Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മടിച്ചുനിൽക്കാതെ കടന്നുവരൂ! ആദായ നികുതി ഇളവ് പരിധി 7 ലക്ഷമാക്കി ഉയർത്തിയത് പുതിയ നികുതി ഘടന സ്വീകരിച്ചവർക്ക് മാത്രം; പഴയ നികുതി സ്‌കീം ഇനി ആവശ്യക്കാർക്ക് മാത്രം; സ്ലാബുകളുടെ എണ്ണം അഞ്ചായി ചുരുക്കിയതിന് ഒപ്പം നികുതി ഒഴിവ് പരിധി മൂന്നുലക്ഷമാക്കി; ആദായ നികുതിയിൽ ധനമന്ത്രി നടത്തിയ മെഗാ പ്രഖ്യാപനങ്ങൾ

മടിച്ചുനിൽക്കാതെ കടന്നുവരൂ!  ആദായ നികുതി ഇളവ് പരിധി 7 ലക്ഷമാക്കി ഉയർത്തിയത് പുതിയ നികുതി ഘടന സ്വീകരിച്ചവർക്ക് മാത്രം; പഴയ നികുതി സ്‌കീം ഇനി ആവശ്യക്കാർക്ക് മാത്രം; സ്ലാബുകളുടെ എണ്ണം അഞ്ചായി ചുരുക്കിയതിന് ഒപ്പം നികുതി ഒഴിവ് പരിധി മൂന്നുലക്ഷമാക്കി; ആദായ നികുതിയിൽ ധനമന്ത്രി നടത്തിയ മെഗാ പ്രഖ്യാപനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏറെ കാത്തിരുന്ന മെഗാ പ്രഖ്യാപനമായിരുന്നു കേന്ദ്ര ബജറ്റിലെ ആദായ നികുതി ഇളവുകൾ. വ്യക്തിഗത ആദായനികുതി ഇളവുകളിൽ, അഞ്ച് സുപ്രധാന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. കഠിനാദ്ധ്വാനം ചെയ്യുന്ന ഇടത്തരക്കാർക്ക് ഗുണം ചെയ്യുന്നവ എന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്.

പുതിയ നികുതി ഘടനയിൽ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ഇനി ആദായനികുതി ഇല്ല. ഇപ്പോഴത്തെ അഞ്ചുലക്ഷം എന്ന റിബേറ്റ് പരിധിയാണ് ഏഴു ലക്ഷമാക്കി ഉയർത്തിയത്. പുതിയ ഘടനയിലേക്ക് മാറിയവർക്ക് ആദായ നികുതി പരിധിയിലും സ്ലാബിലും മാറ്റം വരുത്തി.
എന്നാൽ, പഴയ ഘടന അനുസരിച്ചു ആദായ നികുതി അടയ്ക്കുന്നവർക്ക് പുതിയ പ്രഖ്യാപനങ്ങൾ ഒന്നും ബാധകമല്ല. പുതിയ നികുതി ഘടനയിലേക്ക് മാറാൻ ആളുകളെ പ്രേരിപ്പിക്കുക കൂടിയാണ് ധനമന്ത്രി. മടിച്ചുനിൽക്കാതെ കടന്നുവരൂ എന്നുചുരുക്കം.

ധനമന്ത്രി ബജറ്റിൽ വിശദീകരിച്ചത് ഇങ്ങനെ:

1. ആദ്യം റിബേറ്റ് വിഷയം(കിഴിവ്)

പഴയ നികുതി ഘടനയിലായാലും, പുതിയ നികുതി ഘടനയിൽ ആയാലും, അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർ നികുതി അടയ്‌ക്കേണ്ടതില്ല. പുതിയ നികുതി ഘടനയിൽ ഉള്ളവർക്ക് റിബേറ്റ് പരിധി ഏഴുലക്ഷമായി ഉയർത്തി. അതായാത്, പുതിയ നികുതി ഘടന സ്വീകരിച്ചിട്ടുള്ളവർക്ക്, ഏഴുലക്ഷം വരെ നികുതി അടയ്‌ക്കേണ്ടതില്ല.

പുതിയ നികുതി ഘടന എന്നാൽ

പുതിയ നികുതി ഘടന കൊണ്ടുവന്നത് 2020 ലാണ്. ഈ ഓപ്ഷൻ സ്വീകരിക്കുന്നവർക്ക്, പഴയ നികുതി ഘടന പ്രകാരമുള്ള ഇളവുകൾ, അതായത് ഇൻഷുറൻസ് പ്രീമിയം, മ്യൂച്ചൽ ഫണ്ട്, കെട്ടിട വാടക, ട്യൂഷൻ ഫീസ് എന്നിവയ്ക്ക് കിട്ടിയിരുന്ന ഇളവുകൾ ലഭ്യമല്ല. നികുതി അടയ്‌ക്കേണ്ട മൊത്തം വരുമാനം കണക്കുകൂട്ടുമ്പോൾ കിട്ടേണ്ട ഇളവുകൾ പുതിയ നികുതി ഘടനയിൽ ഇല്ല.

2. ഇടത്തരക്കാർക്കുള്ള രണ്ടാമത്തെ ബജറ്റ് നിർദ്ദേശം

2020 ൽ കൊണ്ടുവന്ന പുതിയ വ്യക്തിഗത ആദായനികുതി ഘടന പ്രകാരം ധനമന്ത്രി ആറ് സ്ലാബുകളാണ് ഏർപ്പെടുത്തിയിരുന്നത്. തുടക്കം 2.5 ലക്ഷത്തിൽ നിന്ന്. ഈ വർഷത്തെ ബജറ്റിൽ സ്ലാബുകളുടെ എണ്ണം അഞ്ചായി ചുരുക്കി. ഒപ്പം, നികുതി ഒഴിവ് പരിധി മൂന്നുലക്ഷമാക്കി.
അതായത് 50,000 രൂപയ്ക്കു കൂടി നികുതി ഒഴിവാക്കി നൽകി.

സ്ലാബുകൾ ഇങ്ങനെ:

*മൂന്ന് ലക്ഷം വരെ നികുതിയില്ല
*3 മുതൽ 6 ലക്ഷം വരെ 5 ശതമാനം
*6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനം
*9 മുതൽ 12 ലക്ഷം വരെ 15 ശതമാനം
*12 മുതൽ 15 ലക്ഷം വരെ 20 ശതമാനം
*15 ലക്ഷത്തിന് മുകളിൽ 30 ശതമാനം

പുതിയ നികുതി ഘടനയിലുള്ള എല്ലാവർക്കും വലിയ ആശ്വാസം പുതിയ സ്ലാബ് ഘടനയോടെ കിട്ടുമെന്നാണ് ധനമന്ത്രി പറയുന്നത്. ഒൻപതു ലക്ഷം വാർഷിക വരുമാനം ഉള്ള ഒരാൾ വെറും 45000 രൂപ മാത്രം നികുതി അടച്ചാൽ മതിയെന്നാണ് മന്ത്രി പറഞ്ഞത്. ഇത് ആകെ വരുമാനത്തിന്റെ വെറും അഞ്ചു ശതമാനം മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ, 60,000 രൂപയാണ് ഈ സ്ഥാനത്ത് അടയ്‌ക്കേണ്ടത്. 25 ശതമാനത്തിന്റെ കുറവ്. അതുപോലെ 15 ലക്ഷം വരുമാനമുള്ള വ്യക്തി 1.5 ലക്ഷം രൂപ അടച്ചാൽ മതി. അയാളുടെ വരുമാനത്തിന്റെ 10 ശതമാനം. നിലവിൽ, 1,87,500 രൂപയാണ് അടയ്‌ക്കേണ്ടത്. 20 ശതമാനത്തിന്റെ കുറവ്.

3.ശമ്പളക്കാർക്കും പെൻഷൻകാർക്കും വേണ്ടി

സ്റ്റാൻഡേഡ് ഡിഡക്ഷൻ

ചെലവുകളോ വ്യക്തി നടത്തിയ നിക്ഷേപമോ പരിഗണിക്കാതെ ആദായനികുതി അനുസരിച്ച് അനുവദനീയമായ കിഴിവാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. ഈ ആവശ്യത്തിനായി ഒരു വ്യക്തി നിക്ഷേപ തെളിവുകളോ ചെലവ് ബില്ലുകളോ വെളിപ്പെടുത്തേണ്ടതില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു സാധാരണ നിരക്കിൽ അനുവദനീയമാണ്. ശമ്പള വരുമാനക്കാർക്കും, കുടുംബ പെൻഷൻ അടക്കം പെൻഷൻകാർക്കും സ്റ്റാൻഡേഡ് ഡിഡക്ഷന്റെ ആനുകൂല്യം ഇനി പുതിയ നികുതി ഘടനയിലും കിട്ടും. 15.5 ലക്ഷമോ അതിൽ കൂടുതലോ, വരുമാനമുള്ള ശമ്പള വരുമാനക്കാരന് 52,500 രൂപയുടെ നേട്ടം.

4. പരമാവധി നികുതി നിരക്ക് 39 ശതമാനമായി കുറയും

നിലവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി നിരക്ക് 42.74 ശതമാനമാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്നതാണ്. രണ്ടു കോടിയിൽ കൂടുതൽ വരുമാനമുള്ളവർക്കുള്ള സർചാർജ് പരമാവധി 37 ശതമാനം എന്നത് 25 ശതമാനമാക്കി ധനമന്ത്രി കുറച്ചു. ഏറ്റവും ഉയർന്ന സ്ലാബിൽ വരുന്നവരെ ബാധിച്ചിരുന്നതാണ് ഇത്. ഇതോടൊപ്പം ഉയർന്ന നികുതി നിരക്ക് 42.74 ശതമാനമായിരുന്നത് 39 ശതമാനമായി കുറയും.

5. അവധി കാശാക്കുമ്പോൾ നേട്ടം

ജോലിയിൽ നിന്നു വിരമിക്കുന്ന സമയത്ത് അവധികൾ കാശാക്കി മാറ്റുമ്പോൾ കിട്ടിക്കൊണ്ടിരുന്ന നികുതി ഇളവുണ്ടായിരുന്നത് 3 ലക്ഷം എന്നതിൽ നിന്ന് 25 ലക്ഷത്തിലേയ്ക്ക് ഉയർത്തി. ഇത്തരത്തിലുള്ള എൻക്യാഷ്‌മെന്റ് സർക്കാർ ഉദ്യോഗസ്ഥർക്കു പൂർണമായും നികുതിമുക്തമാണ്.സർക്കാരിതര ശമ്പളക്കാർ വിരമിക്കുമ്പോൾ ലീവ് എൻക്യാഷ്‌മെന്റായി കിട്ടുന്ന 25 ലക്ഷം വരെയുള്ള തുകയ്ക്ക് ഇനി ആദായ നികുതി ഉണ്ടാവില്ലെന്ന് ചുരുക്കം.

പഴയ നികുതി ഘടനക്കാർക്ക് ഗുണമുണ്ടോ?

2020 ന് മുമ്പുള്ള പഴയ നികുതി ഘടനയുടെ പ്രത്യേകത ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട് നിക്ഷേപം എന്നിവയ്ക്ക് കിട്ടിയിരുന്ന ആദായ നികുതി ഇളവുകളായിരുന്നു. ഇനി പഴയ നികുതി ഘടനയിലേക്ക് മാറാൻ പ്രത്യേക അഭ്യർത്ഥന നൽകേണ്ടി വരും. അതായത് പുതിയ നികുതി ഘടനയാണ് ഇനി ഭരിക്കാൻ പോകുന്നത്. ഡിഫോൾട്ട് നികുതി ഘടന പുതിയ സ്‌കീമാണ്. പഴയത് ആവശ്യക്കാർക്ക് പ്രത്യേക അഭ്യർത്ഥന പ്രകാരം മാത്രം.

ആദായ നികുതി പരിധി ഏഴുലക്ഷമാക്കിയെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം സ്വീകരിച്ചത്. എന്നാൽ, അത് പുതിയ നികുതി ഘടന സ്വീകരിച്ചവർക്ക് മാത്രമാണെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP