Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുജറാത്ത് കലാപസമയത്ത് താൻ മോദിയെ പേടിച്ച് മുങ്ങി എന്നത് കെട്ടുകഥ; ഡൽഹിയിൽ അന്ന് സംയുക്ത വാർത്താസമ്മേളനം നടത്തിയിരുന്നു; സന്ദർശന വിവരം മാധ്യമങ്ങളിൽ വന്നിരുന്നു; വി ഡി സതീശന് മറുപടിയുമായി സീതാറാം യെച്ചൂരി

ഗുജറാത്ത് കലാപസമയത്ത് താൻ മോദിയെ പേടിച്ച് മുങ്ങി എന്നത് കെട്ടുകഥ; ഡൽഹിയിൽ അന്ന് സംയുക്ത വാർത്താസമ്മേളനം നടത്തിയിരുന്നു; സന്ദർശന വിവരം മാധ്യമങ്ങളിൽ വന്നിരുന്നു; വി ഡി സതീശന് മറുപടിയുമായി സീതാറാം യെച്ചൂരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുജറാത്തിലെ കലാപബാധിതപ്രദേശങ്ങൾ സന്ദർശിക്കാൻ തീസ്ത സെതൽവാദിനൊപ്പം വന്ന സിപിഎം.ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംഘവും മോദിയെ പേടിച്ച് മുങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി യെച്ചൂരി എത്തി. സതീശന്റെ ആരോപണം അസംബന്ധമെന്ന് യെച്ചൂരി പറഞ്ഞു.

ഗുജറാത്ത് കലാപ സമയത്ത് താൻ മോദിയെ പേടിച്ച് മുങ്ങിയെന്നത് കെട്ടുകഥയാണ്. ഡൽഹിയിൽ അന്ന് സംയുക്ത വാർത്താസമ്മേളനം നടത്തിയിരുന്നു. സന്ദർശനത്തിന്റെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെന്നും യെച്ചൂരി പറഞ്ഞു. ഗുജറാത്ത് കലാപത്തിന് പിന്നാലെ ഇഹ്‌സാൻ ജഫ്രിയുടെ വിധവയെ സോണിയ ഗാന്ധി സന്ദർശിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു യെച്ചൂരിക്ക് എതിരായ വി ഡി സതീശന്റെ വിമർശനം.

ഗുജറാത്ത് കലാപത്തെക്കുറിച്ച് കൃഷ്ണൻ മോഹൻലാൽ എഴുതിയ 'ഗുജറാത്ത്-തീവ്രസാക്ഷ്യങ്ങൾ' എന്ന പുസ്തകം ഉദ്ധരിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇത് തീസ്തയുടെ വെളിപ്പെടുത്തലാണെന്നു പറഞ്ഞ് പുസ്തകത്തിലെ പരാമർശങ്ങൾ പ്രതിപക്ഷ നേതാവ് വായിച്ചുകേൾപ്പിക്കുകയും ചെയ്തു. അത് ഇങ്ങനെ: 'കലാപം തുടങ്ങിയ ഉടൻ തീസ്ത തനിക്കു പരിചയമുള്ള പാർലമെന്റ് അംഗങ്ങളായ ശബാന ആസ്മി, രാജ് ബബ്ബർ, അമർ സിങ് എന്നിവരെയും സിപിഎം. നേതാവ് സീതാറാം യെച്ചൂരിയെയും വിളിച്ചു. അടിയന്തരമായി ഗുജറാത്തിലേക്കു പോകണമെന്നും ജനങ്ങളെ കാണണമെന്നും പറഞ്ഞു. അവർ മടിച്ചുനിന്നു.

വീണ്ടും ആവശ്യപ്പെട്ടു. ഫാസിസം ആണ്, എങ്ങനെ പോകാൻ? എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. തീസ്ത വിട്ടില്ല. ഒടുവിൽ പോകാമെന്ന് അവർ സമ്മതിച്ചു. മുംബൈയിൽനിന്ന് അഹമ്മദാബാദിലെ സർക്യൂട്ട് ഹൗസ് തീസ്ത സംഘത്തിനുവേണ്ടി ബുക്ക് ചെയ്തു. പിന്നാലെ തീസ്തയും ഗുജറാത്തിലേക്കു തിരിച്ചു. യെച്ചൂരിയും സംഘവും അഹമ്മദാബാദിലെത്തി. എത്തിയപ്പോൾത്തന്നെ ഓരോരുത്തരുടെയും ഫോണിലേക്ക് മുഖ്യമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു. എല്ലാം നിയന്ത്രണവിധേയമാണെന്നും വരേണ്ടതില്ലെന്നും മോദി പറഞ്ഞു.

ജനങ്ങളെ കാണാമെന്ന നിലപാടിലായിരുന്നു തീസ്ത. പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് ശബാന പറഞ്ഞു. തിരിച്ചുപോകാൻ അവർ തിടുക്കംകൂട്ടി. കാലുപിടിക്കുംപോലെ തീസ്ത അവരോടു പറഞ്ഞു. സർക്യൂട്ട് ഹൗസിൽനിന്നാൽ കലാപബാധിതരെ അങ്ങോട്ട് എത്തിക്കാമെന്നും പറഞ്ഞു. പിറ്റേന്നു രാവിലെ ഒമ്പതുമുതൽ 11 വരെ അവരുടെ പരാതി കേൾക്കാമെന്ന് എംപി.മാർ സമ്മതിച്ചു. എന്നാൽ, പിറ്റേന്നു രാവിലെ എട്ടിനുള്ള വിമാനത്തിൽ യെച്ചൂരിയും സംഘവും ഡൽഹിയിലേക്കുപോയി. അവർ മോദിയെ പേടിച്ചാണ് കടന്നുകളഞ്ഞതെന്ന് തീസ്തയ്ക്കുതോന്നി.'

കഴിഞ്ഞദിവസം ഗുജറാത്ത് മുൻ ഡി.ജി.പി. ആർ.ബി. ശ്രീകുമാറിന്റെ പുസ്തകത്തെ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾക്കു പകരമായാണ് പ്രതിപക്ഷനേതാവ് തീസ്തയുടെ അനുഭവങ്ങളുടെ പുസ്തകവുമായി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP