Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബിൽ രാജ്യസഭയിലെത്തുമ്പോൾ കച്ചമുറുക്കി ബിജെപിയും കോൺഗ്രസും; നിർബന്ധമായും സഭയിൽ ഹാജരാകണമെന്ന് എംപിമാരെ അറിയിച്ച് ഇരു പാർട്ടികളും; മുത്തലാഖ് ചൊല്ലുന്നയാൾക്ക് 3 വർഷം തടവ് എന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ്; മുത്തലാഖ് ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം

ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബിൽ രാജ്യസഭയിലെത്തുമ്പോൾ കച്ചമുറുക്കി ബിജെപിയും കോൺഗ്രസും; നിർബന്ധമായും സഭയിൽ ഹാജരാകണമെന്ന് എംപിമാരെ അറിയിച്ച് ഇരു പാർട്ടികളും; മുത്തലാഖ് ചൊല്ലുന്നയാൾക്ക് 3 വർഷം തടവ് എന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ്; മുത്തലാഖ് ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഈ വർഷം ഏറ്റവുമധികം വാർത്തകളിൽ ഇടം നേടിയ ഒന്നാണ് മുത്തലാഖ് ബിൽ എന്നത്. മുത്തലാഖ് ബിൽ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ ഇന്ന് അത് രാജ്യ സഭയിലെത്തുകയാണ്. ഈ അവസരത്തിൽ ബില്ലിനെ പരാജയപ്പെടുത്താൻ കോൺഗ്രസും ആ ശ്രമത്തെ പ്രതിരോധിക്കാൻ ബിജെപിയും കച്ചമുറുക്കി പോർ നടത്താനൊരുങ്ങുകയാണ്. ഇന്ന് ബിൽ രാജ്യസഭയിൽ ചർച്ചയാകാനിരിക്കേ നിർബന്ധമായും ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി എല്ലാ എംപിമാർക്കും രണ്ട് കക്ഷികളും അറിയിപ്പ് നൽകിയിട്ടുണ്ട്.

രാജ്യസഭയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം കുറവാണ്. ഇതിനാൽ തന്നെ ബില്ലിനെ പരാജയപ്പെടുത്താനുള്ള തങ്ങളുടെ ശ്രമം ലക്ഷ്യം കാണുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. രാജ്യസഭ കൂടുമ്പോൾ തങ്ങളുടെ എംപിമാരെല്ലാം ഇന്നു സഭയിലുണ്ടാകുമെന്ന് ഉറപ്പിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി. മറ്റു കക്ഷികളുടെ പിന്തുണയോടെ ബിൽ പാസാക്കിയെടുക്കുന്നതിനുള്ള അംഗസംഖ്യ തികയ്ക്കാനുള്ള അണിയറ നീക്കം ബിജെപിയും ശക്തമാക്കി.

മുത്തലാഖ് ചൊല്ലുന്ന ഭർത്താവിനു 3 വർഷം ജയിൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും വിവാദ വ്യവസ്ഥ ഒഴിവാക്കാതെ ബിൽ പാസാക്കാൻ അനുവദിക്കില്ലെന്നുമാണു കോൺഗ്രസ് നിലപാട്. ഇതിനിടെ, പാർലമെന്റിൽ ബില്ലിനെ എതിർക്കണമെന്ന് അഭ്യർത്ഥിച്ചു മുസ്ലിം വ്യക്തി നിയമ ബോർഡ് എംപിമാർക്കു കത്തയച്ചു. ബിൽ കിരാതവും മുസ്ലിം സമുദായത്തിനു നേർക്കുള്ള കടന്നു കയറ്റവുമാണെന്നു ബോർഡ് വനിതാ വിഭാഗം മേധാവി ഡോ. അസ്മ സെഹ്‌റ കത്തിൽ പറയുന്നു. സിവിൽ നിയമത്തിന്റെ ഭാഗമായുള്ള മുസ്ലിം വിവാഹ ഉടമ്പടിയിൽ ക്രിമിനൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്നത് അംഗീകരിക്കാനാവില്ല.

മറ്റു മതങ്ങളിലും വിവാഹമോചനം നിലനിൽക്കെ, മുസ്ലിം ഭർത്താക്കന്മാർക്കു മാത്രമുള്ള പ്രത്യേക നിയമം ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനമാണിത്. ബില്ലിനെതിരെ മുൻപ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ രണ്ടു കോടിയിലധികം മുസ്ലിം വനിതകൾ പങ്കെടുത്തു. സമുദായം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങൾ മനസ്സിലാക്കാത്ത സർക്കാർ, ബിൽ അടിച്ചേൽപിക്കുകയാണെന്നും കത്തിൽ ആരോപിച്ചു.

മുത്തലാഖ് ബിൽ രാജ്യസഭയിൽ വോട്ടിനിട്ടാൽ ഭരണകക്ഷിയെ മുട്ടുകുത്തിക്കാമെന്ന ആത്മവിശ്വാസത്തോടെ പ്രതിപക്ഷം. 244 അംഗ സഭയിൽ കോൺഗ്രസിനു പുറമേ 14 കക്ഷികളും സ്വതന്ത്രരും നോമിനേറ്റഡ് അംഗവും ചേരുമ്പോൾ പ്രതിപക്ഷത്തിന്റെ അംഗബലം 117 ആകും. അണ്ണാ ഡിഎംകെ (13) കൂടി ചേർന്നാൽ 130 ആകും.ബില്ലിനെ രാജ്യസഭയിലും എതിർക്കുമെന്ന് അണ്ണാഡിഎംകെ നേതാവും ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ പറഞ്ഞു. ബില്ലിനെ ഡിഎംകെയും എതിർക്കുമെന്നും ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നാണു നിലപാടെന്നു കനിമൊഴി എംപി പറഞ്ഞു. ബിജെഡി (9), ടിആർഎസ് (6) എന്നിവ ഒപ്പം നിന്നാലും 113നു മുകളിൽ ഭരണകക്ഷിയുടെ അംഗബലം ഉയരില്ലെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP