Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202108Wednesday

ലഖിംപുർ ഖേരി വിഷയത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനെ അഴിക്കുള്ളിലാക്കിയത് യോഗിയുടെ ഫോർവേഡ് പ്ലേയോ? ആശിഷ് മിശ്രയെ സംരക്ഷിക്കാതെ പെട്ടന്നുള്ള കർഷക താൽപ്പര്യത്തിൽ ബിജെപിക്കുള്ളിലും ഭിന്നാഭിപ്രായം; ഠാക്കൂർ-ബ്രാഹ്മണ പോരും ചർച്ചാ വിഷയം; കാർഷിക നിയമത്തിലെ കടുംപിടുത്തം ബിജെപിക്ക് സമ്മാനിക്കുന്നത് നഷ്ടക്കണക്കുകൾ മാത്രം

ലഖിംപുർ ഖേരി വിഷയത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനെ അഴിക്കുള്ളിലാക്കിയത് യോഗിയുടെ ഫോർവേഡ് പ്ലേയോ? ആശിഷ് മിശ്രയെ സംരക്ഷിക്കാതെ പെട്ടന്നുള്ള കർഷക താൽപ്പര്യത്തിൽ ബിജെപിക്കുള്ളിലും ഭിന്നാഭിപ്രായം; ഠാക്കൂർ-ബ്രാഹ്മണ പോരും ചർച്ചാ വിഷയം; കാർഷിക നിയമത്തിലെ കടുംപിടുത്തം ബിജെപിക്ക് സമ്മാനിക്കുന്നത് നഷ്ടക്കണക്കുകൾ മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ യോഗി ആദിത്യാനാഥ് ദിവസം ചെല്ലുംതോറം പിടിമുറുക്കുകയാണ്. കേന്ദ്രത്തിൽ ഭരിക്കുന്നവരിൽ ചിലർക്കും യോഗിയുടെ വളർച്ച വെല്ലുവിളിയാണ്. ആർഎസ്എസ് പിന്തുണയോടും കൂടി അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വരെ യോഗിയെ ഉയർത്തിക്കാട്ടാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ ലക്ഷ്യത്തിലേക്ക് അടുക്കാൻ യോഗി ആദിത്യനാഥ് കയറിക്കളിച്ചു തുടങ്ങിയോ? കർഷക കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പുത്രൻ അറസ്റ്റിലാകുമ്പോൾ യോഗി അൽപ്പം വേഗത്തിൽ തന്നെ മുന്നിൽ കയറി ഗോളടിക്കാൻ ശ്രമിക്കുന്നു എന്ന ചിന്തകൾ ശക്തമാകുകയാണ്. കർഷക സമരത്തോട് ഇതുവരെ ആഭിമുഖ്യം കാണിക്കാത്ത യോഗി സർക്കാർ ഇപ്പോൾ പെട്ടന്ന് കർഷക സ്‌നേഹികൾ ആയത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനു 4 മാസം മാത്രം ശേഷിക്കെ കർഷകസമരത്തിന്റെ തീപ്പൊരികൾ കെടുത്താനുള്ള ശ്രമം കൂടിയാണ് ഇപ്പോഴത്തെ അറസ്റ്റ്. ലഖിംപുർ ഖേരിയിലെ മുടിചൂടാമന്നനായ അജയ് മിശ്രയുടെ പിൻഗാമിയായി നിയമസഭാ ടിക്കറ്റിനു കാത്തിരുന്ന ആശിഷ് മിശ്ര അറസ്റ്റിലായതു ബ്രാഹ്മണരിലുണ്ടാക്കുന്ന ചലനങ്ങൾ പ്രധാനമാണ്. ഠാക്കൂർ സമുദായക്കാരനായ യോഗി ആദിത്യനാഥ് ബ്രഹ്മണരെ അവഗണിക്കുന്നു എന്ന വികാരം ശക്തമാണ്. ചിത്രത്തിലില്ലാതിരുന്ന കോൺഗ്രസ് നടത്തുന്ന മുന്നേറ്റങ്ങളും ബിജെപിയെ അലട്ടുന്നു. കർഷകസമരം അലയടിച്ച പടിഞ്ഞാറൻ യുപിയിൽ പ്രത്യാഘാതം വലുതാകുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്.

20% വരുന്ന ബ്രാഹ്മണ വോട്ടുകൾ പിടിക്കാൻ കോൺഗ്രസിൽനിന്നു ജിതിൻ പ്രസാദയെ കൊണ്ടുവന്ന യോഗി ആദിത്യനാഥ് ലഖിംപുർ വിഷയത്തിൽ ബ്രാഹ്മണ സമുദായത്തിലെതന്നെ അജയ് മിശ്രയെയും മകൻ ആശിഷിനെയും സംരക്ഷിക്കാൻ ശ്രമിച്ചില്ലെന്ന തോന്നൽ ബിജെപിയിൽ ശക്തമാണ്. ജിതിൻ പ്രസാദയിലൂടെ ബ്രാഹ്മണ വോട്ടുകൾ നിലനിർത്തുമ്പോൾ തന്നെ മറ്റുവിഷയത്തിൽ മന്ത്രിപുത്രന്റെ പേരുയർന്നപ്പോൾ തടുക്കാതിരുന്നതും മന്ത്രി ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആർ ഇട്ടതും മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണു പാർട്ടിക്കുള്ളിലെ ചർച്ച.

ആശിഷിനെ സംരക്ഷിക്കാൻ മെനക്കെടാതെ യോഗി സർക്കാർ ഈ വിഷയത്തിൽ കർഷകതാൽപര്യത്തിനാണു പ്രാമുഖ്യം നൽകിയത്. നേരത്തേ ബിജെപി സഹയാത്രികനായിരുന്ന കർഷകനേതാവ് രാകേഷ് ടികായത്തിനെ പ്രശ്‌നത്തിൽ ഇടപെടാൻ യോഗി തന്നെയാണു വിളിച്ചുവരുത്തിയതെന്നും സൂചനകളുണ്ടായിരുന്നു. അവർ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ഒറ്റയടിക്കു സർക്കാർ അംഗീകരിക്കുകയും ചെയ്തു. സംയമനം പാലിക്കാൻ കർഷകരോട് അഭ്യർത്ഥിച്ച ടികായത്ത്, മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. അത് യുപി സർക്കാർ ഇതുവരെ നിരാകരിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ആശിഷ് മിശ്ര

ഇന്നലൊയണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയെ പത്ത് മണിക്കൂർ നീണട് ാേദ്യം ചെയ്യലിന് ഒടുവിൽ അറസ്റ്റു ചെയ്തത്. ആശിഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് യുപി പൊലീസ് അറിയിച്ചു. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കർഷകർക്ക് ഇടയിലേക്ക് വാഹന ഇടിച്ചു കയറ്റി എന്നിങ്ങനെ എട്ടോളം വകുപ്പുകളാണ് അശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. ആശിഷിനെ കോടതിയിൽ ഹാജരാക്കും.

സംഭവം നടക്കുന്ന സമയം താൻ സ്ഥലത്തില്ലായിരുന്നെന്ന് ആശിഷ് അന്വേഷണ സംഘത്തിനു മുന്നിൽ ആവർത്തിച്ചത്. ഇതു സാധൂകരിക്കുന്ന സാക്ഷിമൊഴികളും വിഡിയോകളും ആശിഷ് ഹാജരാക്കിയതായാണ് വിവരം. പ്രവർത്തകർക്ക് വാഹനം വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ആശിഷ് മിശ്ര പൊലീസിനോട് വ്യക്തമാക്കി. സംഘർഷ ദിവസം ബൻവീർപുരിലായിരുന്നു. അതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നെന്ന എഫ്‌ഐആറിലെ പരാമർശം തെറ്റാണെന്നും ആശിഷ് മിശ്ര പറഞ്ഞതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കേസിൽ ഉത്തർപ്രദേശ് സർക്കാരിന്റെ സമീപനത്തിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തിലും സുപ്രീം കോടതി അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശിഷിന് സമൻസ് അയച്ചത്. രാവിലെ 11ഓടൊണ് പ്രത്യേക അന്വേഷണസംഘത്തിനു (എസ്‌ഐടി) മുൻപിൽ ആശിഷ് ഹാജരായത്.

പ്രത്യേകാന്വേഷണസംഘം പ്രവർത്തിക്കുന്ന ലഖിംപുർ ഖേരി ക്രൈംബ്രാഞ്ച് ഓഫിസിന്റെ പിൻവാതിലിലൂടെയാണ് ആശിഷ് മിശ്ര ഹാജരാകാനെത്തിയത്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചു വന്ന ആശിഷ് മുഖം മറച്ചിരുന്നു. ഡിഐജി ഉപേന്ദ്ര അഗർവാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലായിരുന്നു ചോദ്യംചെയ്യൽ.

കൃഷി നിയമത്തിലെ പിടിവാശി ബിജെപി ഉപേക്ഷിക്കുമോ?

വിവാദമായ കാർഷിക നിയമത്തിലെ പിടിവാശി ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ ഇനിയെങ്കിലും തയ്യാറാകുമോ? ഈ വിഷയത്തിൽ ബിജെപിക്ക് നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. അടുത്തു തന്നെ വരുന്ന തെരഞ്ഞെടുപ്പുകൾ കൂടി പരിഗണിക്കുമ്പോൾ വിട്ടുവീഴ്‌ച്ചക്കുള്ള സാധ്യതയും ഉയരുന്നുണ്ട്. കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയെന്ന കേസിൽ മകൻ അറസ്റ്റിലായതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന മുറവിളി കൂടുതൽ ശക്തമാകും.

കഴിഞ്ഞ വർഷം സെപ്റ്റംബർ 17നാണ് കൃഷിനിയമങ്ങളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദളിന്റെ ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചത്. 10 ദിവസം കഴിഞ്ഞപ്പോൾ, ദേശീയ ജനാധിപത്യ സഖ്യത്തിൽനിന്ന് (എൻഡിഎ) പിന്മാറുന്നുവെന്ന് ശിരോമണി അകാലിദൾ പ്രഖ്യാപിച്ചു. ഡിസംബറിൽ കൃഷിനിയമങ്ങൾത്തന്നെ കാരണമാക്കി രാജസ്ഥാനിൽനിന്നുള്ള രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും എൻഡിഎ വിട്ടു. കഴിഞ്ഞ ജനുവരിയിൽ കൃഷിനിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.

പ്രതിഛായ മിനുക്കാനാണ് പ്രമുഖരായ ചിലരെത്തന്നെ കേന്ദ്രമന്ത്രിസഭയിൽനിന്ന് ഒഴിവാക്കി കഴിഞ്ഞ ജൂലൈയിൽ സമഗ്ര അഴിച്ചുപണി നടത്തിയത്. ഇതര പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) അവഗണിക്കപ്പെടുന്നു എന്ന പരാതി പരിഹരിക്കുകയാണ് അഴിച്ചുപണിയിലൂടെ പ്രധാനമായി ലക്ഷ്യമിട്ടത്. അപ്പോഴും, ബ്രാഹ്മണർ അവഗണിക്കപ്പെടുന്നുവെന്ന യുപിയിൽനിന്നുള്ള പരാതി കേട്ടിട്ടെന്നോണം ആ വിഭാഗത്തിൽനിന്ന് അജയ് മിശ്രയെ മാത്രം ഉൾപ്പെടുത്തി.

കർഷകസമരം പഞ്ചാബിലെ സിഖുകാരുടേതു മാത്രമെന്നായിരുന്നു മോദി സർക്കാരും ബിജെപിയും ആദ്യം വാദിച്ചത്. ഖലിസ്ഥാൻ ആരോപണവും മറ്റും അതിന്റെ ഭാഗമായിരുന്നു. എന്നാൽ, പിന്നീട് യുപിയിലും ഹരിയാനയിലും സമരം സജീവമായി. ലഖിംപുർ ഖേരിയാണ് ഇപ്പോൾ കർഷകപ്രക്ഷോഭത്തിലെ മുഖ്യ സ്ഥലനാമം. 9കോൺഗ്രസ് മുൻകയ്യെടുത്ത ലഖിംപുർ വിഷയത്തിൽ തോറ്റുകൊടുത്തു എന്ന പ്രതീതി ഒഴിവാക്കാൻ ബിജെപി ഏറെ ശ്രമിച്ചു. മകന്റെ പേര് ഒന്നാമതുള്ള എഫ്‌ഐആർ വന്നശേഷവും അജയ് മിശ്ര രാജിവയ്‌ക്കേണ്ടെന്ന തീരുമാനം അതിന്റെ ഭാഗമായിരുന്നു. കർഷക യൂണിയനുകൾ സമരം ശക്തമാക്കിയാൽ മാത്രം രാജിയെന്ന ആലോചനയും പിന്നീടുണ്ടായി.

കർഷകരെ ഇടിച്ചതിൽ ഒരു വാഹനം തന്റേതെങ്കിലും മകൻ നിരപരാധിയെന്ന നിലപാടിലായിരുന്നു അജയ് മിശ്ര. എന്നാൽ, എഫ്‌ഐആറിലെ ഒന്നാമത്തെ പേരുകാരനെ അറസ്റ്റ് ചെയ്യാതെയുള്ള കേസ് നടപടികളിൽ സുപ്രീം കോടതി സ്വരം കടുപ്പിച്ചപ്പോൾ കേന്ദ്രവും യുപി സർക്കാരും പ്രതിരോധത്തിലായി. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ ഇളയ മകനാണ് അറസ്റ്റിലായ ആശിഷ്. ലഖിംപുർ ഖേരിയിൽ അജയ് മിശ്ര പടുത്തുയർത്തിയ രാഷ്ട്രീയസാമ്രാജ്യത്തിന്റെ പിന്മുറക്കാരനായി ജനം കരുതിയത് ആശിഷിനെയാണ്. ലഖിംപുരിൽ അരിമില്ലും പെട്രോൾ പമ്പും കൃഷിഭൂമിയുമൊക്കെയായി ഒട്ടേറെ വസ്തുവകകളാണ് അജയ് മിശ്രയുടെ കുടുംബത്തിനുള്ളത്.

2012ൽ നിഘാസൻ മണ്ഡലത്തിൽനിന്ന് എംഎൽഎ ആയ അജയ് മിശ്ര 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഖേരി മണ്ഡലത്തിൽനിന്നു വിജയിച്ചതിനെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ആശിഷ് ടിക്കറ്റിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിത്വത്തിനു ശ്രമിച്ചെങ്കിലും വിഫലമായി. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ അജയ് മിശ്രയുടെ തിരഞ്ഞെടുപ്പു ക്യാംപെയ്‌ന്റെ ചുമതല ആശിഷിനായിരുന്നു. തുടർന്ന്, പാർട്ടി പരിപാടികളിൽ സജീവമായി കളംപിടിച്ചു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിഘാസനിൽ സ്ഥാനാർത്ഥിയാകാൻ സാധ്യത കൽപിക്കപ്പെട്ടിരിക്കെയാണ് ഇപ്പോഴത്തെ പതനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP