Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൾഫിലേക്ക് വിമാനം കയറിയാൽ പലപ്പോഴും കൈപൊള്ളും; നിരക്ക് ശരാശരിയേക്കാൾ കൂടുതലെന്ന് തുറന്നുസമ്മതിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം; ലോക്‌സഭയിലെ മറുപടി രമ്യാഹരിദാസിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ചോദ്യങ്ങൾക്ക്; ജെറ്റ് എയർവേഴ്‌സ് സർവ്വീസ് നിർത്തിയതും ബോയിങ് 737 വലിയ വിമാനങ്ങൾ ഇറക്കാൻ കഴിയാത്തതും നിരക്ക് വർധനയ്ക്ക് കാരണമെന്ന് വിശദീകരണം

ഗൾഫിലേക്ക് വിമാനം കയറിയാൽ പലപ്പോഴും കൈപൊള്ളും; നിരക്ക് ശരാശരിയേക്കാൾ കൂടുതലെന്ന് തുറന്നുസമ്മതിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം; ലോക്‌സഭയിലെ മറുപടി രമ്യാഹരിദാസിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ചോദ്യങ്ങൾക്ക്; ജെറ്റ് എയർവേഴ്‌സ് സർവ്വീസ് നിർത്തിയതും ബോയിങ് 737 വലിയ വിമാനങ്ങൾ ഇറക്കാൻ കഴിയാത്തതും നിരക്ക് വർധനയ്ക്ക് കാരണമെന്ന് വിശദീകരണം

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് ചില ഘട്ടങ്ങളിൽ ശരാശരിയേക്കാൾ കൂടുതലാണെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. കരിപ്പൂരിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കിൽ ഉൽസവകാലത്തും അവധിക്കാലത്തുമുണ്ടാവുന്ന അനിയന്ത്രിതമായ നിരക്ക് വർധനയെ പറ്റിയുള്ള എംപിമാരായ പികെ. കുഞ്ഞാലിക്കുട്ടിയുടെയും രമ്യാഹരിദാസിന്റെയും ലോക്‌സഭയിലെ ചോദ്യത്തിന് നൽകിയ മറുപടിയാലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിരക്ക് ശരാശരിയേക്കാൾ ഉയരാറുണ്ടന്ന് സമ്മതിച്ചത്. വിമാന കമ്പനികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ശരാശരി നിരക്കിൽ ചെറിയ തോതിലുള്ള വർധനവുണ്ടാവാറുണ്ടന്നാണ് വ്യോമയാന മന്ത്രാലയം രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നത്.

ജെറ്റ് എയർവേഴ്‌സ് സർവ്വീസ് നിർത്തിയതും, ബോയിങ് 737 വലിയ വിമാനങ്ങൾ ഇറക്കാൻ കഴിയാതിരുന്നതും നിരക്ക് വർധനക്ക് കാരണമായതായി വ്യോമയാന സഹമന്ത്രി ഹർദീപ് സിങ് പുരി നൽകിയ മറുപടിയിൽ പറയുന്നു. വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ കഴിയുന്ന തരത്തിൽ 2018 ഡിസംബറിൽ കരിപ്പൂർ വിമാനത്താവളം സജ്ജമാക്കിയത് സൗദി എയർലൈൻസ് അടക്കമുള്ള വിമാനങ്ങൾക്ക് സർവ്വീസ് നടത്താനുള്ള സാഹചര്യമൊരുക്കിയതായും മറുപടിയിലുണ്ട്. കരിപ്പൂരിൽ ജെറ്റ് എയർവേഴ്‌സിന് അനുവദിച്ചിരുന്ന ട്രാഫിക്ക് അവകാശങ്ങൾ മറ്റൊരു ഇന്ത്യൻ വിമാന കമ്പനിക്ക് നൽകിയതായും അവർ ഉടൻ തന്നെ അവിടുന്ന് സർവ്വീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിമാന കമ്പനികളോട് പരമാവധി നിരക്ക് കുറക്കാൻ നിർദ്ദേശിക്കാറുണ്ടന്നും മറുപടിയിൽ പറയുന്നു.

അതേ സമയം ആധാർ നിർബന്ധമാക്കരുതുന്ന സുപ്രീംകോടതി വിധിയെ മാനിക്കാതെയാണ് സർക്കാർ ആധാർ ബില്ല് നിയമമാക്കാൻ ശ്രമിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി സഭയിൽ പ്രസ്താവിച്ചു. ആധാറിനെ സംബന്ധിച്ച് സുപ്രീകോടതിയുടെ മുഴുവൻ ബെഞ്ച് ഏറെക്കാലം ചർച്ചചെയ്തതാണ്. എന്നാൽ കോടതിയുടെ നിർദ്ദേശത്തെ പരിണിക്കാതെയാണ് ഓർഡിനൻസാണങ്കിലും ഇപ്പോൾ ബില്ലായാലും സർക്കാർ കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ ആധാറും അനുബന്ധനിയമങ്ങളും ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കാനും മാനിക്കാനും സർക്കാർ തയ്യാറാവണമായിരുന്നു. വിവരങ്ങളുടെ ചോർച്ച സൃഷ്ടിക്കാനിടയുള്ള അപകടങ്ങളെ പറ്റിയും സർക്കാർ ആലോചിക്കണമായിരുന്നു. തങ്ങളാരും പരിഷ്‌ക്കാരങ്ങൾക്കെതിരല്ല. ആർക്കും ഡിജിറ്റലൈസേഷനെ എതിർക്കാനാവില്ല. ലോകവും സമൂഹവും ഡിജിറ്റലാവുകയാണ്. സാങ്കേതികവിദ്യ വലിയ ഉപകാരങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം സ്വകാര്യതയുടേതും സുതാര്യതയുടേതുമാണ്. ആധാർ നിർബന്ധമാക്കുന്നതിൽ വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ കണ്ടത്തിയത് കോടതിയാണ്. അതിനെ മാനിക്കാൻ സർക്കാർ സന്നദ്ധമാവണമായിരുന്നന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാങ്കേതികവിദ്യയെ ഒഴിവാക്കാനാവാത്ത സ്ഥിതിയണങ്കിൽ ആധാർ ബില്ലിനൊപ്പം വിവര സംരക്ഷണ ബില്ലും കൊണ്ടുവരാൻ സർക്കാർ മടികാണിക്കുന്നതെന്താണന്നും അദ്ദേഹം ചോദിച്ചു. എന്ത് കാര്യവും തെറ്റായ രീതിയിൽ ചെയ്യുക എന്നത് സർക്കാർ പതിവാക്കിയിരിക്കുകയാണ്. നോട്ട് നിരോധനത്തോട് കൂടി രാജ്യത്തെ ജനങ്ങളെല്ലാം ഡിജിറ്റൽ പണമിടപാടിലേർപ്പെടുമെന്നായിരുന്നു സർക്കാർ വാദിച്ചിരുന്നത്. ഐടി സാക്ഷരത പോയിട്ട് മുഴുവൻ ജനങ്ങളിലേക്കും സാധാരണ സാക്ഷരത പോലുമെത്താത്ത രാജ്യത്ത് എങ്ങനെയാണ് എല്ലാവരും ഡിജിറ്റൽ പണമിടപാട് നടത്തുക എന്നത് സർക്കാർ അന്ന് ആലോചിച്ചുപോലുമില്ല. നോട്ട് നിരോധനം സാമ്പത്തിക വ്യവസ്ഥയുടെ മേൽ ഏൽപ്പിച്ച പ്രഹരത്തിൽ നിന്ന് കരകയറാൻ ഇന്നും രാജ്യത്തിനായിട്ടില്ല. അതിനാൽ തന്നെ ഇത്തരം നിയമനിർമ്മാണങ്ങൾക്ക് മുൻപ് സർക്കാർ ഗൗരവകരാമായ ആലോചനയിലേർപ്പെടണം. ജനങ്ങളുടെ സ്വകാര്യതയെ ഉറപ്പ് വരുത്തുന്നതിനായി ആധാർ ബില്ലിന്റെ കൂട തന്നെ വിവര സംരക്ഷണ ബില്ലും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP