Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുൽത്താൻപൂരിൽ വിമാനം ഇറങ്ങി അരമണിക്കൂർ കാത്തു നിന്നിട്ടും തിരിഞ്ഞു നോക്കാത്ത പ്രകോപനം; പ്രധാനമന്ത്രിയായപ്പോൾ മൂലയ്‌ക്കൊതുക്കി മോദിയുടെ തിരിച്ചടിയും; അമിത് ഷാ എത്തിയതോടെ ജനറൽ സെക്രട്ടറി പദവും പോയി; തീവ്രഹിന്ദുത്വം പറഞ്ഞ് പരിവാറുകാരുടെ താരമാകാൻ ഇറങ്ങിയ നെഹ്‌റുവിന്റെ ഇളംതലമുറക്കാരന് എല്ലാം മടുത്തു; പ്രിയങ്കയുടെ അനുനയത്തിൽ കുടുംബത്തിലേക്ക് മടങ്ങാനൊരുങ്ങി സഞ്ജയ് ഗാന്ധിയുടെ മകൻ; രാഹുലിന് പിന്നിൽ അണിചേരാൻ വരുൺ ഗാന്ധി കോൺഗ്രസിലേക്ക്

സുൽത്താൻപൂരിൽ വിമാനം ഇറങ്ങി അരമണിക്കൂർ കാത്തു നിന്നിട്ടും തിരിഞ്ഞു നോക്കാത്ത പ്രകോപനം; പ്രധാനമന്ത്രിയായപ്പോൾ മൂലയ്‌ക്കൊതുക്കി മോദിയുടെ തിരിച്ചടിയും; അമിത് ഷാ എത്തിയതോടെ ജനറൽ സെക്രട്ടറി പദവും പോയി; തീവ്രഹിന്ദുത്വം പറഞ്ഞ് പരിവാറുകാരുടെ താരമാകാൻ ഇറങ്ങിയ നെഹ്‌റുവിന്റെ ഇളംതലമുറക്കാരന് എല്ലാം മടുത്തു; പ്രിയങ്കയുടെ അനുനയത്തിൽ കുടുംബത്തിലേക്ക് മടങ്ങാനൊരുങ്ങി സഞ്ജയ് ഗാന്ധിയുടെ മകൻ; രാഹുലിന് പിന്നിൽ അണിചേരാൻ വരുൺ ഗാന്ധി കോൺഗ്രസിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി എംപി.യും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിതൃസഹോദരൻ സഞ്ജയ് ഗാന്ധിയുടെ മകനുമായ വരുൺ ഗാന്ധി കോൺഗ്രസിൽ ഉടൻ ചേരും. ഇതോടെ 35 വർഷത്തിനുശേഷം നെഹ്രുകുടുംബം ഒന്നിക്കാൻ വഴിയൊരുങ്ങുകയാണ്. കുറേ നാളായി ബിജെപി നേതൃത്വവുമായി അകൽച്ചയിലാണ് വരുൺഗാന്ധി. ബിജെപി സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലൊന്നും ഇപ്പോൾ വരുൺ പങ്കെടുക്കാറില്ല. കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെുടുപ്പിലും വരുൺ ഗാന്ധി ബിജെപി നിരയിൽ തെളിഞ്ഞിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരുൺ പിണക്കത്തിലുമാണ്. അതുകൊണ്ട് തന്നെ ബിജെപിയിൽ ഇനി നിന്നിട്ട് കാര്യമില്ല. ഈ സാഹചര്യത്തിലാണ് വരുൺ കോൺഗ്രസിലേക്ക് പോകുന്നത്.

35 വർഷത്തെ കാത്തിരിപ്പിന് ശേഷം നെഹ്രു കുടുംബത്തിലെ അനന്തരാവകാശികൾ ഒന്നിക്കാൻ വഴിയൊരുങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വരുണിനെ ബിജെപി തഴഞ്ഞതും, പ്രധാന മന്ത്രിയെ വിമർശിച്ച് വരുൺ രംഗത്ത് വന്നതുമെല്ലാം ഈ അസ്വാരസ്യങ്ങൾക്കുള്ള തെളിവാണ്. ഏറെ കാലമായി പാർട്ടി ചടങ്ങുകളിൽ വരുൺ പങ്കെടുക്കാറില്ല. വരുൺ ഗാന്ധി കോൺഗ്രസിൽ ചേരുകയാണെങ്കിൽ അതിന്റെ പ്രേരക പ്രിയങ്ക ഗാന്ധിയായിരിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ വരുൺ ഗാന്ധിയുടെ അമ്മയായ മേനകാ ഗാന്ധി ബിജെപി മന്ത്രിയായതിനാൽ വരുൺ കോൺഗ്രസിലേക്ക് വരില്ലെന്ന് കരുതുന്നവരുമുണ്ട്. കുടുംബവുമായി അകലം പാലിച്ചപ്പോഴും പ്രിയങ്കയും രാഹുലുമായി വരുൺ ഗാന്ധിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഈ അടുപ്പമാണ് നെഹ്‌റു കുടുംബത്തിലെ യുവ തലമുറയെ ഒരുമിപ്പിക്കുന്നത്.

രാജീവ് ഗാന്ധിയുടെ അനുജനാണ് സഞ്ജയ് ഗാന്ധി. മേനകാ ഗാന്ധിയെ സഞ്ജ് ഗാന്ധി വിവാഹം ചെയ്തത് അമ്മയായ ഇന്ദിരാ ഗാന്ധി അംഗീകരിച്ചിരുന്നില്ല. പിന്നീട് വിവാദ വിമാന അപകടത്തിൽ സഞ്ജയ് ഗാന്ധി മരിക്കുകയും ചെയ്തു. ഇതോടെ മനേകയും വരുണും നെഹ്‌റു കുടുംബത്തിൽ നിന്ന് അകന്ന് ജീവിതവും തുടങ്ങി. കോൺഗ്രസ് വിരുദ്ധ ചേരിയിലുമായി മേനക. മകന്റെ രാഷ്ട്രീയ പ്രവേശനവും ബിജെപിയിലായി. ബിജെപിയുടെ യുപിയിലെ ഭാവി മുഖമായി വരുൺ മാറുമെന്നും വിലയിരുത്തലെത്തി. എന്നാൽ മോദി എത്തിയതോടെ കാര്യങ്ങൾ മാറി. മോദിയുടെ ശത്രുപക്ഷത്തായി ബിജെപിയിൽ വരുൺ ഗാന്ധി. ഈ അകലച്ച കൂടി വരികയാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത്. ലോക്‌സഭയിൽ സുൽത്താൻപൂരിനെയാണ് വരുൺ പ്രതിനിധാനം ചെയ്യുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻപൂരിൽ മാത്രമല്ല യുപിയിലുടനീളം തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു നിന്നും വിട്ടു നിന്ന വരുൺ ഗാന്ധി ഏറ്റവുമൊടുവിൽ പാർട്ടിക്കെതിരെ തിരിയുന്നതായും റിപ്പോർട്ടുകളുണ്ട്.സുൽത്താൻപൂരിൽ ബിജെപിയുടെ സിറ്റിങ് പാർലമെന്റംഗം വരുൺ ഗാന്ധിക്കു പകരം തെരഞ്ഞെടുപ്പു പ്രചാരണം നയിച്ചത് മീറത്ത് എംപി രാജേന്ദ്ര അഗർവാളായിരുന്നു. കുടുംബങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെങ്കിലും രാഹുലും വരുണും പരസ്യമായി പരസ്പരം കുറ്റപ്പെടുത്താറില്ല. പ്രിയങ്കാ ഗാന്ധിയുടെ കുടുംബവുമായി വരുണിന് നല്ല അടുപ്പവുമുണ്ട്. കുറേ നാളുകളായി ബിജെപി. സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലൊന്നും വരുൺ പങ്കെടുക്കാറില്ല. തന്റെ രാഷ്ട്രീയഭാവി സുരക്ഷിതമല്ലെന്ന് കരുതുന്ന വരുണിനെ പ്രിയങ്കയാണ് കോൺഗ്രസുമായി അടുപ്പിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് മോദിയും വരുണും തമ്മിലുള്ള പ്രശ്‌നം തുടങ്ങുന്നത്. മോദിയെ അംഗീകരിക്കാൻ വരുൺ ഒരു ഘട്ടത്തിലും തയ്യാറായിരുന്നില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിയിൽ മോദി തരംഗം ആഞ്ഞടിച്ചിരുന്നു. അന്ന് വാരണാസിയിലെ പ്രചരണത്തിനുള്ള യാത്രയ്ക്കിടെ മോദി സുൽത്താൻ പൂരിലുമെത്തി. എന്നാൽ മോദി പോയി കാണാൻ വരുൺ കൂട്ടാക്കിയില്ല. മറിച്ച് മണ്ഡലത്തിലെ പ്രചരണത്തിൽ മാത്രമാണ് വരുൺ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് കാരണമാണ് മോദിയുടെ മന്ത്രിസഭയിൽ വരുണിനെ എടുക്കാത്തത്. പിന്നീട് യുപിയിലെ ബിജെപിയിൽ വരുണിന്റെ പ്രസക്തിയും കുറഞ്ഞു. ഇതിനിടെ ഹണിട്രാപ്പ് ആരോപണത്തിൽ വരുണിനെ കുടുക്കാൻ ശ്രമം നടന്നു. ഇതിന് പിന്നിൽ ബിജെപിയിലെ ഉന്നതരാണെന്ന പരാതി വരുണിനുണ്ട്. യുപിയിൽ മുഖ്യമന്ത്രിയാക്കാതിരിക്കാൻ നടത്തിയ നീക്കമാണ് ഇതിന് പിന്നിലെന്നാണ് വരുൺ കരുതുന്നത്.

ഇതിനിടെ രാജ്യത്ത് എംപിമാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിനെയടക്കം ചോദ്യം ചെയ്തതിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് 'വിളി' വന്നെന്ന് വരുൺ ഗാന്ധി ആരോപിച്ചിരുന്നു. നിങ്ങളെന്തിനാണ് ഞങ്ങളുടെ പ്രശ്നങ്ങൾ കൂട്ടുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് ഫോൺ വിളി വന്നതെന്നും വരുൺ ഗാന്ധി പറഞ്ഞു. 'സ്വത്തുവകകളുടെ വിവരങ്ങൾ പോലും നൽകാതെ എംപിമാരുടെ ശമ്പള വർദ്ധനവിനെതിരെ ഞാൻ ആവർത്തിച്ച് ചോദ്യമുന്നയിച്ചിരുന്നു. എല്ലാ മേഖലകളിലും ജീവനക്കാർക്ക് ശമ്പളം കൂട്ടിക്കൊടുക്കുന്നത് അവരുടെ കഠിനാദ്ധ്വാനവും സത്യസന്ധതയും അനുസരിച്ചാണ്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ വെറുതെ കൈ ഉയർത്തി ഏഴു തവണയാണ് എംപിമാർ തങ്ങളുടെ ശമ്പളം വർധിപ്പിച്ചത്.' ഭീവാനിയിലെ മോഡൽ വുമൺസ് കോളേജിൽ നടന്ന പരിപാടിക്കിടെയായിരുന്നു വരുണിന്റെ വാക്കുകൾ. രാജ്യത്തെ വിദ്യഭ്യാസ സംവിധാനങ്ങളെ ചോദ്യം ചെയ്ത വരുൺ ഗാന്ധി വിമർശിച്ചിരുന്നത് യു.പിയിലെ സ്‌കൂളുകളെ കുറിച്ചായിരുന്നു. ഇതെല്ലാം ബിജെപിയെ അലോസരപ്പെടുത്തിയിരുന്നു.

അമിത് ഷാ ബിജെപി ദേശീയ അദ്ധ്യക്ഷനായ ശേഷം വരുൺ പാർട്ടിയിൽ ഒതുക്കപ്പെട്ടിരുന്നു. 2015ൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വരുൺ ഗാന്ധിയെ നീക്കിയിരുന്നു. ഇതിൽ നിന്നെല്ലാം തുടങ്ങിയ കടുത്ത അതൃപ്തിയാണ് വരുണിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു വരുൺ ഗാന്ധി. അമിത് ഷായുടെ കോർ ടീമിൽ നിന്ന് മാറ്റിനിർത്തപ്പെട്ട വരുൺ ഗാന്ധി, നേതൃത്വവുമായി അകന്നിരുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ തിരിച്ചുവരവ് വരുൺ ലക്ഷ്യമിട്ടു. ഓരോ ജില്ലകളിലും അനുയായികളെ സംഘടിപ്പിച്ച് സ്വാധീനം വർദ്ധിപ്പിക്കാൻ വരുൺ ഗാന്ധി ശ്രമിച്ചിരുന്നു. എന്നാൽ വരുണിനെ പാർട്ടി നേതൃത്വം ഒതുക്കി. സ്ഥാനാർത്ഥി നിർണയ ചർച്ചകളിലോ തിരഞ്ഞെടുപ്പ് പ്രചാരണത്തിലോ യാതൊരു പങ്കും വരുണിനുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തന്റെ സമപ്രായക്കാരനായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത് വരുണിന്റെ അതൃപ്തി കൂട്ടി. യുപിയിലെ സുൽത്താൻപൂരിൽ നിന്നുള്ള എംപിയാണ് വരുൺ ഗാന്ധി.

യുപിയിൽ ബിജെപിയുടെ തീവ്രഹിന്ദുത്വ മുഖമാകാൻ വരുൺ ഏറെ ശ്രമിച്ചിരുന്നു. 2009ൽ മുസ്ലീങ്ങൾക്കെതിരായ പ്രകോപനപരമായ വർഗീയ പ്രസംഗത്തിന്റെ പേരിലുള്ള കേസിൽ ജയിൽ ശിക്ഷയും അനുഭവിച്ചു. ബിജെപിയിൽ യാതൊരു പ്രാധാന്യവും തനിക്കില്ലെന്ന തിരിച്ചറിവിലാണ് വരുണിന്റെ പുനർവിചിന്തനം. സോണിയയുമായുള്ള വരുണിന്റെ ചർച്ചകൾക്ക് മുൻകൈ എടുത്തത് പ്രിയങ്കയാണ്. സോണിയ കുടുംബവുമായി അകൽച്ചയിൽ നിൽക്കുമ്പോളും പ്രിയങ്കയുമായി വരുൺ ബന്ധം പുലർത്തിയിരുന്നു. സഞ്ജയ് ഗാന്ധിയുടെ മരണത്തിന് (1980) ശേഷം, 1983ലാണ് മേനക ഗാന്ധി കോൺഗ്രസ് വിട്ടതും സഞ്ജയ് വിചാർ മഞ്ച് എന്ന പാർട്ടി രൂപീകരിച്ചതും. വരുൺ നേരത്തെ തന്നെ കോൺഗ്രസുമായി ബന്ധപ്പെടാൻ ആഗ്രഹിച്ചപ്പോഴും മേനക ശക്തിയായി എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി നേതൃത്വം വരുണിനെ അവഗണിക്കുന്ന സാഹചര്യത്തിൽ മേനകയ്ക്കും മകനെ തടയാനാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP