Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലളിത് മോദി ബ്രിട്ടീഷ് വിസക്ക് വേണ്ടി പറഞ്ഞത് ഇന്ത്യയിൽ എത്തിയാൽ തൂക്കിക്കൊല്ലുമെന്ന്; വസുന്ധര ബന്ധം അടിവരയിട്ട് സത്യവാങ്മൂലം: രാജസ്ഥാൻ മുഖ്യമന്ത്രിക്ക് രാജിയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല

ലളിത് മോദി ബ്രിട്ടീഷ് വിസക്ക് വേണ്ടി പറഞ്ഞത് ഇന്ത്യയിൽ എത്തിയാൽ തൂക്കിക്കൊല്ലുമെന്ന്; വസുന്ധര ബന്ധം അടിവരയിട്ട് സത്യവാങ്മൂലം: രാജസ്ഥാൻ മുഖ്യമന്ത്രിക്ക് രാജിയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല

ന്യൂഡൽഹി: ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി വസുദ്ധര രാജെയുടെ ബന്ധത്തിന് അടിവരയിട്ടുള്ള തെളിവുകൾ പുറത്തുവന്നതോടെ ബിജെപി കടുത്ത പ്രതിരോധത്തിലായി. ലളിത് മോദിക്ക് ബ്രിട്ടീഷ് വിസ ലഭിക്കുന്നതിന് വേമ്ടി എല്ലാ സഹായവും ചെയ്തത് രാജസ്ഥാൻ മുഖ്യമന്ത്രിയാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം പുറത്തുവന്നതാണ് വസുദ്ധരയ്ക്ക് തിരിച്ചടിയായത്. ഇതോടെ രാജി ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. എന്നിട്ടും ബിജെപി ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരിക്കും സ്മൃതി ഇറാനിക്കുമൊപ്പം വസുന്ധര, 2011ൽ ലണ്ടൻ സന്ദർശിച്ചതിന്റെ വിശദാംശങ്ങളും പുറത്തു വന്നത് ബിജെപിക്ക് കൂടുതൽ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. 2011 ഓഗസ്റ്റ് എട്ടിനാണ് വസുന്ധര രാജെ ലളിത് മോദിയുടെ ഇമിഗ്രേഷൻ അപേക്ഷയെ പിന്തുണച്ച് ബ്രിട്ടീഷ് അധികൃതർക്കു കത്തു നൽകിയത്. ഇന്ത്യയിൽ ലളിത് മോദി രാഷ്ട്രീയ പീഡനത്തിന് വിധേയമായെന്നും അതിനാൽ ലണ്ടനിൽ താമസിക്കാൻ അനുവദിക്കണം എന്നുമാണ് വസുന്ധര രാജെ ഈ രേഖയിൽ പറഞ്ഞത്.

വസുദ്ധര മോദിക്ക് വേണ്ടി ഇടപെട്ട സത്യവാങ്മൂലത്തിൽ പറയുന്നത് ഇങ്ങനെയാണ്: 'എന്റെ കുടുംബം ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ നിറഞ്ഞ സാന്നിധ്യമാണ്. മാതാവ് വിജയരാജെ സിന്ധ്യ, സഹോദരൻ മാധവ റാവു സിന്ധ്യ, സഹോദര പുത്രൻ ജ്യോതിരാദിത്യ സിന്ധ്യ, സഹോദരി യശോധര രാജെ, മകൻ ദുഷ്യന്ത് സിങ് എന്നിവർ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രിയാകുന്നതിനു വളരെ മുൻപേ ലളിത് മോദിയെ അറിയാം. ലളിതിന്റെ കുടുംബവുമായി ദശകങ്ങളുടെ ബന്ധമുണ്ട്.

മുഖ്യമന്ത്രിയായ ശേഷം രാജസ്ഥാനിലെ കായിക രംഗം അഴിച്ചുപണിയുന്നതിന് അദ്ദേഹത്തിന്റെ സഹായം തേടി. ക്രിക്കറ്റിന്റെ വിപണന സാധ്യതകൾ തിരിച്ചറിയുകയും കായിക വിപ്ലവത്തിനു വഴിയൊരുക്കുകയും ചെയ്തയാളാണു ലളിത്. തന്നോടുള്ള അടുപ്പത്തിന്റെ പേരിൽ ലളിത് ബിജെപി അനുഭാവിയായി ചിത്രീകരിക്കപ്പെട്ടു. അതോടെ, അദ്ദേഹം കോൺഗ്രസിന്റെ ശത്രു പക്ഷത്തുമായി. അദ്ദേഹത്തിനെതിരായ ക്രിമിനൽ കേസുകൾ കോൺഗ്രസ് കെട്ടിച്ചമച്ചതാണ്. അദ്ദേഹത്തെ കരിതേയ്ക്കുന്നതിലൂടെ എന്നെയും കരിതേയ്ക്കാനാണു കോൺഗ്രസ് ലക്ഷ്യമിടുന്നത്.'

അതേസമയം ഇക്കാര്യം പുറത്തുവന്നതോടെ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് ഉരുണ്ടു കളിക്കാനാണ് ഇവരുടെ ശ്രമം. എന്നാൽ താൻ ഒപ്പിട്ടു നൽകിയ സാക്ഷിപ്രസ്താവന തന്നെയാണെന്നു വസുന്ധര സമ്മതിച്ചു. ഇന്ത്യയിലെ നിയമത്തിന്റെ പിടിയിൽ നിന്നു രക്ഷ തേടി വിദേശ രാജ്യത്ത് അഭയം തേടിയ കുറ്റവാളിയെ പിന്തുണച്ചെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ അവർ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിക്ക് രാജിയല്ലാതെ മറ്റ് വഴികളില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

വസുന്ധരയ്ക്കു പദവിയിൽ തുടരാൻ നിയമപരമായും ധാർമികമായും അവകാശം നഷ്ടപ്പെട്ടിരിക്കുന്നുവെന്നു രാജസ്ഥാൻ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റും വക്താവ് അജയ് മാക്കനും അഭിപ്രായപ്പെട്ടു. കോൺഗ്രസിനു നല്ല ദിനങ്ങൾ വന്നിരിക്കുന്നുവെന്ന പോസ്റ്റിനു പ്രചാരം നൽകിയാണു സൈബർ ലോകം സംഭവ വികാസങ്ങളോടു പ്രതികരിച്ചത്. വസുന്ധരയെ പരമാവധി സംരക്ഷിച്ചു നിർത്താൻ ബിജെപി ശ്രമിക്കുമെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. ലോക്‌സഭാ സമ്മേളനം തുടങ്ങിയ ശേഷം വസുന്ധര കീഴടങ്ങിയാൽ പ്രതിപക്ഷത്തിന്റെ ഒരു ആവശ്യം അംഗീകരിക്കുന്നതിനൊപ്പം മറ്റു ചിലതു നിരാകരിച്ച് ഒത്തുതീർപ്പുണ്ടാക്കാൻ സർക്കാരിന് അവസരമൊരുങ്ങും.

ഇതിനിടെ തനിക്കെതിരായ രാഷ്ട്രീയ ആക്രമണങ്ങൾക്കു പിന്നിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണെന്നു ലളിത് മോദി ആരോപിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ശക്തയായ രാഷ്ട്രീയ നേതാവിനും ഭരണകക്ഷിക്കും മുന്നിൽ താൻ അനീതിയുടെ ഇരയാവുകയായിരുന്നുവെന്നു സാക്ഷ്യപ്പെടുത്തിയാണു മുൻ ഐപിഎൽ കമ്മിഷണറും ബിസിനസുകാരനുമായ മോദി 2011ൽ യുകെയിൽ സ്ഥിരതാമസത്തിന് അനുമതി തേടിയത്.

ശശി തരൂരിനു മന്ത്രിപദവി നഷ്ടപ്പെടുന്നതിലേക്കു നയിച്ച വിവാദങ്ങളാണു കോൺഗ്രസിനെ തന്റെ ബദ്ധശത്രുവാക്കിയതെന്ന് അധികൃതർക്കു സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം പറയുന്നു. തന്നെ തിരിച്ചറിയുന്ന മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളായാണു ലളിത് മോദി, അന്നു മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെയെ ബ്രിട്ടിഷ് അധികൃതർക്കു മുന്നിൽ അവതരിപ്പിക്കുന്നത്.

ഇന്ത്യൻ അധികൃതർ എന്റെ പാസ്‌പോർട്ട് മരവിപ്പിച്ചത് മനഃപൂർവമുള്ള അധികാരദുർവിനിയോഗമാണ്. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളതുകൊണ്ട് ഇന്ത്യയിലെത്തിയാലുടൻ അറസ്റ്റുണ്ടായേക്കാം. ഞാൻ നിയമത്തിൽ നിന്ന് ഒളിച്ചോടിയയാളല്ല; അനീതിയുടെ ഇരയാണ്. എന്നെ നാണംകെടുത്തുകയും നശിപ്പിക്കുകയുമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ പ്രമാണികളുടെ ലക്ഷ്യം. ക്രിക്കറ്റ് വാതുവയ്പ് അനുവദിക്കാത്തതിന്റെ പേരിൽ മുംബൈ അധോലോകം ഇന്ത്യയിൽവച്ച് എന്നെ കൊല്ലാനും മടിക്കില്ലെന്നായരുന്നു ലളിത് മോദിയുടെ വാദം.

എനിക്കെതിരായ ആക്രമണങ്ങൾക്കു പിന്നിലുള്ള ഇന്ത്യയിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. കോൺഗ്രസിലെയും സർക്കാരിലെയും യഥാർഥ അധികാരി അവരാണ്. രാജസ്ഥാൻ പ്രതിപക്ഷ നേതാവായ വസുന്ധര രാജെയുമായി എനിക്കുള്ള അടുപ്പവും അവർക്കു ഞാൻ നൽകുന്ന പിന്തുണയും കോൺഗ്രസുകാരെ അസ്വസ്ഥരാക്കുന്നു. അവരുടെ പ്രതിച്ഛായ തകർക്കലും കോൺഗ്രസിന്റെ ലക്ഷ്യമാണ്. എന്റെ സാക്ഷിപ്രസ്താവനയ്‌ക്കൊപ്പം അഭിഭാഷൻ മഹ്മൂദ് എം. അബ്ദി, വസുന്ധര രാജെ, ആഗോള പ്രശസ്ത സെക്യൂരിറ്റി സ്ഥാപനമായ നിക്കോൾസ് സ്‌റ്റെയിൻ ആൻഡ് അസോഷ്യേറ്റ്‌സ് മേധാവി റോബർട് നിക്കോൾസ് എന്നിവരുടെ പ്രസ്താവനകൾ കൂടി ചേർത്തുവായിക്കണം.

ഇതെല്ലാം സംഭവിച്ചതു ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലാണെന്നും മോദി പറഞ്ഞു വെക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയതിനുള്ള ബഹുമതി തനിക്കാണെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ പറഞ്ഞു. എനിക്ക് ഇപ്പോൾ വേണ്ടതു രാഷ്ട്രീയാഭയമല്ല, ബിസിനസ് പ്രതിനിധിയെന്ന നിലയിൽ താമസത്തിനുള്ള അനുമതിയാണ്. രാഷ്ട്രീയാഭയം കൂടിയേതീരൂ എന്ന സാഹചര്യം ഇപ്പോഴില്ലെന്നുാമണ് ലളിത് മോദി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP