Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്ക്ക് വിരുദ്ധം; ഇത് രാജ്യത്തെ രണ്ടാമതും വിഭജിക്കാനുള്ള ശ്രമം; മുസ്ലിങ്ങളെ അഭയാർഥിയാക്കി മാറ്റാനുള്ള ഗൂഢാലോചന; ചൈനയിൽ നിന്നുള്ള അഭയാർത്ഥികളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല; എന്താ സർക്കാരിന് ചൈനയെ പേടിയാണോ? പൗരത്വ ഭേദഗതി ബിൽ കീറിയെറിഞ്ഞ് അസദുദ്ദീൻ ഒവൈസി; വിവാദ ബില്ലിനെതിരെ കടുത്ത എതിർപ്പുമായി പ്രതിപക്ഷം

പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്ക്ക് വിരുദ്ധം; ഇത് രാജ്യത്തെ രണ്ടാമതും വിഭജിക്കാനുള്ള ശ്രമം; മുസ്ലിങ്ങളെ അഭയാർഥിയാക്കി മാറ്റാനുള്ള ഗൂഢാലോചന; ചൈനയിൽ നിന്നുള്ള അഭയാർത്ഥികളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല; എന്താ സർക്കാരിന് ചൈനയെ പേടിയാണോ? പൗരത്വ ഭേദഗതി ബിൽ കീറിയെറിഞ്ഞ് അസദുദ്ദീൻ ഒവൈസി; വിവാദ ബില്ലിനെതിരെ കടുത്ത എതിർപ്പുമായി പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കാനാണ് സർക്കാർ പൗരത്വ ഭേദഗതി ബില്ലിലൂടെ ശ്രമിക്കുന്നതെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി. പാർലമെന്റിൽ പൗരത്വബിൽ സംബന്ധിച്ച് നടന്ന ചർച്ചയ്ക്കിടെ ബിൽ കീറിയെറിഞ്ഞു കൊണ്ടാണ് ഒവൈസി പ്രതികരിച്ചു. രാജ്യത്തെ രണ്ടാമതും വിഭജിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ബില്ലെന്നും ഒവൈസി പറഞ്ഞു. 'പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്ക്ക് വിരുദ്ധമാണ്, മുസ്ലിങ്ങളെ അഭയാർഥിയാക്കിമാറ്റാനുള്ള ഗൂഢാലോചനയാണിത്' ഒവൈസി സഭയിൽ പറഞ്ഞു. 1947 ൽ നടന്ന രാജ്യവിഭജനം ആവർത്തിക്കാൻ മാത്രമേ ബിൽ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ജനതയെ പാർശ്വവൽക്കരിച്ചുകൊണ്ട് രാജ്യത്തെ സ്വാതന്ത്രൃ സമര സേനാനികളെ അപമാനിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും സഭയിൽ ഒവൈസി പറഞ്ഞു. മറ്റുരാജ്യങ്ങൾ പിടിച്ചെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ തിരിച്ചുപിടിക്കുന്നതിൽ ശ്രദ്ധിക്കാത്തത് എന്താണെന്ന് ചോദിച്ച അദ്ദേഹം നിങ്ങൾക്ക് ചൈനയെ ഭയമാണോയെന്നും സർക്കാരിനോട് ചോദിച്ചു. മുസ്ലിങ്ങളെ ബില്ലിൽ ഉൾപ്പെടുത്തിയ സർക്കാർ ചൈനയിൽ നിന്നുള്ള അഭയാർത്ഥികളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്ന് ഒവൈസി ചോദിച്ചു. ദോക്ലാം അധിനിവേശത്തെക്കുറിച്ചായിരുന്നു ഒവൈസിയുടെ പരാമർശം. ''ജനങ്ങളെ വിഭജിക്കുന്ന, നിറത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്ന ദക്ഷിണാഫ്രിക്കയിലെ നാഷണൽ രജിസ്റ്റർ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി മഹാത്മാ എന്ന പദത്തിലേക്കെത്തിയത്. ഞാനും ഈ ബില്ല് വലിച്ചു കീറുകയാണ്, മാഡം'', എന്ന് പറഞ്ഞ് അസദുദ്ദീൻ ഒവൈസി ബില്ല് രണ്ടായി കീറി.

'ഞങ്ങൾ മുസ്ലിങ്ങളെ എന്തിനാണ് ഭരണപക്ഷത്തിന് ഇത്ര വെറുപ്പ്? അസമിലെ മന്ത്രിയടക്കമുള്ളവർ ബംഗാളി ഹിന്ദുക്കളെ തിരികെ കൊണ്ടുവരുമെന്ന് പറയുന്നു. മുസ്ലിങ്ങളെ മാത്രമാണ് വേർതിരിക്കുന്നത്. ഇത് വിഭജനമല്ലേ? ഒരു തരത്തിൽ മുസ്ലിങ്ങളെ ഭൂപടത്തിൽ ഇല്ലാത്തവരായി നിർത്താനാണ് ഈ സർക്കാർ ശ്രമിക്കുന്നത്'',ഒവൈസി പറഞ്ഞു. അതേസമയം ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് നേരെ അനീതിയുണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. മണിപ്പൂരിൽ പ്രവേശിക്കാനും ഇനി ഇന്നർ ലൈൻ പെർമിറ്റ് (മുൻകൂർ അനുമതി) വേണമെന്ന് ചട്ടം കൊണ്ടുവരുമെന്ന് അമിത് ഷാ വ്യക്തമാക്കി.

അങ്ങനെ പ്രത്യേക അവകാശമുള്ള ഗിരിവർഗ്ഗ മേഖലകളെയും പ്രവേശനത്തിന് പെർമിറ്റ് ആവശ്യമുള്ള നാഗാലാൻഡ്, മിസോറം, അരുണാചൽപ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങളെയും ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാനാണ് സർക്കാർ ശ്രമം. മണിക്കൂറുകൾ നീണ്ട പ്രതിഷധങ്ങൾക്ക് ഒടുവിലായിരുന്നു ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്സഭയിൽ അവതരണ അനുമതി ലഭിച്ചത്. ബില്ലിനെ അനുകൂലിച്ച് 293 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ എതിർത്തുകൊണ്ട് 82 പേരാണ് വോട്ട് ചെയ്തത്.

കോൺഗ്രസ്, ഇടതുപാർട്ടികൾ, മുസ്ലിം ലീഗ്, ഡിഎംകെ, എൻസിപി എന്നീ പാർട്ടികളാണ് ബില്ലിനെ എതിർത്തത്. അതേസമയം ശിവസേനയും ടിഡിപിയും ബിജു ജനദാദളും ബില്ലിനെ അനുകൂലിച്ചു. അതിനിടെ ലോക്‌സഭയിൽ കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചത് കോൺഗ്രസ് ആണെന്ന് അമിത് ഷാ ആരോപിച്ചു. ''ഈ ബിൽ എന്തുകൊണ്ട് ആവശ്യമാണെന്ന് ഞാൻ പറയാം. കോൺഗ്രസ് ഈ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചതുകൊണ്ടാണ് ഇത് ആവശ്യമായി വന്നത്. ആരാണ് ചെയ്തത്. കോൺഗ്രസാണ് മതത്തിന്റെ അടിസ്ഥാനത്തിൽ ഈ രാജ്യത്തെ വിഭജിച്ചത്. ഇതാണ് ചരിത്രം. '' -അമിത് ഷാ പറഞ്ഞു.

മത ന്യുനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 1950ൽ നെഹ്‌റു-ലിയാഖത്ത് ഉടമ്പടി ഒപ്പു വെച്ചു. ഈ ഉടമ്പടി ഇന്ത്യയിൽ പൂർണമായും നടപ്പിലാക്കിയപ്പോൾ അത് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും നടപ്പിലാക്കിയിരുന്നില്ല. എന്നാൽ പിന്നീട് ഇത് പാക്കിസ്ഥാനും നടപ്പാക്കി. അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, പാഴ്‌സികൾ, സിഖുകാർ, ജൈനന്മാർ, ബുദ്ധന്മാർ എന്നിവർക്ക് പൗരത്വം നൽകാനുള്ള ബുദ്ധിപൂർവമായ തരംതിരിക്കലായിരുന്നു അത്. നിയമത്തിന് മുമ്പിലെ സമത്വം വിഭാവനം ചെയ്യുന്ന ആർട്ടിക്ക്ൾ 14നെ ഈ ബിൽ ലംഘിക്കുന്നുവെങ്കിൽ എന്തിനാണ് ന്യൂനപക്ഷങ്ങൾക്ക് ഈ രാജ്യത്ത് പ്രത്യേക പരിഗണന നൽകുന്നതെന്നും അമിത് ഷാ ചോദിച്ചു.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം ലഭിക്കൽ എളുപ്പമാക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും ബിൽ ഭരണഘടനാ ലംഘനമാണന്നും പ്രതിപക്ഷം ആരോപിക്കുന്നു. ബിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളിൽ വിവേചനം സൃഷ്ടിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. മൂന്ന് രാഷ്ട്രങ്ങളും മുസ്‌ലിം രാഷ്ട്രങ്ങളായതു മുതൽ മുസ്‌ലിം ഇതരരായവർക്ക് വേഗത്തിൽ പൗരത്വത്തിനുള്ള വ്യവസ്ഥ ഉചിതമായ തരം തിരിക്കലാണെന്നും മുസ്‌ലിംകളെ ബുദ്ധിമുട്ടിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകളെ പൗരത്വത്തിന് അപേക്ഷിക്കുന്നതിൽ നിന്ന് അയോഗ്യരാക്കുമെന്ന ആരോപണം അമിത് ഷാ നിഷേധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP