Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും മൂന്ന് തൊഴിൽ ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ; സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ പിരിച്ചുവിടാം; വനിതാ ജീവനക്കാർ ഉപാധിയോടെ രാത്രിയിലും തൊഴിൽ ചെയ്യാൻ അനുമതി; ലോക് സഭയ്ക്ക് പിന്നാലെ രജസഭയിലും തൊഴിൽ ബില്ലുകൾ പാസാക്കി; അടിമുടി മാറ്റം  

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും മൂന്ന് തൊഴിൽ ബില്ലുകൾ പാസാക്കി. കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വ്യവസായ ശാലകളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൾ രാജ്യസഭയിലും പാസായത്. അതേസമയം രാജ്യസഭ അനിശ്ചിത കാലത്തേയ്ക്ക് പിരിയാൻ തീരുമാനിച്ചതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു.

എട്ട് രാജ്യസഭ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം എന്ന നിലയിൽ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. പാർലമെന്റിന് പുറത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മൂന്ന് സുപ്രധാന തൊഴിൽ ബില്ലുകൾ രാജ്യസഭ പാസാക്കിയത്. തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതാണ് ഒരു ബിൽ. വ്യാവസായിക ബന്ധ ബില്ലാണ് മറ്റൊന്ന്. സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ ബിൽ. ചൊവ്വാഴ്ചയാണ് ലോക്സഭയിൽ ഈ മൂന്ന് ബില്ലുകളും പാസാക്കിയത്.

തൊഴിലാളികൾ സമരം ചെയ്യുന്നതിന് മുൻപ് 60 ദിവസത്തെ നോട്ടീസ് നൽകണമെന്നതാണ് വ്യാവസായിക ബന്ധ ബില്ലിലെ സുപ്രധാന വ്യവസ്ഥ. 300 ജീവനക്കാർ വരെ പണിയെടുക്കുന്ന സ്ഥാപനങ്ങളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പിരിച്ചുവിടാം. നേരത്തെ ഇത് നൂറ് ആയിരുന്നു. ജീവനക്കാരുടെ കാര്യത്തിൽ തൊഴിലുടമകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് വ്യാവസായിക ബന്ധ ബിൽ. അസംഘടിത തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ ദേശീയ സോഷ്യൽ സെക്യൂരിറ്റി ബോർഡിന് രൂപം നൽകാൻ നിർദേശിക്കുന്നതാണ് സോഷ്യൽ സെക്യൂരിറ്റി ബിൽ.

വനിതാ ജീവനക്കാർക്ക് ചില ഉപാധികളോടെ രാത്രിയിലും ജോലി ചെയ്യാൻ അനുവദിക്കാമെന്ന് തൊഴിൽ സുരക്ഷാ ബിൽ പറയുന്നു. സുരക്ഷ, തൊഴിൽ സമയം, അവധി, വനിതാ ജീവനക്കാരുടെ അനുമതി തുടങ്ങിയ ഉപാധികൾ സ്ഥാപനങ്ങൾ പാലിക്കണം. ഇതര സംസ്ഥാനങ്ങളിൽ മാസം 18000 രൂപ വരെ ശമ്പളം വാങ്ങുന്നവരെ കുടിയേറ്റ തൊഴിലാളികളായി തൊഴിൽ സുരക്ഷാ ബിൽ നിർവചിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP