Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരേഷ് ഗോപി ഫണ്ട് വിനിയോഗത്തിൽ ഇടത് എംപിമാരെയെല്ലാം കടത്തിവെട്ടിയോ? മറ്റുള്ളവരേക്കാൾ മൂന്നിരട്ടി തുക ചിലവഴിച്ചെന്ന പ്രചരണവുമായി സംഘപരിവാറുകാർ; കല്ലുവച്ച നുണയെന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ ഫണ്ട് വിനിയോഗത്തിന്റെ വിവരം പുറത്തുവിട്ട് എം ബി രാജേഷ് എംപി

സുരേഷ് ഗോപി ഫണ്ട് വിനിയോഗത്തിൽ ഇടത് എംപിമാരെയെല്ലാം കടത്തിവെട്ടിയോ? മറ്റുള്ളവരേക്കാൾ മൂന്നിരട്ടി തുക ചിലവഴിച്ചെന്ന പ്രചരണവുമായി സംഘപരിവാറുകാർ; കല്ലുവച്ച നുണയെന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ ഫണ്ട് വിനിയോഗത്തിന്റെ വിവരം പുറത്തുവിട്ട് എം ബി രാജേഷ് എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റുനോറ്റുന്ന് ബിജെപിക്ക് ഒരു എംഎൽഎയെ ലഭിച്ചത് ഇപ്രാവശ്യമാണ്. നേമത്തു നിന്നും ഒ രാജഗോപാൽ വിജയിച്ചു കയറിയതോടെ ബിജെപി പ്രവർത്തകർ ആവേശത്തിലായിരുന്നു. ഇത് കൂടാതെ ബിജെപിക്ക് സന്തോഷിക്കാൻ വക നൽകിയത് രാജ്യസഭാ എംപിയായി സുരേഷ് ഗോപിയെ പ്രധാനമന്ത്രി തന്നെ നോമിനേറ്റ് ചെയ്തതുമായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറോടെയാണ് സുരേഷ് ഗോപി എംപിയായത്. അതിന് ശേഷം അധികം സമയം രാജ്യസഭയിൽ ചെലവഴിക്കാൻ പോലും സുരേഷ് ഗോപിക്ക് സാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ സമ്മേളന കാലമാകട്ടെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ബഹളങ്ങളിൽ മുങ്ങി.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ഫണ്ട് വിനിയോഗത്തിൽ സുരേഷ് ഗോപി കേരളത്തിൽ നിന്നുള്ള മറ്റ് മിടുക്കന്മാരായ എംപിമാരെയും കടത്തിവെട്ടി എന്ന വിധത്തിലുള്ള പ്രചരണമാണ് സോഷ്യൽ മീഡിയയിൽ ബിജെപി അനുഭാവികൾ നടത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് മറ്റ് എംപിമാരെയെല്ലാം മറികടന്നുവെന്നാണ് പ്രചണരം ഉണ്ടായത്. എന്നാൽ, ഈ നുണ പ്രചരണത്തെ പൊളിച്ചു കൊണ്ടാണ് പാലക്കാട് എംപി എം ബി രാജേഷ് രംഗത്തുവന്നത്. സുരേഷ്‌ഗോപിയുടെ എംപി ഫണ്ട് വിനിയോഗത്തിന്റെ കണക്കു സഹിതമാണ് രാജേഷ് സംഘപരിവാർ പ്രചരണത്തെ പൊളിച്ചത്.

പ്രധാനമായും എം ബി രാജേഷ് ചെലവഴിച്ചതിൽ കൂടുതൽ പണം സുരേഷ് ഗോപി ചിലവഴിച്ചു എന്നായിരുന്നു സംഘപരിവാർ പ്രചരണം. ഇതിനാണ് രാജേഷ് ഫേസ്‌ബുക്കിലൂടെ മറുപടി നൽകിയത്. മാസങ്ങൾക്ക് മുമ്പു ചുമതലയേറ്റ സുരേഷ് ഗോപി എംപി ഫണ്ടിൽ നിന്നും ചെലവാക്കിയത് വെറും 28 ലക്ഷം രൂപയാണെന്നാണ് രാജേഷ് പറയുന്നത്. അദ്ദേഹത്തിന് അനുവദിച്ച തുയിലെ 5.5 ശതമാനം മാത്രമാണിതെന്നും രാജേഷ് വ്യക്തമാക്കുന്നു. അതോടൊപ്പം തന്റെ എംപി ഫണ്ട് വിനിയോഗത്തിന്റെ വിവരവും രാജേഷ് പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോഴത്തെ കണക്ക് പ്രകാരം 77.17% തുക തന്റെ എംപി.ഫണ്ടിൽ നിന്നും ചെലവഴിക്കപ്പെട്ടുവെന്നും കഴിഞ്ഞ ടേമിൽ നൂറു ശതമാനം തുകയും ചെലവഴിച്ചുവെന്നും രാജേഷ് അവകാശപ്പെടുന്നു. ഇതാണ് വസ്തുത എന്നിരിക്കേ സുരേഷ് ഗോപിയെ മുൻനിർത്തി വ്യാജ പ്രചരണം നടത്തരുതെന്നും രാജേഷ് അഭ്യർത്ഥിക്കുന്നു. രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

സംഘി നുണ പ്രചരണത്തിലെ ഏറ്റവും പുതിയ മാതൃക. ഞാൻ ചിലവഴിച്ചതിനേക്കാൾ മൂന്നിരട്ടി അധികമായി എംപി.ഫണ്ട് ശ്രീ.സുരേഷ് ഗോപി ചെലവാക്കിയെന്ന മുട്ടൻ നുണ പ്രചരിപ്പിക്കുന്നതായി സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. എന്നാൽ വസ്തുത ഇതാണ്. മാസങ്ങൾക്ക് മുൻപ് ചുമതലയേറ്റ സുരേഷ് ഗോപിയുടെ എംപി. ഫണ്ടിൽ നിന്നും ചെലവായിട്ടുള്ളത് വെറും 28 ലക്ഷം രൂപ മാത്രമാണ്. അതായത് വെറും 5.5 ശതമാനം മാത്രം! ഇപ്പോഴത്തെ കണക്ക് പ്രകാരം 77.17% തുക എന്റെ എംപി.ഫണ്ടിൽ നിന്നും ചെലവഴിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ടേമിൽ നൂറു ശതമാനം തുകയും ചെലവഴിച്ചിട്ടുമുണ്ട്. സുരേഷ് ഗോപി എംപി.ഫണ്ട് 5 % മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്നത് ചൂണ്ടിക്കാണിക്കാനോ, അതിന്റെ പേരിൽ അദ്ദേഹത്തെ ചെറുതായി കാണിക്കാനോ ആഗ്രഹിക്കുന്നില്ല.അദ്ദേഹത്തെ മുൻനിർത്തി അദ്ദേഹത്തിന്റെ അനുയായികൾ നടത്തുന്ന വ്യാജപ്രചരണത്തെ തുറന്ന് കാണിക്കാൻ നിർബന്ധിതനായെന്ന് മാത്രം.

രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ ഇടതു അനുഭാവികൾ ആഘോഷമാക്കിയിട്ടുണ്ട്. സംഘപരിവാർ നുണപ്രചണരത്തെ പൊളിച്ചു എന്ന വിധത്തിലാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ദേശീയ തലത്തിൽ ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിൽ മിക്ക എംപിമാരും പിന്നിലാണ്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, നിയമമന്ത്രി ഡിവി സദാനന്ദ ഗൗഡ, ജലവിഭവമന്ത്രി ഉമാഭാരതി, രാസവളം മന്ത്രി അനന്ത്കുമാർ, ചെറുകിടവ്യവസായ മന്ത്രി കൽരാജ് മിശ്ര, ബിജെപി നേതാവ് മുരളി മനോഹർ ജോഷി എന്നിവർ ഒരു രൂപപോലും സ്വന്തം മണ്ഡലത്തിൽ ചെലവാക്കാത്ത എംപിമാരാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഫണ്ടുപയോഗിക്കാത്തവരിൽ ഒന്നാം സ്ഥാനത്താണ് ഉത്തർപ്രദേശിലെ എംപിമാർ. മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പദ്ധതി നിർവഹണ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച 2015 മെയ് 15 വരെയുള്ള വിവരങ്ങൾ അനുസരിച്ചാണ് ഭൂരിഭാഗം മന്ത്രിമാരും ഫണ്ടുപയോഗിച്ചിട്ടില്ല എന്ന് വ്യക്തമാവുന്നത്. അതേസമയം കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള എംപിമാർ ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ചതിൽ മുന്നിലാണ്.

1993 ഡിസംബറിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലാണ് കേന്ദ്രസർക്കാർ എംപി ലാഡ് ഫണ്ട് (MP Local Area Development fund) ആരംഭിക്കുന്നത്. തൊട്ടടുത്ത വർഷം എംപി ഫണ്ട് വിനിയോഗം സ്റ്റാറ്റിറ്റിക്‌സ് മന്ത്രാലയത്തിന് കീഴിലേക്കു മാറ്റി. തുടക്കത്തിൽ അഞ്ചുലക്ഷം രൂപ മാത്രമായിരുന്നു മണ്ഡലത്തിൽ വികസനപ്രവർത്തനം നടത്താൻ എംപിമാർക്ക് എംപി ഫണ്ടായി സർക്കാർ അനുവദിച്ചിരുന്നത്. എന്നാൽ 1994-95 ൽ ഇത് ഒരു കോടിയായും 1998-99 ൽ രണ്ടു കോടിയായും പിന്നീട് 2011-12 മുതൽ അഞ്ചു കോടിയായും വർധിപ്പിച്ചു. എന്നാൽ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ റിപോർട്ട് അനുസരിച്ച് 2014-15 സാമ്പത്തികവർഷം രാജ്യത്ത് ചെലവഴിക്കപ്പെട്ട എംപി ഫണ്ട് വെറും 5.4 ശതമാനമാണ്! 5430 കോടി രൂപ ഉപയോഗപ്പെടുത്തിയില്ല എന്ന് ചുരുക്കം.\

സോണിയയും എസ്‌പി അധ്യക്ഷൻ മുലായം സിങ് യാദവും എംപി ഫണ്ട് മണ്ഡലത്തിൽ വിനിയോഗിക്കാത്ത പ്രമുഖരുടെ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. എംപിമാർ ശുപാർശ ചെയ്ത പ്രവൃത്തികളുടെ പൂർത്തീകരണത്തിൽ വരുന്ന കാലതാമസമാണ് ഫണ്ട് ലഭ്യമാവാതിരിക്കാൻ കാരണം. വിനിയോഗത്തിലുണ്ടാവുന്ന കാലതാമസം പദ്ധതി ചെലവ് വർധിക്കുന്നതിനും കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കാനുള്ള കാലതാമസത്തിനും ഇടയാക്കും. ചെലവഴിക്കുന്ന മുറയ്ക്കു മാത്രമേ എംപി ഫണ്ടിന്റെ അടുത്ത ഗഡു കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് അനുവദിക്കൂ. ഇക്കാരണത്താൽ ഫണ്ട് വിനിയോഗത്തിലെ കാലതാമസം ഫണ്ട് ലഭിക്കുന്നതിനുകൂടി തടസ്സമായി മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP