Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

ഇന്ത്യയിൽ താമസിക്കണമെങ്കിൽ ജയ്ശ്രീറാം വിളിച്ചേ മതിയാകൂ; പ്രയാസമുള്ളവർ രാജ്യം വിട്ട് പുറത്ത് പോകണം; പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി ഹിന്ദുത്വ സംഘടനകൾ

ഇന്ത്യയിൽ താമസിക്കണമെങ്കിൽ ജയ്ശ്രീറാം വിളിച്ചേ മതിയാകൂ; പ്രയാസമുള്ളവർ രാജ്യം വിട്ട് പുറത്ത് പോകണം; പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി ഹിന്ദുത്വ സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി ഹിന്ദുത്വ സംഘടനകൾ. ഇന്ത്യയിൽ താമസിക്കണമെങ്കിൽ ജയ്ശ്രീറാം വിളിക്കണമെന്ന നിലപാടുമായി ഹിന്ദു സേന രം​ഗത്തെത്തി. ഡൽഹിയിലെ തൃണമൂൽ ഓഫീസിനു മുന്നിൽ പോസ്റ്ററുകൾ ഒട്ടിച്ചായിരുന്നു ഹിന്ദു സേനയുടെ പ്രതിഷേധം. ‘ശ്രീരാമൻ ഇന്ത്യക്കാരുടെ പിതാമഹനാണ്. അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാൻ പ്രയാസമുള്ളവർ രാജ്യം വിട്ട് പുറത്ത് പോണം. ഇന്ത്യയിൽ താമസിക്കണമെങ്കിൽ ജയ്ശ്രീറാം വിളിച്ചേ മതിയാകൂ’, ഹിന്ദുസേന നേതാവ് ബാം താക്കൂർ പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുസ്മരണ പരിപാടിയിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം മുഴക്കിയതിനെ തുടർന്ന് മമത ബാനർജി വേദിവിട്ടതോടെയാണ് പുതിയ വിവാദങ്ങൾ ആരംഭിച്ചത്. നേതാജിയുടെ 125-ാം ജന്മവർഷാചരണ പരിപാടികളുടെ ഭാഗമായി കൊൽക്കത്ത വിക്ടോറിയ മെമോറിയലിൽ നടന്ന ചടങ്ങിൽ മമത പ്രസംഗിക്കവെ ജയ് ശ്രീരാം വിളി ഉയർന്ന സംഭവമാണ് വിവാദത്തിനിടയാക്കിയത്. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ മമത ബാനർജി പ്രസം​ഗിക്കാതെ വേദി വിടുകയായിരുന്നു. ഇതോടെ സംഭവം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.വിക്ടോറിയ മെമോറിയലിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ സദസ്സിൽ നിന്ന് ജയ്ശ്രീറാം വിളികൾ മുഴങ്ങിയതാണ് മമതയെ പ്രകോപിപ്പിച്ചത്. തുടർന്ന് ക്ഷണിച്ചുവരുത്തി അപമാനിക്കരുതെന്ന് പ്രസ്താവിച്ച് അവർ പ്രസംഗിക്കാതെ പ്രതിഷേധിക്കുകയായിരുന്നു.

‘ഇത് ഒരു സർക്കാർ ചടങ്ങാണ്, അല്ലാതെ രാഷ്ട്രീയപാർട്ടിയുടെ പരിപാടിയല്ല. ഇതിന് ഒരു അന്തസ്സ് വേണം. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കരുത്. ഞാൻ ഇനിയൊന്നും സംസാരിക്കില്ല. ജയ് ബംഗ്ലാ, ജയ് ഹിന്ദ്.’ മമത ബാനർജി പറഞ്ഞു. തുടർന്ന് ചടങ്ങിൽ നിന്നും മമത ബാനർജി ഇറങ്ങിപ്പോകുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ ഈ സംഭവവും ആയുധമാക്കാനുള്ള നീക്കത്തിലാണ് തൃണമൂൽ കോൺഗ്രസ്. അതേസമയം, ബിജെപിക്കുള്ളിൽ തന്നെ സംഭവത്തിൽ വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്.'ജയ്ശ്രീറാം മുദ്രാവാക്യം ചിലർ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പ്രതിഷേധത്തോടെയും ഉപയോഗിക്കാറുണ്ട്. എന്നാൽ മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ അത്തരം മുദ്രാവാക്യങ്ങൾ മുഴക്കിയതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. അത് സംഭവിച്ചുപോയി', മുൻ എംഎൽഎയും ബിജെപി വക്താവുമായ ശ്രമിക് ഭട്ടാചാര്യ സംഭവത്തിന് ശേഷം പ്രതികരിച്ചു. എന്നാൽ കൈലാഷ് വിജയവർഗിയയും ദിലീപ് ഘോഷും വളരെ 'ജനപ്രിയ അഭിവാദ്യ'ത്തിനെതിരേ മമത പ്രതികരിച്ചതിനെ വിമർശിച്ച് രംഗത്തെത്തി.
.
സാംസ്‌കാരിക മന്ത്രാലയത്തിന്റെ പരിപാടിയിലേക്ക് കൂടുതൽ ക്ഷണക്കത്തുകൾ പാർട്ടി പ്രവർത്തകർക്കാണ് നൽകിയതെന്നും സദസ്സിലുണ്ടായിരുന്നത് ഭൂരിഭാഗവും ബിജെപി. പ്രവർത്തകരായിരുന്നുവെന്നുമാണ് ആരോപണം. പരിപാടിക്ക് രണ്ടുദിവസം മുമ്പായി നിരവധി എംപിമാർ വിക്ടോറിയ മെമോറിയലിൽ ഉണ്ടായിരുന്നു. അവരാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയതും ക്ഷണക്കത്ത് ആർക്കൊക്കെ നൽകണമെന്ന് തീരുമാനിച്ചിരുന്നതെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ബിജെപി നേതാക്കൾ തയ്യാറായില്ല.

ഓരോ ബിജെപി. എംപിമാർക്കും 300 മുതൽ 400 വരെ കാർഡുകൾ നൽകിയിരുന്നുവെന്നും ഇതെല്ലാം പാർട്ടി ഓഫീസിലേക്കാണ് പോയതെന്നുമാണ് ആരോപണം. തൽഫലമായി താഴെനിരയിലുള്ള പ്രവർത്തകർക്കാണ് ക്ഷണക്കത്തുകൾ ലഭിച്ചത്. ഇവർ ഇത്തരം പരിപാടികളിൽ പങ്കെടുമ്പോൾ പാലിക്കേണ്ട മര്യാദകളെ കുറിച്ച് അറിവുള്ളവരായിരുന്നില്ല.

ഈ ചടങ്ങിൽ പങ്കെടുക്കാൻ അനുയോജ്യരായിട്ടുള്ള വ്യക്തികൾക്കായിരുന്നു ക്ഷണക്കത്തുകൾ വിതരണം ചെയ്യേണ്ടിയിരുന്നതെന്ന് ബിജെപിക്കുള്ളിലെ ചിലർ തന്നെ സമ്മതിക്കുന്നുണ്ട്. 30 ബിജെപി. സന്നദ്ധ പ്രവർത്തകരാണ് വേദിയിൽ ഉണ്ടായിരുന്നത്. സർക്കാർ പരിപാടി നിയന്ത്രിക്കാൻ ബിജെപി. സന്നദ്ധപ്രവർത്തകർ എന്തിനായിരുന്നുവെന്നാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP