Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിൽവർ ലൈൻ സങ്കീർണ പദ്ധതി; തിരക്ക് വേണ്ട; എസ്റ്റിമേറ്റ് തുക ഒരുലക്ഷം കോടി കടക്കും; വളരെ ആലോചിച്ച് മാത്രം തീരുമാനം; പ്രധാനമന്ത്രി അനുകൂല നിലപാട് പ്രകടിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെ റെയിൽവെ മന്ത്രി

സിൽവർ ലൈൻ സങ്കീർണ പദ്ധതി; തിരക്ക് വേണ്ട; എസ്റ്റിമേറ്റ് തുക ഒരുലക്ഷം കോടി കടക്കും; വളരെ ആലോചിച്ച് മാത്രം തീരുമാനം; പ്രധാനമന്ത്രി അനുകൂല നിലപാട് പ്രകടിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെ റെയിൽവെ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് സിൽവർ ലൈൻ പദ്ധതിയോട് അനുകൂല നിലപാടാണ് ആണ് എന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെ, പദ്ധതി വളരെ സങ്കീർണമായ പദ്ധതിയാണെന്നും തിരക്ക് വേണ്ട എന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി. വളരെ ആലോചിച്ച് കേരളത്തിനോട് നീതി ചെയ്യുന്ന ഒരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുമെന്നും അനുമതി നൽകുന്ന കാര്യത്തിൽ ജനങ്ങളുടെ പ്രതിഷേധവും കൂടി കണക്കിലെടുക്കുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി അറിയിച്ചു.

കെ റെയിലിന്റെ തടസങ്ങൾ നീക്കാൻ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ് റെയിൽവെ മന്ത്രി കേന്ദ്ര സർക്കാറിന്റെ നിലപാട് രാജ്യസഭയെ അറിയിച്ചത്. റെയിൽവെ മന്ത്രാലയത്തിന്മേലുള്ള ബജറ്റ് ചർച്ചയിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ്, ബിജെപി, സിപിഎം അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

65,000 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് കേരളം കാണിച്ചിരിക്കുന്നതെങ്കിലും അത് ഒരു ലക്ഷം കോടി കടക്കും. സിൽവർ ലൈൻ റെയിൽ പാതയിൽ മറ്റു ട്രെയിനുകൾ ഓടിക്കാൻ പറ്റില്ല. സ്റ്റാൻഡേർഡ് ഗേജിലാണ് നിർമ്മിക്കുകയെങ്കിൽ ബ്രോഡ്‌ഗേജ് വണ്ടികൾ ഓടിക്കാൻ പറ്റില്ല. വേറെയും കുറെ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ട്.

അത്തരം പ്രശ്‌നങ്ങൾക്ക് പുറമെ ആവാസ വ്യവസ്ഥയുടെ പ്രശ്‌നങ്ങളും പാരിസ്ഥിതികപ്രശ്‌നങ്ങളുമുണ്ട്. ജനങ്ങളുടെ പ്രതിഷേധവുമുണ്ട്. വളരെ സംവേദനക്ഷമതയോടെ വ്യവസ്ഥാപിതമായി ശരിയായി ആലോചിച്ച് മുന്നോട്ടുപോകണം എന്നാണ് കേരളത്തിൽ നിന്നുള്ള എല്ലാ കക്ഷികളിലുംപ്പെട്ട സഹോദരങ്ങളോടുള്ള തന്റെ അപേക്ഷ. ഈ പദ്ധതിക്ക് തിരക്ക് കൂട്ടേണ്ട. കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനം എന്താണെങ്കിലും അത് നീതിപൂർവകമാകും. മനസിൽ ഒരു സംശയവും വേണ്ട. കേന്ദ്രം നല്ലതും നീതിപൂർവകവുമായ ഒരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുമെന്നും ആ തീരുമാനം കേരളത്തിന്റെ താൽപര്യത്തിന് അനുസൃതമായിരിക്കുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള സിപിഎം, സിപിഐ അംഗങ്ങളെ നിരാശപ്പെടുത്തിയ കേന്ദ്ര റെയിൽവെ മന്ത്രിയുടെ മറുപടിയെ കോൺഗ്രസ്, ബിജെപി അംഗങ്ങൾ ഡസ്‌കിലടിച്ച് വരവേറ്റു.

അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ച പദ്ധതി വേഗത്തിലാക്കാൻ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ആരോഗ്യപരമായ പ്രതികരണം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല ചർച്ചയാണ് നടന്നത്. സിൽവർ ലൈൻ വിഷയം കേന്ദ്ര റെയിൽവെ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കാമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. ഔദ്യോഗികമായല്ലെങ്കിലും റെയിൽവേ മന്ത്രിയേയും കണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുഭാവപൂർവ്വമായ സമീപനത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ പിണറായി പറഞ്ഞു.

പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ച പദ്ധതി വേഗത്തിലാക്കാൻ സഹായകമാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനം പ്രധാനമാണ്. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിൽ യാത്രാ വേഗം കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP