Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'നമ്മൾ അതിജീവിക്കും.. അതിയിരിക്കണം ദൃഢനിശ്ചയം.. കോൺഗ്രസിനു പുതിയൊരു ഉദയമുണ്ടാകും, അതാണു നമ്മുടെ നവ സങ്കൽപ്പം'; ഉറച്ച ശബ്ദത്തിൽ സോണിയ ഗാന്ധിയുടെ വാക്കുകൾ; ആവേശത്തോടെ കൈയടിച്ചു നേതാക്കളും; നേതൃത്വത്തിൽ പകുതിയും 50 വയസിൽ താഴെയുള്ളവരെ ഉൾക്കൊള്ളിക്കാനുള്ള പുതുമാറ്റത്തിൽ കോൺഗ്രസ് ക്ലച്ചു പിടിക്കുമോ?

'നമ്മൾ അതിജീവിക്കും.. അതിയിരിക്കണം ദൃഢനിശ്ചയം.. കോൺഗ്രസിനു പുതിയൊരു ഉദയമുണ്ടാകും, അതാണു നമ്മുടെ നവ സങ്കൽപ്പം'; ഉറച്ച ശബ്ദത്തിൽ സോണിയ ഗാന്ധിയുടെ വാക്കുകൾ; ആവേശത്തോടെ കൈയടിച്ചു നേതാക്കളും; നേതൃത്വത്തിൽ പകുതിയും 50 വയസിൽ താഴെയുള്ളവരെ ഉൾക്കൊള്ളിക്കാനുള്ള പുതുമാറ്റത്തിൽ കോൺഗ്രസ് ക്ലച്ചു പിടിക്കുമോ?

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് പോകുന്ന കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ രാജസ്ഥാനിൽ സമാപിച്ച ചിന്തൻ ശിബിറിന് സാധിക്കുമോ? പാർട്ടിയെ കൂടുതൽ യുവത്വമാക്കണം എന്ന സോണിയ ഗാന്ധിയുടെ പ്രഖ്യാപനത്തോടയാണ് ചിന്തൻ ശിബിർ സമാപിച്ചതും. കോൺഗ്രസ് അതിജീവിക്കുമെന്ന സോണിയയുടെ വാക്കുകൾ നേതാക്കൾക്കും ആവേശമായി. സമ്മേളനത്തിൽ തീരുമാനങ്ങൾ എത്രത്തോളം നടപ്പിൽ വരുമെന്നതിനെ ആശ്രയിച്ചാകും കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവിയും.

എല്ലാ പ്രതിസന്ധികളെയും കോൺഗ്രസ് അതിജീവിക്കുമെന്ന പ്രത്യാശ പങ്കുവച്ചു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് വിമത ശബ്ദങ്ങളെയും തൽക്കാലം അതിജീവിക്കാൻ സാധിച്ചു. പാർട്ടി നേരിടുന്ന പ്രതിസന്ധികളെ മറികടക്കുമെന്ന് ഓരോ അംഗങ്ങളും ദൃഢനിശ്ചയമെടുക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. 'നമ്മൾ അതിജീവിക്കും. അതായിരിക്കണം ദൃഢനിശ്ചയം. അതായിരിക്കണം നവ സങ്കൽപ്പം' ചിന്തൻ ശിബിരത്തിന്റെ സമാപന സന്ദേശത്തിൽ സോണിയാ ഗാന്ധി പറഞ്ഞു.

കോൺഗ്രസിനെ പുനരുദ്ധരിക്കുന്നതിന് കശ്മീർ മുതൽ കന്യാകുമാരി വരെ നീളുന്ന പദയാത്ര പ്രഖ്യാപിച്ചുകൊണ്ടാണ് സോണിയ സംസാരിച്ചുതുടങ്ങിയത്. 'ഭാരത് ജോഡോ' എന്നു പേരിട്ട പദയാത്രയിൽ കോൺഗ്രസിലെ എല്ലാ നേതാക്കളും പങ്കെടുക്കുമെന്ന് സോണിയ വ്യക്തമാക്കി. 'നമ്മുടെ കൂട്ടത്തിലുള്ള എല്ലാവരും, യുവാക്കളും പ്രായമായവരുമെല്ലാം ഈ പദയാത്രയുടെ ഭാഗമാകും. ആരോഗ്യ പ്രശ്‌നങ്ങളും പ്രായത്തിന്റേതായ വെല്ലുവിളികളും മറികടന്ന് ഈ യാത്രയുടെ ഭാഗമാകാനുള്ള വഴികൾ എന്നെപ്പോലുള്ള മുതിർന്ന നേതാക്കൾ കണ്ടെത്തേണ്ടിവരും. കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ദൈനംദിന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതായിരിക്കും ഈ പദയാത്ര' സോണിയ ഗാന്ധി പ്രഖ്യാപിച്ചു.

2024ലെ പൊതുതിരഞ്ഞെടുപ്പു മുൻനിർത്തിയാകും പാർട്ടിയിലെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുകയെന്നും സോണിയ വ്യക്തമാക്കി. സംഘടനാതലത്തിലും ഓരോ സ്ഥാനങ്ങളിലേക്കും ഭാരവാഹികളെ നിയോഗിക്കുന്നതിലും വാർത്താവിതരണ രംഗത്തും ജനങ്ങളിലേക്കെത്തുന്ന ശൈലിയിലും സാമ്പത്തിക, തിരഞ്ഞെടുപ്പ് രംഗങ്ങളിലും പാർട്ടിക്കുള്ളിൽ സമൂല പരിഷ്‌കരണം വരും. ഇതിനായി മുഴുവൻസമയ കർമസമിതി രൂപീകരിക്കുമെന്നും സോണിയ വ്യക്തമാക്കി. പാർട്ടി നേരിടുന്ന വെല്ലുവിളികളെ കണ്ടെത്താനും പരിഹരിക്കാനുമായി ഉപദേശക സമിതി രൂപീകരിക്കും. അതു കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് ഈ ദൗത്യം നിർവഹിക്കുമെന്നും സോണിയ പറഞ്ഞു.

'ഇതും നമ്മൾ അതിജീവിക്കും. അതാണു നമ്മുടെ ദൃഢനിശ്ചയം. അതാണു നമ്മുടെ നവ സങ്കൽപം. കോൺഗ്രസിനു പുതിയൊരു ഉദയമുണ്ടാകും. അതാണു നമ്മുടെ നവ സങ്കൽപ്പം' പ്രസംഗം ഉപസംഹരിച്ചുകൊണ്ട് സോണിയ പറഞ്ഞു. സോണിയയുടെ പ്രസംഗം കൈയടികളോടെയാണ് നേതാക്കൾ വരവേറ്റത്. അടുത്തകാലത്ത്് അച്ചടക്കത്തോടെ ചിന്തൻ ശിബിർ യോഗം സംഘടിപ്പിച്ചത് നേതൃ തലത്തിലും അണികൾക്കിടയിലും പുത്തൻ ഉണർവ്വ് ഉണ്ടാക്കിയിട്ടുണ്ട്.

50 വയസ്സിൽ താഴെയുള്ളവർക്ക് പാർട്ടി സ്ഥാനങ്ങളിൽ 50 ശതമാനം സംവരണം, ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് തുടങ്ങിയ വിഷയങ്ങളിലാണ് കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് തീരുമാനമെടുത്തത്. നേതാക്കൾക്ക് ഒരു സ്ഥാനം അഞ്ച് വർഷത്തിൽ കൂടുതൽ വഹിക്കാൻ കഴിയില്ല. ഒരാൾക്ക് ഒരു സ്ഥാനം, ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്ന ചട്ടവും അംഗീകരിക്കപ്പെട്ടു. അതേസമയം അഞ്ച് വർഷം പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ ഒരാൾക്ക് കൂടി ടിക്കറ്റ് നൽകാനും ധാരണയായി.

ഇലക്ഷൻ മാനേജ്‌മെന്റിനായി പ്രത്യേക സമിതിയെയും രൂപീകരിക്കും.പാർലമെന്ററി സംവിധാനം പുനരുജ്ജീവിപ്പിക്കാനുള്ള നിർദ്ദേശം പ്രവർത്തക സമിതി നിരാകരിച്ചു. പകരം തീരുമാനങ്ങൾ എടുക്കുന്നതിൽ കോൺഗ്രസ് അധ്യക്ഷനെ സഹായിക്കാൻ സിഡബ്ല്യുസിക്കുള്ളിൽ തന്നെ ഒരു ചെറിയ ഗ്രൂപ്പ് രൂപീകരിക്കും. ഇതോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയ കാര്യ കമ്മിറ്റി രൂപീകരിക്കാനും ചിന്തൻ ശിബിരിൽ തീരുമാനിച്ചു.നേതാക്കളെ പരിശീലിപ്പിക്കാൻ ദേശീയ തലത്തിൽ പരിശീലന കേന്ദ്രം തുടങ്ങാനും പാർട്ടിയുടെ ആശയ വിനിമയ സംവിധാനം നവീകരിക്കാനും തീരുമാനമായതായി സൂചനയുണ്ട്.

കെപിസിസി നടത്തുന്ന തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (ഞഏകഉട) ആയിരിക്കും ആദ്യ പരിശീലനം കേന്ദ്രം.സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസിന്റെ 'ഭാരത് ജോഡോ യാത്ര' ഒക്ടോബറിൽ ആരംഭിക്കും. കശ്മീർ മുതൽ കന്യാകുമാരി വരെയായിരിക്കും യാത്ര. രാജ്യത്തെ ജനകീയ പ്രശ്നങ്ങൾ യാത്രയിൽ ഉയർത്തിക്കാട്ടുമെന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP