Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202325Saturday

കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ മാത്രം; എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ ഒന്നുമായില്ല; സിൽവർ ലൈൻ പദ്ധതിയെ കുറിച്ചു മിണ്ടാട്ടമില്ല, വന്ദേഭാരതിൽ പ്രഖ്യാപനവുമില്ല; കേന്ദ്ര നികുതിയിലെ സംസ്ഥാന വിഹിതത്തിലും കുറവ്; കേരളത്തിന് 19,662 കോടി മാത്രവും യുപിക്ക് 2.44 ലക്ഷം കോടിയും; പലിശരഹിത വായ്പയും കേരളത്തെ തുണയ്ക്കില്ല

കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ മാത്രം; എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ ഒന്നുമായില്ല; സിൽവർ ലൈൻ പദ്ധതിയെ കുറിച്ചു മിണ്ടാട്ടമില്ല, വന്ദേഭാരതിൽ പ്രഖ്യാപനവുമില്ല; കേന്ദ്ര നികുതിയിലെ സംസ്ഥാന വിഹിതത്തിലും കുറവ്; കേരളത്തിന് 19,662 കോടി മാത്രവും യുപിക്ക് 2.44 ലക്ഷം കോടിയും; പലിശരഹിത വായ്പയും കേരളത്തെ തുണയ്ക്കില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ സംസ്ഥാനത്തിന് തീർത്തും അവഗണനയെന്ന പരാതിയാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഉയർത്തുന്നത്. കുറെ ആവശ്യപ്പെടുകയും ഒട്ടേറെ പ്രതീക്ഷിക്കുകയും ചെയ്ത കേന്ദ്രബജറ്റിൽ കേരളത്തിനു ലഭിച്ചത് നിരാശമാത്രമായിരുന്നു. എയിംസ് അടക്കമുള്ള ആവശ്യങ്ങൾ പരിഗണിച്ചില്ല.

സിൽവർലൈൻ പദ്ധതിക്കുള്ള കേന്ദ്രാനുമതിക്കുപുറമേ, കോവിഡ് കാലത്തു മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ്, സാമ്പത്തികപ്രതിസന്ധി അതിജീവിക്കാൻ ജി.എസ്.ടി. വരുമാനം 40:60 എന്ന അനുപാതത്തിൽ പങ്കിടുക, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിനിർമ്മാണത്തിനും നിപപോലുള്ള പകർച്ചവ്യാധികൾക്കുള്ള വാക്സിൻ നിർമ്മാണത്തിനുമുള്ള ഘടകങ്ങൾ ഉത്പാദിപ്പിക്കാൻ അത്യാധുനിക നിർമ്മാണയൂണിറ്റ് എന്നിവ കേരളം പ്രതീക്ഷിച്ചു. എന്നാൽ ഒന്നും കിട്ടാത്ത അവസ്ഥയാണ് ഉണ്ടായത്.

കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം, സംസ്ഥാനത്ത് എയിംസിനു തുല്യമായ ആരോഗ്യകേന്ദ്രം, മലബാർ കാൻസർ സെന്ററിനെ കേന്ദ്ര രാഷ്ട്രീയ ആരോഗ്യനിധി പരിപാടിയിൽ ഉൾപ്പെടുത്തൽ എന്നിങ്ങനെ കേരളത്തിന്റെ ആവശ്യങ്ങളുടെ പട്ടിക ഏറെയായിരുന്നു. ഇതിൽ ഒന്നുപോലും കേന്ദ്രബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല. പരമ്പരാഗത വ്യവസായമേഖലകളിൽ കേന്ദ്രപങ്കാളിത്തതോടെ പുനരുദ്ധാരണ പദ്ധതി എന്നതാണ് കേരളം കാത്തിരിക്കുന്ന മറ്റൊന്ന്. ഇതിലും പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല.

തൊഴിലുറപ്പ് പദ്ധതി നല്ലരീതിയിൽ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്റെ വിഹിതം വെട്ടിക്കുറച്ചുവെന്ന പരാതിയാണ് ബജറ്റിനുശേഷം കേരളത്തിനുള്ളത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് 2021-22 സാമ്പത്തികവർഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23ലെ പുതുക്കിയ കണക്കുകൾ പ്രകാരം 89,400 കോടി രൂപയാണ്. 2023-24ൽ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്. ഈ വെട്ടിക്കുറയ്ക്കൽ തിരുത്തപ്പെടണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

കൃഷി, കൈത്തറി, പരമ്പരാഗത വ്യവസായം എന്നിവയ്ക്കായി പ്രത്യേക പദ്ധതികൾ, കണ്ണൂരിലേക്ക് കൂടുതൽ വിദേശവിമാനങ്ങൾ വരാനായി പോയന്റ് ഓഫ് കാൾ അംഗീകാരം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡം സംസ്ഥാനങ്ങളുടെ സാഹചര്യമനുസരിച്ച് പരിഷ്‌കരിക്കൽ എന്നിങ്ങനെയുള്ള കേരളത്തിന്റെ ആവശ്യങ്ങളിലും പരിഗണനയുണ്ടായില്ല. സംസ്ഥാനത്തിന് 50 വർഷം കാലാവധിയോടെ പലിശരഹിത വായ്പയെടുക്കാനുള്ള പദ്ധതി ഒരുവർഷംകൂടി തുടരുമെന്നത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമാകുമെന്ന ഒന്നല്ല. ഈ വായ്പയ്ക്ക് ഒട്ടേറെ നിബന്ധനകൾ ഉണ്ടെന്നതാണ് പ്രധാനകാരണം.

കേരളത്തിന്റെ പുരോഗമന രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തിൽ നേടിയ വികസനം കണക്കിലെടുക്കാതെയുള്ള വിഭജനം വൻ നഷ്ടമാണുണ്ടാക്കുന്നത്. വികസിത സമൂഹത്തേയും അല്ലാത്തവയേയും ഒരേ മാനദണ്ഡം വച്ച് അളന്ന് വിഹിതം നിശ്ചയിക്കുന്നതിലുള്ള അപാകത മൂലമാണിത്. കടക്കെണിയെ കുറിച്ച് വിളിച്ച് കൂകുന്നതും യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിലല്ല. കേന്ദ്രം എടുത്ത കടത്തേക്കാൾ താഴ്ന്ന നിലയിൽ തന്നെയാണ് സംസ്ഥാനങ്ങളുടെ സ്ഥിതിയെന്ന കണക്കുകൾ വന്നു കഴിഞ്ഞു.

സിൽവർ ലൈനിനോടുള്ള രാഷ്ട്രീയ എതിർപ്പാണെങ്കിൽ പകരം സംവിധാനം ഉണ്ടാക്കാൻ റെയിൽവേക്ക് ഉത്തരവാദിത്വമുണ്ട്. കേരളം പകുതി ചെലവ് വഹിച്ചോളാം എന്ന് പറഞ്ഞിട്ടും ശബരിപാതയോട് കാണിക്കുന്ന അനാസ്ഥ ചെറുതല്ല. വന്ദേഭാരത് അടക്കമുള്ള പ്രഖ്യാപിച്ച ട്രെയിനുകളും യാഥാർഥ്യമാക്കിയിട്ടില്ല. തത്വത്തിൽ അനുമതി നൽകിയ പദ്ധതിയാണ് എയിംസ്. അനുമതി പ്രതീക്ഷിച്ച് കേരള സർക്കാർ എല്ലാ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു.

സംസ്ഥാന വിഹിതത്തിലും അന്തരം

കേന്ദ്ര നികുതി വിഹിതമായി 2023-24 വർഷത്തിൽ കേരളത്തിന് ലഭിക്കുക 19,662.88 കോടി രൂപ. പതിനഞ്ചാം ധനകമീഷൻ ശുപാർശപ്രകാരം കേന്ദ്രം സമാഹരിക്കുന്ന ആകെ നികുതിയുടെ 1.925 ശതമാനം മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. പത്താം ധനകമീഷന്റെ കാലത്ത് 3.875 ശതമാനം ലഭിച്ചു. സംസ്ഥാനങ്ങളുടെ ആകെ കേന്ദ്രവിഹിതം 42 ശതമാനമായിരുന്നത് 41 ശതമാനമായും 15-ാം ധനകമീഷൻ വെട്ടിക്കുറച്ചു. കേരളത്തേക്കാൾ ജനസംഖ്യ കുറഞ്ഞ ഛത്തീസ്‌ഗഢിന് ആകെ കേന്ദ്രനികുതിയുടെ 3.407 ശതമാനം നല്കും.

കേരളത്തിന് ലഭിക്കുന്നതിന്റെ ഏതാണ്ട് ഇരട്ടി. കേരളത്തേക്കാൾ ജനസംഖ്യയിൽ പിന്നിലായ അസമിന് 3.128 ശതമാനം ലഭിക്കും. ജനസംഖ്യയിൽ കേരളത്തിനൊപ്പം വരുന്ന ഝാർഖണ്ഡിന് 3.307 ശതമാനവും ജനസംഖ്യയിൽ അൽപ്പം മുന്നിലുള്ള ഒഡിഷയ്ക്ക് 4.528 ശതമാനവുമാണ് വിഹിതം. ഏറ്റവും കൂടുതൽ വിഹിതം ഉത്തർപ്രദേശിനാണ്- 17.939 ശതമാനം( 2.44 ലക്ഷം കോടി രൂപ).

കേരളത്തിന് ഇതുമാത്രം

കേന്ദ്ര ബജറ്റിൽ റബർ ബോർഡിന് 268.76 കോടി അനുവദിച്ചിട്ടുണ്ട്. കൊച്ചിയിലെ സമുദ്രോൽപ്പന്ന കയറ്റുമതി വികസന അഥോറിറ്റിക്ക് 100 കോടി അനുവദിച്ചു. മുൻ ബജറ്റിൽ 126.05 കോടി അനുവദിച്ച സ്ഥാനത്താണ് ഇത്. സ്പൈസസ് ബോർഡിന് 115.5 കോടി രൂപയും ടീബോർഡിന് 135 കോടിയും കോഫീബോർഡിന് 226.2 കോടി രൂപയും അനുവദിച്ചു. ദേശീയ മത്സ്യബന്ധന വികസന ബോർഡിന് 19 കോടി നീക്കിവച്ചു.

കേരളത്തിലെ മറ്റ് കേന്ദ്രസ്ഥാപനങ്ങൾക്കുള്ള വിഹിതം:- കൊച്ചി കപ്പൽശാല- 300 കോടി, കൊച്ചിൻ പോർട്ട്ട്രസ്റ്റ്- 14.74 കോടി, തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത്സയൻസ് സ്റ്റഡീസ്- 16 കോടി, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി- 129 കോടി, ശ്രീചിത്തിരതിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്- 335 കോടി, വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ്- 122 കോടി, സി-ഡാക്ക്- 240 കോടി, തിരുവനന്തപുരത്തേത് അടക്കം വിവിധ ഐസറുകൾക്കായി 345 കോടി, എല്ലാ ഐഐടികൾക്കുമായി 3242 കോടി രൂപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP