Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202122Friday

പുതിയ പാർലമെന്റ് മന്ദിരം 2022 ഒക്ടോബറോടെ; ശിലാസ്ഥാപനം വ്യാഴാഴ്ച പ്രധാനമന്ത്രി നിർവഹിക്കും; 60,000 മീറ്റർ സ്‌ക്വയറിലുള്ള പുതിയ മന്ദിരം ഉയരുന്നത് പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിൽ; ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ് കരാറെടുത്തത് 861.9 കോടി രൂപയ്ക്ക്

പുതിയ പാർലമെന്റ് മന്ദിരം 2022 ഒക്ടോബറോടെ; ശിലാസ്ഥാപനം വ്യാഴാഴ്ച പ്രധാനമന്ത്രി നിർവഹിക്കും; 60,000 മീറ്റർ സ്‌ക്വയറിലുള്ള പുതിയ മന്ദിരം ഉയരുന്നത് പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിൽ; ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ് കരാറെടുത്തത് 861.9 കോടി രൂപയ്ക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലയിടും. അന്നുനടക്കുന്ന ഭൂമി പൂജയിലും പ്രധാനമന്ത്രി പങ്കെടുക്കും. കോവിഡ് നിയന്ത്രണ ചട്ടങ്ങൾ പാലിച്ചുള്ള ചടങ്ങിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പാർലമെന്റ് മന്ദിരത്തിനു സമീപം നിർമ്മിക്കുന്ന 64,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പുതിയ മന്ദിരവും അനുബന്ധ ഓഫിസ് സമുച്ചയവും 2022 ൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.

രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്റെ അടയാളമായി പുതിയ പാർലമെന്റ് മന്ദിരം മാറുമെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം പുതിയ മന്ദിരത്തിൽ നടത്താനാകുമെന്നാണു പ്രതീക്ഷയെന്നും സ്പീക്കർ ഓം ബിർള പറഞ്ഞു. പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിലാണ് 60,000 മീറ്റർ സ്‌ക്വയറിലുള്ള പുതിയ മന്ദിരം ഉയരുന്നത്. പുതിയ മന്ദിരത്തിൽ ലോക്സഭയിൽ 888 അംഗങ്ങൾക്കും രാജ്യസഭയിൽ 384 അംഗങ്ങൾക്കുമുള്ള ഇരിപ്പിടമൊരുക്കും.

നിലവിൽ ലോക്സഭയിൽ 543 അംഗങ്ങളും രാജ്യസഭയിൽ 245 അംഗങ്ങളുമാണുള്ളതെങ്കിലും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വർധന കണക്കിലെടുത്താണിത്. ഇതോടൊപ്പം ലൈബ്രറി, വിവിധ സമിതികൾക്കുള്ള മുറികൾ എന്നിവയും ക്രമീകരിക്കും. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി വിശാലമായ ഒരു കോൺസ്റ്റിറ്റിയൂഷൻ ഹാൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കും.കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായി അത്യാധുനിക ഡിജിറ്റൽ ഇന്റർഫേസുകൾ സജ്ജമാക്കും.

വായു, ശബ്ദ മലിനീകരണങ്ങൾ നിയന്ത്രിക്കാനും ഭൂകമ്പത്തെ ചെറുക്കാനും സംവിധാനമുണ്ടാകും. ബേസ്മെന്റിനു പുറമേ 2 നിലകളുള്ള പുതിയ മന്ദിരം നിലവിലെ പാർലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണ്. ഉയരവും തുല്യമാണ്. നിലവിൽ ശ്രംശക്തി ഭവനിരിക്കുന്ന സ്ഥലത്താണ് എംപിമാർക്കുള്ള ഓഫിസ് സമുച്ചയം നിർമ്മിക്കുക. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കരാർ 861.9 കോടി രൂപയ്ക്കു ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ മന്ദിരം പുരാവസ്തുവായി സംരക്ഷിക്കും.

പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയം വിദഗ്ദ്ധ സമിതിയുടെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. 20,000 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്. പദ്ധതിക്കെതിരേ എതിർപ്പുകളുയരുന്നതിനിടെയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റി അനുമതി നൽകിയത്. പ്രതിപക്ഷ കക്ഷികളും സാമ്പത്തിക വിദഗ്ധരുമടക്കമുള്ളവർ സെൻട്രൽ വിസ്റ്റ പദ്ധതിക്കെതിരേ എതിർപ്പ് അറിയിച്ചിരുന്നു. 93 വർഷം മുൻപ് നിർമ്മിച്ച നിലവിലെ പാർലമെന്റ് മന്ദിരത്തിൽ വലിയ രീതിയിലുള്ള അറ്റകുറ്റപ്പണി ആവശ്യമായി വരുന്ന സാഹചര്യമുണ്ടായതോടെയാണ് പുതിയ മന്ദിരം നിർമ്മിക്കാൻ തീരുമാനിച്ചത്.

ന്യൂഡൽഹിയിൽ ഇന്ത്യാഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള മൂന്നു കിലോമീറ്റർ ദൂര പരിധിയിലാണ് സെൻട്രൽ വിസ്റ്റ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പാർലമെന്റ് മന്ദിരത്തിനു പുറമേ മറ്റു ചില കെട്ടിടങ്ങളും പുതുതായി നിർമ്മിക്കും. ചില കേന്ദ്ര സർക്കാർ ഓഫീസുകളും സ്മാരകങ്ങളും മറ്റു കെട്ടിടങ്ങളും പുതുക്കിപ്പണിയുകയോ പൊളിച്ചു മാറ്റുകയോ ചെയ്യും. കേന്ദ്ര പാർപ്പിട നഗര കാര്യ മന്ത്രാലയത്തിനു കീഴിലാണ് സെൻട്രൽ വിസ്റ്റ പദ്ധതിയുടെ നടത്തിപ്പ്.

എല്ലാ മന്ത്രാലയങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിൽ പുതിയ സെൻട്രൽ സെക്രട്ടറിയേറ്റ് കെട്ടിടവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. നിലവിൽ വ്യത്യസ്ത കെട്ടിടങ്ങളിലായാണ് മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP