Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എൻഐഎ ഭേദഗതി ബിൽ ചർച്ചക്കിടെ 'ഹിന്ദുത്വ ഭീകരർ' എന്നു പരാമർശിച്ച കെ കെ രാഗേഷ്; 'ഒരു മതത്തേയും ഇതിൽ വലിച്ചിഴക്കേണ്ടതില്ല, മറ്റാരെങ്കിലും വേറെ ഏതെങ്കിലും മതത്തെപ്പറ്റി പറയും' എന്നു പറഞ്ഞ് ശാസിച്ച് വെങ്കയ്യ നായിഡു; ഹിന്ദുത്വ ഗ്രൂപ്പുകൾ ഉൾപ്പെട്ട മക്ക മസ്ജിദ്, മലേഗാവ് സ്‌ഫോടന കേസുകൾ എണ്ണിപ്പറഞ്ഞ് ഇടതു എംപിയുടെ മറുപടി: ഇന്നലെ രാജ്യസഭയിൽ നടന്നത്

എൻഐഎ ഭേദഗതി ബിൽ ചർച്ചക്കിടെ 'ഹിന്ദുത്വ ഭീകരർ' എന്നു പരാമർശിച്ച കെ കെ രാഗേഷ്; 'ഒരു മതത്തേയും ഇതിൽ വലിച്ചിഴക്കേണ്ടതില്ല, മറ്റാരെങ്കിലും വേറെ ഏതെങ്കിലും മതത്തെപ്പറ്റി പറയും' എന്നു പറഞ്ഞ് ശാസിച്ച് വെങ്കയ്യ നായിഡു; ഹിന്ദുത്വ ഗ്രൂപ്പുകൾ ഉൾപ്പെട്ട മക്ക മസ്ജിദ്, മലേഗാവ് സ്‌ഫോടന കേസുകൾ എണ്ണിപ്പറഞ്ഞ് ഇടതു എംപിയുടെ മറുപടി: ഇന്നലെ രാജ്യസഭയിൽ നടന്നത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി ഭേദഗതി ബില്ലിന്മേൽ രാജ്യസഭയിൽ നടന്ന ചർച്ചക്കിടെ സിപിഐ.എം എംപി കെ.കെ രാഗേഷിന്റെ 'ഹിന്ദുത്വ ഭീകരർ' എന്ന പ്രയോഗത്തിൽ തിരുത്തമായി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു. ഹിന്ദുത്വ ഗ്രൂപ്പുകൾ ഭാഗമായ ഭീകരവാദ കേസുകളിൽ എൻ.ഐ.എ സ്വീകരിച്ച നിലപാടുകൾ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ടെന്ന് കെ.കെ രാഗേഷ് സഭയിൽ ചൂണ്ടിക്കാട്ടിയപ്പോഴാണ് വെങ്കയ്യ നായിഡു ഇടപെട്ട് സംസാരിച്ചത്. 'ഒരു മതത്തേയും ഇതിൽ വലിച്ചിഴക്കേണ്ടതില്ല. മറ്റാരെങ്കിലും വേറെ ഏതെങ്കിലും മതത്തെപ്പറ്റി പറയും' എന്നു പറഞ്ഞ് വെങ്കയ്യ നായിഡു പ്രസംഗത്തിനിടെ ഇടപെടുകയായിരുന്നു.

എന്നാൽ ഹിന്ദുത്വ എന്നത് ഒരു മതമല്ലെന്ന് കെ.കെ രാഗഷ് ഉടൻ മറുപടി നൽകി. 'ഹിന്ദുയിസത്തെയല്ല താൻ കുറ്റപ്പെടുത്തുന്നത്. ഇസ്ലാമിസ്റ്റ് ഭീകരവാദമുണ്ട്, ഹിന്ദുത്വ ഭീകരവാദവുമുണ്ട്. ' എന്നും രാഗേഷ് പ്രതികരിച്ചു. തുടർന്ന് ഹിന്ദുത്വ ഗ്രൂപ്പുകൾ പ്രതിസ്ഥാനത്തുവന്ന കേസുകൾ എടുത്തുപറഞ്ഞ് രാഗേഷ് വെങ്കയ്യ നായിഡുവിന് മറുപടി നൽകുകയും ചെയ്തു. 'മക്കാ മസ്ജിദ് സ്ഫോടനക്കേസിലും അജ്മീർ ശരീഫ് സ്ഫോടനക്കേസിലും സംഭവിച്ചതെന്താണ്. മുസ്ലിം ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുമ്പോൾ പ്രതികൾ പിടിക്കപ്പെടുന്നില്ല.' എന്നും രാഗേഷ് പറഞ്ഞു.

ഇതിനിടയിലും വെങ്കയ്യ നായിഡു ഇടപെട്ടു. 'ഒരു മതവിഭാഗത്തിന്റെ പേരും സഭാ രേഖകളിൽ രേഖപ്പെടുത്തില്ല. നിങ്ങൾക്ക് പറയേണ്ടത് പറയാം' എന്നായിരുന്നു നായിഡു പറഞ്ഞത്. എന്നാൽ മലേഗാവ് സ്ഫോടനക്കേസിന്റെ കാര്യവും രാഗേഷ് ചൂണ്ടിക്കാട്ടി. ഹിന്ദുത്വ ഭീകരസംഘടനയുടെ നേതാവായ ഈ കേസിലെ മുഖ്യപ്രതിയെ വിട്ടയക്കുന്ന രീതിയാണ് എൻ.ഐ.എ സ്വീകരിച്ചത്. പിന്നീട് എൻ.ഐ.എയുടെ നിലപാട് കോടതി റദ്ദാക്കുകയായിരുന്നു. കേസ് ദുർബലപ്പെടുത്താൻ എൻ.ഐ.എ സമ്മർദ്ദം ചെലുത്തുന്നതായി പബ്ലിക് പ്രോസിക്യൂട്ടർക്കുപോലും പരസ്യമായി പറയേണ്ടിവന്നെന്നും രാഗേഷ് വ്യക്തമാക്കി.

കേസിലെ പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ പോലും എൻ.ഐ.എ എതിർത്തില്ല. 68 നിരപരാധികൾ ക്രൂരമായി കൊല്ലപ്പെട്ട സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിന് എന്തു സംഭവിച്ചു. ഒരു പ്രത്യേക ഭീകരവാദ ഗ്രൂപ്പിനെതിരെ കേസുവരുമ്പോൾ അന്വേഷണം നിർത്തിവെക്കുന്നു. അല്ലെങ്കിൽ മയപ്പെടുത്തുന്നു. അതാണ് എൻ.ഐ.എ സ്വാധീനിക്കപ്പെടുന്നുണ്ടെന്ന് പറയാൻ കാരണം. മേൽപറഞ്ഞ കേസുകളിലെല്ലാം മുസ്ലീങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും രാഗേഷ് ചൂണ്ടിക്കാട്ടി. ഈ വേളയിലും വെങ്കയ്യ നായിഡു ഇടപെടുകയും ഈ പരാമർശവും രേഖപ്പെടുത്തില്ലെന്ന് പറയുകയും ചെയ്തു.

രാജ്യസഭയിൽ രാഗേഷ് സംസാരിച്ചത് ഇങ്ങനെ:

ദേശസുരക്ഷയുടെ കാര്യത്തിൽ ഭരണ-പ്രതിപക്ഷ ഭേദമില്ല. ദേശസുരക്ഷയ്ക്ക് തന്നെയാണ് പ്രാഥമിക പരിഗണന നൽകേണ്ടത്. എന്നാൽ ഭരണക്ഷിയുടെ സമീപനത്തിൽ നിന്നും വ്യത്യസ്തമായി ഇടതുപക്ഷം എല്ലാതരത്തിലുള്ള ഭീകരതയെയും എതിർത്തിട്ടുണ്ട്. ഭരണത്തിലിരിക്കുന്നവർ പക്ഷേ ചിലതിനെ എതിർക്കുകയും മറ്റു ചിലതിനെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതിനുവേണ്ടി എൻ.ഐ.എ. ഉൾപ്പെടെയുള്ള ദേശീയ ഏജൻസികളെ ദുരുപയോഗം ചെയ്യുകയുമാണ്.

2008ൽ എൻ.ഐ.എ. നിയമം പാർലമെന്റ് പാസ്സാക്കുന്ന ഘട്ടത്തിൽ തന്നെ നിയമത്തിലെ ചില പ്രത്യേക വ്യവസ്ഥകളോടുള്ള ഇടതുപക്ഷത്തിന്റെ എതിർപ്പ് ചൂണ്ടിക്കാണിച്ചിരുന്നു. ഈ നിയമത്തിലെ പല വ്യവസ്ഥകളും ഭരണകക്ഷിക്ക് ദുരുപയോഗിക്കാൻ കഴിയും. കേസെടുക്കുമ്പോഴോ അന്വേഷണം നടത്തുമ്പോഴോ ചാർജ്ജ് ഷീറ്റ് നൽകുമ്പോഴോ സംസ്ഥാന അന്വേഷണ ഏജൻസികളെ ഇതുമായി ബന്ധപ്പെടുത്തുന്നില്ല എന്നതാണ് മറ്റൊരു കുറവ്. സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ചിരുന്നുവെങ്കിൽ സുതാര്യമായ അന്വേഷണം നടത്തുന്നതിന് കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്ന സംസ്ഥാന ഇന്റലിജൻസ് സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുമായിരുന്നു. എന്നാൽ ഇതൊന്നും ചെയ്യാതെ കേന്ദ്ര സർക്കാറിന് പരമാധികാരം നൽകുന്ന വിധത്തിലാണ് നിയമം പാസ്സാക്കിയത്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ അനുഭവം പരിശോധിച്ചാൽ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കുവേണ്ടി എൻ.ഐ.എ. ഉൾപ്പെടെയുള്ള ഏജൻസികളെ ദുരുപയോഗിച്ചതായി കാണാം. ഹിന്ദുത്വഭീകരസംഘടനകൾ പ്രതിസ്ഥാനത്ത് വരുന്ന കേസുകൾ ദുർബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്ത് കുപ്രസിദ്ധിനേടുകയാണ് എൻ.ഐ.എ. മക്കാമസ്ജിദ്, അജ്മീർ ഷെറീഫ് സ്ഫോടനക്കേസുകൾക്ക് എന്താണ് സംഭവിച്ചത് എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. മുസ്ലിം ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ ഭീകരാക്രമണങ്ങൾക്ക് വിധേയമാകുന്ന കേസുകൾ എൻ.ഐ.എ.യെ ഉപയോഗിച്ചുകൊണ്ട് ദുർബലപ്പെടുത്തുന്നതിന്റെയോ ഇല്ലാതാക്കുന്നതിന്റെയോ ഉദാഹരണമാണ് ഇത്. മാലേഗാവ് സ്ഫോടനത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഹിന്ദുത്വ ഭീകരസംഘടനയുടെ നേതാവായ ഈ കേസിലെ മുഖ്യപ്രതിയെ വിട്ടയക്കുന്ന രീതിയാണ് സ്വീകരിച്ചത്. പിന്നീട് എൻ.ഐ.യുടെ നിലപാട് കോടതി റദ്ദാക്കുകയായിരുന്നു. കേസ് ദുർബലപ്പെടുത്തുവാൻ എൻ.ഐ.എ. സമ്മർദ്ദം ചെലുത്തുന്നതായി പബ്ലിക് പ്രോസിക്യൂട്ടർക്ക് പോലും പരസ്യമായി പറയേണ്ടിവന്നു.

മുഖ്യപ്രതിയുടെ ജാമ്യഹരജി എതിർക്കാൻ പോലും എൻ.ഐ.എ. തയ്യാറായില്ല. 68 നിരപരാധികൾ കൊല്ലപ്പെട്ട സംഝോധ എക്സ്പ്രസ്സ് കേസിന്റെയും സ്ഥിതി മറിച്ചല്ല. അന്വേഷണഘട്ടത്തിൽ ഹിന്ദുത്വ തീവ്രവാദ സംഘടനകൾ ഉൾപ്പെടും എന്ന സ്ഥിതിവന്നപ്പോഴാണ് അതും അട്ടിമറിക്കപ്പെട്ടത്. ഇത്തരത്തിലുള്ള കേസുകളിലെല്ലാം സാക്ഷികൾ കൂറുമാറുന്നതും എൻ.ഐ.എ. മുൻകൈയെടുത്ത് കേസ് ദുർബലപ്പെടുത്തുന്നതും നിത്യസംഭവമായി. ഈ കേസുകളിൽ പലതിലും ന്യൂനപക്ഷവിഭാഗത്തിൽപെട്ട ചെറുപ്പക്കാരെ വർഷങ്ങളോളം കുറ്റമാരോപിച്ച് ജയിലിലടച്ചത് വിസ്മരിക്കാനാവില്ല. എൻ.ഐ.എ.യെ ദുരുപയോഗപ്പെടുത്തുന്ന പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനയ്ക്ക് ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP