Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഡൽഹി കലാപം ചർച്ച ചെയ്യണമെന്ന ആവശ്യം ഉയർത്തിയതോടെ ശാരീരീകമായി കയ്യേറ്റം ചെയ്തത് ബിജെപി എംപി; ലോക്‌സഭയിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്; താൻ പട്ടികജാതിക്കാരിയും സ്ത്രീയുമായതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും ആലത്തൂർ എംപി; ജസ്‌കാർ മീണ എംപിക്കെതിരെ പരാതി നൽകിയത് ലോക്‌സഭാ സ്പീക്കർക്കും

ഡൽഹി കലാപം ചർച്ച ചെയ്യണമെന്ന ആവശ്യം ഉയർത്തിയതോടെ ശാരീരീകമായി കയ്യേറ്റം ചെയ്തത് ബിജെപി എംപി; ലോക്‌സഭയിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്; താൻ പട്ടികജാതിക്കാരിയും സ്ത്രീയുമായതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും ആലത്തൂർ എംപി; ജസ്‌കാർ മീണ എംപിക്കെതിരെ പരാതി നൽകിയത് ലോക്‌സഭാ സ്പീക്കർക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി കലാപം ചർച്ച ചെയ്യുന്നതിനെ ചൊല്ലിയുള്ള ബഹളത്തിനിടയിൽ ലോക്‌സഭയിൽ പൊട്ടിക്കരഞ്ഞ് ആലത്തൂർ എംപി രമ്യ ഹരിദാസ്. താൻ ബിജെപി എംപിമാരാൽ ആക്രമിക്കപ്പെട്ടതിന്റെ പേരിലാണ് രമ്യ സഭയിൽ പൊട്ടിക്കരഞ്ഞത്. ബിജെപി എംപി ജസ്‌കാർ മീണ ശാരീരികമായി ആക്രമിച്ചെന്ന് രമ്യ ആരോപിച്ചു. താൻ പട്ടികവിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്ന് രമ്യ ഹരിദാസ് സ്പീക്കറോട് ചോദിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രമ്യ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനിടക്ക് ബില്ല് അവതരിപ്പിക്കാൻ രാജ്യസഭയിൽ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു.

ഡൽഹി കലാപം ചർച്ച ചെയ്യുന്നതിനെ ചൊല്ലിയാണ് ലോക്‌സഭ പ്രക്ഷുബ്ദമായത്. കലാപം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രണ്ട് മണിവരെ നിർത്തി വച്ചു. രണ്ട് മണിക്ക് ശേഷം സഭാ നടപടികൾ ആരംഭിച്ചപ്പോഴും പ്രതിപക്ഷ നിര വിട്ടുവീഴ്ചക്ക് തയ്യാറായില്ല. പ്രതിഷേധ ബാനറുമായി ഭരണപക്ഷ നിരയിലേക്ക് അടുത്ത ഗൗരവ് ഗോഗോയി ഹൈബി ഈഡൻ എന്നിവരെ പിടിച്ച് തള്ളി. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ലോക്‌സഭയിലെ ബിജെപി വനിതാ എംപിമാർ തടയുകയായിരുന്നു.

ലോക്‌സസഭാ നടപടി നീട്ടിക്കൊണ്ട് പോകാനാണ് സ്പീക്കർ ശ്രമിച്ചത്. പ്ലക്കാഡും ബാനറും ഉയർത്തി പ്രതിപക്ഷം ബഹളം വച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുയർത്തിയായിരുന്നു പ്രതിഷേധം. ബാനറുമായി സഭയുടെ നടുത്തളത്തിലുണ്ടായിരുന്ന ഗൗരവ് ഗോഗോയി ഹൈബി ഈഡൻ എന്നിവർ ബിജെപി എംപി സംസാരിച്ച് തുടങ്ങിയപ്പോൾ മുഖം മറയ്ക്കുന്ന രീതിയിൽ ബാനർ പിടിച്ച് ഭരണനിരയ്ക്ക് അടുത്തെത്തിയതോടെയാണ് കയ്യാങ്കളിയായത്.

ബിജെപി എംപിമാരെത്തി ഇരുവരെയും പിടിച്ച് തള്ളി. അതോടെ ബഹളം സംഘർഷത്തിന് വഴിമാറി. ബെന്നി ബെഹന്നാൻ അടക്കം കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ വരെ ഭരണ നിരയെ പ്രതിരോധിക്കാൻ ഇറങ്ങിയതോടെ സ്പീക്കർ സഭാ നടപടികൾ നിർത്തിവക്കുകയായിരുന്നു. ലോക്‌സഭയിൽ ബഹളം വച്ച എംപിമാർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

ഡൽഹിയിലെ വർഗീയ കലാപത്തിന്റെ പേരിൽ സഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. പാർലമെന്റിനു പുറത്ത് കോൺഗ്രസും തൃണമൂൽ കോൺഗ്രസും ആംആദ്മി പാർട്ടിയും വെവ്വേറെ പ്രതിഷേധ ധർണ്ണ നടത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് പ്രതിഷേധം.

കലാപം അപലപിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് സ്പീക്കർക്ക് കത്തുനല്കി. മൃദുനിലപാടെന്ന ആരോപണം ആം ആദ്മി പാർട്ടി തള്ളി. ഡൽഹിയിൽ സ്ഥിതി സാധാരണനിലയിലായശേഷം ചർച്ചയാവാമെന്ന സർക്കാർ നിലപാട് പ്രതിപക്ഷം തള്ളിക്കളഞ്ഞു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാർട്ടിയും പ്രതിഷേധത്തിൽ പങ്കു ചേർന്നു. അതേസമയം, കലാപം കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും, മരണമടഞ്ഞ കുടുംബത്തിനും വീടും സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്ക് അവശ്യമായ സാമ്പത്തിക സഹായവും നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എ.എം ആരിഫ് എംപി ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകി.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാരയ അധീർ രഞ്ജൻ ചൗധരി, ശശി തരൂർ, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ ധർണ നടത്തി. അമിത് ഷാ രാജിവയ്ക്കുക എന്ന ബാനറുമേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.കേരള എംപിമാരുടെ സംഘം കലാപ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. എം. കെ. രാഘവൻ, ഹൈബി ഈഡൻ, ടി. എൻ. പ്രതാപൻ, വി. കെ. ശ്രീകണ്ഠൻ, ആന്റോ ആന്റണി, ബെന്നി ബഹനാൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP