Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

പുനപരിശോധനാ ഹർജി പരിഗണനയിലിരിക്കെ ബിൽ നിയമ വിധേയമാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം അനുമതി; കോടതി എന്തു പറഞ്ഞാലും ആചാരങ്ങൾ സംരക്ഷിക്കണമെന്ന് വ്യവസ്ഥ; നിർണ്ണായകമാവുക കേന്ദ്ര സർക്കാർ നിലപാട്; ശക്തമായി പിന്തുണയ്ക്കാൻ ഉറച്ച് കോൺഗ്രസ് എംപിമാർ; വാ പൊളിക്കാനാവാതെ സിപിഎം; നിലപാട് വ്യക്തമാക്കേണ്ട ഗതികേടിൽ ബിജെപിയും; പ്രേമചന്ദ്രന്റെ പൂഴിക്കടകനിൽ ആവേശഭരിതരായി അയ്യപ്പഭക്തർ; ശബരിമലയിൽ സ്വകാര്യ ബിൽ എത്തുമ്പോൾ

പുനപരിശോധനാ ഹർജി പരിഗണനയിലിരിക്കെ ബിൽ നിയമ വിധേയമാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം അനുമതി; കോടതി എന്തു പറഞ്ഞാലും ആചാരങ്ങൾ സംരക്ഷിക്കണമെന്ന് വ്യവസ്ഥ; നിർണ്ണായകമാവുക കേന്ദ്ര സർക്കാർ നിലപാട്; ശക്തമായി പിന്തുണയ്ക്കാൻ ഉറച്ച് കോൺഗ്രസ് എംപിമാർ; വാ പൊളിക്കാനാവാതെ സിപിഎം; നിലപാട് വ്യക്തമാക്കേണ്ട ഗതികേടിൽ ബിജെപിയും; പ്രേമചന്ദ്രന്റെ പൂഴിക്കടകനിൽ ആവേശഭരിതരായി അയ്യപ്പഭക്തർ; ശബരിമലയിൽ സ്വകാര്യ ബിൽ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ലോക്‌സഭയിൽ സത്യപ്രതിജ്ഞ കഴിഞ്ഞതേയുള്ളൂ. അതിന് മുമ്പ് തന്നെ വീണ്ടും എൻകെ പ്രമേചന്ദ്രൻ ലോക്‌സഭയിൽ താരമാവുകയാണ്. കഴിഞ്ഞ ലോക്‌സഭയിലും പ്രതിപക്ഷത്തെ യഥാർത്ഥത്തിൽ നയിച്ചത് പ്രേമചന്ദ്രനായിരുന്നു. ബില്ലുകളിലും മറ്റ് ചർച്ചകളിലും എല്ലാം കത്തിക്കയറുന്ന നേതാവ്. ഇഎസ്‌ഐ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ പല തിരുത്തലുകൾക്കും നിർബദ്ധിതമായ പ്രസംഗങ്ങൾ. നടപടിക്രമങ്ങളിൽ കുറച്ചു നിന്നുള്ള ഭരണപക്ഷത്തെ കടന്നാക്രമിക്കുന്ന ഇടപെടലുകൾ. ഇതെല്ലാമായിരുന്നു പ്രേമചന്ദ്രനെ താരമാക്കിയത്. കൊല്ലത്ത് 'സംഘി' യെന്ന് വിളിച്ച് പ്രേമചന്ദ്രനെ തകർക്കാൻ ഇടതുപക്ഷം ശ്രമിച്ചപ്പോഴും നടക്കാതെ പോയത് ഈ മതേതര ഇടപടെലുകൾ ജനങ്ങൾക്ക് അറിയാവുന്നതു കൊണ്ടായിരുന്നു. ഇതിന് അംഗീകരാമായി മറുനാടൻ നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ മികച്ച എംപിയുമായി. ഇപ്പോൾ വീണ്ടും എന്തുകൊണ്ടാണ് ഈ പുരകസ്‌കാരം തനിക്ക് ലഭിച്ചതെന്ന് തെളിയിക്കുകയാണ് പ്രേമചന്ദ്രൻ. ശബരിമലയിലെ ചുട്ടുപൊള്ളുന്ന വിഷയത്തിൽ സ്വകാര്യ ബില്ലുമായി എത്തുകയാണ് പ്രേമചന്ദ്രൻ.

കേന്ദ്രം ഭരിക്കുന്ന ബിജെപിയെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുന്ന തീരുമാനം. കേരളത്തിലെ വോട്ടെടുപ്പിൽ ശബരിമല പ്രതിഫലിച്ചുവെന്നത് ഏവർക്കും അറിയാം. അതിന്റെ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപിയും ശ്രമിക്കുന്നുണ്ട്. സിപിഎം നവോത്ഥാനം വിട്ട് വിശ്വാസികളെ പിടിക്കാനുള്ള തന്ത്രങ്ങൾ ഒരുക്കുന്നു. ഇതിനിടെയാണ് പ്രേമചന്ദ്രൻ ശബരിമലയിലെ നിർണ്ണായക നീക്കം നടത്തുന്നത്. ലോക്‌സഭാ നടപടിക്രമങ്ങളെ കുറിച്ചും നിയമവശങ്ങളെ കുറിച്ചും നല്ല അറിവുണ്ടെങ്കിലേ സ്വകാര്യ ബിൽ അവതരിപ്പിക്കാനാവൂ. മിക്ക സ്വകാര്യ ബില്ലും തള്ളി പോകും. സർക്കാർ പിന്തുണയ്ക്കാത്തതാണ് ഇതിന് കാരണം. എന്നാൽ ശബരിമലയിൽ പ്രേമചന്ദ്രൻ എത്തുമ്പോൾ അത് കേന്ദ്രത്തിന് അംഗികരിക്കേണ്ട സാഹചര്യം പോലും ഉണ്ടാക്കും. ഈ ബില്ലിനെ അനുകൂലിച്ചാൽ ശബരിമലയിൽ കേന്ദ്രം എതിരാണെന്ന് പോലും വ്യഖ്യാനമെത്തും. പ്രേമചന്ദ്രനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ സിപിഎമ്മിന് വാ പൊളിക്കാനും കഴിയില്ല. എതിർക്കാനുള്ള ശേഷിയും ഇല്ല. ഇടതു പക്ഷത്തിന് വെറും അഞ്ച് സീറ്റ് മാത്രമാണ് ലോക്‌സഭയിലുള്ളത്.

ശബരിമലയിൽ ആചാരരീതികൾ പുനഃസ്ഥാപിക്കണമെന്ന എൻ.കെ. പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ സംബന്ധിച്ച കേന്ദ്ര സർക്കാർ നിലപാട് നിർണ്ണായകമാകും. സ്വകാര്യ ബില്ലുകൾ പാസാക്കിയെടുക്കുന്നതിനെ സാധാരണഗതിയിൽ സർക്കാരുകൾ അനുകൂലിക്കാറില്ല. ബില്ലിലെ വ്യവസ്ഥകളോട് ബിജെപി സർക്കാർ യോജിക്കുന്നെങ്കിൽ, അവ ഉൾപ്പെടുത്തി ഔദ്യോഗികമായി ബിൽ കൊണ്ടുവരാനാവും. അതിനു സർക്കാർ തയാറാകുമോയെന്നാണ് വ്യക്തമാകേണ്ടത്. സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കഴിഞ്ഞ ലോക്‌സഭയുടെ അവസാന സമ്മേളനത്തിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ നടപടിയുണ്ടായില്ല. നിയമനിർമ്മാണം താൽപര്യപ്പെടുന്നതായി ബിജെപി ഇത്തവണത്തെ പ്രകടനപത്രികയിലും ഉറപ്പു നൽകിയിരുന്നില്ല. ഇതിനിടെയാണ് പ്രേമചന്ദ്രന്റെ അപ്രതീക്ഷിത നീക്കം.

ശബരിമലയിലെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംബന്ധിച്ച വിഷയം സുപ്രീം കോടതിയിൽ സമഗ്രമായി അവതരിപ്പിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കു ഭരണഘടനാപരമായ സംരക്ഷണത്തിനു ശ്രമിക്കുമെന്നും ബിജെപി പ്രകടന പത്രികയിൽ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയിലെ പ്രേമചന്ദ്രന്റെ നീക്കത്തെ എതിർക്കാനും കഴിയില്ല. അനുകൂലിച്ചാൽ ശബരിമലയിൽ പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാടിന് കേരളത്തിലെ ജനം കൈയടിക്കേണ്ടിവരും. ശബരിമലയിലെ യഥാർത്ഥ വിജയിയായി പ്രേമചന്ദ്രൻ മാറുമെന്നതും ബിജെപിയെ കുഴക്കും. അങ്ങനെ വലിയൊരു പ്രതിസന്ധിയിലേക്കാണ് ബിജെപിയെ കൊണ്ടു ചെല്ലുന്നത്. ശബരിമലയിലെ വിഷയങ്ങളിൽ ഒന്നും നേട്ടം അവകാശപ്പെടാനുള്ള അവസരവും നഷ്ടമാകും. ഇപ്പോഴും കേസ് കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് തന്നെ പ്രേമചന്ദ്രന്റെ ബിൽ അവതരിപ്പിച്ച് ജയിച്ചാലും സുപ്രീംകോടതിയുടെ നിലപാട് നിർണ്ണായകമാകും.

ശബരിമലയിൽ ആചാരരീതികൾ സംരക്ഷിക്കണമെന്ന ബിൽ ലോക്‌സഭയിൽ വെള്ളിയാഴ്ച പ്രേമചന്ദ്രൻ അവതരിപ്പിക്കും.പ്രേമചന്ദ്രന്റെ ബിൽ, 21ന് പരിഗണിക്കുന്നവയിൽ ഒന്നാമത്തേതായിട്ടാണ് ഉൾപ്പെടുത്തിയത്. ഈ ലോക്‌സഭയിൽ അവതരണാനുമതി ലഭിച്ച ആദ്യ സ്വകാര്യബില്ലാണിത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബർ 28ന് സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. കോടതി വിധി നിലവിലുള്ളതിനാൽ പാർലമെന്റിന് നിയമനിർമ്മാണം സാധ്യമാണോയെന്ന് ലോക്‌സഭാ സെക്രട്ടറി ജനറൽ സംശയമുന്നയിച്ചിരുന്നു. തുടർന്ന്, നിയമ മന്ത്രാലയം പരിശോധിച്ചശേഷമാണ് ബില്ലിന് അവതരണാനുമതി നൽകിയത്. ഇതുകൊണ്ട് തന്നെ പ്രേമചന്ദ്രന്റെ നീക്കത്തെ ബിജെപി അനുകൂലിക്കുമെന്ന് കരുതുന്നവരും ഉണ്ട്. പഴുതുകൾ അടച്ചാണ് പ്രേമചന്ദ്രൻ ബിൽ തയ്യാറാക്കിയതെന്ന് നിയമവകുപ്പ് തന്നെ വിലയിരുത്തുന്നുണ്ട്.

സർക്കാർ ബില്ലല്ല, സ്വകാര്യ ബില്ലാണ് എന്നതിനാൽ ഉടനെ ചർച്ചയ്ക്ക് പരിഗണിക്കപ്പെടുക എളുപ്പമല്ല. 21ന് അവതരിപ്പിക്കുന്ന ബില്ലുകൾ അടുത്ത മാസം 12നാണ് ചർച്ചയ്‌ക്കെടുക്കുക. ഏതു ബിൽ ചർച്ചയ്‌ക്കെടുക്കണമെന്നു നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. ഈ മാസം 25നാണ് നറുക്കെടുപ്പ്. കോടതിയുടെ ഏതു വിധിയുണ്ടെങ്കിലും ശബരിമല ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ 2018 സെപ്റ്റംബർ ഒന്നിനു നിലവിലുണ്ടായിരുന്ന മതപരമായ രീതികൾ തുടരണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. നിയമം പ്രാബല്യത്തിൽ വന്നാൽ, കോടതിയിലും ട്രിബ്യൂണലിലും മറ്റും ഹർജികളും അപ്പീലുകളും മറ്റു നടപടികളും നിലനിൽക്കരുത്. ശബരിമലയിലെ ആചാരരീതികൾക്ക് പരിവർത്തനം ആവശ്യമെങ്കിൽ അത് 2018 സെപ്റ്റംബർ ഒന്നിനു നിലനിന്ന ആചാരാനുഷ്ഠാനങ്ങൾക്ക് അനുസൃതമാവണം. മതപരമായ രീതികൾ നടപ്പാക്കുന്നുവെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും ബില്ലിലൂടെ ആവശ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇത് അംഗീകരിച്ചാൽ ശബരിമലയിലെ നിലവിലെ വിവാദങ്ങളെല്ലാം തീരും.

യുവതീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ല് ലോക്‌സഭയിലെത്തുമ്പോൾ അത് കേരള രാഷ്ട്രീയത്തിലും ഏറെ ചർച്ചകൾക്ക് കാരണമാകും. വീണ്ടും കേരളം ശബരിമല വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങും. സ്വകാര്യ ബില്ല് സഭയിൽ പാസാകാൻ ബുദ്ധിമുട്ടാണ്. പൂർണമായും തള്ളി പോകും എന്ന് പറയാൻ സാധിക്കില്ല. ചർച്ചകൾ നടക്കുമല്ലോ. ട്രാൻസ്ജൻഡേഴ്സ് ബിൽ രാജ്യസഭയിൽ പാസായിട്ടില്ലേ. അതൊരു സ്വകാര്യ ബില്ലായിരുന്നു. സ്വകാര്യ ബിൽ ഒരു ആയുധമാണ്. പാസാകുമോ തള്ളി പോകുമോ എന്നൊന്നും ആലോചിച്ചല്ല ബില്ല് അവതരിപ്പിക്കുന്നത്. സഭയിൽ ചർച്ചകൾ നടക്കട്ടെ. അതിനുശേഷമല്ലേ മറ്റ് കാര്യങ്ങൾ പറയാൻ പറ്റൂ.-ഇതാണ് ബിൽ അവതരണത്തോട് പ്രേമചന്ദ്രന് പറയാനുള്ളത്. ശബരിമല യുവതീ പ്രവേശനത്തിൽ നിയമനിർമ്മാണം നടത്തും എന്നത് യുഡിഎഫിന്റെ പൊതുതീരുമാനമാണ്. ഓർഡിനൻസ് ഇറക്കണം എന്നത് യുഡിഎഫിന്റെ പൊസിഷനാണ്. തിരഞ്ഞെടുപ്പിന് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചാണ് ജനങ്ങളിൽ നിന്ന് വോട്ട് ചോദിച്ചത്. സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്തണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും ഇതേ കുറിച്ച് യുഡിഎഫ് ആലോചിച്ചിട്ടുണ്ട്. യുഡിഫ് ഏകകണ്ഠേന എടുത്ത തീരുമാനമാണ് ശബരിമല യുവതീ പ്രവേശനത്തിലെ ബിൽ-പ്രേമചന്ദ്രൻ പറയുന്നു.

ബില്ലിന് വെള്ളിയാഴ്ച അവതരണാനുമതി ലഭിച്ചത് മാധ്യമ പ്രവർത്തകരിൽ നിന്നാണ് പ്രേമചന്ദ്രൻ അറിയുന്നത്. അതിനു മുമ്പ് ബില്ലിന് തടയിടാൻ നിയമ മന്ത്രാലയം വഴി പല ശ്രമങ്ങളും നടന്നതായി അദ്ദേഹം പറഞ്ഞു. ഇടതു പാർട്ടികളൊഴികെ എല്ലാവരും ബില്ലിനെ അനുകൂലിക്കാനാണ് സാധ്യത. ഒന്നിന് പിന്നാലെ ഒന്നായി നാല് സ്വകാര്യബില്ലുകൾ വെള്ളിയാഴ്‌ച്ച എൻ.കെ പ്രേമചന്ദ്രൻ അവതരിപ്പിക്കുന്നുണ്ട്. ആദ്യത്തേത് ശബരിമല. പിന്നെ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തൊഴിലാളികളുടെ ക്ഷേമം ഇൻഷൂറൻസ് തുടങ്ങിയവുമായി ബന്ധപ്പെട്ടതുമായ ബില്ലുകളാണ് മറ്റുള്ളവ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP