Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലിയിൽ ഉത്തരവാദിത്വമില്ല; ഒപ്പം നാളികേര വികസന ബോർഡ് അദ്ധ്യക്ഷനായിരിക്കെ ക്രമക്കേടും; മാതൃകേഡറിലേക്ക് രാജു നാരായണ സ്വാമിയെ മടക്കി അയച്ചതിന് കാരണങ്ങൾ നിരത്തി കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ ലോക്‌സഭയിൽ; അഴിമതിക്കാരെ പുകച്ചുപുറത്തു ചാടിച്ച സ്വാമിയെ പൂർണമായി കൈവിട്ട് കേന്ദ്ര സർക്കാരും; കടുത്ത നിലപാട് നിർബന്ധിത വിരമിക്കൽ നൽകണമെന്ന് ഐഎഎസ് ലോബി സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്തതിന് പിന്നാലെ

ജോലിയിൽ ഉത്തരവാദിത്വമില്ല; ഒപ്പം നാളികേര വികസന ബോർഡ് അദ്ധ്യക്ഷനായിരിക്കെ ക്രമക്കേടും; മാതൃകേഡറിലേക്ക് രാജു നാരായണ സ്വാമിയെ മടക്കി അയച്ചതിന് കാരണങ്ങൾ നിരത്തി കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ ലോക്‌സഭയിൽ; അഴിമതിക്കാരെ പുകച്ചുപുറത്തു ചാടിച്ച സ്വാമിയെ പൂർണമായി കൈവിട്ട് കേന്ദ്ര സർക്കാരും; കടുത്ത നിലപാട് നിർബന്ധിത വിരമിക്കൽ നൽകണമെന്ന് ഐഎഎസ് ലോബി സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്തതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഴിമതിക്കെതിരെ സന്ധിയില്ലാ സമരം തുടരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയെ പുകച്ചുപുറത്തുചാടിക്കാനുള്ള ഐഎഎസ് ലോബിയുടെ ആദ്യശ്രമം പൊളിഞ്ഞതിന് പിന്നാലെ പടവാളുമായി കേന്ദ്രസർക്കാർ. നാളികേര വികസന ബോർഡ് അധ്യക്ഷനായിരിക്കെ രാജു നാരായണസ്വാമി ക്രമക്കേട് നടത്തിയെന്നാണ് കേന്ദ്ര സർക്കാർ ആരോപിക്കുന്നത്. ജോലിയിലെ ഉത്തരവാദിത്തമില്ലായ്മയും ക്രമക്കേടും കാരണമാണ് നാരായണസ്വാമിയെ പദവിയിൽ നിന്നു മാറ്റുകയും മാതൃ കേഡറിലേക്ക് തിരിച്ചയക്കുകയും ചെയ്തത്. ലോക്‌സഭയിൽ ആന്റോ ആന്റണി എംപി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ജൂണിലാണ് രാജു നാരായണസ്വാമിയെ നാളികേര വികസന ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി നിയമിച്ചത്.

സർവീസിൽ പത്തുവർഷം ബാക്കി നിൽക്കെ അച്ചടക്കമില്ലാതെയും നിരുത്തരവാദപരമായും പെരുമാറിയെന്ന് ആരോപിച്ചാണ് സംസ്താനത്ത് ചീഫ സെക്രട്ടറിതല സമിതി സ്വാമിയെ പുറത്താക്കാൻ ശുപാർശ നൽകിയത്. സ്വാമിക്കെതിരെ ഉടൻ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി വിധിയെഴുതിയതോടെയാണ് സ്വാമിക്ക ആശ്വാസം കിട്ടിയത്. പിരിച്ചുവിടാനുള്ള തീരുമാനം വിശദമായ ചർച്ചയ്ക്ക് ശേഷം മതിയെന്നും തീരുമാനിച്ചു. ചീഫ് സെക്രട്ടറിതല സമിതി നൽകിയ ശുപാർശ മടക്കി. സംഭവത്തിൽ കൂടുതൽ വ്യക്തത തേടിയായിരുന്നു മുഖ്യമന്ത്രിയുടെ നടപടി.


സംസ്ഥാന, കേന്ദ്ര സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചെന്നു സമിതി കണ്ടെത്തി. സുപ്രധാന തസ്തികകൾ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസിൽ എത്തിയിരുന്നില്ല. അടുത്തിടെ കേന്ദ്ര സർവീസിൽനിന്ന് സംസ്ഥാന സർവീസിലേക്കു തിരിച്ചുവന്ന കാര്യം സർക്കാരിനെ അറിയിച്ചില്ല. ഡൽഹിയിൽ നാളികേര വികസന ബോർഡ് ചെയർമാൻ പദവിയിൽനിന്ന് മൂന്നു മാസംമുമ്പ് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സർക്കാർ രേഖകളിലില്ല എന്നീ ന്യായങ്ങളാണ് സർക്കാർ മുമ്പോട്ട് വച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് കേരളാ സർക്കാരിന്റെ എൻഒസിയുമായി കേന്ദ്ര സർക്കാരിൽ രാജു നാരായണ സ്വാമി പോയത്. ഒരു വർഷത്തേക്കാണ് അത്. അതായത് ഈ വർഷം ഓഗസ്റ്റ് എട്ട് വരെ കേന്ദ്ര സർവ്വീസിൽ തുടരാൻ രാജു നാരായണ സ്വാമിക്ക് അനുമതിയുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലൂടെ നാളികേര വികസന കോർപ്പറേഷന്റെ ചെയർമാനായി. എന്നാൽ അവിടേയും അഴിമതിക്കാർക്കെതിരെ നടപടി എടുത്തു. ഇതോടെ കേന്ദ്രം കൈവിട്ടു. കാറ്റിലും ഹൈക്കോടതിയിലും എല്ലാം ഇതിലെ നിയമ നടപടികൾ നടക്കുന്നു. മാറ്റിയ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കാറ്റിലെ സാങ്കേതിക പരാമർശങ്ങൾ കാരണം നാളികേര വികസന കോർപ്പേറേഷനിൽ തിരിച്ചു ചേരാനും കഴിയില്ല. ഹൈക്കോടതിയിലെ അന്തിമ വിധിക്കായി കാത്തിരിക്കുകയുമാണ്. ഈ കേസിലെ വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഐഎഎസുകാരെ രണ്ട് കൊല്ലം തികയുന്നതിന് മുമ്പ് ഒരു പദവിയിൽ നിന്നും പുറത്താക്കരുതെന്നാണ് ചട്ടം. സെൻകുമാർ കേസിന് സമാനമാണ് ഒരു വർഷം കൊണ്ടുള്ള സ്വാമിയുടെ പുറത്താകൽ. ഈ സാഹചര്യത്തിലാണ് രാജു നാരായണ സ്വാമി നിയമ പോരാട്ടം തുടരുന്നത്.

ഇതിനിടെയാണ് കേരളത്തിലെ വിചിത്ര നീക്കം. കേന്ദ്ര സർവീസിൽനിന്ന് സംസ്ഥാന സർവീസിലേക്കു തിരിച്ചുവന്ന കാര്യം സർക്കാരിനെ അറിയിച്ചില്ലെന്നതാണ് ഉയർത്തുന്ന ആരോപണം. ഇക്കാര്യത്തിൽ രാജു നാരായണ സ്വാമിയോട് സംസ്ഥാന സർക്കാർ വിശദീകരണമൊന്നും ചോദിച്ചിട്ടുമില്ല. നാളികേര വികസന ബോർഡ് ചെയർമാൻ പദവിയിൽനിന്ന് മൂന്നു മാസംമുമ്പ് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സർക്കാർ രേഖകളിലില്ല എന്നതും ശരിയല്ല. ഹൈക്കോടതിയിലെ കേസ് കാരണമാണ് ഈ പ്രത്യേക സാഹചര്യം ഉണ്ടായത്. വിഷയത്തിൽ കേരള സർക്കാർ അച്ചടക്ക നടപടിയുടെ ഭാഗമായി വിശദീകരണം ചോദിച്ചിരുന്നുവെങ്കിൽ അതിന് മറുപടി പറയാൻ രാജു നാരായണ സ്വാമിക്ക് കഴിയുമായിരുന്നു. അതു ചെയ്യാതെയാണ് കള്ളക്കളി. രാജു നാരായണ സ്വാമിയുടെ ഇടപെടലിലൂടെ പല അഴിമതികളും പുറത്തു വന്നിരുന്നു. കേരളത്തിലെ പല ഐഎഎസുകാരും വെട്ടിലാവുകയും ചെയ്തു. ഇതിന്റെ പകയാണ് ഇപ്പോൾ തീർക്കുന്നത്. മുമ്പും സമാന ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ വിലപോയില്ല.

പാറ്റൂർ കേസിലും സിവിൽ സപ്ലൈസ് അഴിമതിയിലും മറ്റും നിർണ്ണായക ഇടപെടൽ നടത്തിയ സ്വാമിയെ കേരളത്തിൽ തിരികെ സജീവമാക്കാൻ പിണറായി സർക്കാരിനും താൽപ്പര്യമില്ല. ഇതിന്റെ സാധ്യതകൾ ഉപയോഗിക്കാനാണ് പുതിയ നീക്കങ്ങൾ. രാജു നാരായണ സ്വാമിക്ക് ഇനിയും ഒൻപതുകൊല്ലം സർവ്വീസുണ്ട്. ഒരു വർഷത്തേക്ക് മാത്രമേ എൻ ഒ സി നൽകിയിട്ടുള്ളൂ. ഓഗസ്റ്റിന് ശേഷം കേരളത്തിലേക്ക് വരാൻ സ്വാമി സന്നദ്ധത പ്രകടിപ്പിച്ചാൽ പദവി നൽകാൻ പിണറായി സർക്കാർ തയ്യാറാകും. എന്നാൽ അഴിമതിക്കെതിരെ പോരാടുന്നവരെ ഈ സർക്കാരിനും ആവശ്യമില്ല. ഇതും രാജു നാരായണ സ്വാമിക്കെതിരെയുള്ള നീക്കത്തിന് പിന്നിലുണ്ട്. ജേക്കബ് തോമസിനെ സർവ്വീസിന് പുറത്ത് നിർത്തുന്ന അതേ വ്യക്തികളാണ് രാജു നാരായണ സ്വാമിക്കെതിരേയും രംഗത്തുള്ളത്. ഒരു വിശദീകരണം പോലും ചോദിക്കാതെയുള്ള പിരിച്ചുവിടൽ നീക്കം അസ്വാഭാവികവുമാണ്. ഓഗസ്റ്റിന് ശേഷം സംസ്ഥാനത്ത് പദവി നൽകാതിരിക്കാനുള്ള കള്ളക്കളിയാണ് ഇത്. അഴിമതിക്കെതിരെ പോരാടുന്നവരെ അച്ചടക്ക ലംഘകരാക്കുന്ന രീതിയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

സ്‌കൂൾ പഠനകാലം മുതൽ ഒന്നാം റാങ്കുകളുടെ കൂട്ടുകാരനായിരുന്നു രാജു നാരായണസ്വാമി. എസ്.എസ്.എൽ.സി, പ്രീഡിഗ്രി, ഗേറ്റ്, ഐ.ഐ.ടി. ഫൈനൽ പരീക്ഷകളിലെ ഒന്നാം റാങ്ക് സിവിൽ സർവീസ് പരീക്ഷയിലും ആവർത്തിച്ചു. സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ കലക്ടറായിരുന്നു. മുന്മന്ത്രി ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത് രാജു നാരായണസ്വാമിയായിരുന്നു. മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതും സ്വാമിയായിരുന്നു. പാറ്റൂർ ഫ്‌ളാറ്റ് അഴിമതിയിൽ ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷൺ അടക്കമുള്ളവർ ചർച്ചയിലെത്തിയതും രാജു നാരായണ സ്വാമിയുടെ ഇടപെടലായിരുന്നു. കേരളത്തിലെ അഴിമതിക്കാരുടെ കുതന്ത്രങ്ങളിൽ മനംമടുത്താണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് സ്വാമി മാറിയത്. എന്നാൽ അവിടേയും കാത്തിരുന്നത് അഴിമതിക്കാർ തന്നെയായിരുന്നു. സിബിഐയുടെ റിപ്പോർട്ടിൽ രാജു നാരായണ സ്വാമി ചിലരെ പുറത്താക്കി. അവരെ തിരിച്ചെടുക്കാൻ തയ്യാറാകാതിരുന്നതോടെ കേന്ദ്ര സർക്കാർ സ്വാമിയെ പുറത്താക്കുകയായിരുന്നു. ഈ സാധ്യതയാണ് കേരളത്തിലെ ഐഎഎസ് ലോബി പരമാവധി ഉപയോഗപ്പെടുത്തുന്നത്.

രാജു നാരായണസ്വാമി നാളികേര വികസന ബോർഡ് ചെയർമാനായി ചുമതലയേറ്റയുടൻ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. കർണാടകയിലെ എസ് സി/ എസ് ടി വിഭാഗങ്ങൾക്കുള്ള കേന്ദ്ര വിഹിതത്തിൽ ക്രമക്കേട് നടത്തിയതിന്റെ പേരിൽ ബോർഡിന്റെ ബെംഗളൂരുവിലെ ഡയറക്ടർ ഹേമചന്ദ്രയേയും ടെക്നിക്കൽ ഡയറക്ടർ സിനി തോമസിനേയും രാജു നാരായണസ്വാമി സസ്പെൻഡ് ചെയ്തിരുന്നു. 15 കോടി രൂപയുടെ ക്രമക്കേടായതിനാൽ സിബിഐ. അന്വേഷണത്തിനും രാജു നാരായണസ്വാമി ശുപാർശ ചെയ്തിരുന്നു. പിരിച്ചു വിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ നാളികേര കാർഷികോൽപന്ന കമ്പനികളുടെ കൺസോഷ്യം ഇടപെടൽ നടത്തി. ഇതാണ് രാജു നാരായണ സ്വാമിക്ക് വിനയായത്. ഇതിന് സ്വാമി കൂട്ടു നിന്നില്ല. ഇതോടെ നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജുനാരായണ സ്വാമിയെ മാറ്റി. പകരം വി.ഉഷാറാണി ചുമതലയേറ്റു.

അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ തന്നെ പുറത്താക്കാൻ ചിലർ ശ്രമിക്കുന്നുവെന്നാരോപിച്ച് സ്വാമി കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജിയും നൽകിയിരുന്നു. ഇതിനൊപ്പമാണ് ഹൈക്കോടതിയിലെ നടപടികൾ. കഴിഞ്ഞ 20 വർഷത്തിനിടെ വിവിധ വകുപ്പുകളിലായി 20ലേറെ സ്ഥലംമാറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കുണ്ടായിട്ടുള്ളത്. 2001-02 കാലത്ത് കാസർകോട് കലക്ടറായിരിക്കെ കുമ്പളയിലെ ഒരു സ്വകാര്യ ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്തണമെന്ന ഒരു മന്ത്രിയുടെ ആവശ്യത്തിന് കൂട്ടുനിൽക്കാതിരുന്നതുൾപ്പെടെ തട്ടിപ്പുകൾക്കു കൂട്ടുനിൽക്കാതിരുന്നതോടെ രാജുനാരായണസ്വാമി യുഡിഎഫ് സർക്കാരുകളുടെ നോട്ടപ്പുള്ളിയാകുകയായിരുന്നു. വി എസ് മുഖ്യമന്ത്രിയും സിപിഐ മന്ത്രിയായിരുന്ന കെപി രാജേന്ദ്രൻ റവന്യൂമന്ത്രിയുമായിരുന്ന കാലത്ത് നടന്ന മൂന്നാർ ദൗത്യത്തിന്റെ ചുക്കാൻ അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കായിരുന്നു. 2007 മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലത്തു നടന്ന മൂന്നാർ ദൗത്യത്തിൽ റവന്യൂ നിയമങ്ങളിൽ രാജുവിനുണ്ടായ അവഗാഹമായിരുന്നു സർക്കാരിന്റെ നടപടികളുടെ ധൈര്യം. പല രാഷ്ട്രീയ കാരണങ്ങളാലും ദൗത്യം പൂർണതയിലെത്തിയില്ലെങ്കിലും നിയമപരമായി തിരിച്ചുപിടിച്ച ഭൂമി സർക്കാരിന് മുതൽക്കൂട്ടായിത്തന്നെ തുടരുന്നു.

ഇതിനു പിന്നാലെയായിരുന്നു ഇടുക്കിജില്ലയിലെ രാജകുമാരി ഭൂമി ഇടപാടിലും ശക്തമായ റിപ്പോർട്ടുമായി രാജു നാരായണസ്വാമി എത്തിയത്. ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കർ ഭൂമി കുരുവിളയുടെ മക്കൾ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാൻ ശ്രമിച്ചതായിരുന്നു കേസിനാധാരം. ഈ ഭൂമി പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് എബ്രഹാം ഇടപാടിൽ നിന്നും പിന്മാറി. എന്നാൽ ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണമുയർത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നു. കേസിൽ ശക്തമായ നിലപാട് രാജു നാരായണസ്വാമി സ്വീകരിച്ചതോടെ കുരുവിളയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നു. രാജുനാരായണസ്വാമിയുടെ റിപ്പോർട്ടുകൾ പിന്നീട് ഇക്കാര്യം അന്വേഷിച്ച നരേന്ദ്രൻ കമ്മീഷൻ പൂർണമായും ശരിവയ്ക്കുകയും ചെയ്തു.

വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരുന്നതിനെ തുടർന്ന് രാജുനാരായണസ്വാമിയെ യുഡിഎഫ് സർക്കാർ അടിക്കടി വകുപ്പുമാറ്റുകയായിരുന്നു. തുടക്കത്തിൽ സിവിൽസപ്‌ളൈസ് കമ്മീഷണറുടെ ചുമതല നൽകിയെങ്കിലും അഴിമതിക്ക് തടസ്സംനിന്നതോടെ 9 മാസത്തിനകം അവിടെനിന്ന് മാറ്റുകയായിരുന്നു. പിന്നീട് സൈനികക്ഷേമം, യുവജനക്ഷേമം, ഡ്ബ്‌ളിയു ടി ഓ സെൽ എന്നിങ്ങനെ അടിക്കടി സ്ഥാനംമാറ്റിയതോടെ കഴിഞ്ഞ സർക്കാരിന്റെ അഞ്ചുവർഷം ഈ മികച്ച ഉദ്യോഗസ്ഥന് പീഡനകാലമായി. തൃശൂർ കളക്ടറായിരിക്കെ റവന്യൂ നിയമങ്ങൾ കർക്കശമായി പാലിച്ചുകൊണ്ടുതന്നെ നഗരത്തിലെ അഞ്ചുറോഡുകൾ വീതികൂട്ടി പുനർനിർമ്മിച്ചതുൾപ്പെടെ അർഹമായ സ്ഥാനം ലഭിക്കുമ്പോഴെല്ലാം ശക്തമായ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് 1989ൽ ഐഎഎസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടി ശ്രദ്ധേയനായ രാജു നാരായണസ്വാമി. അഴിമതിക്കെതിരേ കർക്കശനിലപാട് കൈക്കൊള്ളുന്നതിനാൽ രാജു നാരായണസ്വാമി സർക്കാരുകൾക്ക് എന്നും പ്രശ്നക്കാരനാണ്. ഈ പ്രശ്‌നത്തെ ഒഴിവാക്കാനാണ് ഇപ്പോഴത്തെ കള്ളക്കളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP