Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണിപ്പൂരിൽ ആരുടെ സർക്കാർ ഭരിക്കുമ്പോഴാണ് സർക്കാർ ഓഫീസുകളിൽ ഗാന്ധിജിയുടെ ചിത്രം അനുവദിക്കാതിരുന്നത്? ദേശീയ ഗാനം സ്‌കൂളുകളിൽ ആലപിക്കാൻ അനുവദിക്കാതിരുന്നത് ആരുടെ കാലത്ത്? കോൺഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി; അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി

മണിപ്പൂരിൽ ആരുടെ സർക്കാർ ഭരിക്കുമ്പോഴാണ് സർക്കാർ ഓഫീസുകളിൽ ഗാന്ധിജിയുടെ ചിത്രം അനുവദിക്കാതിരുന്നത്? ദേശീയ ഗാനം സ്‌കൂളുകളിൽ ആലപിക്കാൻ അനുവദിക്കാതിരുന്നത് ആരുടെ കാലത്ത്? കോൺഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി; അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭ വോട്ടിനിട്ട് തള്ളി. ശബ്ദവോട്ടോടെയാണ് പ്രമേയം തള്ളിയത്. ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി ബിരേൻ സിങ് സർക്കാരിന്റെ പ്രവർത്തനങ്ങളെ ശരിവയ്ക്കുകയും ചെയ്തു.

കോൺഗ്രസിന്റെ ഭരണമാണ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് മോദി കുറ്റപ്പെടുത്തി. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരുവികസനവും ഉണ്ടാകുന്നില്ലെന്ന് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉറപ്പാക്കി. 1956 മാർച്ച് 5 ന്, മിസോറാമിലെ നിരപരാധികളായ മനുഷ്യർക്ക് നേരേ കോൺഗ്രസ് വ്യോമസേനയുടെ ആക്രമണം അഴിച്ചുവിട്ടു. സംസ്ഥാനത്തിന് ഇപ്പോഴും ആ വേദന മറക്കാനാവുന്നില്ല.

സർക്കാർ ഓഫീസുകളിൽ ഗാന്ധിജിയുടെ ചിത്രം അനുവദിക്കാതിരുന്ന കാലത്തും, സ്‌കൂളുകളിൽ ദേശീയ ഗാനം പാടരുതെന്ന തീരുമാനം എടുത്തപ്പോൾ ആരുടെ സർക്കാരായിരുന്നു മണിപ്പൂർ ഭരിച്ചത്? പ്രതിപക്ഷത്തിന് രാഷ്ട്രീയത്തിന് അപ്പുറം ചിന്തിക്കാനാവുന്നില്ല, മോദി പറഞ്ഞു.

രാജ്യം മണിപ്പൂരിന് ഒപ്പമെന്ന് നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനം വീണ്ടും സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് മടങ്ങി വരും. മണിപ്പൂരിലെ അക്രമകാരികൾക്കെതിരെ കേന്ദ്രം കർശന നടപടി ഉറപ്പാക്കും. ഉടൻ തന്നെ അവിടെ സമാധാനത്തിന്റെ വെളിച്ചം കൈവരും, അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മോദി പറഞ്ഞു. പ്രസംഗത്തിൽ ഉടനീളം പ്രതിപക്ഷത്തെ കടന്നാക്രമിച്ച മോദി രാഹുൽ ഗാന്ധിക്ക് എതിരെ പരോക്ഷ വിമർശനവും നടത്തി.

ബിരേൻ സിങ് സർക്കാർ മണിപ്പൂരിൽ സമാധാനം കൊണ്ടുവരാനും, നിലനിർത്താനും കഠിനമായി പരിശ്രമിക്കുകയാണ്. സബ്ദാ സാഥ് സബ്കാ വികാസ് ഞങ്ങൾക്ക് വെറും മുദ്രാവാക്യമല്ല, വിശ്വാസ പ്രഖ്യാപനം കൂടിയാണ്. കോൺഗ്രസിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികാരം മനസ്സിലാക്കാനാവില്ല. ഞാൻ അവിടങ്ങളിൽ 50 വട്ടം പോയിട്ടുണ്ട്. ഇതുവെറും ഡാറ്റയല്ല, വടക്കുകിഴക്കിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ്.

2023 ൽ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് ഞാൻ 2018 ൽ നൽകിയ നിർദ്ദേശം പാലിച്ചതിന് പ്രതിപക്ഷത്തെ ഞാൻ അഭിനന്ദിക്കുകയാണ്. 2028 ൽ അവിശ്വാസം കൊണ്ടുവരാൻ പ്രതിപക്ഷം കുറെ കൂടി തയ്യാറെടുപ്പ് നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്.

പ്രതിപക്ഷത്തിന് ഭാരത മാതാവിനെ കൊല ചെയ്തതിനെ കുറിച്ച് സംസാരിക്കാൻ അർഹതയില്ല, കാരണം അവർ ഭാരത മാതാവിനെ മൂന്നു കഷ്ണമാക്കിയവരാണ്. പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യം ഗമാൻഡിയ സഖ്യമാണെന്നും മോദി പരിഹസിച്ചു. ഇരട്ടയക്ക പണപ്പെരുപ്പം, നയ മരവിപ്പിക്കൽ, അസ്ഥിരത, പ്രീണനം, തൊഴിലില്ലായ്മ, അക്രമം, ഭകാരവാദം എന്നിവയാണ് ഗമാൻഡിയ സഖ്യം ഉറപ്പു നൽകുന്നത്. പരാജയപ്പെട്ട ഉത്പന്നം തന്നെ കോൺഗ്രസ് വീണ്ടും വീണ്ടും പുറത്തിറക്കാൻ ശ്രമിക്കുകയാണെന്നും രാഹുലിനെ ലക്ഷ്യം വച്ച് മോദി പറഞ്ഞു.

പ്രസംഗം ഒന്നര മണിക്കൂർ പിന്നിട്ടിട്ടും മണിപ്പുർ വിഷയം പരാമർശിച്ചില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതു സത്യത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നു മോദി പറഞ്ഞു. പ്രതിപക്ഷത്തിനു രാഷ്ട്രീയക്കളി മാത്രമാണു താൽപര്യം. മണിപ്പുരിൽ കലാപത്തിനു വഴിവച്ചത് ഹൈക്കോടതി ഉത്തരവാണ്. മണിപ്പൂരിനെ കുറിച്ച് അമിത് ഷാ ഇന്നലെ വിശദമായി സംസാരിച്ചുവെന്നും മോദി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾക്കു സർക്കാരിൽ പൂർണവിശ്വാസമാണെന്നു പറഞ്ഞാണു മോദി പ്രസംഗം തുടങ്ങിയത്. ഭരണപക്ഷം 'മോദി, മോദി' എന്നു പറഞ്ഞ് ഡെസ്‌കിലടിച്ചു പ്രോത്സാഹിപ്പിച്ചു. പ്രതിപക്ഷം 'ഇന്ത്യ, ഇന്ത്യ' എന്നും മുദ്രാവാക്യം മുഴക്കി. അംഗങ്ങളോടു നിശബ്ദരാകാൻ സ്പീക്കർ ഓം ബിർല പലതവണ നിർദ്ദേശിച്ചു. പ്രസംഗം നീണ്ടുപോയപ്പോൾ, 'മണിപ്പുരിനെപ്പറ്റി പറയൂ' എന്നു പറഞ്ഞ് പ്രതിപക്ഷ നേതാക്കൾ പോസ്റ്റർ ഉയർത്തി പ്രതിഷേധിച്ചിരുന്നു.

മോദിയുടെ പ്രസംഗത്തിൽ നിന്ന്..

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങൾ ബിജെപിക്ക് എപ്പോഴും ഭാഗ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ' ഇത്തരം സന്ദർഭങ്ങൾ എനിക്ക് ഭാഗ്യമാണ്. പ്രതിപക്ഷത്തിന് ഇത് പരീക്ഷണവും. ജനങ്ങൾ അവരെ വിലയിരുത്തുകയും, ബിജെപി കൂടുതൽ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുകയും ചെയ്യുന്നതാണ് പതിവ്'.

'ദൈവം കാരുണ്യവാനാണ്. ദൈവം മറ്റൊരാളെ മാധ്യമമാക്കി മാറ്റുന്നു. പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ദൈവത്തിന്റെ അനുഗ്രഹമായി ഞാൻ കാണുന്നു', മോദി പറഞ്ഞു. 2018 ൽ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി കൊണ്ടു വന്ന അവിശ്വാസ പ്രമേയവും പ്രധാനമന്ത്രി പരാമർശിച്ചു. ' അന്നും ഞാൻ ഇങ്ങനെ പറഞ്ഞിരുന്നു, ഇത് ഞങ്ങളുടെ സർക്കാരിന്റെ ബലപരീക്ഷണമല്ല, മറിച്ച് അവരുടേതാണ്...വോട്ടെടുപ്പ് നടന്നപ്പോൾ, അവർ പിന്നിലായി', പ്രധാനമന്ത്രി പറഞ്ഞു.

' വോട്ടെടുപ്പ് നടന്നപ്പോൾ, ജനങ്ങൾ അവരിൽ അവിശ്വാസം രേഖപ്പെടുത്തി. എൻഡിഎക്കും, ബിജെപിക്കും കൂടുതൽ വോട്ടുകിട്ടി. ഒരുതരത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഞങ്ങൾക്ക് നല്ല ശകുനമാണ്. ബിജെപിയും, എൻഡിഎയും മുൻ റെക്കോഡുകൾ ഭേദിച്ച് വൻഭൂരിപക്ഷത്തോടെ മടങ്ങി വരുമെന്ന് നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞു', മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് പ്രതിപക്ഷത്തിൽ വിശ്വാസമില്ല. പ്രതിപക്ഷത്തിന് രാജ്യത്തേക്കാൾ, അധികാരത്തോടാണ് കൂറെന്ന് പലവട്ടം തെളിയിച്ചുകഴിഞ്ഞു. പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തനിക്കെതിരേ രണ്ടാം തവണയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്. 2028ൽ പ്രതിപക്ഷം വീണ്ടും തങ്ങൾക്കെതിരേ അവിശ്വാസം കൊണ്ടുവരുമെന്നും മോദി പരിഹസിച്ചു.

പ്രതിപക്ഷത്തിന് രാജ്യത്തെ ജനങ്ങളുടെ പട്ടിണി പ്രശ്‌നമല്ല, അധികാരത്തോട് ആർത്തി മാത്രം. ആവശ്യത്തിന് സമയം കിട്ടിയിട്ടും പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയചർച്ചയ്ക്കായി വേണ്ട വിധം തയ്യാറെടുക്കാനായിട്ടില്ല. അവരെ പിന്തുണയ്ക്കുന്നവർ പോലും നിരാശരാണ്. രാജ്യം നിങ്ങളെ ഉറ്റുനോക്കുകയാണ്, പക്ഷേ ഓരോ വട്ടവും നിങ്ങൾ അവരെ നിരാശപ്പെടുത്തുന്നു, മോദി പറഞ്ഞു.

പ്രതിപക്ഷം നോബോളുകളുടെ പരമ്പര തന്നെ എറിയുമ്പോൾ സർക്കാർ സിക്‌സുകൾ അടിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം അവരുടെ അധിക്ഷേപവും, മോശം പരാമർശങ്ങളും എല്ലാം ടോണിക് പോലെയാണ്. എന്തിനാണ് അവരിത് ചെയ്യുന്നത്? പ്രതിപക്ഷത്തിന് ഒരുരഹസ്യവരമുണ്ടെന്നാണ് ഞാൻ കരുതുന്നത്. അവർ ആർക്കെതിരെ സംസാരിക്കുന്നുവോ, അവർ പുഷ്ടി പ്രാപിക്കും.

നമ്മൾ ഇപ്പോൾ ഊന്നൽ കൊടുക്കേണ്ടത് രാജ്യത്തിന്റെ വികസനത്തിനാണ്. അതാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. മൂന്നുപതിറ്റാണ്ടിന് ശേഷം 2014 ലാണ് ഭൂരിപക്ഷ സർക്കാർ അധികാരത്തിൽ വരുന്നത്. 2019 ൽ ഭൂരിപക്ഷം കൂടിയത് എൻഡിഎ സർക്കാരിന്റെ മികച്ച ട്രാക്ക് റെക്കോഡ് കാരണമാണ്. രാജ്യത്തെ യുവാക്കൾക്കായി അഴിമതി രഹിത ഭരണമാണ് ഞങ്ങൾ സമ്മാനിച്ചത്. തുറന്നആകാശത്ത് ഉയരത്തിൽ പറക്കാനുള്ള അവസരവും ധൈര്യവും അവർക്ക് ഞങ്ങൾ നൽകി, മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP