Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും സാമ്പത്തിക നീതി: സാമ്പത്തിക സംവരണ ബിൽ ലോക്‌സഭയിൽ പാസായി; അനുകൂലിച്ച് വോട്ട് ചെയ്തത് 323 പേർ; എതിർത്തത് മൂന്നുപേർ; ബില്ലിനെ അനുകൂലിച്ച് കോൺഗ്രസും സിപിഎമ്മും; എതിർത്ത് ലീഗും ഒവൈസിയും; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് എഐഎഡിഎംകെ; 10 ശതമാനം സംവരണത്തിനുള്ള ബിൽ കൊണ്ടുവന്നത് ധൃതി പിടിച്ചെന്ന് ഭൂരിപക്ഷം കക്ഷികളും; പ്രതിപക്ഷ കക്ഷികളുടെ എതിർപ്പുകൾ തള്ളി കേന്ദ്രസർക്കാർ; ബിൽ ബുധനാഴ്ച രാജ്യസഭയിൽ

എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും സാമ്പത്തിക നീതി: സാമ്പത്തിക സംവരണ ബിൽ ലോക്‌സഭയിൽ പാസായി; അനുകൂലിച്ച് വോട്ട് ചെയ്തത് 323 പേർ; എതിർത്തത് മൂന്നുപേർ; ബില്ലിനെ അനുകൂലിച്ച് കോൺഗ്രസും സിപിഎമ്മും; എതിർത്ത് ലീഗും ഒവൈസിയും; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് എഐഎഡിഎംകെ; 10 ശതമാനം സംവരണത്തിനുള്ള ബിൽ കൊണ്ടുവന്നത് ധൃതി പിടിച്ചെന്ന് ഭൂരിപക്ഷം കക്ഷികളും; പ്രതിപക്ഷ കക്ഷികളുടെ എതിർപ്പുകൾ തള്ളി കേന്ദ്രസർക്കാർ; ബിൽ ബുധനാഴ്ച രാജ്യസഭയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാമ്പത്തിക സംവരണ ബിൽ ലോക്‌സഭയിൽ പാസായി. 323 പേർ അനുകൂലിച്ച് വോട്ട് ചെയ്തു. എതിർത്തുവോട്ട് ചെയ്തത് മൂന്നുപേർ മാത്രമാണ്. കോൺഗ്രസും സിപിഎമ്മും വോട്ടെടുപ്പിൽ പങ്കെടുത്തപ്പോൾ, എഐഎഡിഎംകെ ഇറങ്ങിപ്പോയി. മുസ്ലിം ലീഗും ഒവൈസിയുടെ അസദുദ്ദീൻ ഒഒവൈസിയും എതിർത്തുവോട്ടുചെയ്തു. ഇനി രാജ്യസഭയുടെ കടമ്പയാണ് ബില്ലിന് മുന്നിലുള്ളത്. ബിൽ നാളെ രാജ്യസഭ പരിഗണിക്കും.

 എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും സാമ്പത്തിക സംവരണം ലഭിക്കുമെന്ന് ബിൽ അവതരിപ്പിച്ച് സാമൂഹിക നീതിമന്ത്രി താവർ ചന്ദ് ഗെഹ്‌ലോട്ട് പറഞ്ഞു. നിലവിലെ സംവരണത്തെ ബാധിക്കില്ലെന്നും താവർ ചന്ദ് ഗെഹ്‌ലോട്ട് വ്യക്തമാക്കി. സാമ്പത്തിക നീതി ഉറപ്പാക്കുകയാണ് സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ലോക്‌സഭയിൽ പറഞ്ഞു. പാർലമെന്റ് പാസാക്കിയാൽ ഉടൻ ബിൽ നിയമമാകുമെന്നും് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഈ വിഷയത്തിൽ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാൻ അദ്ദേഹം വിവിധ കക്ഷികളോട് ആവശ്യപ്പെട്ടു. ഈ ബിൽ പൊതുതൊഴിൽ നിയമനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപന നിയമനങ്ങൾക്കും ബാധകമായിരിക്കും. സാമ്പത്തിക സംവരണം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലുമുണ്ടായിരുന്നു. സംവരണത്തിന് 50 ശതമാനം എന്ന പരിധി സുപ്രീംകോടതി നിശ്ചയിച്ചത് ബില്ലിനെ ബാധിക്കില്ല. പൊതുവിഭാഗത്തിലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടിയുള്ള സംവരണമാണ് ബിൽ വിഭാവനം ചെയ്യുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ബിൽ ജെപിസിക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കെ.വി തോമസ് എംപിയാണ് ഈ ആവശ്യമുന്നയിച്ചത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ ബിജെപി നേരിട്ട പരാജയത്തിനുശേഷം കേന്ദ്രസർക്കാർ തിരക്കിട്ട നീക്കമാണ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തിരക്കിട്ട നീക്കം. സർക്കാരിന്റെ ആത്മാർഥത ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം വാഗ്ദാനം ചെയ്യുന്നതാണ് ബിൽ. എന്നാൽ തൊഴിൽ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. തൊഴിലില്ലായ്മ രൂക്ഷമാണ്. കേന്ദ്ര നയങ്ങൾ തൊഴിൽ നഷ്ടപ്പെടുത്താനാണ് ഇടയാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാംവിലാസ് പാസ്വാന്റെ എൽജെപിയും ശിവസേനയും ബില്ലിനെ പിന്തുണച്ചു. അതേസമയം യുവാക്കൾക്ക് വ്യാജസ്വപ്‌നങ്ങളും, തെറ്റായ പ്രതീക്ഷകളും നൽകി വഴിതെറ്റിക്കുന്നതാണ് ബില്ലെന്ന് ടിഎംസി എംപി സുധീപ് ബന്ദോപാധ്യായ പറഞ്ഞു. സിപിഎം ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെങ്കിലും അവസാന മിനിറ്റിൽ ബിൽ അവതരിപ്പിച്ച രീതിയെയാണ് എതിർക്കുന്നതെന്ന് ജിതേന്ദ്ര ചൗധരി പറഞ്ഞു. കീഴ് വഴക്കമനുസരിച്ച് ഭരണത്തിലിരിക്കുന്ന പാർട്ടി എല്ലാവരുമായും ഇത്തരം ബില്ലുകൾ എടുക്കും മുമ്പ് ചർച്ച നടത്താറുണ്ട്. എന്നാൽ, ഈ ബിൽ ധൃതി പിടിച്ചാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

ഓരോ വ്യക്തിയുടെയും അക്കൗണ്ടിൽ 15 ലകഷം ഇടുമെന്ന മോദിയുടെ വാഗ്ദാനം നടപ്പാക്കിയിരുന്നെങ്കിൽ, ഈ ബില്ലിന്റെ ആവശ്യമേ വരില്ലെന്നായിരുന്നു എഐഎഡിഎംകെ എംപി തമ്പി ദുരൈയുടെ അഭിപ്രായം. എട്ടുകാരണങ്ങളാണ് ബില്ലിനെ എതിർക്കാൻ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒഒവൈസി നിരത്തിയത്. ഇത് ഭരണഘടനയോടുള്ള വഞ്ചനയാണ്. അംബേദ്കറെ അപമാനിക്കലാണ്. നമ്മുടെ ഭരണഘടന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെന്ന പദവി അംഗീകരിക്കുന്നില്ല. സവർണർ എന്നാണ് തൊട്ടുകൂടായ്മ അനുങവിച്ചത്. സവർണർ പിന്നോക്കമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ വിവരങ്ങളില്ല, ഒവൈസി പറഞ്ഞു. കോടതി നിയമം റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്താൻ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത് പാർലമെന്റിന്റെ ശീതകാലസമ്മേളനം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ തിരക്കിട്ടുള്ള ബിൽ അവതരണം എല്ലാ കക്ഷികളെയും അത്ഭൂതപ്പെടുത്തി. ചർച്ചയിൽ പല കക്ഷികളും ഉന്നയിച്ചതും സർക്കാർ അനാവശ്യധൃതി കാട്ടിയെന്നാണ്.

എന്താണ് സാമ്പത്തിക സംവരണ ബിൽ?

124ാമത് ഭരണഘടന ഭേദഗതി ബിൽ 2019 എന്നാണ് ബില്ലിന്റെ പേര്. 2005ലെ 95-ാമത് ഭേദഗതി നിയമത്തിൽ വീണ്ടും ഭേദഗതി വരുത്തുകയാണ് ബിൽ ഉദ്ദേശിക്കുന്നത്. ഭരണഘടനയുടെ 15-ാം അനുച്ഛേദം അഞ്ചാം ഉപവകുപ്പ് അനുസരിച്ച് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഏതു വിഭാഗത്തിനും ഉന്നമനത്തിന് വേണ്ടി പുതിയ ഭേദഗതികൾ കൊണ്ടു വരാം എന്ന വകുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതി ഭേദഗതി ബിൽ കൊണ്ടു വന്നിരിക്കുന്നത്.

ഭരണഘടനയുടെ 16-ാം അനുച്ഛേദത്തിന്റെ നാലാം ഉപവകുപ്പിൽ ഏതു പിന്നോക്ക അവസ്ഥയിലുള്ള ഏതു വിഭാഗത്തിനും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ടി നിയമഭേദഗതി ചെയ്യാമെന്ന വകുപ്പും ഇതിന് അടിസ്ഥാനമാക്കിയിട്ടുണ്ട്.തൊഴിൽ മേഖലയിലെ നിയമനങ്ങൾക്കു പുറമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് പൊതു, സ്വകാര്യ മേഖല ഉൾപ്പടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (എയ്ഡഡ്, അണ് എയ്ഡഡ്) ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങളിൽ ഈ ഭേദഗതി ബാധകമാകും. ഭരണഘടനയുടെ 30-ാം അനുച്ഛേദത്തിൽ വ്യവസ്ഥ ചെയ്യുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ ഭേദഗതി വ്യവസ്ഥകൾക്ക് ബാധകമല്ലാതാക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗം എന്ന നിയമ വ്യവസ്ഥ സർക്കാരിന് കുടുംബത്തിന്റെ വരുമാനവും മറ്റു സാമ്പത്തിക നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സമയസമയങ്ങളിൽ പുനർ നിർവചിക്കാൻ ആകുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP