Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അദ്ദേഹം രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ്; നെഹ്‌റുവിന്റെ പേര് എന്തുകൊണ്ട് സർ നെയിമായി കുടുംബാംഗങ്ങൾ ഉപയോഗിക്കുന്നില്ല? എന്തിനാണ് നാണിക്കുന്നത്? ഈ രാജ്യം ഒരു കുടുംബത്തിന്റെയും സ്വത്തല്ല'; കോൺഗ്രസിന്റെ ലക്ഷ്യം ഒരു കുടുംബത്തിന്റെ ക്ഷേമം മാത്രമെന്ന് നരേന്ദ്ര മോദി

'അദ്ദേഹം രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ്; നെഹ്‌റുവിന്റെ പേര് എന്തുകൊണ്ട് സർ നെയിമായി കുടുംബാംഗങ്ങൾ ഉപയോഗിക്കുന്നില്ല? എന്തിനാണ് നാണിക്കുന്നത്? ഈ രാജ്യം ഒരു കുടുംബത്തിന്റെയും സ്വത്തല്ല'; കോൺഗ്രസിന്റെ ലക്ഷ്യം ഒരു കുടുംബത്തിന്റെ ക്ഷേമം മാത്രമെന്ന് നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ കുടുംബത്തിലുള്ളവർ എന്തുകൊണ്ടാണ് സർ നെയിമായി നെഹ്‌റുവിന്റെ പേര് ഉപയോഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റുവിനെ എവിടെയെങ്കിലും പരാമർശിക്കാതെ പോയാൽ കോൺഗ്രസ് അസ്വസ്ഥരാകുന്നുവെന്നും പിന്നെ എന്തുകൊണ്ട് അവരാരും നെഹ്റു എന്ന പേര് ഉപയോഗിക്കുന്നില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

നെഹ്റു ഇത്രയും വലിയ വ്യക്തിയായിരുന്നെങ്കിൽ പിന്നെ എന്തുകൊണ്ട് അവരാരും നെഹ്റു എന്ന പേര് സ്വന്തം പേരിന്റെ കൂടെ ഉപയോഗിക്കുന്നില്ല. നെഹ്റുവിന്റെ പേര് ഉപയോഗിക്കുന്നതിൽ എന്താണ് നാണക്കേടെന്നും പ്രധാനമന്ത്രി മോദി ചോദിച്ചു. ഈ രാജ്യം ഒരു കുടുംബത്തിന്റെയും സ്വത്തല്ലെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്‌റു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രപിതാമഹനാണ്.

''സർക്കാർ പദ്ധതികളുടെ പേര് സംബന്ധിച്ച് ചിലർ പരാതി പറയുന്നുണ്ട്. ഏതാണ്ട് അറുനൂറോളം പദ്ധതികൾ ഗാന്ധി-നെഹ്റു കുടുംബത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ചില പദ്ധതികളിൽ നെഹ്റുവിന്റെ പേരില്ലെങ്കിൽ ചിലർക്ക് വിറളിപിടിക്കുന്നു. എന്നാൽ എനിക്ക് വളരെ ആശ്ചര്യം തോന്നുന്ന മറ്റൊരു കാര്യമുണ്ട്. ചിലപ്പോൾ നെഹ്റുജിയുടെ പേര് ഞങ്ങൾക്ക് വിട്ടുപോയെന്നു വരാം. പിന്നീടത് ശരിയാക്കാം.

അദ്ദേഹം രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ്. എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള ഒരു വ്യക്തിയും എന്തുകൊണ്ടാണ് നെഹ്റു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തത്? എന്തിനാണ് നാണിക്കുന്നത്? ഇത്രയും വലിയ മഹദ്വ്യക്തിത്വത്തെ നിങ്ങൾക്കും കുടുംബത്തിനും സ്വീകാര്യമല്ലെങ്കിൽ എന്തിനാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്'' - പ്രധാനമന്ത്രി ചോദിച്ചു.

രാജ്യത്തെ പ്രധാന വ്യവയായി ഗൗതം അദാനിക്കെതിരെ ആരോപണങ്ങൾക്കിടയിൽ പ്രധാനമന്ത്രിയുമായി അദാനിക്ക് ബന്ധമുണ്ടെന്ന് കോൺഗ്രസ് രാജ്യസഭയിലും ലോക്‌സഭയിലും ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധിയാണ് വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. അദാനിക്കെതിരെ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ മുദ്രാവാക്യങ്ങൾക്കിടയിലാണ് പ്രധാനമന്ത്രി മോദി സംസാരിച്ചത്.

തങ്ങൾ സംസ്ഥാനങ്ങളെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് ചിലർ ആരോപിക്കുന്നു. എന്നാൽ, 90 തവണ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ അട്ടിമറിച്ചു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാൻ ഒരു കോൺഗ്രസ് പ്രധാനമന്ത്രി ആർട്ടിക്കിൾ 356 അൻപത് തവണ ഉപയോഗിച്ചെന്നും മോദി ആരോപിച്ചു. നിങ്ങൾ ഞങ്ങൾക്ക് നേരെ എത്ര ചെളി വാരിയെറിഞ്ഞാലും താമര വിരിയുമെന്നും മോദി പറഞ്ഞു.

കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു മോദിയുടെ പ്രസംഗം. അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങളിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 'മോദി-അദാനി ഭായി ഭായി' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മോദിയുടെ പ്രസംഗം അവസാനിക്കുന്നതുവരെ പ്രതിഷേധം തുടർന്നു. എന്നാൽ പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങൾക്ക് മോദി മറുപടിയൊന്നും നൽകിയില്ല എന്നത് ശ്രദ്ധേയമാണ്.

ആര് ബഹളം വച്ചാലും ജനം സർക്കാരിന്റെ നേട്ടങ്ങൾ ശ്രദ്ധിക്കുമെന്നും വിവാദമല്ല വികസനമാണ് ചർച്ചചെയ്യേണ്ടതെന്നും പറഞ്ഞ മോദി, ബിജെപി സർക്കാരിന്റെ നേട്ടങ്ങളും സഭയിൽ എണ്ണിപ്പറഞ്ഞു.

കോൺഗ്രസ് ഭരിച്ച ആറ് ദശകം നിരർത്ഥകമായിരുന്നു. കോൺഗ്രസ് തകർത്ത രാജ്യത്തെ ബിജെപി സർക്കാരാണ് രക്ഷിച്ചത്. കോൺഗ്രസിന്റെ ലക്ഷ്യം കുടുംബക്ഷേമം മാത്രമായിരുന്നു. രാജ്യം നേരിട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കോൺഗ്രസിന് ഒരിക്കലും സാധിച്ചിട്ടില്ല. ഇനി കോൺഗ്രസുകാർ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ജനം അവരെ തള്ളിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു. രാജ്യത്ത് കോൺഗ്രസിന്റെ അക്കൗണ്ട് ബിജെപി പൂട്ടിച്ചതിൽ കോൺഗ്രസിനുള്ള വേദന തനിക്ക് മനസ്സിലാകുമെന്നും മോദി പരിഹസിച്ചു.

അദാനി വിഷയത്തിൽ പ്രതികരിക്കാതിരുന്ന മോദിയെ മൗനിബാബയെന്നു വിളിച്ച മല്ലികാർജുന ഖാർഗെയേയും പ്രധാനമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു. ഖാർഗെയുടെ സ്വന്തം തട്ടകത്തിൽ താൻ എത്തിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹത്തിന്. ഖാർഗെ കർണാടകത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പോലും വികസനം എത്തിച്ചത് ബിജെപിയാണെന്നും മോദി പറഞ്ഞു.

അതേസമയം, അദാനി-മോദി ബന്ധത്തെക്കുറിച്ച് ഖാർഗെ നടത്തിയ പരാമർശങ്ങൾ രാജ്യസഭാ രേഖകളിൽ നിന്ന് നീക്കി. അദാനി വിഷയത്തിൽ ബുധനാഴ്ച രാഹുൽ നടത്തിയ പരമാർശങ്ങളും ലോക്സഭാ രേഖകളിൽ നിന്ന് നീക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP