Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

സർക്കാർ വിരുദ്ധസമരമെന്ന പേരിൽ തെരുവുകളിൽ യുദ്ധസമാന ഷോകൾ നടത്തുന്നത് ചില ചട്ടമ്പികളും ക്വട്ടേഷൻ സംഘങ്ങളും; പ്രവർത്തകരില്ലാതെ നേതാക്കൾ മാത്രമായ പാർട്ടിയിൽ കൊടുമ്പിരി കൊള്ളുന്ന ഗ്രൂപ്പ് വഴക്കും വർഗ്ഗീയതയോട് സന്ധി ചെയ്യലും; കോഴിക്കോട് ആയിരത്തോളം പേർ കോൺഗ്രസ് വിടുന്നതായി പ്രഖ്യാപനം; രാജി വച്ചത് ഉള്ള്യേരിയിൽ ആലംകോട് സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ

സർക്കാർ വിരുദ്ധസമരമെന്ന പേരിൽ തെരുവുകളിൽ യുദ്ധസമാന ഷോകൾ നടത്തുന്നത് ചില ചട്ടമ്പികളും ക്വട്ടേഷൻ സംഘങ്ങളും; പ്രവർത്തകരില്ലാതെ നേതാക്കൾ മാത്രമായ പാർട്ടിയിൽ കൊടുമ്പിരി കൊള്ളുന്ന ഗ്രൂപ്പ് വഴക്കും വർഗ്ഗീയതയോട് സന്ധി ചെയ്യലും; കോഴിക്കോട് ആയിരത്തോളം പേർ കോൺഗ്രസ് വിടുന്നതായി പ്രഖ്യാപനം; രാജി വച്ചത് ഉള്ള്യേരിയിൽ ആലംകോട് സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഗ്രൂപ്പ് വഴക്കിലും പാർട്ടി നേതൃത്വത്തിന്റെ വർഗീയതയോടുള്ള സന്ധിചേരലിലും പ്രതിഷേധിച്ച് തങ്ങൾ പാർട്ടിയിൽ നിന്ന് രാജി വെക്കുകയാണെന്ന് ഒരു വിഭാഗം പ്രവർത്തകർ. ബാലുശ്ശേരി മണ്ഡലത്തിലെ ഉള്ള്യേരിയിലാണ് സുരേഷ് ബാബു ആലങ്കോടിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കോൺഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ചത്.

കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവ്വാഹക സമിതി അംഗം, ഡിസിസി എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ആലംകോട് സുരേഷ് ബാബു, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും സേവാദൾ ബാലുശ്ശേരി മണ്ഡലം മുൻ ചെയർമാനുമായ എടത്തിൽ ബഷീർ, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ നിർവ്വാഹക സമിതി അംഗം അഭിലാഷ് പി എന്നിവരുടെ നേതൃത്വത്തിലാണ് ആയിരത്തോളം പേർ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്.

പാർട്ടിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ച കെ രവീന്ദ്രൻ മാസ്റ്റർ, എ രവീന്ദ്രൻ, സിപിഐ മൊയ്തു, എം എൻ ബാലകൃഷ്ണൻ , മണി പുനത്തിൽ, ഒ രാജൻ, നജീബ് ടികെ, രാജൻ കക്കാട്ട്, ശ്രീനു കന്നൂര്, മുൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ രാധാകൃഷ്ണൻ നായർ, കെ ടി സുകുമാരൻ, കെ ടി രമേശൻ എന്നിവരുൾപ്പെടെയാണ് പാർട്ടി വിടുന്നത്. കോൺഗ്രസ് ജനാധിപത്യവും മതേതരത്വവും കൈയൊഴിഞ്ഞുവെന്നും ഗാന്ധിയൻ - നെഹ്‌റു വീക്ഷണങ്ങളും ആശയങ്ങളും ചവിട്ടു കൊട്ടയിൽ എറിഞ്ഞുവെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. വർഗീയതയോട് ഏറ്റുമുട്ടാനാവാതെ സന്ധി ചെയ്യുകയാണ് പാർട്ടി. നേതൃത്വത്തിന്റെ ഈ മൃദു സമീപനം അപകടകരമാണ്.

ജനാധിപത്യ രീതിയിൽ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത് 91 ലാണ്. അതിന് ശേഷം പല തവണ അംഗത്വ വിതരണം നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ചിട്ടില്ല. ഒടുവിൽ 2017 ൽ മെമ്പർഷിപ്പ് നൽകിയെങ്കിലും തെരഞ്ഞെടുപ്പ് നടത്താതെ നേതൃത്വം പ്രവർത്തകരെ വഞ്ചിച്ചു. നിരന്തരമായി നോമിനേഷനിലൂടെ ഭാരവാഹികളെ നിയമിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ തങ്ങളടച്ച അംഗത്വ തുക തിരിച്ചു നൽകാൻ പാർട്ടി പ്രസിഡന്റ് നടപടി കൈക്കൊള്ളണമെന്നും ഇവർ ആവശ്യപ്പെടുന്നു.

കെ പി സി സി യിലെയും ഡിസിസിയിലെയും ജംബോ കമ്മിറ്റികൾ പരിഹാസ്യവും അപമാനകരവുമാണ്. പാർട്ടിയിൽ പ്രവർത്തകരില്ല, നേതാക്കൾ മാത്രമേയുള്ളു. ചില ചട്ടമ്പികളും ക്വട്ടേഷൻ സംഘങ്ങളുമാണ് തെരുവുകളിൽ യുദ്ധ സമാനമായ ഷോകൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. ഇതേ സമയം ഇതെല്ലാം പറയുമ്പോൾ തങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കാം. വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിച്ച തങ്ങൾക്ക് കോൺഗ്രസുകാരായിരിക്കാൻ ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് ഇവർ പുറത്തിറക്കിയ പ്രസ് റിലീസിലുള്ളത്.

ജനാധിപത്യ മതേതര കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട് ഇവർ. എൽ ഡി എഫുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. കോൺഗ്രസ് വിട്ട് ഡി ഐ സിയിലും എൻ സി പിയിലും പോയി തിരിച്ചു വന്ന സുരേഷ് ബാബുവിനൊപ്പം ആയിരം പ്രവർത്തകരുണ്ടോ എന്നാണ് കോൺഗ്രസുകാരുടെ ചോദ്യം. നേരത്തെ കെ മുരളീധരന്റെ അടുത്ത അനുയായി ആയിരുന്ന സുരേഷ് ബാബു പാർട്ടി വിട്ട ശേഷം ഡി ഐ സി മണ്ഡലം പ്രസിഡന്റ്, എൻ സി പി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരിച്ച് പാർട്ടിയിൽ എത്തിയെങ്കിലും കാര്യമായ പദവികൾ ഒന്നും ലഭിച്ചില്ല. കൂടെയുണ്ടായിരുന്നവരെല്ലാം ഇപ്പോൾ പാർട്ടിയിൽ വലിയ സ്ഥാനങ്ങളിലാണ്. കുറച്ചു കാലമായി വിമത പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന സുരേഷ് ബാബു പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പുതിയ നീക്കവുമായി രംഗത്തെത്തിയതാണെന്ന് ജില്ലയിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് പ്രതികരിച്ചു. പാർട്ടിയെ സമ്മർദ്ദത്തിലാക്കി സീറ്റ് നേടിയെടുക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP