Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷകർക്ക് വാരിക്കോരി നൽകിയപ്പോഴും റബ്ബറിനെ കണ്ടില്ലെന്ന് നടിച്ചു; തൊഴിലുറപ്പുകാർക്കും സന്തോഷിക്കാനേറെ; വിദ്യഭ്യാസത്തിനും നൈപുണ്യ വികസനത്തിനും മുൻഗണന; അടിസ്ഥാന സൗകര്യ വികസനത്തിനും ജയ്റ്റ്‌ലിയുടെ ബജറ്റിൽ ഊന്നൽ

കർഷകർക്ക് വാരിക്കോരി നൽകിയപ്പോഴും റബ്ബറിനെ കണ്ടില്ലെന്ന് നടിച്ചു; തൊഴിലുറപ്പുകാർക്കും സന്തോഷിക്കാനേറെ; വിദ്യഭ്യാസത്തിനും നൈപുണ്യ വികസനത്തിനും മുൻഗണന; അടിസ്ഥാന സൗകര്യ വികസനത്തിനും ജയ്റ്റ്‌ലിയുടെ ബജറ്റിൽ ഊന്നൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാർഷിക മേഖലയുടെ പുരോഗതിയും യുവാക്കളുടെ യുവാക്കളുടെ ഉന്നമനവുമാണ് അരുൺ ജെയ്റ്റ്‌ലിയുടെ കേന്ദ്ര ബജറ്റിന്റെ കാതൽ. ബജറ്റിൽ കാർഷിക മേഖലയ്ക്കും കൃഷിക്കാർക്കും വൻകിട പദ്ധതികൾ പ്രഖ്യാപിച്ചു. അഞ്ച് വർഷം കൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇപ്ലാറ്റ് ഫോം തുടങ്ങുമെന്നും ധനമന്ത്രി തന്റെ ബജറ്റിൽ പ്രഖ്യാപിച്ചു. കൃഷിയുടെ കരുത്തിൽ മാത്രമേ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് മുന്നോട്ട് പോകാനാകൂവെന്നാണ് ബജറ്റിലൂടെ അരുൺ ജെയ്റ്റ്‌ലി മുന്നോട്ട് വയക്കുന്നത്.

അതുകൊണ്ട് തന്നെ കാർഷിക മേഖലയ്ക്കായി 35,984 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കർഷകർക്ക് കടാശ്വാസമായി 15000 കോടി രൂപ നൽകും. കർഷകർക്ക് 9 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കും. എഫ്‌സിഐ വഴി ഓൺലൈൻ വ്യാപാരം വ്യാപിപ്പിക്കും. വളം, മണ്ണ് പരിശോധനകൾക്കായി കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്നും ജയ്റ്റ്‌ലി അറിയിച്ചു. രകാർഷിക നാശത്തിനുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. പാലുൽപ്പാദനം വർദ്ധിപ്പിക്കാൻ നാല് പുതിയ ഡയറി പദ്ധതികളും പ്രഖ്യാപിച്ചു. കാർഷിക ജലസേച പദ്ധികൾക്കായി 8500 കോടിയും നബാർഡിന് 20000 കോടിയും അനുവദിച്ചു.

ഗ്രാമങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ പദ്ധതികൾ കൊണ്ടുവരും. കർഷകരുടെ വിളനാശത്തിനു കൂടുതൽ നഷ്ടപരിഹാരം നൽകും. നഗരമാലിന്യം വളമായി മാറ്റുന്ന പദ്ധതിക്ക് മുൻതൂക്കം നൽകും. അഞ്ച് ലക്ഷം ഏക്കർ ഭൂമിയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ഫാസ്റ്റ് ട്രാക്കായി 89 ജലസേചന പദ്ധതികൾ നടപ്പാക്കും. ജലസേചന പദ്ധതികൾക്കായി നബാഡ് വഴി 20000 കോടി രൂപ വകയിരുത്തി. കാർഷിക ഇൻഷുറൻസ് പദ്ധതിക്ക് 5,500 കോടി രൂപയും ബജറ്റിൽ വകയിരുത്തി. അങ്ങനെ എല്ലാം കൊണ്ടും കർഷക അനുകൂലമാണ് പ്രഖ്യാപനങ്ങൾ. അപ്പോഴും കേരളത്തിലെ പ്രശ്‌നങ്ങൾ അരുൺ ജെയ്റ്റ്‌ലി കണ്ടില്ലെന്ന് നടിച്ചു. റബ്ബർ കർഷകരുടെ പ്രശ്‌ന പരിഹാരത്തിന് ഒരു വാക്കുപോലും ബജറ്റിൽ ജയ്റ്റിലിയുടേതായി വന്നില്ല.

റബ്ബർ ബോർഡിന് 132 കോടി വകയിരുത്തിയിട്ടുണ്ട്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. ഇന്ത്യയിലാകെ ആയിരം കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കേരളത്തിന് പ്രത്യേകമായി 500 കോടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെ ഒരു വിളയ്ക്കും പ്രത്യേകമായി ഒന്നും നൽകിയില്ല. ടി ബോർഡിന് 129 കോടിയുടെ വകയിരുത്തലുമുണ്ട്. അങ്ങനെ കേരളത്തിലെ കാർഷിക മേഖലയെ പ്രത്യേകിച്ച് തുണയ്ക്കുന്ന പ്രഖ്യാപനമൊന്നും ബജറ്റിൽ ഇല്ല. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കുന്നതിനാൽ ഏവരെ റബ്ബർ മേഖലയിലെ ഇടപെടൽ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് റബ്ബറിൽ കേരളത്തിന് പൂർണ്ണ നിരാശയാണ് ബജറ്റ് നൽകുന്നത്.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒമ്പത് മേഖലകൾക്ക് പ്രത്യേക പരിഗണന നൽകിയാണ് മോദി സർക്കാരിന്റെ മൂന്നാമത്തെ പൊതു ബജറ്റ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി മൊത്തം 2,21,246 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. റോഡ്, ബാങ്കിങ്, വിദ്യാഭ്യാസം എന്നിവയ്ക്ക് ഇതിൽ പ്രമുഖ്യം ലഭിക്കും. ഗ്രാമീണ വികസനത്തിനായി 87765 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സമ്പൂർണ്ണ ഗ്രാമീണ വൈദ്യുതീകരണം, ബിപിഎൽ കുടുംബങ്ങൾക്ക് എൽപിജി കണക്ഷൻ, എല്ലാ കുടുംബങ്ങൾക്കും ഒരു ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 38, 500 കോടി രൂപയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജയ്റ്റിലുടെ പ്രഖ്യാപനമെന്ന് വ്യക്തം. യു.പി.എ സർക്കാരിന്റെ പ്രതിഛായ ഉയർത്തിയ പദ്ധതിയെന്ന് അവകാശപ്പെട്ട തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ വർഷം 12 ശതമാനം കൂടുതൽ തുക വകയിരുത്തിയിരുന്നു. 34,699 രൂപയാണ് കഴിഞ്ഞ വർഷം വകയിരുത്തിയത്. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. ഗ്രാമങ്ങളിൽ തൊഴിൽ രഹിതർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2005ലാണ് തൊഴിലുറപ്പ് പദ്ധതി തുടങ്ങിയത്.

യുവാക്കൾക്കായി പ്രധാനമന്ത്രി കുശാൽ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കൾക്ക് അടുത്ത മൂന്നു വർഷം കൊണ്ട് മികച്ച പരിശീലനം നൽകുമെന്നതാണ് പദ്ധതികളിൽ ഏറെ ശ്രദ്ധേയം. നൈപുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി 87,000 യുവാക്കളെ പരിശീലിപ്പിക്കുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി ദേശീയ, സംസ്ഥാന എംപ്ലോയ്‌മെന്റുകൾ ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കും. യുവതീ യുവാക്കൾക്ക് കമ്പ്യൂട്ടർ സാക്ഷരത ഉറപ്പാക്കാൻ ഡിജിറ്റൽ ലിറ്ററസി മിഷൻ നടപ്പക്കും. എസ്എസി, എസ്!ടി, വനിതാ സംരംഭകർക്കുള്ള സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതിക്കായി ബജറ്റിൽ 500 കോടി രൂപ വകയിരുത്തി. ഉന്നത വിദ്യാഭ്യാസത്തിനായി 1000 കോടി രൂപയും മാറ്റി വച്ചു.

ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നത്. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനവും സർക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ട്. സർക്കാർ സഹായങ്ങൾക്ക് ആധാർ കാർഡ് നിർബന്ധമാക്കും. ബി.പി.എൽ കുടുംബങ്ങൾക്ക് പാചക വാതക സബ്‌സിഡി നിരക്കിൽ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് 2000 കോടി നീക്കിവച്ചു. ഉന്നത വിദ്യഭ്യാസത്തിനും നൈപുണ്യ വികസനത്തിനും ഊന്നൽ നൽകുന്നുമുണ്ട്. ഉന്നത വിദ്യഭ്യാസ മേഖലയ്ക്ക് സാമ്പത്തിക സഹായം നൽകുന്നതിന് 1000 കോടി രൂപ ചെലവിൽ ഏജൻസി രൂപീകരിക്കും. ലോക നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങും. നൈപുണ്യ വികസനത്തിന് 1700 കോടി രൂപ അനുവദിച്ചു.

യുവാക്കളിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി 100 മോഡൽ കരിയർ സെക്റ്ററുകളും 1500 മൾട്ടി സ്‌കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളും ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 62 നവോദയ വിദ്യഭ്യാസ സ്ഥാപനങ്ങൾ. സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുന്നതിന് ഡിജിറ്റൽ സംവിധാനം. എസ്.സി,എസ്.ടി വനിതാ സംരംഭകർക്കുള്ള സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതിക്കായി 500 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ നാഷണൽ കരിയർ സർവീസുമായി ബന്ധിപ്പിക്കുമെന്ന് അരുൺ ജെയ്റ്റില് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP