Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

മുസ്ലിം പുരോ​ഗമനവാദികൾ ഒഴുകുന്നത് ബിജെപിയിലേക്ക്; മുത്തലാഖിനെതിരായി നിയമപോരാട്ടം നടത്തിയ മുസ്ലിം വനിത സൈറ ബാനുവും ബിജെപിയിൽ ചേർന്നു; മുസ്ലിം സ്ത്രീകളോടുള്ള ബിജെപിയുടെ പുരോഗമനപരമായ സമീപനത്തിൽ ആകൃഷ്ടയായാണ് പാർട്ടിയിൽ ചേർന്നതെന്ന് സൈറ ബാനു; മുസ്ലിം സമുദായത്തിലെ നൂറ്റാണ്ടുകൾ നീണ്ട അനാചാരത്തിനെതിരെ പോരാടിയ വനിതയും എത്തിയതോടെ പാർട്ടി കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ ബൻസിധാർ ബഗട്ട്

മുസ്ലിം പുരോ​ഗമനവാദികൾ ഒഴുകുന്നത് ബിജെപിയിലേക്ക്; മുത്തലാഖിനെതിരായി നിയമപോരാട്ടം നടത്തിയ മുസ്ലിം വനിത സൈറ ബാനുവും ബിജെപിയിൽ ചേർന്നു; മുസ്ലിം സ്ത്രീകളോടുള്ള ബിജെപിയുടെ പുരോഗമനപരമായ സമീപനത്തിൽ ആകൃഷ്ടയായാണ് പാർട്ടിയിൽ ചേർന്നതെന്ന് സൈറ ബാനു; മുസ്ലിം സമുദായത്തിലെ നൂറ്റാണ്ടുകൾ നീണ്ട അനാചാരത്തിനെതിരെ പോരാടിയ വനിതയും എത്തിയതോടെ പാർട്ടി കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ ബൻസിധാർ ബഗട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുത്തലാഖിനെതിരായി നിയമപോരാട്ടം നടത്തിയ മുസ്ലിം വനിത സൈറ ബാനു ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് ബൻസിധാർ ബഗട്ടിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് സൈറ ബാനു ബിജെപി അംഗത്വം സ്വീകരിച്ചത്. മുസ്ലിം സമുദായത്തിലെ നൂറ്റാണ്ടുകൾ നീണ്ട അനാചാരത്തിനെതിരെ ധൈര്യപൂർവം പോരാടിയ വനിത ബിജെപിയിലെത്തിയത്, പാർട്ടിയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബൻസിധാർ ബഗട്ട് പറഞ്ഞു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സൈറ ബാനു ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള മുൻ ലോക് സഭാം​ഗം എ പി അബ്ദുള്ളക്കുട്ടിയെ ​ബിജെപി ദേശീയ വൈസ് പ്രസിഡന്റാക്കിയതിന് പിന്നാലെയാണ് ദേശീയ ശ്രദ്ധാകേന്ദ്രമായ ഒരു മുസ്ലിം വനിത ബിജെപിയിലേക്ക് എത്തുന്നത്.

മുസ്ലിം സ്ത്രീകളോടുള്ള ബിജെപിയുടെ പുരോഗമനപരമായ സമീപനത്തിൽ ആകൃഷ്ടയായാണ് പാർട്ടിയിൽ ചേർന്നതെന്ന് 38 കാരിയായ സൈറ ബാനു അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ മൽസരിക്കുക ലക്ഷ്യമിട്ടല്ല ബിജെപിയിൽ ചേർന്നത്. എന്നാൽ പാർട്ടി ടിക്കറ്റ് തന്നാൽ നിഷേധിക്കില്ല. പാർട്ടി പറയുന്നത് അനുസരിക്കുമെന്നും സൈറ ബാനു പറഞ്ഞു. “ബിജെപി ഒരു നല്ല പാർട്ടിയല്ലെന്നും ഇത് മുസ്ലീങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്നുമുള്ള ഒരു ശക്തമായ ധാരണയുണ്ട്. ഈ വിശ്വാസം വേരോടെ പിഴുതെറിയണം. ഇതാണ് പാർട്ടിയിൽ ചേരാൻ ഞാൻ തീരുമാനിച്ചതിന്റെ കാരണം – ബിജെപി മുസ്ലീങ്ങളെയും ഒരു പോലെ പരിഗണിക്കുന്നുണ്ട് എന്ന് തെളിയിക്കണം.” പാർട്ടി അംഗത്വമെടുത്തതിനു പിന്നാലെ സൈറാ ബാനു മാധ്യമങ്ങളോട് വ്യക്തമാക്കി.

സൈറബാനു

ഉത്തരാഖണ്ഡിലെ ഉദംസിങ് നഗർ നിവാസിയാണ് സൈറബാനു. 2016 ലാണ് മുത്തലാഖിനെതിരെ സൈറ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. 2015 ഒക്ടോബർ 15 ന് സൈറയെ ഭർത്താവ് റിസ്‌വാൻ അഹമ്മദ് ഫോണിലൂടെ തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു നിയമപോരാട്ടത്തിന് ഇറങ്ങിയത്. മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനു പിന്നാലെ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി കേന്ദ്രസർക്കാർ നിയമവും പാസ്സാക്കിയിരുന്നു.

ഉത്തരാഖണ്ഡിലെ കാശിപൂർ ജില്ലയിലെ സൈറാ ബാനു 2016 ഫെബ്രുവരി 23 നാണ് മുത്വലാഖിനെതിരെ രംഗത്ത് വരുന്നത്. എംഎ സോഷ്യോളജിയിൽ ബിരുദാനന്ദര ബിരുദം നേടിയ സൈറയെ 2015 ഒക്ടോബർ 15നാണ് ഭർത്താവ് റിസ്വാൻ അഹമ്മദ് തല്ലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത്. ഫോണിലൂടെയായിരുന്നു മൊഴിചൊല്ലിയത്. ഇതിനെതിരെ സൈറയുൾപ്പെടെ കോടതിയെ സമീപിച്ചത് പ്രകാരമാണ് 2017 ഓഗസ്റ്റ് 22 ന് മുത്വലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധി പറയുന്നത്.

ഭർത്താവ് മുത്വലാഖ് ചൊല്ലിയതാണ് തന്നെ നിയമനപടിക്ക് പ്രേരിപ്പിച്ചതെന്നാണ് സൈറാ ബാനു പറയുന്നത്. രോഗബാധയെത്തുടർന്ന് കാശിപൂരിലെ സ്വന്തം വീട്ടിലേയ്ക്ക് പോയ തന്നെ ഭർത്താവ് ഒരു സ്പീഡ് പോസ്റ്റിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയ കാര്യം അറിയിക്കുകയായിരുന്നുവെന്നും അങ്ങനെ 15 വർഷം നീണ്ട ദാമ്പത്യം അവസാനിച്ചുവെന്നും സൈറാ ബാനു പറയുന്നു.

15 വർഷത്തെ വിവാഹ ബന്ധം ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തർപ്രദേശിൽ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീൻ റഹ്മാൻ, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പ്രവീൺ, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്റി എന്നിവരുടെ ഹർജികൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. പല മുസ്ലിം വനിതാ സംഘടനകളും മുത്തലാഖിനെ എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

എന്താണ് തലാഖ് ?

തലാഖ് എന്താണെന്നു മനസിലാക്കിയാൽ മാത്രമെ മുത്തലാഖ് എന്തെന്നു ബോധ്യമാകൂ. അറബിയിൽ 'തലാഖ്' എന്നാൽ പുരുഷൻ നടത്തുന്ന വിവാഹമോചനം എന്നാണ് അർഥം. സ്ത്രീ പുരുഷനിൽനിന്ന് വിവാഹം മോചനം നേടുന്നതിനെ 'ഫസ്ഖ്' എന്നാണ് പറയുന്നത്. എന്നാൽ തലാഖ് പോലെ ഫസ്ഖ് നടത്താനുള്ള അധികാരം മുസ്ലിം സമുദായം സത്രീകൾക്കു നൽകിയിട്ടുണ്ടോയെന്നു സംശയമാണ്. സ്ത്രീയും പുരുഷനും വിവാഹബന്ധം വേർപെടുത്താൻ പാടില്ലെന്ന ഖുർആൻ വചനങ്ങൾ ഉണ്ടെങ്കിലും പുരുഷന്മാർ തലാഖ് പ്രയോഗിച്ച് സ്ത്രീകളെ ഉപേക്ഷിക്കുന്നതു വ്യാപകമാണ്. ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രമെ ഇസ്ലാം മതവിശ്വാസപ്രകാരം തലാഖ് അനുവദിക്കുന്നുള്ളൂ.

എന്നാൽ തലാഖിനെ ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. തലാഖ് എന്ന് ഉരുവിട്ടാൽ തന്നെ വിവാഹ മോചനമായെന്നു കരുതുന്നവരാണ് പലരും. അതേസമയം ഒരാൾ ഭാര്യയോട് തലാഖ് എന്ന് പറഞ്ഞാൽ വിവാഹ മോചനം ഒരിക്കലും സംഭവിക്കില്ല, മറിച്ച് അത് വിവാഹ മോചനത്തിന്റെ ഭാഗമായ ഒരു കർമ്മം മാത്രമായാണ് പരിഗണിക്കുന്നത്. സ്വബോധം ഇല്ലാതെയോ ദേഷ്യത്തിലോ പറയുന്ന തലാഖ് ഒരിക്കലും സ്വീകരിക്കപ്പെടില്ല. ആർത്തവ സമയത്തോ ഗർഭിണി ആയിരിക്കുമ്പോഴും തലാഖ് ചൊല്ലാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

വിവാഹമോചനത്തിന്റെ ഭാഗമായി ഭർത്താവ് ഭാര്യയോട് തലാഖ് പറഞ്ഞാലുടൻ സ്ത്രീയെ വീട്ടിൽനിന്ന് പുറത്താക്കാനും സാധിക്കില്ല. മൂന്ന് മാസം നിർബന്ധമായും ഭർത്താവിന്റെ വീട്ടിൽ തങ്ങണമെന്നാണ് വ്യവസ്ഥ. ഇതിനു അറബിയിൽ പറയുന്ന വാക്കാണു 'ഇദ്ദ'. പിണങ്ങിയ ദമ്പതികൾ തമ്മിൽ യോജിപ്പിലെത്താൻ സാധ്യത ഉള്ളതിനാലാണ് ഇദ്ദ നടപ്പാക്കണമെന്ന് ഇസ്ലാം നിയമം നിർദ്ദേശിച്ചിരിക്കുന്നത്. 'ഇദ്ദ'യ്ക്കിടെ ദമ്പതികൾ തമ്മിൽ ലൈംഗികബന്ധം നടന്നാലും തലാഖ് റദ്ദാക്കപ്പെടും. ഈ മൂന്നു മാസത്തിനിടയിലും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തു തീർപ്പിൽ എത്തിയില്ലെങ്കിൽ മാത്രമെ വിവാഹമോചനം യാഥാർഥ്യമാകൂ. അതായത് തലാഖ് പറഞ്ഞാലുടൻ വിവാഹമോചനം നടക്കില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്.

മൂന്നു മാസം കഴിഞ്ഞ് വിവാഹമോചനം കഴിഞ്ഞാലും സ്ത്രീയ്ക്കു ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ഇസ്ലാം നിയമം വ്യക്തമായി പറയുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാന വിവാഹത്തിന്റെ ഭാഗമായി പുരുഷനിൽ നിന്നും ലഭിച്ച 'മഹർ' സ്ത്രീ ഒരിക്കലും മടക്കി നൽകേണ്ടതില്ലെന്നതാണ്. ഇതേക്കുറിച്ച് ഖുർ ആൻ പറയുന്നത് ഇങ്ങനെ:- 'അവളിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും നിങ്ങൾ അത് തിരിച്ച് വാങ്ങരുത്'(420)'മഹർ' എത്ര വേണമെന്നത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീയ്ക്കാണ് ഇസ്ലാം മതം നൽകിയിരിക്കുന്നത്.

വിവാഹമോചിതയായ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇതേക്കുറിച്ച് ഖുർആൻ പ്രതിപാദിക്കുന്നത് ഇങ്ങനെ :- 'വിവാഹ മോചിതരായ സ്ത്രീകൾക്ക് ന്യായ പ്രകാരം എന്തെങ്കിലും ജീവിത വിഭവമായി നൽകേണ്ടതുണ്ട്. ഭയ ഭക്തിയുള്ളവർക്ക് അതൊരു ബാദ്ധ്യതയത്രെ' (2241). എന്നാൽ ഈ വ്യവസ്ഥകളെ എല്ലാം അട്ടിമറിച്ച് മുസ്ലിം നിയമത്തെ തോന്നിയപടി വ്യാഖ്യാനിച്ചാണ് കാലക്രമേണ നിയമങ്ങളെല്ലാം സ്ത്രീകൾക്ക് എതിരാണെന്ന തോന്നൽ ഉണ്ടാക്കിയെടുത്തത്.

എന്താണ് മുത്തലാഖ്?

തലാഖ് ചൊല്ലി ഉപേക്ഷിച്ച സ്ത്രീയെ വീണ്ടും വിവാഹം ചെയ്യാൻ ഇസ്ലാം മതം അനുമതി നൽകുന്നുണ്ട്. ഇത്തരത്തിൽ ഒരാൾ മൂന്നുതവണ ഒരാളെത്തന്നെ വിവാഹം ചെയ്യുകയും മൂന്നാം തവണ വിവാഹമോചനം നടത്തുകയും ചെയ്യുന്നതിനാണ് മുത്തലാഖ് എന്നു പറയുന്നത്. മൂന്നാം തവണയും വിവാഹമോചനം നടന്നു കഴിഞ്ഞാൽ തുടർന്നും ഇരുവർക്കും വിവാഹം ചെയ്യാൻ സാധിക്കില്ല. അതായത് മുത്തലാഖിനു ശേഷം ഒരു ഒത്തുതീർപ്പ് സാധ്യമല്ലെന്നു ചുരുക്കം. മുത്തലാഖിന്റെ തലാഖിന്റെയും വ്യവസ്ഥകളിലൂടെ വിവാഹ ബന്ധം ഒരിക്കലും ഇല്ലാതാകാൻ പാടില്ലെന്ന സന്ദേശമാണ് സത്യത്തിൽ ഇസ്ലാം മതം നൽകുന്നത്. മൂന്നമതു നടത്തുന്ന മുത്തലാഖിനു ശേഷവും വിവാഹം ബന്ധം തുടരേണ്ടെന്ന് നിഷ്‌ക്കർഷിക്കുന്നതിലൂടെ വിവാഹവും വിവാഹമോചനവും തമാശ അല്ലെന്നുള്ള സന്ദേശവും ഇസ്ലാംമതം നൽകുന്നു.അതേസമയം മുത്തലാഖ് എന്നൊരു സമ്പ്രദായം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും ഇത് പ്രയോഗിക്കാനേ പാടില്ലെന്നുമാണ് മതനിയമം മുന്നോട്ടു വച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP