Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം കെ സ്റ്റാലിനിൽ നിന്നും ഉദയനിധിയിലേക്കുള്ള ഡിഎംകെയിലെ അധികാര കൈമാറ്റത്തിന് വെല്ലുവിളി വിജയ്! രജനീകാന്ത് രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയദളപതി; നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പരിപാടികളുമായി വിജയ് മക്കൾ ഇയക്കം; വെല്ലുവിളി തമിഴകത്തെ സ്റ്റാലിൻ വാഴ്‌ച്ചയ്ക്ക്

എം കെ സ്റ്റാലിനിൽ നിന്നും ഉദയനിധിയിലേക്കുള്ള ഡിഎംകെയിലെ അധികാര കൈമാറ്റത്തിന് വെല്ലുവിളി വിജയ്! രജനീകാന്ത് രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയദളപതി; നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പരിപാടികളുമായി വിജയ് മക്കൾ ഇയക്കം; വെല്ലുവിളി തമിഴകത്തെ സ്റ്റാലിൻ വാഴ്‌ച്ചയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: സിനിമയുമായി അഭേദ്യമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് തമിഴകത്തിലെ രാഷ്ട്രീയം. സിനിമ വഴി വളർന്നവരാണ് കാലങ്ങളായി തമിഴകം ഭരിക്കുന്നത്. സ്റ്റൈൽ മന്നൻ രജനീകാന്ത് ആരോഗ്യ കാരണങ്ങളാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതോടെ ഇനി ഊഴം ഇളയ ദളപതിയുടേതാണ്. എഐഎഡിഎംകെ രാഷ്ട്രീയം തളർന്നതോടെ തമിഴകത്ത് ഡിഎംകെയ്ക്ക് നിലവിൽ വെല്ലുവിളികൾ ഒന്നുമില്ല. എന്നാൽ, ഡിഎംകെയിലെ അധികാര കൈമാറ്റമാകും വിജയും കൂട്ടരും ആഘോഷമാക്കുക. എം കെ സ്റ്റാലിനിൽ നിന്നും മകൻ ഉദയനിധി സ്റ്റാലിനിലേക്ക് അധികാരം കൈമാറാനുള്ള നീക്കങ്ങൾ പാർട്ടിയിൽ നടക്കുന്നുണ്ട്. ഈ സമയത്താണ വിജയുടെ രാഷ്ട്രീയ എൻട്രി പ്രതീക്ഷിക്കുന്നത്. ഇത് ഡിഎംകെ രാഷ്ട്രീയത്തിന് വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.

നടൻ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങാനൊരുങ്ങുന്നുവെന്ന സൂചന ശക്തമാക്കിയാണ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം തമിഴ്‌നാട്ടിലെ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ഓരോ മണ്ഡലവുമായി ബന്ധപ്പെട്ട് തുടർച്ചയായി പരിപാടികൾ സംഘടിപ്പിച്ചാണ് സംഘടന സജീവമാകുന്നത്. പത്ത്, പ്ലസ്ടു ക്ലാസുകളിൽ ഉയർന്ന മാർക്കുവാങ്ങിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടിയാണ് ഇതിലേറ്റവുംപുതിയത്. ഈ മാസം 17-ന് നടത്തുന്നചടങ്ങിൽ വിജയ് നേരിട്ട് വിദ്യാർത്ഥികളെ ആദരിക്കും. രണ്ടുകോടിയോളംരൂപ മുടക്കി വൻ സമ്മേളനമായിട്ടാകും ആദരിക്കൽചടങ്ങ് നടത്തുക.

ലോകവിശപ്പ് ദിനത്തിൽ സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും ഭക്ഷണവിതരണം നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ വിദ്യാർത്ഥികളെ ആദരിക്കുന്നചടങ്ങ് സംഘടിപ്പിക്കുന്നത്. ഓരോമണ്ഡലങ്ങളിലും പത്തിലും പ്ലസ്ടുവിനും ഏറ്റവുംകൂടുതൽ മാർക്ക് നേടിയ മൂന്നുവീതം വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്. ഇത്തരത്തിൽ ഒരു മണ്ഡലത്തിൽനിന്ന് ആറ്ുവിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ചെന്നൈ നീലാങ്കരയിൽ നടത്തുന്ന ചടങ്ങിൽ പങ്കെടുപ്പിക്കും. വിദ്യാർത്ഥികൾക്ക് വിജയ് ഉപഹാരവും കാഷ് അവാർഡും നൽകും. വിജയ് മക്കൾ ഇയക്കം യൂണിറ്റ് ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും.

അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് വിജയ് സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി എല്ലാതാലൂക്കുകളിലും സർവേനടത്തിയിരുന്നു. വിജയ് മക്കൾ ഇയക്കത്തിന്റെ യൂണിറ്റുകൾ താലൂക്ക് തലത്തിൽ സജീവമാക്കുകയും ചെയ്തു. രജനീകാന്ത് രാഷ്ട്രീയപ്രവേശനശ്രമം ഉപേക്ഷിച്ചതോടെയാണ് വിജയിയുടെ മേൽ ആരാധകരുടെ സമ്മർദമുണ്ടായത്. തദ്ദേശതിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം സ്ഥാനാർത്ഥികൾ സ്വതന്ത്രരായി മത്സരിച്ചിരുന്നു. 130- ഓളം പഞ്ചായത്ത് വാർഡുകളിൽ വിജയിക്കുകയും ചെയ്തു. ഇതിനുശേഷം അംബേദ്കർ ജയന്തിയടക്കം തമിഴ്‌നാട്ടിൽ രാഷ്ട്രീയപ്രാധാന്യമുള്ള അവസരങ്ങളിൽ പരിപാടികളും നടത്തിയിരുന്നു.

അടുത്തിടെ വിജയിന്റെ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കം (വി എംഐ) തമിഴ്‌നാട്ടിലുടനീളം പുതിയ സർവ്വെ ആരംഭിച്ചിരുന്നു. ജനങ്ങളുടെ രാഷ്ട്രീയ-സാമൂഹിക നിലപാടുകൾ അറിയുക എന്ന ലക്ഷ്യത്തോടെയാണ് സർവ്വെ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയിയുടെ നീക്കങ്ങൾ എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ അപ്രമാദിത്വം ചോദ്യം ചെയ്യാൻ ശക്തരായ പ്രതിപക്ഷമില്ലാത്ത അവസ്ഥയാണെന്നും വിലയിരുത്തലുണ്ട്. ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെ ഭിന്നച്ചതാണ് ഇതിന് കാരണം.

നേരത്തെ സിനിമാ രംഗത്ത് നിന്ന് ഒട്ടേറെ പേർ രാഷ്ട്രീയത്തിലിറങ്ങിയ സംസ്ഥാനമാണ് തമിഴ്‌നാട്. ജയലളിതയും കമൽ ഹാസനും എംജിആറുമെല്ലാം ഇതിൽപ്പെടും. പലരും തിളങ്ങിയില്ലെന്ന് മാത്രം. എംജിആറും ജയലളിതയുമെല്ലാം തിളങ്ങിയെങ്കിലും കമൽഹാസൻ, വിജയകാന്ത്, ശരത് കുമാർ തുടങ്ങി നിരവധി പേർ ശ്രദ്ധിക്കപ്പെടാതെ പോയി. നടൻ രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം വ്യക്തമായ സൂചന നൽകി തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി പിന്മാറുകയായിരുന്നു. ആരോഗ്യകാരണങ്ങളാൽ ഡോക്ടർമാരുടെ നിർദേശപ്രാരമാണ് പിന്മാറിയതെന്നായിരുന്നു വിശദീകരണം.

വിജയുടെ കാര്യം മറിച്ചാണ്. ഇതുവരെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛൻ വിശ്വനാഥൻ, വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മറിച്ചായിരുന്നു വിജയ് പ്രതികരിച്ചത്. അതേസമയം തന്നെ അദ്ദേഹം വി എംഐക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുമതി നൽകുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വി എംഐ സ്ഥാനാർത്ഥികൾ മൽസരിച്ചിരുന്നു. മികച്ച വിജയം നേടുകയും ചെയ്തു. ഒരു താരാരാധന സംഘടന ഇത്രയും മികച്ച വിജയം തിരഞ്ഞെടുപ്പിൽ നേടുന്നത് ആദ്യമാണ്. അടുത്തിടെ, ബാബാ സാഹിബ് അംബേദ്കറുടെ ജന്മവാർഷികം ആഘോഷിക്കാൻ വിജയ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ നിരവധി സ്ഥലങ്ങളിൽ ഇഫ്താറുകൾ സംഘടിപ്പിക്കുകയും ചെയ്തു.

മുസ്ലിങ്ങൾ, ക്രൈസ്തവർ, പിന്നാക്ക ജാതിക്കാർ ഇവരെയാണ് പ്രധാനമായും വിജയുടെ വി എംഐ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതിനിടെയാണ് പുതിയ സർവ്വെ സംഘടിപ്പിച്ചിരിക്കുന്നത്. വി എംഐയുടെ ജില്ലാ കമ്മിറ്റി യോഗങ്ങൾ നടക്കുകയാണ്. സംസ്ഥാന അധ്യക്ഷൻ പുസി ആനന്ദ് എല്ലാ യോഗങ്ങളിലും സംബന്ധിച്ച് വേണ്ട നിർദേശങ്ങൾ നൽകുന്നുണ്ട്.

വോട്ടർമാർക്കിടയിൽ നിരവധി ചോദ്യങ്ങൾ അടങ്ങയ ഫോറം വിതരണം ചെയ്യുകയാണ് വി എംഐ. ജൻഡർ, കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിൽ ജയിച്ചവർ, വോട്ടിങ് ശതമാനം, ജാതി, പൗരപ്രമുഖർ, ജോലി, ബൂത്ത് നമ്പർ, മൊത്തം വാർഡുകൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾ മണ്ഡല അടിസ്ഥാനത്തിലാണ് ശേഖരിക്കുന്നത്. വരുന്ന എല്ലാ തിരഞ്ഞെടുപ്പിലും മൽസരിക്കുമെന്ന് ഭാരവാഹികൾ പറയുന്നു.

തമിഴ്‌നാട്ടിൽ രണ്ട് രാഷ്ട്രീയമാണ് ശക്തം. ദ്രാവിഡരുടെയും ഹിന്ദുത്വരുടെയും. വിജയ് ആണെങ്കിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണ്. സിനിമയിലെ സംഭാഷണങ്ങളിൽ കവിഞ്ഞ് രാഷ്ട്രീയമായ ഇടപെടലുൾ അദ്ദേഹം ഇതുവരെ നടത്തിയിട്ടില്ല. 10-35 വയസിന് ഇടയിലുള്ളവരാണ് താരത്തിന്റെ ആരാധകരിൽ കൂടുതൽ. അതുകൊണ്ടുതന്നെ രാഷ്ട്രീയ പരിതസ്ഥിതി പഠിക്കുകയാകും വിജയ് ആദ്യം ചെയ്യുക എന്ന് രാഷ്ട്രീയ നിരീക്ഷകരായ പ്രിയൻ പറയുന്നു. വിജയ് ആദ്യം അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കേണ്ടതുണ്ടെന്ന് മറ്റൊരു നിരീക്ഷകൻ സുമനാഥ് സി രാമൻ അഭിപ്രായപ്പെടുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് യുടെ ഇപ്പോഴത്തെ നീക്കമെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP