Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

ചോദ്യപേപ്പർ ചോർത്തലിന് പത്ത് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും; വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി; മത്സരപ്പരീക്ഷാ ക്രമക്കേട് തടയാനുള്ള ബിൽ പാസാക്കി ലോക്സഭ

ചോദ്യപേപ്പർ ചോർത്തലിന് പത്ത് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും; വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി; മത്സരപ്പരീക്ഷാ ക്രമക്കേട് തടയാനുള്ള ബിൽ പാസാക്കി ലോക്സഭ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പരീക്ഷ ക്രമക്കേട് തടയാനുള്ള ബിൽ ലോക്സഭ പാസാക്കി. മത്സര പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നവർക്കെതിരേ കർശന നടപടി ഉറപ്പുവരുത്തുന്ന ബില്ലാണ് പാസാക്കിയത്. പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർമീൻസ് ) ബിൽ 2024 ലോക്സഭയിൽ പാസായി. ഇനി രാജ്യസഭയിൽ കൂടി പാസായ ശേഷം രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ നിയമമായി മാറും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പത്തുവർഷം തടവും ഒരുകോടി രൂപ പിഴയ്ക്കും ബിൽ വ്യവസ്ഥ ചെയ്യുന്നു.

സംഘടിതമായി ചോദ്യക്കടലാസ് ചോർത്തുന്നവർക്ക് അഞ്ചു മുതൽ പത്തുകൊല്ലംവരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. യു.പി.എസ്.സി. എസ്.എസ്.സി., റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ഐ.ബി.പി.എസ്., എൻ.ടി.എ. നീറ്റ്, ജെഇഇ, തുടങ്ങിയവ നടത്തുന്ന പരീക്ഷകൾ അടക്കമുള്ളവയിലെ തട്ടിപ്പ് തടയലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

ഉദ്യോഗസ്ഥരുമായി ചേർന്ന് ചോദ്യപേപ്പർ ചോർത്തുകയോ ഉത്തരക്കടലാസിൽ ക്രമക്കേട് കാണിക്കുകയോ ചെയ്യുന്നവർക്കാണ് പത്തു വർഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കുക. ബില്ലിൽ പറയുന്ന കുറ്റകൃത്യങ്ങൾക്ക് ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല, പൊലീസിന് വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും നൽകുന്നുണ്ട്. ഒത്തുതീർപ്പിലൂടെയുള്ള പ്രശ്ന പരിഹാരവും സാധിക്കുകയില്ല.

ചോദ്യക്കടലാസോ ഉത്തരസൂചികയോ ചോർത്തൽ, പരീക്ഷാർഥിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കൽ, വ്യാജ വെബ്സൈറ്റുകൾ തയ്യാറാക്കി വഞ്ചിക്കലും പണംതട്ടിപ്പും, വ്യാജപരീക്ഷാ നടത്തിപ്പ്, വ്യാജമായി പരീക്ഷാകേന്ദ്ര പ്രവേശന കാർഡും ജോലിവാഗ്ദാന കാർഡുകളും തയ്യാറാക്കുക തുടങ്ങിയവയും ശിക്ഷാർഹമായ കുറ്റങ്ങളായി ബില്ലിൽ പറയുന്നു.

സർവീസ് പ്രൊവൈഡർ സ്ഥാപനങ്ങൾ ക്രമക്കേട് നടത്തിയാൽ ഒരു കോടി രൂപ വരെ പിഴയും ആനുപാതികമായ പരീക്ഷാ ചെലവ് വീണ്ടെടുക്കലും ശിക്ഷയായി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ പൊതുപരീക്ഷ നടത്തുന്നതിൽ നിന്ന് നാല് വർഷത്തേക്ക് വിലക്കും. കുറ്റം ചെയ്തിട്ടുണ്ട് എന്ന് അന്വേഷണസംഘം തെളിയിക്കുന്ന പക്ഷമാണ് കടുത്ത നടപടി.

ചോദ്യക്കടലാസ് ചോർത്തുകയോ ഉത്തരക്കടലാസിൽ ക്രമക്കേട് കാണിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് അല്ലെങ്കിൽ സംഘത്തിന് ചുരുങ്ങിയത് മൂന്നുകൊല്ലം തടവ് ലഭിക്കും. തടവ് അഞ്ചുകൊല്ലമാകാനും ഒരു കോടി വരെ പിഴ കിട്ടാനും സാധ്യതയുണ്ട്. കുറ്റകൃത്യങ്ങൾ മറച്ചുവെക്കുന്ന സേവനദാതാവായ കമ്പനികൾക്ക് ഒരു കോടി രൂപ വരെ പിഴ ലഭിക്കും. ഇത്തരം സ്ഥാപനങ്ങളുടെ സീനിയർ മാനേജർമാർക്ക് പത്തുകൊല്ലം തടവോ അല്ലെങ്കിൽ പിഴയോ അതുമല്ലെങ്കിൽ ഇവ രണ്ടുമോ ലഭിക്കും.

ബിൽ അനുസരിച്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അല്ലെങ്കിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തേണ്ടത്. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് കൈമാറാനും കേന്ദ്രസർക്കാരിന് അധികാരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP