Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിൽ നരേന്ദ്ര മോദി സർക്കാരിന് ഒന്നാം വാർഷിക ആഘോഷം; ആഘോഷ പരിപാടികളെല്ലാം വെർച്വൽ പ്ലാറ്റ്‌ഫോമുകളിൽ ഒതുക്കി ബിജെപി; നേട്ടങ്ങളിൽ ജമ്മുകാശ്മീർ വിഭജനം മുതൽ ട്രാൻസ്‌ജെൻഡർ ശാക്തീകരണ നിയമം വരെ: നേട്ടങ്ങൾ എണ്ണി എണ്ണി പറയുമ്പോഴും സർക്കാരിനെ പിടിച്ചുലച്ച് സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും

കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിൽ നരേന്ദ്ര മോദി സർക്കാരിന് ഒന്നാം വാർഷിക ആഘോഷം; ആഘോഷ പരിപാടികളെല്ലാം വെർച്വൽ പ്ലാറ്റ്‌ഫോമുകളിൽ ഒതുക്കി ബിജെപി; നേട്ടങ്ങളിൽ ജമ്മുകാശ്മീർ വിഭജനം മുതൽ ട്രാൻസ്‌ജെൻഡർ ശാക്തീകരണ നിയമം വരെ: നേട്ടങ്ങൾ എണ്ണി എണ്ണി പറയുമ്പോഴും സർക്കാരിനെ പിടിച്ചുലച്ച് സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന് കേന്ദ്രത്തിൽ ഇത് രണ്ടാമൂഴമാണ്. ഈ മാസം 30ന് ബിജെപി സർക്കാരിന്റെ രണ്ടാമൂഴത്തിന്റെ ആദ്യ വർഷം തികയുമ്പോൾ കോവിഡ് മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് ആഘോഷ പരിപാടികളെല്ലാം വെർച്വൽ പ്ലാറ്റ്‌ഫോമുകളിൽ ഒതുങ്ങുകയാണ്. ഇതിനിടെ അതിർത്തിയിൽ ചൈനയും അവരുടെ പിൻബലത്തോടെ നേപ്പാളും ഇന്ത്യയ്‌ക്കെതിരേ കരുനീക്കം നടത്തുന്നു. പാക്കിസ്ഥാൻ തീവ്രവാദി ആക്രമണങ്ങളും ഇന്ത്യയ്ക്ക് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. സാധാരണക്കാരുടെ മുതൽ സമ്പന്നരുടെ വരെ ജീവിതത്തെ നോക്കു കുത്തിയാക്കി കോവിഡ് ഒരു പ്രഹേളികയായും നിൽക്കുന്നു. ഇത്രമേൽ അസാധാരണമായ ഒരു സാഹചര്യത്തിലാണ് മോദി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം.

കോവിഡ് തീർത്ത ചക്ര വ്യൂഹത്തിൽ നിന്നും രാജ്യത്തെ എങ്ങനെ കരകയറ്റും എന്നതാണ് ഇനി പ്രധാനമന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടി വരുമ്പോഴും ലോക്തതിന് മുന്നിൽ കോവിഡ് ഹീറോയായാണ് നരേന്ദ്ര മോദി തല ഉയർത്തി നിൽക്കുന്നത്. ഒരു വഷത്തെ ഭരണ നേട്ടങ്ങളിൽ ജമ്മുകാശ്മീർ സംസ്ഥാന വിഭജനം മുതൽ ട്രാൻസ്‌ജെൻഡർ ശാക്തീകരണ നിയമം വരെ എടുത്തു പറയുമ്പോൾ നിരവധി വിവാദങ്ങളും തലപൊക്കി. പൗരത്വ രജിസ്റ്ററും ദേശിയ പൗരത്വ നിയമ ഭേദഗതിയും മോദിക്കും കൂട്ടർക്കും ചില്ലറ വെല്ലുവിളിയല്ല ഉണ്ടാക്കിയത്. രാജ്യത്തെ കൊച്ചു കുട്ടികൾ അടക്കം ഇതിനെതിരെ എതിർപ്പുമായി രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമത്തെ എതിർത്തവരെ എല്ലാം ഒരു ദാക്ഷിണ്യവുമില്ലാതെ ഈ സർക്കാർ ജയിലിൽ അടച്ചു.

ലോക്‌സഭയിൽ 303 സീറ്റുമായി വീണ്ടും അധികാരമേറ്റ മോദി കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത പലതും നടപ്പാക്കി. ജമ്മുകശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞത്, ജമ്മുകശ്മീർ സംസ്ഥാന വിഭജനം, മുത്തലാഖ് നിർത്തലാക്കിയ നിയമനിർമ്മാണം, അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനു ട്രസ്റ്റിന്റെ രൂപവൽക്കരണം എന്നിവ ബിജെപിയുടെ പ്രഖ്യാപിത നയങ്ങൾക്ക് അനുസൃതമായ നടപടികളായിരുന്നു. ഭരണപരമായും ജനക്ഷേമകരമായും കൈക്കൊണ്ട ചില സുപ്രധാന തീരുമാനങ്ങളുമുണ്ട്.

കർഷകർക്കായി പ്രധാനമന്ത്രി കിസാൻ യോജന, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും പെൻഷൻ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ശാക്തീകരണ നിയമം, എല്ലാവർക്കും വീട് ലക്ഷ്യമിട്ട് 25,000 കോടിയുടെ ഭവന പദ്ധതി, ബാലപീഡനം തടയാനുള്ള നിയമം എന്നിവ ഇവയിൽ ചിലതാണ്. കോർപറേറ്റ് നികുതി 25 ശതമാനമായി കുറച്ചത്, പ്രതിരോധമേഖലയിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ നിയമനം, ബോഡോ സമാധാന ഉടമ്പടി, റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം എന്നിവയും നേട്ടങ്ങളിൽപെടുന്നു.

എന്നാൽ ഏറ്റവും വലിയ വിവാദം സൃഷ്ടിച്ചത് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വരജിസ്റ്റർ നിയമവുമാണ്. രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിലേക്കാണ് ഇതു നയിച്ചത്. 2022ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി ഒട്ടേറെ പദ്ധതികൾ പൂർത്തിയാക്കാനാണ് ആലോചിച്ചിരുന്നത്. എല്ലാവർക്കും വീട് പോലെ തന്നെ ശുദ്ധജലം ലഭ്യമാക്കാനുള്ള ജലശക്തി അഭിയാൻ, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് തുടങ്ങി വിഭാവന ചെയ്ത പല പദ്ധതികളും കോവിഡിൽ മങ്ങിപ്പോകുമോ എന്നാണ് ഇനി അറിയേണ്ടത്.

അതേസമയം ഈ ഭരണ നേട്ടങ്ങൾക്കിടയിലും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ 6 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് 2019 ൽ കണ്ടത് 5%. തൊഴിലില്ലായ്മ 6.1 ശതമാനമായി ആയി ഉയർന്നു. ജിഎസ്ടിയും നോട്ട് നിരോധന നിയമവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം ചില്ലറയല്ല. 2016 ലെ നോട്ട് നിരോധനം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സമ്പദ്വ്യവസ്ഥ കരകയറിയതേയില്ല. ഇതോടൊപ്പം ചരക്ക്, സേവന നികുതി നടപ്പാക്കിയതിലെ പാളിച്ചകൾ വ്യാപാര, വ്യവസായ മേഖലയെ പിന്നാക്കം കൊണ്ടുപോയി. വിപണിയിൽ ഡിമാൻഡ് ഇല്ലാതായി.

ഇത്തരം പ്രതിസന്ധിക്കിടയിലാണ് കോവിഡ് പടർന്നത്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടിയെ ആരും എതിർത്തില്ല. വിമർശനം ഉയർന്നത് തയ്യാറെടുപ്പിനു സമയം നൽകാതെയാണ് അതു പ്രഖ്യാപിച്ചത് എന്നായിരുന്നു. പക്ഷേ, 4 കോടിയോളം അതിഥിത്തൊഴിലാളികൾക്കു വരുമാനവും പാർപ്പിടവും നഷ്ടമായി. അങ്ങനെയാണ് വിഭജന കാലത്തെ അനുസ്മരിപ്പിച്ച് തൊഴിലാളികൾ കുടുംബമായി അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന ദയനീയ കാഴ്ച കണ്ടത്. ശ്രമിക് ട്രെയിനുകൾ തുടങ്ങാൻ വൈകിയത് അവരുടെ ദുരിതത്തിന് ആക്കം കൂട്ടി. ആഴ്ചകളുടെ കാത്തിരിപ്പിനും കണക്കു കൂട്ടലുകൾക്കും ശേഷം 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതു പര്യാപ്തമാണോ എന്ന വിവാദം ഇപ്പോഴും തുടരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP