Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

വാക്ക് പറഞ്ഞാൽ വാക്ക്; ബിജെപി തിരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞത് അക്ഷരംപ്രതി നടപ്പിലാക്കാനുള്ള മിടുക്ക്; ആറ് വർഷത്തെ ഭരണത്തിനിടെ ഒരുവാർത്താസമ്മേളനം പോലും വിളിച്ചുകൂട്ടിയില്ലെങ്കിലും മൻ കി ബാത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സന്ദേശമെത്തിക്കാനുള്ള വൈദഗ്ധ്യം; തെറ്റ് ചെയ്യില്ലെന്നും അഴിമതി കാട്ടില്ലെന്നും സാധാരണക്കാരിൽ സാധാരണക്കാർക്ക് തോന്നുന്ന വിശ്വാസം; കോവിഡിനെ നേരിടുന്നതിൽ കേമമായില്ലെങ്കിലും മോദി എന്തുകൊണ്ട് ഇപ്പോഴും ജനപ്രിയൻ? ബ്ലൂംബർഗ് റിപ്പോർട്ട് ചർച്ചയാകുമ്പോൾ

വാക്ക് പറഞ്ഞാൽ വാക്ക്; ബിജെപി തിരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞത് അക്ഷരംപ്രതി നടപ്പിലാക്കാനുള്ള മിടുക്ക്; ആറ് വർഷത്തെ ഭരണത്തിനിടെ ഒരുവാർത്താസമ്മേളനം പോലും വിളിച്ചുകൂട്ടിയില്ലെങ്കിലും മൻ കി ബാത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സന്ദേശമെത്തിക്കാനുള്ള വൈദഗ്ധ്യം; തെറ്റ് ചെയ്യില്ലെന്നും അഴിമതി കാട്ടില്ലെന്നും സാധാരണക്കാരിൽ സാധാരണക്കാർക്ക് തോന്നുന്ന വിശ്വാസം;  കോവിഡിനെ നേരിടുന്നതിൽ കേമമായില്ലെങ്കിലും മോദി എന്തുകൊണ്ട് ഇപ്പോഴും ജനപ്രിയൻ? ബ്ലൂംബർഗ് റിപ്പോർട്ട് ചർച്ചയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അരുത്..കോവിഡിനെതിരെ അലംഭാവം പാടില്ല എന്ന് ഈ മനുഷ്യൻ പറയുമ്പോൾ എല്ലാവരും തലകുലുക്കുന്നു. വൈകിട്ട് ആറ് മണിക്ക് ടെലിവിഷനിൽ വരുമെന്ന അറിയിപ്പ് കിട്ടുന്നതോടെ ആളുകൾ ശ്രദ്ധമാറ്റുന്നു.. കാതോർക്കുന്നു. കോവിഡ് വ്യാപനം അൽപമൊന്ന് ശമിച്ചെങ്കിലും ഉത്സവാഘോഷങ്ങൾ അധികം അരുതെന്നും വാക്‌സിൻ വരും വരെ കരുതൽ വേണമെന്നും മുന്നറിയിപ്പ് നൽകുകയായിരുന്നു പ്രധാനമന്ത്രി. ഇതേദിവസം തന്നെയാണ് ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർവേ ഫലങ്ങൾ വന്നത്. അവിടെ നിതീഷ് കുമാറിന്റെ ജനപ്രീതിക്ക് മങ്ങലേറ്റിരിക്കുന്നു. മോദി പ്രഭാവം തന്നെ ഇപ്പോഴും. അതായത് നരേന്ദ്ര മോദി ഇപ്പോഴും തിളങ്ങുന്നു. ലോകത്തിൽ ഏറ്റവുമധികം കൊറോണ കേസുകൾ ഉള്ള രാജ്യങ്ങളിൽ ഒന്ന്, മോശം സമ്പദ് വ്യവസ്ഥ, ലോക് ഡൗൺ വന്നതോടെ താഴിട്ട ഫാക്ടറികൾ, കാർഷിക ബില്ലിനെതിരെയുള്ള വൻ കർഷകപ്രക്ഷോഭം, ചൈനയുമായി അതിർത്തിയിലെ മല്ലിടൽ-ഇതൊന്നും മോദിയുടെ പ്രശസ്തിയെ തെല്ലും ബാധിച്ചില്ലേ? ഇല്ലെന്ന് വേണം അഭിപ്രായ സർവേ ഫലങ്ങളിൽ നിന്ന് അനുമാനിക്കാൻ.

കോവിഡിന് ശേഷമുള്ള മോദി സർക്കാരിന്റെ വലിയ പരീക്ഷണം ബിഹാർ തിരഞ്ഞെടുപ്പ് തന്നെ. അഭിപ്രായ സർവേകൾ പ്രകാരം ബിഹാറിൽ എൻഡിഎ ഭരണം നിലനിർത്തും. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 71 ശതമാനം പേരാണ് മോദിസർക്കാർ മികച്ചതെന്ന് അഭിപ്രായപ്പെട്ടതെങ്കിൽ ഈ വർഷം ഓഗസ്റ്റിൽ അത് 78 ശതമാനമാണ്.

ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ബ്ലൂംബർഗ് (Why Modi's Still So Popular Even as India Fails to Fight Virus)റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് പോലെ ഇല്ലായ്മകൾക്കും വല്ലായ്മകൾക്കും സാധാരണക്കാർ മോദി സർക്കാരിനെ പഴി പറയുന്നില്ല. അത് ഇടനിലക്കാരുടെ അഴിമതി മൂലമാണെന്നും മോദി പാവപ്പെട്ടവർക്ക് ഭക്ഷണവും ജോലിയും നൽകാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ടെന്നും പല മോദി അനുയായികളും കരുതുന്നു.

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ, സംസ്ഥാന സർക്കാരുകൾ, ഗ്രാമമുഖ്യന്മാർ, പ്രതിപക്ഷ പാർട്ടികൾ, തങ്ങളുടെ സഹപൗരന്മാർ എന്നിവരൊക്കെ കാരണമാണ് പല ഇല്ലായ്മകളും വരുന്നതെന്നാണ് ഇത്തരക്കാരുടെ അഭിപ്രായം. കൃത്യമായ പാചകവാതക വിതരണം, വൃത്തിയുള്ള വീടുകൾ ശുചിമുറികൾ, എന്നിവ നൽകിയത് വഴി പ്രധാനമന്ത്രി തങ്ങളുടെ ദൈനംദിനാവശ്യങ്ങളിൽ സഹായിക്കുന്നതായി അവർ കരുതുന്നു.

ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം

പ്രതിപക്ഷം ദുർബലമായതോടെ മോദി സർക്കാരിന് കാര്യങ്ങൾ എളുപ്പമായി. വോട്ടർമാർക്ക് മറ്റൊരു ആശ്രയം ഇല്ലാതെയായി. കാർണീഗി എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിന്റെ ദക്ഷിണേഷ്യ പ്രോഗ്രാം സീനിയർ ഫെല്ലോയും ഡയറക്ടറുമായ മിലൻ വൈഷ്ണവ് പറയുന്നു: 'ഇത്തരത്തിൽ എതിരാളികളില്ലാത്ത രാഷ്ട്രീയത്തിന് പോരായ്മകളുണ്ട്. 2019 ൽ മോദിക്ക് തന്റെ വാദങ്ങൾ ഫലപ്രദമായി പറഞ്ഞുഫലിപ്പിക്കാൻ സാധിച്ചു. എന്നാൽ, സമ്പദ് വ്യവസ്ഥയിലും തൊഴിൽ മേഖലയിലും ഭരണത്തിലും ദ്രുതഗതിയിൽ ഉള്ള പുരോഗതി ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ 2024 ൽ വെല്ലുവിളി നേരിടേണ്ടി വരും.'

വാക്ക് പറഞ്ഞാൽ വാക്കാണ്

'മോദിയുടെ പ്രത്യയശാസ്ത്രപരമായ വ്യക്തതയാണ് അദ്ദേഹത്തെ പ്രശസ്തനാക്കുന്നത്. ബിജെപി തിരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം ചെയ്ത കാര്യങ്ങളാണ് അദ്ദേഹം നടപ്പിലാക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഉദാഹരണം'- വിചാർ വിനിമയ കേന്ദ്രം ഗവേഷണകേന്ദ്രം ഡയറക്ടർ അരുൺ ആനന്ദ് പറയുന്നു. രാഷ്ട്രീയക്കാർ വാക്ക് പാലിക്കുന്ന സംഭവം ഇന്ത്യയിൽ അപൂർവം, അദ്ദേഹം പറയുന്നു.

വാർത്താസമ്മേളനങ്ങൾ വിളിച്ചില്ലെങ്കിലും

ആറ് വർഷത്തെ ഭരണത്തിനിടെ ഒരുവാർത്താസമ്മേളനം പോലും അദ്ദേഹം വിളിച്ചിട്ടില്ല. ജനങ്ങളുമായി സംവദിക്കുന്നത് മൻ കി ബാത്തിലൂടെയും, സോഷ്യൽ മീഡിയയിലൂടെയുമാണ്. തന്റെ സന്ദേശം വ്യക്തികളിലേക്ക് എത്തിക്കാനുള്ള മോദിയുടെ മിടുക്ക് അഗ്രഗണ്യമാണ്. കോവിഡിന്റെ വ്യാപനം രാജ്യത്ത് ഏറിയപ്പോൾ മോദി ഓഗസ്റ്റിൽ ഷെയർ ചെയ്ത ഒരുവീഡിയോ രാഷ്ട്രീയ നിരീക്ഷകനായ നിലഞ്ജൻ മുഖോപാധ്യായ ഓർത്തെടുക്കുന്നു. ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ പുലർകാല കായിക പരിശീലനത്തിനിടെ മയിലുകൾക്ക് തീറ്റ കൊടുക്കുന്ന പ്രധാനമന്ത്രി. ഇത്തരത്തിലുള്ള ഇമേജ് ഒരുസന്യാസിയെയോ, യോഗിയെയോ ഒക്കെ പോലെ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുന്നു, നിലഞ്ജൻ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് തന്നെ മോദി തെറ്റുകൾ ചെയ്യില്ലെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. ആരാണ് സ്ഥാനാർത്ഥി എന്നു പോലും ചോദിക്കുന്നില്ല സാധാരണക്കാർ. മോദിക്കാണ് വോട്ട്. അതുതന്നെയാണ് ബിഹാറിലെ അഭിപ്രായ സർവേകളും സൂചിപ്പിക്കുന്നത്.

ബിഹാറിലെ അഭിപ്രായ സർവേ

ബിഹാറിൽ ദേശീയ ജനാധിപത്യ സഖ്യം അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവെ. ലോക്നീതി- സിഎസ്ഡിഎസ് അഭിപ്രായ സർവെയിലാണ് ദേശീയ ജനാധിപത്യ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് വിലയിരുത്തുന്നത്. ജെഡിയു- ബിജെപി സഖ്യം 133 മുതൽ 144 വരെ സീറ്റുകൾ നേടും എന്നാണ് സർവെ പറയുന്നത്. നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സർവെ പ്രവചിക്കുന്നു.

പ്രതിപക്ഷ മഹാസഖ്യത്തിന് 88 മുതൽ 98 വരെ സീറ്റുകൾ ലഭിക്കും. എൽജെപിക്ക് രണ്ടുമുതൽ ആറ് സീറ്റുകളും മറ്റുള്ളവർക്ക് 6 സീറ്റുകൾ വരെ ലഭിക്കാമെന്നും അഭിപ്രായ സർവെ പറയുന്നു.മുഖ്യമന്ത്രി എന്ന നിലയിൽ നിതീഷ് കുമാറിന്റെത് സംതൃപ്തി നൽകുന്നുവെന്ന് 52 ശതമാനം പേർ പറയുന്നു. മോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ പിന്തുണച്ചവർ 61 ശതമാനം പേരാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും അധികം പേർ പിന്തുണക്കുന്നത് നിതീഷ് കുമാറിനെ തന്നെയാണ്. 31 ശതമാനം പേർ നിതീഷ് കുമാറിനെ അനുകൂലിച്ചപ്പോൾ 27 ശതമാനം പേർ മാത്രമാണ് തേജസ്വി യാദവിനെ പിന്തുണച്ചത്. ചിരാഗ് പസ്വാന് അഞ്ച് ശതമാനം പേരുടെ പിന്തുണയും ഉണ്ട്. നിതീഷിന്റെ ജനപിന്തുണ കുറയുന്നു എന്നാണ് സർവ്വേ പ്രവചനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോഴും 63 ശതമാനം പേർ പിന്തുണക്കുന്നതായും പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP