Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീതാറാം യെച്ചൂരി രാജ്യസഭയിലേക്കു മത്സരിക്കില്ല; കോൺഗ്രസ് പിന്തുണയോടെ പാർട്ടി ജനറൽ സെക്രട്ടറി എംപി ആകേണ്ടെന്നു സി.പി.എം പൊളിറ്റ്ബ്യൂറോ; ബംഗാൾ ഘടകത്തിന്റെ ആവശ്യത്തിനു തടയിട്ടതു കേരളം; പാർട്ടി മാനദണ്ഡം ലംഘിക്കാനാവില്ലെന്നു യെച്ചൂരി

സീതാറാം യെച്ചൂരി രാജ്യസഭയിലേക്കു മത്സരിക്കില്ല; കോൺഗ്രസ് പിന്തുണയോടെ പാർട്ടി ജനറൽ സെക്രട്ടറി എംപി ആകേണ്ടെന്നു സി.പി.എം പൊളിറ്റ്ബ്യൂറോ; ബംഗാൾ ഘടകത്തിന്റെ ആവശ്യത്തിനു തടയിട്ടതു കേരളം; പാർട്ടി മാനദണ്ഡം ലംഘിക്കാനാവില്ലെന്നു യെച്ചൂരി

ന്യൂഡൽഹി: പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി രാജ്യസഭാ സ്ഥാനാർത്ഥിയായി മൽസരിക്കേണ്ടെന്നു സി.പി.എം പൊളിറ്റ്ബ്യൂറോ. കോൺഗ്രസ് പിന്തുണയോടെ സീതാറാം യച്ചൂരി രാജ്യസഭയിലേക്കു മൽസരിക്കേണ്ടെന്നു ഡൽഹിയിൽചേർന്ന സി.പി.എം പൊളിറ്റ് ബ്യൂറോ തീരുമാനമെടുത്തു.

യച്ചൂരി മൽസരിക്കണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യം പൊളിറ്റ് ബ്യൂറോ തള്ളി. മൽസരിക്കേണ്ടെന്നു കേരളഘടകം നിലപാടെടുത്തിരുന്നു. നിലവിൽ പാർട്ടി മാനദണ്ഡം ലംഘിക്കാനാവില്ലെന്നു സീതാറാം യച്ചൂരി എകെജി ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസ് പിന്തുണയോടെ മൽസരിക്കേണ്ടെന്നാണു പിബി തീരുമാനം. വിജ്ഞാപനം വന്നശേഷം പാർട്ടി നിലപാടെടുക്കുമെന്നും യച്ചൂരി പറഞ്ഞു.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ യച്ചൂരി പാർലമെന്റിൽ തുടരേണ്ടത് അനിവാര്യമെന്നു വ്യക്തമാക്കി മറ്റു ചില സംസ്ഥാന ഘടകങ്ങളും സിസിയിലെ ചില അംഗങ്ങളും പിബിക്കു കത്തു നൽകിയിരുന്നു. എന്നാൽ, കോൺഗ്രസുമായി തിരഞ്ഞെടുപ്പ് ഇടപാടുകൾ പാടില്ലെന്ന പാർട്ടി കോൺഗ്രസ് നിലപാടിൽ ഉറച്ചുനിൽക്കണമെന്നു കേരള ഘടകം പരസ്യ നിലപാടെടുത്തതു യച്ചൂരിയെ എതിർക്കുന്ന കാരാട്ട് പക്ഷത്തിനു ബലമായി.

യച്ചൂരിയുടേതുൾപ്പെടെ ബംഗാളിൽനിന്നു രാജ്യസഭയിലേക്ക് ആറു സീറ്റുകളിലാണ് ഉടനെ ഒഴിവുവരുന്നത്. അംഗബലം മാത്രം നോക്കിയാൽ തൃണമൂൽ കോൺഗ്രസിന് അഞ്ചുപേരെയും കോൺഗ്രസിന് ഒരാളെയും ജയിപ്പിക്കാം. ആകെ 31 എംഎൽഎമാരുള്ള ഇടതിനു തനിച്ചു സ്ഥാനാർത്ഥിയെ ജയിപ്പിക്കാനാവില്ല. എന്നാൽ, കോൺഗ്രസിന്റെ എട്ടുപേർ ഭിന്നിച്ചുനിൽക്കുന്നതിനാൽ അവർക്കു തനിച്ചും സ്ഥാനാർത്ഥിയെ ജയിപ്പിക്കാനാവാത്ത സാഹചര്യമാണ്.

യച്ചൂരിയാണ് ഇടതു സ്ഥാനാർത്ഥിയെങ്കിൽ തങ്ങൾ മൽസരിക്കില്ലെന്നും യച്ചൂരിയെ പിന്തുണയ്ക്കുമെന്നും കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുക്കണമെന്നായിരുന്നു ബംഗാൾ ഘടകത്തിന്റെ ആവശ്യം. യച്ചൂരിയുടെ നിലവിലെ രാജ്യസഭാ കാലാവധി ഓഗസ്റ്റിൽ അവസാനിക്കുമ്പോൾ സംസ്ഥാനത്തുനിന്നുള്ള മറ്റു രണ്ടു സി.പി.എം അംഗങ്ങളിൽ തപൻ സെൻ അടുത്ത വർഷവും ഋതബ്രത ബാനർജി 2020ലും വിരമിക്കും.

നിലവിൽ നിയമസഭയിലുള്ള അംഗബലം മാത്രംവച്ച് ഇനി പാർട്ടിക്ക് ആരെയും രാജ്യസഭയിലേക്കു ജയിപ്പിക്കാനാവാത്ത സ്ഥിതിയാണുള്ളതെന്നും അതിനാൽ യച്ചൂരിയെ ഇപ്പോൾ സ്ഥാനാർത്ഥിയാക്കണമെന്നും ബംഗാൾ പാർട്ടി സെക്രട്ടേറിയറ്റ് കഴിഞ്ഞ 20നു പിബിക്കുള്ള കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതു പിബി തള്ളിക്കളഞ്ഞു. തുടർന്ന്, കഴിഞ്ഞയാഴ്ച ബംഗാൾ സംസ്ഥാന സമിതി, സെക്രട്ടേറിയറ്റിന്റെ നിലപാടാവർത്തിച്ചു പ്രമേയം പാസാക്കി. അതാണ് പിബി പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP