Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്ന് അധിർ രഞ്ജൻ ചൗധരി വിളിച്ചതിനെച്ചൊല്ലി ലോക്സഭയിൽ വാക്പോര്; 'സോണിയ ഗാന്ധി മാപ്പ് പറയൂ' എന്ന് സ്മൃതി ഇറാനി; ഏറ്റുപിടിച്ച് ബിജെപി എംപിമാർ; 'എന്നോട് സംസാരിക്കരുത്' എന്ന് സോണിയ; ലോക്സഭയിൽ നാടകീയ രംഗങ്ങൾ;ബഹളത്തിൽ മുങ്ങി രാജ്യസഭയും

രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്ന് അധിർ രഞ്ജൻ ചൗധരി വിളിച്ചതിനെച്ചൊല്ലി ലോക്സഭയിൽ വാക്പോര്; 'സോണിയ ഗാന്ധി മാപ്പ് പറയൂ' എന്ന് സ്മൃതി ഇറാനി; ഏറ്റുപിടിച്ച് ബിജെപി എംപിമാർ; 'എന്നോട് സംസാരിക്കരുത്' എന്ന് സോണിയ; ലോക്സഭയിൽ നാടകീയ രംഗങ്ങൾ;ബഹളത്തിൽ മുങ്ങി രാജ്യസഭയും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്സഭയിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും തമ്മിൽ ചൂടേറിയ വാഗ്വാദവും നാടകീയ രംഗങ്ങളും. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി രാഷ്ട്രപത്നിയെന്ന് വിളിച്ചതിനെ ചൊല്ലി ലോക്‌സഭയിൽ ഉണ്ടായ ബഹളത്തിനിടയിലാണ് ഇരുനേതാക്കളും തമ്മിൽ വാക്പോര് നടത്തിയത്. കോൺഗ്രസ് സഭാനേതാവ് അധീർ രഞ്ജൻ ചൗധരിയുടെ മോശം പരാമർശത്തിനെതിരെ ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ സഭ നിർത്തിവച്ചു.

ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാൻ കോൺഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിർമല സീതാരാമനും സ്മൃതി ഇറാനിയും പാർലമെന്റിൽ പ്രതിഷേധമുയർത്തി. നാക്കുപിഴ പറ്റിയതാണെന്നും തെറ്റ് മനസ്സിലാക്കുന്നുവെന്നും അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു.

അധീർ രഞ്ജൻ ചൗധരിയുടെ പരാമർശത്തിൽ പ്രതിഷേധിക്കുന്നതിനിടെ സ്മൃതി ഇറാനി സോണിയ ഗാന്ധിയുടെ പേര് ആവർത്തിച്ച് പറഞ്ഞതാണ് കോൺഗ്രസ് അധ്യക്ഷയെ ചൊടിപ്പിച്ചത്. സോണിയ ഗാന്ധി മാപ്പ് പറയൂ എന്ന് സ്മൃതി ഇറാനി സഭയിൽ ആവശ്യപ്പെട്ടു. മറ്റു ബിജെപി അംഗങ്ങളും ഇതേറ്റുപിടിച്ചു. 'സോണിയാ ഗാന്ധി, ദ്രൗപദി മുർമുവിന്റെ അവഹേളിക്കാൻ നിങ്ങൾ അനുവദിച്ചു. സോണിയാജീ .. ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലുള്ള ഒരു സ്ത്രീയെ അപമാനിക്കാൻ നിങ്ങൾ അനുമതി നൽകി' സ്മൃതി ഇറാനി പറഞ്ഞു. ഇതേറ്റുപിടിച്ച് ബിജെപി എംപിമാർ ബഹളംവെച്ചു.

സഭയിലുണ്ടായിരുന്ന സോണിയ ഗാന്ധി മടങ്ങിപ്പോകാനൊരുങ്ങവെ, ബിജെപി അംഗങ്ങൾ അവർക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതോടെ തിരിച്ചു നടുത്തളത്തിലേക്ക് ഇറങ്ങിവന്ന സോണിയ ഭരണപക്ഷത്തേക്കു ചെന്നു. സോണിയയുടെ കൂടെ രണ്ടു കോൺഗ്രസ് എംപിമാരും ഉണ്ടായിരുന്നു. ബിജെപിയിലെ മുതിർന്ന അംഗം രമാദേവിയോട് അധീർ രഞ്ജൻ ചൗധരി മാപ്പു പറഞ്ഞിട്ടും എന്തിനാണ് തന്നെ അധിക്ഷേപിക്കുന്നത് എന്ന് ചോദിച്ചു. ഇരുവരും സംസാരിക്കുന്നതിനിടെ മന്ത്രി സ്മൃതി ഇറാനി മുന്നോട്ടു കുതിച്ചെത്തി.

ഈ സമയത്ത് സ്മൃതി ഇറാനി ഇടപെടുകയുണ്ടായി.' മാഡം,ഞാൻ നിങ്ങളെ സഹായിക്കട്ടെ, ഞാനാണ് നിങ്ങളുടെ പേര് എടുത്തിട്ടത്' സ്മൃതി പറഞ്ഞു. ഉടൻ തന്നെ തിരിച്ചടിച്ച് കൊണ്ട് എന്നോട് സംസാരിക്കരുതെന്ന് സോണിയ സ്മൃതിയോടായി പറഞ്ഞു. പിന്നീട് ഇരുപക്ഷവും തമ്മിൽ ബഹളമായി.

സോണിയ കടുത്ത സ്വരത്തിൽ തിരിച്ചടിച്ചതോടെ ബഹളമായി. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ് അംഗങ്ങളും ബിജെപി അംഗങ്ങളും മുഖാമുഖം നിന്നതോടെ സഭാ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ഇടയ്ക്കു കയറി. പിന്നീട് എൻസിപി നേതാവ് സുപ്രിയ സുളെ, തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവർ സോണിയയെ പുറത്തേക്കു കൊണ്ടുപോയി.

തൃണമൂൽ കോൺഗ്രസ് എംപിമാരും എൻസിപിയുടെ സുപ്രിയ സുലെയും ബഹളം വെച്ച ബിജെപി അംഗങ്ങളിൽ നിന്ന് സോണിയ ഗാന്ധിയെ പിന്മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സോണിയ ഗാന്ധി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന് പിന്നീട് ധനമന്ത്രി നിർമലാ സീതാരാമൻ ആരോപിച്ചു.

ബഹളം നടക്കുന്നതിനിടെ പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷി ബിജെപി എംപിമാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ബഹളം തുടർന്നതോടെ ലോക്സഭാ സ്പീക്കർ സഭ നിർത്തിവെക്കുയാണെന്ന് അറിയിച്ചു.

ഇഡി നടപടിക്കെതിരെ പാർലമെന്റിലേക്ക് സംഘടിപ്പിച്ച മാർച്ചിനിടെ ഒരു ഹിന്ദി ചാനലിന് നൽകിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിർ രഞ്ജൻ ചൗധരി രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്‌നി എല്ലാവർക്കുമുള്ളതാണെന്ന് അധിർ രഞ്ജൻ പറയുകയായിരുന്നു.

മകൾക്കെതിരായ അനധികൃത ബാർ ഹോട്ടൽ നടത്തിപ്പ് വിവാദം കത്തിച്ച കോൺഗ്രസിനെതിരെ അധിർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ആദ്യം ആയുധമാക്കിയത് മന്ത്രി സ്മൃതി ഇറാനിയായിരുന്നു. എല്ലാ വിധത്തിലും ദ്രൗപദി മുർമു അപമാനിക്കപ്പെട്ടെന്നും അധിർ രഞ്ജൻ ചൗധരി പാർലമെന്റിലും പുറത്തും മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. പിന്നാലെ വിഷയം പാർലമെന്റിലെത്തി. അധിർ രഞ്ജൻ ചൗധരിയെ കൊണ്ട് ഇങ്ങനെ പറയിച്ചത് സോണിയ ഗാന്ധിയാണെന്ന് ലോക്‌സഭയിൽ സോണിയയുടെ സാന്നിധ്യത്തിൽ സ്മൃതി ഇറാനി ആഞ്ഞടിച്ചു.

സ്മൃതിയെ പിന്തുണച്ച് ധനമന്ത്രി നിർമല സീതാരാമനും രംഗത്തെത്തി. അധിർ രഞ്ജൻ ചൗധരി നടത്തിയത് ലൈംഗിക അധിക്ഷേപമാണെന്നും, സോണിയ ഗാന്ധി മാപ്പ് പറയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെ പ്രക്ഷുബ്ധമായ സഭ നിർത്തിവച്ചു. പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി, മന്ത്രി പിയൂഷ് ഗോയൽ തുടങ്ങിയവരും അധിർ രഞ്ജൻ ചൗധരി മാപ്പ് പറയണമെന്നാവശ്യപ്പെട്ടു.

എന്നാൽ മനഃപൂർവ്വം അങ്ങനെ വിശേഷിപ്പിച്ചതല്ലെന്നും, അറിയാതെ പറഞ്ഞുപോയതാണെന്നും അധിർ രഞ്ജൻ ചൗധരി വിശദീകരിച്ചു. അധിർ രഞ്ജൻ ഖേദപ്രകടനം നടത്തിക്കഴിഞ്ഞെന്ന് സോണിയാ ഗാന്ധിയും പ്രതികരിച്ചു. ആദിവാസി ജനതയെ കോൺഗ്രസ് അപമാനിക്കാൻ ശ്രമിച്ചുവെന്ന ആക്ഷേപം മന്ത്രിമാർ ശക്തമാക്കിയതോടെയാണ് വിശദീകരണവുമായി അധിർ രഞ്ജൻ ചൗധരിയെത്തിയത്.

അതിനിടെ തന്നോട് മിണ്ടിപ്പോവരുതെന്ന് പറഞ്ഞ് സോണിയ ഗാന്ധി തട്ടിക്കയറിയെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. പാർലമെന്റിൽ സ്മൃതി ഇറാനിയോട് സോണിയ ഗാന്ധി തട്ടിക്കയറിയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

അതേസമയം ജിഎസ്ടി വർദ്ധനവിൽ പ്രതിഷേധിച്ച മൂന്ന് അംഗങ്ങളെക്കൂടി രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. രാജ്യസഭയിൽ നിന്ന് കേരളത്തിലെ മൂന്ന് പേരുൾപ്പടെ 19 പേരെ ചൊവ്വാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു.

ഇന്നലെ ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിനെതിരെയും നടപടി വന്നു. ഇന്ന് എഎപിയുടെ സുശീൽ കുമാർ ഗുപ്ത, സന്ദീപ് കുമാർ പാഠക്, അസമിലെ സ്വതന്ത്ര അംഗം അജിത് കുമാർ ഭുയിയാൻ എന്നിവരെയാണ് രണ്ടു ദിവസത്തേക്ക് ഇന്ന് സസ്‌പെൻഡ് ചെയ്തത്. സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുമ്പോഴാണ് ഈ നടപടി.

രാത്രിയും പകലുമായി നടപടി നേരിട്ട എംപിമാർ ധർണ്ണ തുടരുകയാണ്. പ്രതിപക്ഷ നേതാക്കൾ കൂട്ടായും ഇന്ന് പ്രതിഷേധിച്ചു. ജിഎസ്ടി വിഷയത്തിൽ തിങ്കളാഴ്ച ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും അംഗങ്ങളെ തിരിച്ചെടുക്കാതെ ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP