Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയും മകനും പാർട്ടി നടത്തും, മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യും; നാം രണ്ട് നമുക്ക് രണ്ട് എന്നാൽ കോൺ​ഗ്രസിൽ ഇങ്ങനെയെന്ന് നിർമ്മല സീതാരാമൻ; രാഹുലിന്റെ പരിഹാസത്തിന് ലോക്സഭയിൽ തന്നെ മറുപടി നൽകി കേന്ദ്ര ധനമന്ത്രി

അമ്മയും മകനും പാർട്ടി നടത്തും, മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യും; നാം രണ്ട് നമുക്ക് രണ്ട് എന്നാൽ കോൺ​ഗ്രസിൽ ഇങ്ങനെയെന്ന് നിർമ്മല സീതാരാമൻ; രാഹുലിന്റെ പരിഹാസത്തിന് ലോക്സഭയിൽ തന്നെ മറുപടി നൽകി കേന്ദ്ര ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ നാം രണ്ട് നമുക്ക് രണ്ട് പരിഹാസത്തെ തിരിച്ചടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമാൻ. രണ്ടു പേർക്കായി മറ്റ് രണ്ടുപേർ നടത്തുന്ന ഭരണമാണ് ഇന്ത്യയിൽ എന്നായിരുന്നു ഹം ദോ ഹമാരാ ദോ എന്ന കുടുംബാസൂത്രണകാലത്തെ മുദ്രാവാക്യം അനുസ്മരിച്ച് രാഹുൽ പറ‍ഞ്ഞത്. ഇതിന് നിർമ്മലാ സീതാരാമൻ ലോക്സഭയിൽ തന്നെ മറുപടി നൽകുകയായിരുന്നു. അമ്മയും മകനും പാർട്ടി നടത്തും. മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യും എന്നായിരുന്നു ലോക്‌സഭയിൽ ധനമന്ത്രിയുടെ പരിഹാസം.

ലോക്‌സഭയിൽ ബജറ്റിനെക്കുറിച്ചുള്ള ചർച്ചക്കുള്ള മറുപടിയിലാണ് രാഹുലിന്റെ പ്രസംഗത്തിന് ധനമന്ത്രി ശക്തമായ തിരിച്ചടി നൽകിയത്. മുൻകാലത്ത് കോൺഗ്രസ് വളരെ നല്ല പദ്ധതികൾ കൊണ്ടുവന്നു. എന്നാൽ പദ്ധതി സുതാര്യവും ഇച്ഛാശക്തിയോടെയും നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. ഇതോടെ നാം രണ്ട് നമുക്ക് രണ്ട് പോലുള്ള ചങ്ങാതിമാർക്ക് ഉപകാരപ്പെടുകയായിരുന്നു എന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

നാം രണ്ട് നമുക്ക് രണ്ട് എന്ന പഴയ മുദ്രാവാക്യത്തിന് പുതിയ മാനങ്ങൾ നൽകുകയാണ് കേന്ദ്ര സർക്കാരെന്ന വിമർശനമായിരുന്നു കേൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കഴിഞ്ഞ ദിവസം പാർലമെന്റിൽ ഉയർത്തിയത്. ലോക്സഭയിൽ, ഭരണപക്ഷ അം​ഗങ്ങളുടെ ബ​ഹളത്തിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ​ഗാന്ധി ഉയർത്തിയത്. രണ്ടു പേർ മറ്റ് രണ്ടുപേർക്കായി നടത്തുന്ന ഭരണമാണിത് എന്നായിരുന്നു രാഹുലിന്റെ വിമർശനം. അങ്ങനെ നാലുപേർ ചേർന്നാണീ രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. അതേസമയം, ആരുടെയും പേര് പരാമർശിക്കാൻ രാഹുൽ തയ്യാറായില്ല. എല്ലാവർക്കും ആളുകളെ അറിയാമല്ലോ എന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ നിലപാട്.

'നാം രണ്ട്, നമുക്ക് രണ്ട്', എന്ന തത്വത്തിലാണ് മോദി സർക്കാർ ഓടുന്നത്. ജിഎസ്‍ടി, നോട്ട് നിരോധനം, ലോക്ക്ഡൗൺ, കർഷകനിയമങ്ങൾ എന്നിങ്ങനെ തന്ത്രപ്രധാനമായ എല്ലാ തീരുമാനങ്ങളും ഇങ്ങനെയാണ് മോദി എടുത്തതെന്നും രാഹുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ബജറ്റ് ചർച്ചയിൽ രാഹുൽ സംസാരിച്ചത് കർഷകനിയമങ്ങളെക്കുറിച്ച് മാത്രമാണ്. പ്രസംഗത്തിനൊടുവിൽ എഴുന്നേറ്റ് നിന്ന് രണ്ട് നിമിഷം മൗനമാചരിച്ച് രാഹുലും കോൺഗ്രസ് അംഗങ്ങളും കർഷകസമരത്തിനിടെ മരിച്ച കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

''നിങ്ങളോർക്കണം, കുടുംബാസൂത്രണകാലത്ത് നമ്മുടെ ഒരു മുദ്രാവാക്യമുണ്ടായിരുന്നു - നാം രണ്ട്, നമുക്ക് രണ്ട്. അത് പോലെയാണ് ഇവിടെയും കാര്യങ്ങൾ നടക്കുന്നത്. ഈ മുദ്രാവാക്യത്തിന് ഈ സർക്കാർ പുതിയ അർത്ഥം കണ്ടുപിടിച്ചു. നാല് പേരാണ് ഈ രാജ്യം നടത്തുന്നത്. നാം രണ്ട്, നമുക്ക് രണ്ട് എന്നതാണ് മുദ്രാവാക്യം'', - രാഹുൽ പറഞ്ഞു. എന്നാൽ ഈ നാല് പേർ ആരെന്ന കാര്യം രാഹുൽ പ്രസംഗത്തിൽ പറഞ്ഞില്ല. ആരെയും പേരെടുത്ത് പരാമർശിച്ചതുമില്ല. 'എല്ലാവർക്കും അവരെ അറിയാമല്ലോ' എന്ന് രാഹുൽ.

കർഷകസമരം അവരുടേത് മാത്രമല്ലെന്ന് പറ‌‌‌ഞ്ഞ രാഹുൽ ഗാന്ധി, ഇത് രാജ്യത്തെ അനേകലക്ഷം പേരുടെ ജീവിക്കാനുള്ള സമരമാണെന്നും പറഞ്ഞു. ''ഇത് കർഷകരുടെ മാത്രം സമരമാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇത് ഇന്ത്യയുടെ സമരമാണ്. കർഷകർ മുന്നിൽ നിന്ന് നയിക്കുന്നുവെന്ന് മാത്രം'', എന്ന് രാഹുൽ. പുതിയ കർഷകനിയമഭേദഗതികൾ കർഷകരെ മാത്രമല്ല, മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്ന ഇടനിലക്കാരെയും, ചെറുകിടകർഷകരെയും, ചെറുവ്യവസായികളെയും തകർക്കുമെന്നും രാഹുൽ പറഞ്ഞു. ഇത് രാജ്യത്തിന്റെ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയെ തകർക്കുമെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. ''വികസനമോ, തൊഴിലവസരങ്ങളോ ഇന്ത്യയിൽ ഇല്ലാതാകും. ഇന്ത്യയുടെ നട്ടെല്ലാണ് കർഷകർ. അത് തകർക്കപ്പെട്ടാൽ ഈ നാം രണ്ട്, നമുക്ക് രണ്ട് എന്ന മുദ്രാവാക്യമാണ് നടപ്പാകുന്നത്''- രാഹുൽ പറഞ്ഞു. രാഹുലിന്റെ പ്രസം​ഗത്തിന് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ നിർമ്മല സീതാരാമൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP