതര ജനാധിപത്യം വാതോരാതെ പ്രസംഗിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടിയിൽ നിന്ന് 11 ദളിത് നേതാക്കൾ രാജി വച്ചു; ദളിതരെ നേതാക്കൾ പണിക്കാരായാണ് കാണുന്നതെന്നും മതേതര മുഖംമൂടി അണിയാൻ മാത്രമെന്നും നേതാക്കൾ; അംഗീകാരം ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്ക് മാത്രമെന്നും ദളിതരോട് പുച്ഛമെന്നും ആരോപണം

വെൽഫെയർ പാർട്ടിയിൽ ദളിതരോട് ചിറ്റമ്മനയം; മതേതര ജനാധിപത്യം വാതോരാതെ പ്രസംഗിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടിയിൽ നിന്ന് 11 ദളിത് നേതാക്കൾ രാജി വച്ചു; ദളിതരെ നേതാക്കൾ പണിക്കാരായാണ് കാണുന്നതെന്നും മതേതര മുഖംമൂടി അണിയാൻ മാത്രമെന്നും നേതാക്കൾ; അംഗീകാരം ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്ക് മാത്രമെന്നും ദളിതരോട് പുച്ഛമെന്നും ആരോപണം

ജംഷാദ് മലപ്പുറം

പാലക്കാട്: മതേതര ജനാധിപത്യത്തിലൂടെ മൂല്യാധിഷ്ഠിത രാഷ്ട്രീയം, ക്ഷേമരാഷ്ട്ര സങ്കല്പം എന്ന മുദ്രവാക്യവുമായി ജമാഅത്തെ ഇസ്ലാമി രൂപീകരിച്ച രാഷ്ട്രീയ സംഘടനയായ വെൽഫെയർപാർട്ടിയിൽ കടുത്ത ദളിത് വിരുദ്ധ സമീപനം നടക്കുന്നതായി ആരോപിച്ച് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നു, വെൽഫെയർ പാർട്ടിയുടെ യുവജന വിദ്യാർത്ഥി പ്രസ്ഥാനമായ ഫ്രറ്റേണിറ്റി ദേശീയ വെസ് പ്രസിഡന്റും പാർട്ടിയുടെ പാലക്കാട് ജില്ല എക്‌സിക്യൂട്ടീവ് മെമ്പറുമായ പ്രദീപ് നെന്മാറയും, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട് ഉൾപ്പെടെ 11 പേരാണ് ഇതിനോടകം രാജിവെച്ചത്. 11പേരും നൽകിയ രാജിവെച്ചതായി കാണിക്കുന്ന ഒപ്പിട്ട കത്ത് തന്റെ കയ്യിലുണ്ടെന്നു പ്രദീപ് നന്മാറ പറഞ്ഞു. ഇതിനു പുറമെ സംസ്ഥാന തലത്തിൽ കൂടുതൽ ദളിത് നേതാക്കൾ വരും ദിവസങ്ങളിൽ രാജിവെക്കുമെന്നുംഇവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകരെ മാത്രമാണ് വെൽഫെയർപാർട്ടി നേതാക്കൾ പാർട്ടി പ്രവർത്തകരായി കാണുന്നുള്ളുവെന്നും ദളിതരെ ഇവരുടെ പണിക്കാരായാണ് കാണുന്നതെന്നും രാജിവെച്ച പ്രദീപ് നെന്മാറ മറുനാടൻ മലയാളിയോട് പറഞ്ഞു.

നേരത്തെ ചെങ്ങന്നൂർ ഉപതരഞ്ഞെടുപ്പ് സമയത്ത് പാർട്ടി സസ്പെൻഡ് ചെയ്ത രണ്ടു ദളിതരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു പാർട്ടിക്കു തങ്ങൾ 23 ദളിതർ ഒപ്പിട്ടു നൽകിയ കത്തിനെ ജാതീയമായി ചിത്രീകരിച്ച് പുച്ഛിക്കുന്ന അവസ്ഥയാണ് വെൽഫെയർപാർട്ടി നേതാക്കൾ ചെയ്തതെന്നും ദളിതരായ തങ്ങൾ വിഭാഗീയതുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ് ജാതീയമായി കാണുന്ന അവസ്ഥയുണ്ടെന്നും പ്രദീപ് നെന്മാറ പറഞ്ഞു. ഇതിനാൽ തന്നെ ആഭ്യന്തര ജനാധിപത്യമില്ലാത്ത പാർട്ടിയായി വെൽഫെയർപാർട്ടി മാറി. രാജ്യത്തെ ജനാധിപത്യത്തിനുവേണ്ടി വാതോരാതെ പ്രസംഗിക്കുന്ന വെൽഫെയർ പാർട്ടി ആഭ്യന്തര ജനാധിപത്യമില്ലാത്തതിനാൽ തന്നെ ഈപാർട്ടിക്കൊപ്പം നിലനിൽക്കാൻ സാധിക്കില്ല. ഇതിന് പുറമെ ദളിതരെ ഇവർ ഒരിക്കലും ഒരു പ്രവർത്തകരായി കണ്ടിട്ടില്ല, തങ്ങളുടെ മുഖം ഉപയോഗിച്ച് ഇവർ മതേതര പാർട്ടിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവർ ദളിതരെ കാണുന്നത് ഇവരുടെ ജോലിക്കാരെ പോലെയാണ്. ഇതെല്ലാം തിരിച്ചറിയാൻ കുറിച്ചുവൈകിയെന്നും പ്രദീപ് നന്മാറ പറഞ്ഞു. ഇതിന് പുറമെ ഒരു ദളിതനേയും ഇവർ പാർട്ടി ഫണ്ടു കൈകാര്യം ചെയ്യാൻ അനുവദിച്ചിട്ടില്ല, ഫ്രറ്റേണിറ്റി ദേശീയ വെസ് പ്രസിഡന്റാക്കിയതും മതേതര മുഖം കാണിച്ച് ശ്രദ്ധനേടിയെടുക്കാൻ മാത്രമാണ്, ഇരുവർക്കും പുറമെ നേതാക്കളായ സുമേഷ് കുനിശേരി, കൃ്ഷണൻ മുതലമട, പ്രമോദ് നാരായണൻ, കൃഷ്ണൻ വിനാശേരി, രാധാകൃഷ്ണൻ, മാരൂർ, രഞ്ജിൻ കൃഷ്ണ, പി.ഡി. രാജേഷ് ഉൾപ്പെടെയുള്ളവരാണ് രാജിവെച്ചത്.


മൂല്യാധിഷ്ഠിതരാഷ്ട്രീയം ഉൾക്കൊള്ളുന്ന ബദൽ രാഷ്ടീയമാണ് സംഘടന ഉയർത്തിപ്പിടിക്കുക എന്നാണ് വെൽഫെയർപാർട്ടി അവകാശപ്പെടുത്.പാർട്ടിയുടെ പ്രധാന ചുമതല വഹിക്കുന്ന ദളിത് നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിയിലെ ദളിത് വിരുദ്ധതയിൽ പ്രതിഷേധിച്ച് രാജിവെച്ചത്. പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണ് രാജിവെച്ചത്. ദളിത്-മുസ്ലിം ഐക്യം എന്ന ആശയം ഉയർത്തിപ്പിടിച്ച് 2011ലാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി രൂപം കൊള്ളുന്നത്. കഴിഞ്ഞ എട്ടു വർഷത്തോളമായി കേരളത്തിലെ മുസ്ലിം ദളിത് ആദിവാസി മേഖലയിൽ 'പ്രകടമായ ഇടപെടലുകൾ' നടത്തിയിട്ടുള്ള ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും എന്തുകൊണ്ടാണ് ദളിത് വിരുദ്ധത അനുഭവിച്ച്, അത് തുറന്നു പറഞ്ഞ് ഒരു കൂട്ടം ആളുകൾ പുറത്തുപോകുന്നത് എന്നത് രാഷ്ട്രീയമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.

പാർട്ടിക്കകത്തെ ദളിതർ സാമുദായികമായി സംഘടിക്കാൻ നോക്കിയതു കൊണ്ടാണ് പ്രവർത്തകരെ സസ്‌പെന്റ് ചെയ്തതെന്നും പിന്നീട് അവർ രാജിവെക്കുകയായിരുന്നു എന്നുമാണ് വെൽഫെയർ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞത്. ജനാധിപത്യ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന വെൽഫെയർ പാർട്ടിക്കകത്ത് ദളിതർ സാമുദായികമായി സംഘടിക്കാൻ പാടില്ല എന്ന് പറയുന്നത് സംഘടനയുടെ ധാർഷ്ഠ്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഇതുതന്നെയാണ് പുറത്തു വന്നവരും
പറയുന്നത്. സംഘടനക്കകത്ത്, ഭൂരിപക്ഷമുള്ള ജമാഅത്തെ ഇസ്ലാമിക്കാരുടെ ജനാധിപത്യ വിരുദ്ധമായ ഭരണമാണെന്ന് പാർട്ടി വിട്ട് പുറത്തുവന്നവർ പറയുന്നു. ഭൂരിപക്ഷത്തിന്റെ ഭരണം മാത്രമാണ് ജനാധിപത്യമെന്ന് ധരിക്കരുത് എന്ന, വെൽഫയർ പാർട്ടിയുടെ പ്രഖ്യാപിത നയത്തെ പ്രതിസ്ഥാനത്ത് നിർത്തുന്ന സമീപനം തന്നെയാണ് സംഘടന സ്വീകരിച്ചുവരുന്നത് എന്നും ഇവർ പറയുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ദളിത് വരുദ്ധത പാർട്ടിയിൽ ശക്തി പ്രാപിച്ചു വരികയാണെന്നും ഇതിനെതിരെ ചോദ്യം ഉയർത്തുന്നവരെ പുറത്താക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിക്കുന്നതെന്നുമാണ് രാജിവെച്ചവർ പറയുന്നത്. പാർട്ടിക്കകത്തെ ദളിതരെ സ്വത്വ രാഷ്ട്രീയം പറയാൻ അനുവദിക്കുന്നില്ലെന്നും ജനാധിപത്യപരമായ അവകാശങ്ങൾ പോലും അനുവദിച്ചു തരുന്നില്ലെന്നുമാണ് പ്രദീപ് നെമ്മാറ പറയുന്നത്.
'2015ൽ വെൽഫെയർ പാർട്ടിയിലേയ്ക്ക് കടന്നു വരുമ്പോൾ ഞാൻ പ്രതീക്ഷിരുന്നത് വെൽഫെയർ പാർട്ടി സ്വത്വരാഷ്ട്രീയം പറയാൻ പറ്റുന്ന, ദളിത് മുസ്ലിം രാഷ്ട്രീയം പറയാൻ പറ്റുന്ന പ്ലാറ്റ്ഫോം ആണെന്നാണ്. പാലക്കാട് ജില്ലയിൽ 10 ദളിത് പ്രവർത്തകർ പാർട്ടിയിൽ നിന്നും രാജിവെച്ചു പോയിരുന്നു. ആ പത്തു പേരുമായിട്ട് യാതൊരുവിധ ഇടപഴകലും പാടില്ല. അത് സംഘടനാ വിരുദ്ധമാണെന്നാണ് പാർട്ടി പറഞ്ഞത്. അതിൽ എന്റെ സഹോദരനും ഉണ്ട്. എന്റെ സഹോദരനോട് പോലും ഇടപഴകാൻ പാടില്ല എന്ന് പറയുന്നത് മനുഷ്യത്വരഹിതമായിട്ടാണ് ഞാൻകാണുന്നത്. ഇവർ രോഹിത് വെമുലയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നു, സാമൂഹിക നീതിയെക്കുറിച്ച് പറയുന്നു, എന്നാൽ എന്നെപ്പോലെയുള്ള ദളിതരായിട്ടുള്ള ആളുകൾക്ക് പാർട്ടിക്കകത്ത് സാമൂഹിക നീതിയില്ല. സ്വത്വരാഷ്ട്രീയം പറയാൻ കഴിയുന്നില്ല.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്തുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങൾക്ക് കാരണം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള ദളിത് പാന്തേഴ്സ് (കെ.ഡി.പി) സജി ചെറിയാന് പിന്തുണ നൽകിയിരുന്നു. കെ.ഡി.പിയുടെ നേതാക്കൾ തന്നെയാണ് വെൽഫെയർ പാർട്ടിയുടെ നേതാക്കളും. സജി ചെറിയാനു വേണ്ടി വോട്ടു ചോദിച്ചു എന്നത് അച്ചടക്ക നടപടി ആയിട്ടാണ് പാർട്ടി വിലയിരുത്തുന്നത്. ഇതിനെതിരെ ഒരു കത്ത് പാർട്ടി പ്രസിഡന്റിനു കൊടുക്കുന്നത് എങ്ങനെയാണ് സംഘടനാ വിരുദ്ധവും വിഭാഗീയപരവുമാകുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.

പിന്നെ പാർട്ടിക്ക് പുറത്തു പോകുന്ന ആളുകളെ പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യക്തിഹത്യ നടത്തുകയാണ്. ഉദാഹരണത്തിന് പാർട്ടിയിൽ നിന്നും 10 പേര് രാജിവച്ചു പോയപ്പോൾ പാർട്ടി ഗ്രൂപ്പിനകത്ത് പറഞ്ഞത് 'പുരപ്പുറത്തുണ്ടായിരുന്ന അഴുക്കുകളെല്ലാം മഴ പെയ്തപ്പോൾ പോയി, ഇനി നല്ല വീട്ടിൽ താമസിക്കാം എന്നാണ്'. ഇത് പറയുമ്പോൾ അവർ വെളിവാക്കുന്നത് അവർക്ക് ദളിതരോടുള്ള മാനസികാവസ്ഥയാണ്. ദളിത് സ്വത്വം ഉയർത്തിപ്പിടിച്ച് ഒരു ജനാധിപത്യ പാർട്ടിയിൽ ആളുകൾ പ്രവർത്തിക്കുന്നതിൽ എന്ത് ജനാധിപത്യ വിരുദ്ധതയാണുള്ളത്. സ്വത്വ രാഷ്ട്രീയത്തിന് ഇത്രയും പ്രശ്‌നങ്ങൾ കാണുന്ന വെൽഫെയർ പാർട്ടിക്ക് പിന്നെ എങ്ങനെയാണ് ദളിത്, ആദിവാസി സമൂഹങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കഴിയുന്നത്. ഇനി അങ്ങനെ പ്രവർത്തിക്കുന്നുണ്ടെങ്കിൽത്തന്നെ അത് തീർത്തും രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും പ്രദീപ് നെന്മാറ പറഞ്ഞു. എന്നാൽ ദളിതർക്ക് സാമൂഹിക നീതി എന്നൊക്കെ അവർ പറയുമെങ്കിലും അതിനകത്ത് യാതൊരു സാമൂഹിക നീതിയുമില്ലെന്നു രാജിവെച്ച വെൽഫെയർ പാർട്ടി , പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട് പറഞ്ഞു. ഇവർ ഏതൊക്കെ വിഭാഗങ്ങളോടാണ് നീതി പുലർത്തിയിട്ടുള്ളതെന്നും. അദ്ദേഹം ചോദിച്ചു.

വെൽഫെയർ പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആയിരുന്ന മാഗ്ലിൻ ഫിലോമിന, സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പ്രേമാ ജി പിഷാരടി, ബിജെപിയിൽ ചേർന്ന കെ.ജി മോഹനൻ, മത്തായി മാസ്റ്റർ, പി.വി വിജയ രാഘവൻ, സംസ്ഥാന സെക്രട്ടറി ജോസഫ് അങ്ങനെ നിരവധി ആളുകൾ പാർട്ടിയുടെ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ച് ഇതിന് മുമ്പു രാജിവെച്ചവരാണ്.

അതേ സമയം വെൽഫെയർ പാർട്ടി നേതാക്കളുടെ രാജിയെക്കുറിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറയുന്നത് ഇങ്ങിനെയാണ്, 'പാർട്ടിയിൽ നിന്നും പോകുമ്പോൾ അവർക്ക് പൊതുജനത്തിനിടയിൽ ആക്സെസ് കിട്ടാൻ പറയാൻ പറ്റിയ ഒരു കാരണമാണ് ജാതി വിരുദ്ധതയെന്നും അത് അവർ സ്ഥാപിക്കാൻ ശ്രമിക്കുകയാണെങ്കിൽ എന്തുകൊണ്ടാണ് അവർ പോയതെന്ന് ഞങ്ങൾ വെളിപ്പെടുത്തമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഞങ്ങൾ അത് വെളിപ്പെടുത്താൻ ഉദ്ധേശിക്കുന്നില്ല. കാരണം ഇവർ ഒറ്റപ്പെട്ട വ്യക്തികളാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP