Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സച്ചിൻ പൈലറ്റും പുറത്തുപോയതോടെ കൂടുതൽ ദുർബലമായി കോൺ​ഗ്രസ്; യുവനേതാവിന്റെ അടുത്ത നീക്കം എന്തെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ; സച്ചിന്റെ ലക്ഷ്യം പുതിയ പാർട്ടിയോ ബിജെപിയോ? രണ്ടായാലും നേട്ടം തങ്ങൾക്കു തന്നെയെന്നുറച്ച് ബിജെപി; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് സച്ചിൻ പൈലറ്റിനെ തന്നെ; കോൺ​ഗ്രസ് മുക്ത ഭാരതം അകലെയല്ലെന്ന കണക്കു കൂട്ടലിൽ ബിജെപിയും

സച്ചിൻ പൈലറ്റും പുറത്തുപോയതോടെ കൂടുതൽ ദുർബലമായി കോൺ​ഗ്രസ്; യുവനേതാവിന്റെ അടുത്ത നീക്കം എന്തെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ; സച്ചിന്റെ ലക്ഷ്യം പുതിയ പാർട്ടിയോ ബിജെപിയോ? രണ്ടായാലും നേട്ടം തങ്ങൾക്കു തന്നെയെന്നുറച്ച് ബിജെപി; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് സച്ചിൻ പൈലറ്റിനെ തന്നെ; കോൺ​ഗ്രസ് മുക്ത ഭാരതം അകലെയല്ലെന്ന കണക്കു കൂട്ടലിൽ ബിജെപിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് പാർട്ടി വിട്ടതോടെ രാജസ്ഥാനിലെ കോൺ​ഗ്രസിന്റെ തകർച്ച ഏതാണ്ട് പൂർണമായി എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കടുത്ത മോദി പ്രഭാവത്തിലും രാജസ്ഥാൻ ഭരണം പിടിക്കാൻ കോൺ​ഗ്രസിന് ഊർജ്ജമായിരുന്നത് സച്ചിൻ പൈലറ്റിന്റെ കഠിനാധ്വാനവും വ്യക്തി പ്രഭാവവും തന്നെയായിരുന്നു. അത്തരമൊരു നേതാവ് കോൺഗ്രസിൽ ഇന്ന് ബാക്കിയില്ല എന്ന് സകലരും സമ്മതിക്കുന്നുണ്ട്. എന്നാൽ, കോൺ​ഗ്രസിന് പുറത്തെത്തിയ സച്ചിൻ പൈലറ്റിന്റെ രാഷ്ട്രീയ ഭാവി എന്താകും എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. രണ്ട് വഴികളാണ് സച്ചിന് മുന്നിലുള്ളത്. ഒന്നുകിൽ സ്വന്തം പാർട്ടിയുണ്ടാക്കി ശക്തി തെളിയിക്കുക. അല്ലെങ്കിൽ ബിജെപിയിലേക്ക് ചേക്കേറുക രണ്ടും ബിജെപിക്ക് സ്വീകാര്യമായ വഴികളാണ്. എന്നാൽ, സ്വന്തം പാർട്ടിയുണ്ടാക്കിയാൽ രാജസ്ഥാന് പുറത്തേക്ക് വളരാൻ കഴിയുമോ എന്ന ആശങ്ക സച്ചിനുണ്ട്. ബിജെപിയിൽ ചേർന്നാൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ നിരയിലേക്ക് സ്ഥാനം ലഭിച്ചില്ലെങ്കിൽ ഇതുവരെയുള്ള കരുനീക്കങ്ങളും വിഫലമാകും.

സച്ചിനുമായി അടുത്ത സൗഹൃദം പുലർത്തുന്ന പ്രിയങ്ക ഗാന്ധിയെ ആയിരുന്നു അനുനയ നീക്കത്തിനു സോണിയ നിയോഗിച്ചിരുന്നത്. ഫോണിൽ വിളിച്ച പ്രിയങ്കയോട് സച്ചിൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഗെലോട്ട് തന്നെ നിരന്തരം അപമാനിക്കുന്നു എന്നും ഇനിയും ഒന്നിച്ചു പ്രവർത്തിക്കാനാകില്ലെന്നും സച്ചിൻ വ്യക്തമാക്കുകയായിരുന്നു. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള ഗെലോട്ടിനെ മുഖ്യമന്ത്രി പദത്തിൽനിന്നു നീക്കുന്നതു പ്രായോഗികമല്ലെന്ന നിലപാടാണ് പ്രിയങ്ക സ്വീകരിച്ചത്. സച്ചിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് കിണഞ്ഞു ശ്രമിച്ചപ്പോൾ, മറുവശത്ത് സച്ചിനെതിരായ ആക്രമണം ഗെലോട്ട് കടുപ്പിച്ചു. സച്ചിന്റെ അനുയായികളിൽ ചിലർ ബിജെപിയുമായി രഹസ്യ സമ്പർക്കത്തിലാണെന്ന് തെളിയിക്കുന്ന ശബ്ദരേഖകൾ പൊലീസ് വഴി സംഘടിപ്പിച്ച് ഹൈക്കമാൻഡിനു മുന്നിൽ അദ്ദേഹം അവതരിപ്പിച്ചു. രണ്ടാം യോഗത്തിലും എത്താതിരുന്ന സച്ചിനെ ഇനിയും പിന്തുണയ്ക്കരുതെന്നും വ്യക്തമാക്കി.

സച്ചിൻ അതിരുകടക്കുന്നുവെന്ന വികാരം ഹൈക്കമാൻഡിലും ശക്തിപ്പെട്ടു. സച്ചിന്റേത് അധികാരമോഹമാണെന്നും സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജയ്പുരിൽ നിന്നു ദേശീയ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു. പിന്നാലെ, സച്ചിനെ പദവികളിൽ നിന്നു നീക്കാൻ ജയ്പുരിലെ നിയമസഭാകക്ഷി യോഗത്തിന് സോണിയ അനുമതി നൽകി. തന്നെ അനുകൂലിക്കുന്ന എംഎൽഎമാരുമായി ശക്തിപ്രകടനം നടത്തുകയും ബിജെപിയുമായി ചേർന്നു മധ്യപ്രദേശ് മാതൃകയിൽ ഭരണം അട്ടിമറിക്കാൻ കെൽപുണ്ടെന്നു കാണിച്ചു കേന്ദ്ര നേതൃത്വത്തിൽ നിന്ന് ആവശ്യം നേടിയെടുക്കുകയുമായിരുന്നു സച്ചിന്റെ ലക്ഷ്യം. എന്നാൽ ​ഗെലോട്ട് കരുക്കൾ നീക്കിയത് സച്ചിൻ പൈലറ്റിന് പാർട്ടിക്ക് പുറത്തേക്കുള്ള വഴികാട്ടാനായിരുന്നു.

ലക്ഷ്യം അധികാരം തന്നെ

2018ൽ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറിയതിനും മുമ്പുതന്നെ ​ഗെലോട്ടും പൈലറ്റും തമ്മിലുള്ള പ്രശ്‌നം ആരംഭിച്ചിരുന്നു. സ്ഥാനാർത്ഥി നിർണയം മുതൽ അസ്വാരസ്യങ്ങൾ രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി ഹൈക്കമാൻഡ് ഗെലോട്ടിനെ മൂന്നാം വട്ടം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതോടെ അസ്വസ്ഥതയേറുകയായിരുന്നു. 2013 ലെ ദയനീയ പരാജയത്തിന് ശേഷം പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സംസ്ഥാനത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ച തന്നെ തഴഞ്ഞ നീക്കമാണ് പൈലറ്റിനെ ചൊടിപ്പിച്ചത്.

അധികാരമേറ്റെടുത്തതിന് ശേഷം വകുപ്പ് വിഭജനത്തെച്ചൊല്ലിയും തർക്കം തുടർന്നു. തുടർന്ന് അന്നത്തെ കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടു. ധനകാര്യം, ആഭ്യന്തരം തുടങ്ങിയ ഒമ്പത് വകുപ്പുകൾ ഗെലോട്ട് കൈക്കലാക്കിയതായിരുന്നു പ്രശ്‌നമുണ്ടാക്കിയത്. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗെലോട്ട് ജെയ്പൂർ സീറ്റ് മകൻ വൈഭവിനുവേണ്ടി മാറ്റിവെച്ചതും പൈലറ്റിനെ അസ്വസ്ഥനാക്കി. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം സച്ചിൻ പൈലറ്റ് ക്യാമ്പ് ഗെലോട്ടിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ഏറ്റവുമൊടുവിൽ, രാജ്യസഭാ തെരഞ്ഞിടുപ്പിൽ ബിജെപി കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഗെലോട്ട് ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങൾ വീണ്ടും ഉയർന്നിരിക്കുന്നത്. പൈലറ്റിനെ അടക്കിനിർത്താൻ ഗെലോട്ടിന്റെ തന്ത്രമാണ് അട്ടിമറി ആരോപണമെന്നാണ് പലരും ആരോപിക്കുന്നത്. സംസ്ഥാനത്തുനിന്നും കെ.സി വേണുഗോപാൽ രാജ്യസഭയിലേക്കെത്തുന്നതിൽ ഗെലോട്ട് വിയോജിപ്പുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

ബിജെപിക്ക് സന്തോഷം

സച്ചിൻ പുതിയ പാർട്ടി രൂപീകരിച്ചാലും ബിജെപിയിലേക്ക് എത്തിയാലും ബിജെപിക്കാണ് നേട്ടം. പ്രധാന നേട്ടം കോൺ​ഗ്രസ് തകർന്നടിഞ്ഞു എന്നത് തന്നെ. സച്ചിനെ ഒപ്പം കൂട്ടിയാൽ രാജസ്ഥാനിൽ ഭരണം ഉറപ്പിക്കാം. എന്നാൽ, മുഖ്യമന്ത്രി കസേരയിൽ കണ്ണെറിയുന്ന സച്ചിനെ സംസ്ഥാനത്തെ ബിജെപി നേതാക്കൾ എങ്ങനെ സ്വീകരിക്കും എന്നതാണ് പ്രധാന പ്രശ്നം. മുന്മുഖ്യമന്ത്രി വസുന്ധര രാജെയെ എഴുതിത്ത്തള്ളാൻ കഴിയില്ല എന്നതാണു ബിജെപി കേന്ദ്ര നേതൃത്വത്തെ ഒരു കാൽ പിന്നോട്ടു വയ്ക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും താൽപര്യമില്ലെങ്കിലും എംഎൽഎമാരിൽ നിർണായക സ്വാധീനമാണു വസുന്ധരയ്ക്കുള്ളത്. സംസ്ഥാനത്തു ഭരണം പിടിച്ചാൽ അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കാതിരിക്കാൻ ബിജെപിക്ക് കഴിയില്ല.

എന്നിരുന്നാലും, സച്ചിൻ പാർട്ടിയിലേക്കു വരുന്നതിൽ ബിജെപിക്കു സന്തോഷം തന്നെയാണ്. ജ്യോതിരാദിത്യക്കു പിന്നാലെ മറ്റൊരു യുവ കോൺഗ്രസ് നേതാവു കൂടി എത്തുന്നത് ഗുണം ചെയ്യുമെന്നു പാർട്ടി കരുതുന്നു. മാത്രമല്ല, വസുന്ധരയ്ക്കപ്പുറം ചിന്തിച്ചാൽ, കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് ഉൾപ്പെടെ ചിലരുണ്ടെങ്കിലും ബിജെപിക്ക് രാജസ്ഥാനിൽ വലിയ ജനകീയ മുഖങ്ങളില്ല. അതേസമയം, മറ്റു പാർട്ടികളിൽനിന്ന് നേതാക്കളെ കൊണ്ടുവരുന്നത് ബിജെപിയിൽ അസംതൃപ്തിയുണ്ടാക്കുന്നുവെന്ന് വാദവുമുണ്ട്.

സംസ്ഥാന നേതൃത്വത്തേക്കാൾ അമിത് ഷായാണ് സച്ചിൻ പൈലറ്റിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. രാഹുൽ ഗാന്ധിയെ ഇപ്പോഴും ബിജെപി ഭയക്കുന്നുണ്ട്. അദ്ദേഹം എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന് ബിജെപിക്ക് അറിയാം. മറ്റേത് പ്രതിപക്ഷ നേതാവിനേക്കാളും സ്വാധീനം അദ്ദേഹത്തിനുണ്ട്. രാഹുലിന് ഒപ്പമുള്ളവരെ ഓരോന്നായി ബിജെപിയിലെത്തിച്ചാൽ തിരിച്ചുവരവ് അടയ്ക്കാമെന്ന് അമിത് ഷായ്ക്ക് അറിയാം. അസമിലും ത്രിപുരയിലും ഇത്തരത്തിലുള്ളവർ ബിജെപിയിലെത്തിയിരുന്നു. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ രാഹുൽ ഒന്ന് കൂടി ദുർബലനായി. പൈലറ്റ് കൂടി വന്നാൽ ബിജെപി പ്രതീക്ഷിച്ച കോൺ​ഗ്രസ് മുക്ത ഭാരതം സാധ്യമാകും എന്നാണ് വിലയിരുത്തുന്നത്.

പോരാട്ട പാരമ്പര്യം

സാധാരണക്കാരനായ പാൽക്കാരനിൽ നിന്നും വളർന്ന് വ്യോമസേനാ പൈലറ്റും പിന്നീട് മികച്ച രാഷട്രീയക്കാരനുമായി കോൺ​ഗ്രസ് നേതൃത്വത്തെ മുഖത്ത് നോക്കി വിമർശിക്കാൻ ധൈര്യം കാണിച്ച രാജേഷ് പൈലറ്റിന്റെ പാരമ്പര്യവും പോരാട്ട വീര്യവുമാണ് സച്ചിന് കൈമുതൽ. രാജേഷ് പൈലറ്റ് പാർട്ടിയിലെ ജനാധിപത്യത്തിന് വളരെ പ്രാധാന്യം നൽകിയ നേതാവായിരുന്നു. ആത്മവിശ്വാസം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നതുകൊണ്ട് നേതൃത്വത്തെ വെല്ലുവിളിക്കാനും സാധിച്ചു. സച്ചിൻ പൈലറ്റിനും സമാന കഴിവുകളുണ്ട്. 40ാം വയസ്സിൽ മന്ത്രിയായ രാജേഷ് പൈലറ്റ് മുതിർന്ന നേതാക്കളായ അർജുൻ സിങ്, എസ്ബി ചവാൻ എന്നിവരെ വെല്ലുവിളിച്ചിരുന്നു. താനായിരുന്നു മന്ത്രിയെങ്കിൽ ബാബറി മസ്ജിദ് പൊളിക്കില്ലായിരുന്നുവെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ നരസിംഹ റാവുവിനെയും പൈലറ്റ് വെല്ലുവിളിച്ചു. റാവുവിനെ ഉപദേശകനും വിശ്വസ്തനുമായ ആൾദൈവം ചന്ദ്രസ്വാമിയെ ജയിലിൽ അടച്ചതും രാജേഷ് പൈലറ്റായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP